Saturday, November 30, 2013

മാതായനങ്ങള്‍


പ്രസാധകര്‍ : സൈകതം ബുക്സ് 
വില : 55രൂപ

‘തന്‍റെ വികാരവിചാരങ്ങളെ അടുക്കിവെച്ച് അക്ഷരങ്ങളാല്‍ കെട്ടിത്തുന്നിയ ഒരു സ്ത്രീ ഹൃദയം’ ; മാതായാനങ്ങള്‍ വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെയാണ്.

സ്നേഹത്തിന്‍റെ, സന്താപത്തിന്‍റെ, സന്തോഷത്തിന്‍റെ, ആകാംക്ഷയുടെ, പ്രതീക്ഷയുടെ,  ഉത്ക്കണ്ഠയുടെ, പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ  ശ്വാസോച്ഛ്വാസങ്ങള്‍, പതിഞ്ഞ ശബ്ദത്തില്‍ ഈ വായനയിലുടനീളം നമുക്ക് കൂട്ടിരിക്കും. അതുതന്നെയാണല്ലോ മാതൃയാനത്തിന്റെ സമഗ്രതയും. ഒന്നുകൂടി ചൂഴ്ന്ന് വായിച്ചാല്‍ ‘മാതായനങ്ങളില്‍’ മാതൃത്വ പ്രയാണത്തിനുമപ്പുറം ഏത് തിരസ്കൃതിക്ക് മുന്നിലും പതറാതെ , വറ്റാതെ, നിശ്ചലമായി നില്‍ക്കുന്ന സ്ത്രീത്വത്തിന്‍റെ വലിയൊരു സ്വത്വം ദര്‍ശിക്കാം. ഇനിയും ആഴത്തിലറിഞ്ഞാല്‍ വരികള്‍ക്കിടയില്‍ അലിഞ്ഞ് കിടക്കുന്ന സ്ത്രീ-പുരുഷ ഗണങ്ങളെ വേര്‍ത്തിരിക്കാനാവാതെ, അവരൊന്നായ ജീവിതസൌന്ദര്യം നുകരാം..

സൂനജ എന്ന എഴുത്തുകാരിയുടെ പ്രഥമ കഥാസമാഹാരമാണ് ‘മാതായനങ്ങള്‍’. തിരഞ്ഞെടുത്ത പതിനെട്ട് കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഊന്നിനിന്നുകൊണ്ട് സൂനജ പറയുന്ന ഈ കഥകള്‍ ജീവിതഗന്ധിയാണ്. അതിലനുഭവേദ്യമാകുന്ന നാറ്റവും സുഗന്ധവും ജീവിതത്തിന്‍റേതാണ്, മനുഷ്യ മനസ്സുകളുടേതാണ്. മരത്തണലിലിരുന്ന് തന്‍റെ കുഞ്ഞിന് ഒരമ്മ കൊടുക്കുന്ന ചോറുരുളപോലെ ഈ കഥകള്‍ വായനക്കാരന് ഹൃദ്യവും രുചികരുമാവുന്നത് കഥപറച്ചിലിന്‍റെ ലാളിത്യവും സാധാരണത്വവും കൊണ്ടുതന്നെയാണ്. ജീവിതത്തിന്‍റെ അതിഭാവുകത്വങ്ങള്‍ പക്ഷേ ഹൃദ്യമായ ആഖ്യാന മികവിനാല്‍ ലാഘവവല്‍ക്കരിച്ചിരിക്കുകയാണിവിടെ രചയിതാവ്.

ഒട്ടും മുഷിയാതെ ഒറ്റയിരുപ്പില്‍ അയത്നം വായിച്ചുപോവാം മാതായനങ്ങളിലെ  കഥകള്‍. ഹൃദയത്തില്‍ തൊടുന്നുണ്ട് പല കഥകളും. നല്ല ഒഴുക്കുള്ള ഭാഷയില്‍ കഥാകാരി പറഞ്ഞുവെച്ചിരിക്കുന്നത് അധികവും സ്ത്രീ മനസ്സുകളെയാണ്. പിന്നെ സ്ത്രീയെ സ്ത്രീയായി  കാണാന്‍, സ്നേഹിക്കാന്‍ കഴിഞ്ഞ ചില ആണ്‍ജീവിതങ്ങളുടേയും. ആകുലതകളും സ്നേഹവും വിരഹവുമെല്ലാം ഓരോ കഥകള്ക്കും വ്യത്യസ്ത മാനങ്ങളേകുമ്പോള്‍ ചിരപരിചിതമായ ആരുടേയൊക്കെയോ ജീവിതകഥ വായിക്കുന്നതുപോലെ തോന്നും. അതിനു കാരണം ഒരുപക്ഷേ മാനവീകതയുടെ സമാനതകളാവാം.

