Saturday, October 11, 2014

സ്വപ്നങ്ങളെ തടവിലാക്കിയവര്‍



വീടിനകത്തെ ചൂട് അസഹനീയമായൊരു ഉച്ചനേരത്തിലേക്കാണ് സൈന കയറിവന്നത്. പാപമുക്തമാക്കപ്പെടാതെ, പ്രകൃതിയുടെ ശകാരച്ചൂടില്‍ ആ കോണ്‍ക്രീറ്റ് കാട് ഒന്നാകെ പൊള്ളിയടരുന്നുണ്ടായിരുന്നു. ആ വേവിലേക്കാണ് തണുത്ത വെള്ളത്തില്‍ നിന്നെന്നപോലെ, ഉരുകിയൊലിക്കുന്ന ടാര്‍ റോഡിലൂടെ കത്തിവീഴുന്ന ചൂടിനെ വകഞ്ഞുമാറ്റി വിളറിവെളുത്ത മുഖവുമായി സൈന തന്‍റെ കുട്ടികളേയുംകൊണ്ട് ഒട്ടും തിടുക്കപ്പെടാതെ നടന്നു വന്നത്. വികാരങ്ങളേശാത്ത ഇവളുടെ മനസ്സ് പോലെ ശരീരവും മരവിച്ചുവോ എന്നത്ഭുതപ്പെട്ട് നില്‍ക്കേ സൈന ചോദിക്കുന്നു;

“ന്നാള് കാണുന്നേക്കാളും യ്യി ഒന്നൂടെ തടിച്ചോ?!”

ഞങ്ങള്‍ അവസാനം കണ്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്ന് ചിരിയോടെ ഓര്‍ത്തു. എന്നിട്ടും കഴിഞ്ഞ ദിവസം കണ്ടതുപോലെ സൈന സംസാരിച്ചു തുടങ്ങുന്നു, പ്രവൃത്തിക്കുന്നു.
അടുക്കളയില്‍ കയറി കരിപുരണ്ട പാത്രങ്ങളെടുത്ത് മുറ്റത്തേക്ക് വെച്ച് ചാരമിട്ട് കഴുകാന്‍ തുടങ്ങിയപ്പോള്‍ തടയാന്‍ തോന്നിയില്ല, ആ ഔപചാരികത അവളെ വേദനിപ്പിക്കുമെന്നറിയാവുന്നതുകൊണ്ട്.

സൈനയുടെ മക്കള്‍ ചാമ്പയുടെ താഴെ വീണുകിടക്കുന്ന പഴങ്ങള്‍ ആര്‍ത്തിയോടെ പെറുക്കിയെടുക്കുന്ന തിരക്കിലാണ്. ഉന്തിയ വയറും മെലിഞ്ഞുണങ്ങിയ ശരീരവുമായി എന്തൊരു കോലമാണ് ഓരോന്നിന്‍റേയും. പഴകിമുഷിഞ്ഞ ഉടുപ്പുകള്‍ നിറയെ ചാമ്പയ്ക്ക ശേഖരിച്ച് അവര്‍ സൈനയ്ക്കരികില്‍ വന്നിരുന്നു.
“ചൂല് ദാ ആ ചായ്പ്പിലിരിക്ക്ണ്, യ്യ്യാ മുറ്റൊന്നടിക്ക് വെക്കം.” മൂത്തവളെ നോക്കി സൈന.

“ഇവരെല്ലാം ഏതു ക്ലാസ്സുകളിലാണ് പഠിക്കുന്നത്?”