നൂതന കഥപറച്ചിലിന്‍റെ ലക്ഷണമൊത്ത സമസ്യകളൊന്നും മാതായനങ്ങളെന്ന ഈ  കഥാപുസ്തകത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. വായനക്കാരന്‍ പൂരിപ്പിക്കേണ്ട, വരികള്‍ക്കിടയിലെ പറയാതെവിട്ട കഥാഭാഗങ്ങളും തുലോം കുറവാണ്. ആരും പറയാത്ത, ഇതുവരെ കേള്‍ക്കാത്ത കഥാതന്ത്രങ്ങളൊന്നും എഴുത്തുകാരി ഈ കഥകളില്‍ പരീക്ഷിച്ചിട്ടില്ല. കണ്ടും കേട്ടും അനുഭവിച്ചും പാകം വന്ന ഈ കഥകളില്‍ പുതുമയ്ക്കുവേണ്ടിയുള്ള അത്തരം ശകലങ്ങള്‍ മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുമെന്നതാണ് ശരി. എങ്കിലും അതുതന്നെയാണ് ഈ പുസ്തകത്തെ കുറിച്ചെനിക്ക് തോന്നിയ പോരായ്മയും. സമാനതകളുടെ ഒരു പൊതുതട്ടകത്തില്‍ നിന്നുമാണ് ഭൂരിപക്ഷം കഥകളുടേയും നിര്‍മ്മിതി. വേറിട്ട പാതകള്‍ വെട്ടിത്തെളിയിക്കാന്‍ ആഖ്യാന-സാഹിത്യ മികവുണ്ടായിട്ടും കഥാകൃത്ത് അറച്ചുനില്‍ക്കുന്നതുപോലെ.  പക്ഷേ എഴുതിതീരാത്തയത്രയും കഥകളുമായി അസംഖ്യം ജീവിതങ്ങള്‍ കണ്മുന്നിലെത്തുമ്പോള്‍ ഇല്ലാകഥകളിലെ പുതുമത്തേടണോ വായനക്കാരീ എന്ന് മാതായനങ്ങളിലെ ജീവിക്കുന്ന കഥകള്‍ തിരികെ ചോദിക്കുന്നു

ഓരോ കഥയും വെവ്വേറെ വിശദീകരിച്ചെഴുതുന്നില്ല. പക്ഷേ ഓരോ കഥയുടേയും അപഗ്രഥനമേകുക വിവിധ ജീവിതാവസ്ഥകളാണ്, ഇന്നിന്‍റെ ആധികളാണ്. കഥകളോരോന്നും വായിച്ചുതീര്‍ന്നവസാനം മനസ്സിലവശേഷിക്കുക നമുക്ക് ചുറ്റും ജീവിച്ചു മറഞ്ഞ, ജീവിച്ചുകൊണ്ടിരിക്കുന്ന പല മുഖങ്ങളാണ്, ചിലപ്പോഴൊക്കെ സ്വന്തം മുഖവും.. അതുകൊണ്ടുതന്നെ ‘മാതായനങ്ങള്‍’ എളുപ്പം മനസ്സില്‍ നിന്നും മായില്ല. ചില ജീവിതങ്ങളിലൂടെ ഈ കഥകള്‍ വീണ്ടും വീണ്ടും  ഉള്ളില്‍ ഓര്‍മ്മകളുണ്ടാക്കികൊണ്ടിരിക്കും, തീര്‍ച്ച.. !