“ഓരെയൊന്നും പഠിക്കാനയക്ക്ണില്ല. പെണ്‍കുട്ട്യേളല്ലേ..” അതുപറയുമ്പോള്‍ സൈനയുടെ ഒട്ടിയ മുഖത്തെ ഉന്തിനില്‍ക്കുന്ന മുന്‍പല്ലുകള്‍ പതിവിലും കൂടുതല്‍ പുറത്തേക്ക് തള്ളിയതുപോലെ തോന്നി . അടിച്ചമര്‍ത്തിവെച്ചിരിക്കുന്ന മനസ്സിലെ പ്രതിഷേധങ്ങളില്‍ വേരുകളൂന്നിയാവുമോ ഈ പല്ലുകളിങ്ങനെ പുറത്തേക്ക് വളരുന്നത്! പണ്ട് സൈനയുടെ പല്ലുകളിങ്ങനെയായിരുന്നില്ല.

പഠിക്കാന്‍ മിടുക്കിയായിരുന്നു സൈന. ജീവിതം തകര്‍ന്നുതരിപ്പണമാക്കുംവിധം പഠിച്ചവള്‍! മീന്കാരന്‍ അലവിക്കായുടെ ഒന്‍പത് പെണ്മക്കളില്‍ ഒരുവളാണെന്നത് ഓര്‍ക്കാതെ, ദാരിദ്ര്യത്തിന്‍റെ ആ ചെറ്റക്കുടിലില്‍ അന്തിയുറങ്ങുന്നവളുടെ വിധികളെ മാനിക്കാതെ പഠിച്ചവള്‍, നല്ല ജോലിയും വലിയ വീടും മികച്ച ജീവിതവും സ്വപ്നംകണ്ടവള്‍. അവസാനം..

ഓരോ പരീക്ഷകളിലേയും ഉന്നതവിജയം അവളുടെ കണ്ണുകളിലെ സ്വപ്നത്തിളക്കം കൂട്ടുന്നത് കൌതുകത്തോടെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. അവളോ, വാതോരാതെ തന്‍റെ സ്വപ്നങ്ങളെന്നോട് പങ്കുവെയ്ക്കുമായിരുന്നു. സ്വപ്നങ്ങള്‍ക്കിത്രയും അഴകുണ്ടെന്ന് ഞാനറിഞ്ഞത് സൈന കണ്ട സ്വപ്നങ്ങളിലൂടെയായിരുന്നു. പക്ഷേ സ്വപ്നങ്ങളെ ചിതയൊരുക്കി ദഹിപ്പിക്കുന്നതെങ്ങനെയെന്നും അവളവസാനം കാണിച്ചുതന്നു.

എട്ടാം ക്ലാസ്സിലെ വേനലവധിക്ക് വിരുന്ന് പോയി കുറേ ദിവസങ്ങള്‍ നിന്ന് തിരികെയെത്തിയപ്പോഴാണ് സൈനയുടെ കല്ല്യാണമായിരുന്നെന്നും തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിലേക്ക് പോയെന്നുമെല്ലാം അറിഞ്ഞത്. ദേഷ്യമാണവളോട് തോന്നിയത്; സ്വപ്നങ്ങളെന്ന പേരില്‍ പലതും പറഞ്ഞെന്നെ പറ്റിച്ചതിന്. ക്ലാസ്സ് മുറികളിലും ഒഴിവുദിനങ്ങളിലും എന്നെ അനാഥയാക്കിയതിന്.

സൈനയ്ക്കു താഴെ നാല് പെണ്മക്കള്‍ കൂടിയുള്ള അലവിക്കായുടെ നിസ്സഹായതയും സൈനയുടെ എതിര്‍പ്പും പഠിക്കണമെന്ന വാശിയും കരച്ചിലും അപേക്ഷകളും എല്ലാമെല്ലാം പിന്നീടാണ് പലരിലൂടെ കേട്ടറിഞ്ഞത്. ഒടുവില്‍ അറവുമാടിനെപോലെ അന്യദേശത്തേക്ക് അതുവരെ അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങിപോയ സൈനയെ കുറിച്ചുള്ള വിവരണങ്ങള്‍ പലരാത്രികളേയും വേട്ടയാടിക്കൊണ്ടിരുന്നു.

മൂന്നോ നാലോ വര്‍ഷങ്ങളുടെ ഇടവേളകളില്‍ പിന്നീടവളെ കാണുമ്പോഴെല്ലാം മുഖത്ത് ഈ വിരക്തിയുടെ മുഖാവരണവുമുണ്ടായിരുന്നു.കാലം അതിന്റെ കനം കൂട്ടിയതേയുള്ളൂ. പല്ലുകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തേക്ക് വളര്‍ന്നുകൊണ്ടിരുന്നു. കണ്ണുകള്‍ കുഴികളിലാണ്ടാണ്ടു പോയി..

“-പഠിച്ചോര്‍ക്കേ വേദനിക്ക്ള്ളൂ. സകലതും ചോദ്യം ചെയ്യാന്‍ തോന്നൂ.
-ഇതിപ്പോ ഒന്നൊറിയാത്തോര്‍ക്ക് എന്തായാലെന്താ. എല്ലാരും പറേണതും കാട്ട്ണതുംന്നെ ശരി.
-അതോണ്ടന്നെ ഒന്നിനേം ഞാന്‍ സ്കൂളീലയച്ചില്ല.
-പുസ്തകം കണ്ടാ ന്റെ മക്കള്‍ പഠിക്കാതിരിക്കില്ല. സ്വപ്നം കാണാണ്ടേമിരിക്കില്ല.
-നിക്ക് വയ്യടീ ന്‍റെ മക്കളുടെ നെഞ്ച് പൊളിച്ച് അവരുടെ കിനാവുകള്‍ക്ക് ഖബറ് തോണ്ടാന്‍.” സൈന പറഞ്ഞുകൊണ്ടിരുന്നു.

ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലെ സൈനയ്ക്കും ആറ് പെണ്മക്കള്‍! പക്ഷേ ഇത്തവണ വിധിയെ തോല്പിക്കാനുള്ള വാശിയിലാണവള്‍. സ്വപ്നങ്ങളെ അടുപ്പിക്കാതെ തടവറയിലാക്കിയ മക്കളുടെ ജീവിതങ്ങള്‍ക്ക് കാവലിരിക്കുന്നു. ഇനിയൊരിക്കല്‍ തല്ലിക്കെടുത്താന്‍ വിധിക്ക് ഒരവസരമേകാതെ വര്‍ണ്ണങ്ങളില്ലാത്തലോകത്ത് മക്കളെ തളച്ചിട്ടിരിക്കുന്നു.

“അനക്കോര്‍മ്മണ്ടാ, സിസിലിടീച്ചര്‍ എപ്പ്ഴും പറയും നന്നായി പഠിക്കണം, പഠിച്ചവരുടെ മുഖം ഏതാള്‍ക്കൂട്ടത്തിലും തിളങ്ങി നില്‍ക്കും ന്ന്. എല്ലാം വെറുതെയാ. ഞങ്ങളെ പോലുള്ളോര് പഠിച്ചാ തീക്കനിലിന്‍റെ ചൂടില്‍ അകം വെന്തുകൊണ്ടിരിക്കാ ചെയ്യാ. ഒരു കാലത്തിനും അതൊന്ന് ഊതികെടുത്താന്‍ പറ്റില്ല. കനലെരിയും മനം എന്നൊക്കെ പണ്ടേതോ കവിതയില്‍ പഠിച്ചതോര്‍മ്മണ്ടാ? അതുപോലെ വെന്ത് വെന്ത്, എന്നാലൊന്ന് കരിഞ്ഞ് ഇല്ലാതാവാന്‍ പോലും സമ്മതിക്കാതെ...”

വീര്‍ത്ത വയറും താങ്ങി ആയാസപ്പെട്ട് സൈന പാത്രങ്ങള്‍ കഴുകിയെണീറ്റു.
“ആറാം മാസായിട്ടേള്ളൂ. അപ്പളേക്കും തീരെ വയ്യാണ്ടായി നിയ്ക്ക്.”
“ഇതുംകൂടി പെണ്ണാണെങ്കില് ഞങ്ങള്‍ടെ ചെറ്റപുരേല്‍ക്ക് പുതിയൊരു മണവാട്ടി കൂടിവരും. ന്റെ മാപ്ലേടെ രണ്ടാംബീവ്യായിട്ട്. ആങ്കുട്ട്യേ പെറാന്‍!” പല്ലുകള്‍ പുറത്തേക്കുന്തി സൈന ചിരിക്കുന്നത് നോക്കി നില്‍ക്കാനാവുന്നില്ല.