Saturday, October 26, 2013

ബാവുല്‍ ജീവിതവും സംഗീതവും


വിവര്‍ത്തനം : കെ ബി പ്രസന്നകുമാര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
വില : 175 രൂപ

ബാവുല്‍ എന്ന വാക്ക് ഭ്രാന്തിനെയാണത്രെ വിവക്ഷിക്കുന്നത്. സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണതയുടെ സിരകളിലൂടെ അലയുന്ന ഒരു കൂട്ടത്തിന്  ആരാണാവൊ ഇത്ര ദീര്‍ഘവീക്ഷണത്തോടെ ബാവുലുകള്‍ എന്ന് പേരിട്ടത്. ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുല്‍ സംഗീതമെന്നും..!

ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് സംഗീതത്തിലൂടെ സ്നേഹമൂട്ടുന്ന ബാവുലുകളെ കുറിച്ച്  എവിടെയൊക്കെയോ മുന്‍പ് വായിച്ചിരുന്നത്  വല്ലാതെ ആകര്‍ഷിച്ചിരുന്നതുകൊണ്ടാണ് മിംലു സെന്നിന്‍റെ ‘ബാവുല്‍ ജീവിതവും സംഗീതവും’ വായിക്കണമെന്ന്  ആഗ്രഹിച്ചത്.

ഭാരതസംസ്ക്കാരത്തിന്‍റെ നാഡീമിടിപ്പാണ് ഇക്കൂട്ടര്‍. സംഗീതത്തില്‍ നിന്നും ഉരുവം കൊണ്ടവര്‍ . ആഗ്രഹങ്ങളെ, അത്യാര്‍ത്തിയെ, വൈര്യത്തെ, വൈകാരികതയെ സംഗീതത്തില്‍ തളച്ചിട്ടവര്‍ ; സംഗീതത്തെ മതവും ഉപാസനയുമാക്കിയവര്‍ . ബാവുല്‍ സംഗീതം പോലെ ലാളിത്യമാര്‍ന്നവര്‍.  സംഗീതത്താല്‍ ശ്രോതാവിന്‍റെ വിചാരങ്ങളെ സ്പര്‍ശിക്കുന്നവര്‍ . വരികളാല്‍ ശ്രാവകമനം നീറ്റുന്നവര്‍ . നിയതരൂപമില്ലാത്ത വര്‍ണ്ണാഭമായ ബാവുല്‍ വസ്ത്രങ്ങള്‍പോലെ, ക്രമരാഹിത്യമാര്‍ന്ന ബാവുല്‍ജീവിതം പോലെ അയഞ്ഞതും നിഗൂഢവുമാണ് ആ സംഗീതവും.

വാതുല എന്ന വാക്കില്‍ നിന്നുമാണ് ബാവുല്‍ എന്ന പേരുണ്ടായത്. വാതുലയുടെ അര്‍ത്ഥം കാറ്റിന് കീഴടങ്ങിയവര്‍ എന്നും.  ഭാരതസംസ്കാരത്തിന്‍റെ ഓര്‍മ്മശീലുകളായി ഗ്രാമങ്ങളിലൂടെ, ഉത്സവങ്ങള്‍തോറും ബാവുല്‍ സംഗീതത്തിന്‍റെ മാസ്മരികതയും പേറി ബാവുലുകള്‍ വീശിയടിക്കുമ്പോള്‍ പക്ഷേ ആഴത്തില്‍ അധീനപ്പെടുക പുറംലോകമാണ്.

സ്നേഹവും ത്യാഗവും സമര്‍പ്പണവും സപര്യയാക്കിയ ബാവുല്‍ സമൂഹത്തിന്‍റെ ജീവിതശൈലിപേലെ ലളിതമാണ് അവരുടെ സംഗീതോപകരണങ്ങളും.  അതില്‍നിന്നുമൂര്‍ന്ന് വീഴുന്ന സംഗീതമാവട്ടെ  ബാവുല്‍ ജീവിതം പോലെ നിമ്നതയാര്‍ന്നതും.

ബംഗാളിലാണ് ബാവുലുകളുടെ അടിവേരുകള്‍. വാമൊഴികളിലൂടെയാണ് ബാവുല്‍ സംഗീതത്തിന്‍റെ കൈമാറ്റം. ലളിതവും അര്‍ത്ഥസമ്പന്നവുമാണ് വരികള്‍.  സംഗീതവും ജീവിതവും ഇഴപിരിക്കാനാവാതെ ഒഴുകുന്നുണ്ട് ഓരോ യഥാര്‍ത്ഥ ബാവുല്‍ ഗായകനിലും. അതുകൊണ്ടുതന്നെ ആത്മാവുതിര്‍ക്കുന്ന ആ സംഗീതത്തില്‍ ആകൃഷ്ടരായി ഒരുപാട്പേര്‍ സര്‍വ്വതും ത്യജിച്ച് ഈ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒഴുകുന്നുണ്ട്, ഒരു തിരിച്ചൊഴിക്കിനെ കുറിച്ച് പിന്നീടൊരിക്കലും ചിന്തിക്കുകയേ ചെയ്യാതെതന്നെ.

അങ്ങനെ  അവരിലേക്ക് അലിഞ്ഞുചേര്‍ന്ന് പ്രയാണമാരംഭിച്ച ഒരാളാണ് മിംലു സെന്‍. അവരുടെ കഥയാണ്, അവര്‍ ജീവിക്കുന്ന ബാവുല്‍ സമൂഹത്തിന്‍റെ കഥയാണ്, അവരുടെ വികാരവിചാരങ്ങളുടെ കഥയാണ് “ബാവുല്‍ ജീവിതവും സംഗീതവും’. 

മിംലു സെന്‍

കല്‍ക്കത്തയിലെ തടവറരാത്രികളിലൊന്നില്‍ ഉറങ്ങാതെയിരുന്ന രചയിതാവിന്‍റെ കാതുകളെ തേടിയെത്തിയ ബാവുല്‍ സംഗീതത്തിന്‍റെ മനോജ്ഞവീചികള്‍  പ്രശാന്തതയേകിയത്  കേവലം ആ നാഴികകള്‍ക്ക് മാത്രമായിരുന്നില്ല, പിന്തുടര്‍ന്ന ജീവിതത്തിന് മുഴുവനായിരുന്നു. വിദേശത്തെ  ആഡംബരപരമായ ജീവിതം ത്യജിച്ച് തീര്‍ത്തും സ്ഥൂലമായ ബാവുല്‍സംഗീതത്തിലവര്‍ അലിഞ്ഞുചേര്‍ന്നത് ആ സംഗീതത്തോടുള്ള അളവറ്റ ഔത്സുക്യം കൊണ്ടായിരുന്നു. അതുകൊണ്ട് പിന്നീടുള്ള ഗമനങ്ങളൊന്നുംതന്നെ, അതെത്ര കാഠിന്യപരമായിരുന്നാലും, അവരെ ചപലയാക്കിയതേയില്ല. ബാവുല്‍ സംഗീതത്തെ ജീവിതവും മതവും ആത്മാവുമായി അനുഭവിക്കുന്ന പബന്‍ ദാസ് ബാവുലിനോട് ചേര്‍ന്ന് അവരുടെ തീര്‍ത്ഥാടനം ഇന്നും തുടരുന്നു..

ബാവുലുകള്‍ ഗ്രാമീണരായ സ്തുതിപാഠകരാണ്.  പക്ഷേ വികസനം ഗ്രാമസമൂഹങ്ങളെ പിഴുതെറിയുമ്പോള്‍ ഉന്മൂലനം ചെയ്യപ്പെടുന്നവരുടെ വേദനകളാണ് ബാവുലുകളെ  ഭിക്ഷാടകരേക്കാള്‍ കൃപണരാക്കിയത്. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ആടിയും പാടിയും സഞ്ചരിച്ചിരുന്ന ഈ വൈഷ്ണവ-ബൌദ്ധ-സൂഫിക്കൂട്ടങ്ങള്‍ക്ക് ഗ്രാമങ്ങളുടെ തിരോഭാവമേകുന്ന പകപ്പ് ചെറുതല്ല. അവര്‍ക്കില്ലാതാവുന്നത് തലമുറകളായി ഉണ്ടാക്കിയെടുത്ത വേറിട്ട് നില്‍ക്കുന്ന ഒരു സംസ്കൃതിയാണ്. അതിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് പബന്‍ ദാസിനെ പോലെ, സുബനെ പോലെ പല ബാവുലുകളും.