“ആ കൊട്ടാരത്തില്‍ വര്‍ണോള്‍ക്ക് കൂടി ഇനിയെവിടെ പായ വിരിക്കൂന്നാ ഞാനാലോയിക്ക്ണത്.. ആകെ രണ്ട് അകാണ് പെരക്കുള്ളില്. ഒന്നില്‍ ഞങ്ങള്‍ മൂന്ന് ആണ്മക്കളുടെ പെണ്ണുങ്ങളും കുട്ട്യേളും വാപ്പേം ഉമ്മേം കൂടി കിടക്കും. ആണുങ്ങളെല്ലാരും മുറ്റത്ത് കയര്‍ കട്ടിലിലും. തുണിയും പായയും കൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ മറ്റേ മുറിയില്‍ ഊഴമനുസരിച്ച് ഞങ്ങള്‍ ഓരോ കുടുംബം ഓരോ രാത്രി കഴിയും. അതില്‍ക്കാണിനി പുതിയൊരു പെണ്ണുകൂടി.” തല താഴ്ത്തിയിരുന്ന് ഭക്ഷണം കഴിക്കുന്ന സൈനയുടെ മുഖം കാണാതിരുന്നതില്‍ ആശ്വാസം തോന്നി.

“ ഞാന്‍ ഭാഗ്യള്ളോളാന്നാ ആ കോളനിക്കാര്‍ മുഴോന്‍ പറേണത്. കള്ള് കുടിച്ച് വന്ന് തല്ലാത്ത, ആ വലിയ കൂട്ടു കുടുംബത്തെ മുഴോന്‍ നയിച്ചുണ്ടാക്കി പോറ്റുന്നോന്‍റെ ബീവ്യല്ലേന്ന്.. ഉടുമുണ്ട് മുറുക്ക്യെടുത്തെടുത്ത് അടയാളം വീണ പട്ടിണിവയറുകളുടെ ഭാഗ്യം അന്നാട്ടുകാര്‍ക്ക് പുത്തരിയല്ല.”

"അനന്തരാവകാശിക്ക് വേണ്ട്യാത്രെ ഒരു ആങ്കുട്ടി. നാലു കുടുംബങ്ങള്‍ പാര്‍ക്കണ ഞങ്ങള്‍ടെ ചെറ്റപ്പെര തന്നെ പുറമ്പോക്കിലാണ് കെട്ടിണ്ടാക്കീട്ട്ള്ളത്. അനന്തരവാകാശം!”

സൈനയുടെ കൂടുതല്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ അശക്തയായി ഞാനിരിക്കവേ, അവളും മക്കളും വെയിലിലേക്കിറങ്ങി യാത്ര ചോദിച്ചു. കരുതിവെച്ചിരുന്ന പൈസ സൈനയുടെ കൈകളില്‍ വെച്ചുകൊടുക്കുമ്പോള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ച് അവളാശ്വസിപ്പിച്ചു;

"യ്യി വ്യസിനിക്കണ്ടാ. ഇതൊക്കെ നിക്ക് ശീലായി. ഇനി ന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമെല്ലാം വിധി ഇതന്ന്യാ. ഇല്ല്യാത്തോന്‍റെ കുടുംബത്തില്‍ പെണ്ണായി പിറക്കണേലും നല്ലത് കന്നുകാലി ജന്മാണ്. വല്ലോനും പിടിച്ചുകെട്ടി അറ്ക്കണവരല്ലേ അനുഭവിക്കേണ്ടൂ.ഇതുപോലെ മൂക്കുകയറില്‍ ജന്മം മുഴുവന്‍ അവറ്റോള്‍ക്ക് നരകിക്കേണ്ടല്ലോ.”

പൊന്തിയ പല്ലുകളെ ചുണ്ടുകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ വ്യഥാശ്രമിച്ച് നിസ്സംഗതയുടെ മൂടുപടം മുഖത്തേക്ക് വലച്ചിട്ട് സൈന മക്കളേയും കൂട്ടി പടിയിറങ്ങി.അവര്‍ എരിയിച്ചുവെച്ച ഈ നെരിപ്പോടിലേക്കിനി എത്ര ദിവസങ്ങളെ കോരിയൊഴിക്കേണ്ടി വരുമോ ആവോ ഒന്നണയാന്‍...

21 comments:

  1. കഥ എന്ന ലേബലില്‍ വിശ്വാസം പോര. അറിയുന്ന ആരോ.....
    ഏറ്റവും പൊള്ളല്‍ അനുഭവപെട്ടത് ഈ വരികളിലാണ്.
    //“-പഠിച്ചോര്‍ക്കേ വേദനിക്ക്ള്ളൂ. സകലതും ചോദ്യം ചെയ്യാന്‍ തോന്നൂ.
    -ഇതിപ്പോ ഒന്നൊറിയാത്തോര്‍ക്ക് എന്തായാലെന്താ. എല്ലാരും പറേണതും കാട്ട്ണതുംന്നെ ശരി.
    -അതോണ്ടന്നെ ഒന്നിനേം ഞാന്‍ സ്കൂളീലയച്ചില്ല.
    -പുസ്തകം കണ്ടാ ന്റെ മക്കള്‍ പഠിക്കാതിരിക്കില്ല. സ്വപ്നം കാണാണ്ടേമിരിക്കില്ല.
    -നിക്ക് വയ്യടീ ന്‍റെ മക്കളുടെ നെഞ്ച് പൊളിച്ച് അവരുടെ കിനാവുകള്‍ക്ക് ഖബറ് തോണ്ടാന്‍.” സൈന പറഞ്ഞുകൊണ്ടിരുന്നു.//

    ReplyDelete
  2. സ്വന്തം കുട്ടികൾക്ക് സ്വപ്നങ്ങൾ നിഷേധിക്കുന്ന സൈനയെ മനസ്സിലാവുന്നു..... ഇങ്ങിനെ എത്രയെത്ര സൈനമാർ ..... തീക്ഷ്ണമായ ജീവിതമുഖം കഥയിലേക്ക് പകർത്തി

    ReplyDelete
  3. വരികളില്‍ തീച്ചീളുകളാണ് നിരത്തിവെച്ചിരിക്കുന്നത്‌! പൊള്ളുന്നു!!
    ആശംസകള്‍

    ReplyDelete
  4. വ്യസനം അവിഭാജ്യമായിപ്പോയ ചില ജീവിതങ്ങളാണ്!

    ReplyDelete
  5. അനുഭവം വായിക്കുമ്പോൾ തോന്നുന്ന ഒരു പൊള്ളൽ..

    ReplyDelete
  6. എനിക്കും ഇത് കഥയെക്കാള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതായാണ് തോന്നിയത്, ഷേയ...
    അതാവട്ടെ, വേദനിപ്പിക്കുന്നതുമായി.

    ReplyDelete
  7. really touching one..and it is not feel like a story ...

    ReplyDelete
  8. ഒരുപാട് വേദനിപ്പിച്ചു ഈ വായന....

    ReplyDelete
  9. ജീവിതസത്യങ്ങൾ.വേദനിപ്പിക്കുന്നവ, പക്ഷേ...!

    ReplyDelete
  10. കഥയെന്ന് വിശ്വസിക്കാൻ വയ്യാത്ത എഴുത്ത്‌..
    വായനയ്ക്കപ്പുറം അനുഭവിച്ച ഒരു ൻപ്പ്വു പോലെ ഉള്ളിൽ കിടന്നെരിയുന്നുണ്ട്‌ സൈന..
    അഭിവാദ്യങ്ങൾ :)

    ReplyDelete
  11. പൊന്തിയ പല്ലുകളെ ചുണ്ടുകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ വ്യഥാശ്രമിച്ച് നിസ്സംഗതയുടെ മൂടുപടം മുഖത്തേക്ക് വലച്ചിട്ട് സൈന മക്കളേയും കൂട്ടി പടിയിറങ്ങി.അവര്‍ എരിയിച്ചുവെച്ച ഈ നെരിപ്പോടിലേക്കിനി എത്ര ദിവസങ്ങളെ കോരിയൊഴിക്കേണ്ടി വരുമോ ആവോ ഒന്നണയാന്‍...

    ReplyDelete
  12. അനുഭവ സാക്ഷ്യമോ അതോ ജീവിത സത്യങ്ങളുടെ പുറന്തോട് പൊട്ടിച്ചു വെളിവാക്കിയ കഥയോ ? ...എങ്ങനെയാണ് ഈ മികച്ച രചനയെ വായിക്കേണ്ടതെന്നു സന്ദേഹം ഉണര്‍ത്തുന്ന എഴുത്ത്...കുറെ നാളുകള്‍ക്ക് ശേഷം കണ്ട ഇലഞ്ഞി കഥ നിരാശപ്പെടുത്തിയില്ല ..എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  13. ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനറിയുന്ന ജീവിതം ഇത് തന്നെയായിരുന്നു.ഇപ്പോള്‍ എല്ലാം മാറിയിട്ടുണ്ടാവും എന്നു കരുതാനാണ് എനിക്കിഷ്ടം.

    ReplyDelete
  14. വേദനിപ്പിക്കുന്ന ജീവിതസത്യങ്ങൾ കഥയായി വന്നു പൊള്ളിക്കുന്നു ...

    ReplyDelete
  15. “-പഠിച്ചോര്‍ക്കേ വേദനിക്ക്ള്ളൂ. സകലതും ചോദ്യം ചെയ്യാന്‍ തോന്നൂ.
    -ഇതിപ്പോ ഒന്നൊറിയാത്തോര്‍ക്ക് എന്തായാലെന്താ. എല്ലാരും പറേണതും കാട്ട്ണതുംന്നെ ശരി
    .
    തീവ്രമായ ആഖ്യാനം...

    ReplyDelete
  16. ’ഇലഞ്ഞി’ എരിയിച്ചുവെച്ച ഈ നെരിപ്പോടിലേക്കിനി എത്ര ദിവസങ്ങളെ കോരിയൊഴിക്കേണ്ടി വരുമോ ആവോ ഒന്നണയാന്‍...!‘

    ReplyDelete
  17. സൈനാത്ത ഈ രാത്രിമുഴുവന്‍ ഒരു നൊമ്പരമായി കിടക്കും മനസ്സില്‍ ,,കഥയല്ലിത് ജീവിതം

    ReplyDelete
  18. nannayitu du
    happy to follow you
    plz visit my space too www.remyasean.blogspot.in

    ReplyDelete
  19. ഇല്ല്യാത്തോന്‍റെ കുടുംബത്തില്‍ പെണ്ണായി പിറക്കണേലും നല്ലത് കന്നുകാലി ജന്മാണ്. ////
    എത്ര വലിയ സത്യം.വായിച്ച്‌ ആകെ വിഷമിച്ച്‌ പോയല്ലോ.

    ReplyDelete
  20. ഇത് ഒരു ജീവിതമാണല്ലോ എന്നോര്‍ക്കുമ്പോള്‍...ഇത് പോലെ ഒന്നല്ല പലതുണ്ടല്ലോ എന്നറിയുമ്പോള്‍....

    ReplyDelete
  21. നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു

    എന്റെ ബ്ലോഗ്ഗിലേക്കു സ്വാഗതം
    https://myheartbeatandlifepartner.blogspot.com

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!