 നിഗൂഢവശ്യതയാര്‍ന്ന ബാവുല്‍ സംഗീതം ആത്മാവിലലിഞ്ഞ് ചേരാന്‍ മാത്രം വശ്യമാണ്. നിശ്ചിതനിയമങ്ങള്‍ ഈ സംഗീതശാഖയ്ക്കില്ല. ഭൂപ്രകൃതിപോലെ വന്യവും ക്രമരഹിതവുമാണ് ബാവുല്‍ ജീവിതശൈലി. മതജാതീയതകള്‍ക്കും  ഉപചാരങ്ങള്‍ക്കുമെല്ലാം അധീതമാണ് ബാവുലുകള്‍. സംഗീതത്തിലൂടെ മാത്രം വ്യത്യസ്തമായ രീതിയില്‍ സ്നേഹവും ആത്മീയതയും വിശ്വാസവും പ്രകടിപ്പിക്കുന്നവര്‍.

മിംലു സെന്‍, പബന്‍ ദാസ്

പുസ്തകത്തിന്‍റെ പുറംച്ചട്ടയില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു “മരവും കളിമണ്ണും കൊണ്ട് നിര്‍മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ച് പാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതിപോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്‍റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം” എന്ന്.

ബാവുല്‍ സംഗീതം പോലെ അഴകാര്‍ന്ന ഈണത്തില്‍ അക്ഷരങ്ങളുതിര്‍ത്തിട്ടിരിക്കുന്ന ആ പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാണിത്. കാരണം അതില്‍ പറഞ്ഞുവെച്ചിരിക്കുന്ന ബൃഹത്ത്ചിന്തകളിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങാന്‍ കഴിയുമെന്ന   ശങ്കയെനിക്കുണ്ട്. പറഞ്ഞതില്‍ കൂടുതല്‍ പറയാനുള്ളവയാണ്, നിങ്ങളുടെ വായനയിലൂടെ അനുഭവങ്ങളുടെ ആ ദേശാടനം സാക്ഷാത്കരിക്കുക..

Sunday, September 15, 2013

മെയ്യറുതിയുടെ നിറഭേദങ്ങള്‍മണല്‍ക്കാടുകളേക്കാള്‍ വരണ്ട ചില പകലുകളെ താണ്ടി മരുപ്പച്ചയാര്‍ന്ന യാമങ്ങളിലെത്തി നീണ്ടുനിവര്‍ന്ന് കിടന്ന് കണ്ണടക്കുമ്പോഴാണ് അയാള്‍ മഴനനവുകള്‍ സ്വപ്നം കാണാറ്. പക്ഷേ നനവ് പടര്‍ന്നുപെയ്ത് പരക്കുമ്പോഴേക്കും അടഞ്ഞമിഴികളില്‍  മുട്ടിവിളിച്ച് ആരോ അയാളെ ഉണര്‍ത്തും. എത്ര ഇറുകെയടച്ചാലും ആ തട്ടലിന്‍റെ പ്രകമ്പനം കണ്‍പോളകളില്‍ നിന്ന്  മാഞ്ഞുപോവില്ല.  സ്വപ്നങ്ങളെ തട്ടിപ്പറിക്കാന്‍ ആരാണിങ്ങിനെ പതിവായി മുട്ടുന്നതെന്ന് വ്യാകുലചിത്തനായി അത്തരം രാത്രികള്‍  ഉറങ്ങാനാവാതെ പുലര്‍ത്താറാണയാള്‍ പതിവ്. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ നിയന്ത്രിക്കാനാവാതെ അയാള്‍ താണ്ടുന്ന ആ പകലുകള്‍ക്ക്  വരള്‍ച്ചയാഴം ഏറെ കൂടുതലാണ്. ശേഷം കുറേ രാത്രികള്‍ അയാളെ മറഞ്ഞ് സ്വപ്നങ്ങള്‍ ഒളിച്ചിരിക്കും,  മുട്ടിവിളിക്കപ്പെടുന്ന രാത്രികളെ ഭയന്നിട്ടാകാം.

മടിയന്‍, കാര്യപ്രാപ്തിയില്ലാത്തവന്‍, താന്തോന്നി..! വീട്ടുകാരുടേയും നാട്ടുകാരുടേയും പരിചിതശബ്ദം വിശേഷണങ്ങളുടെ പട്ടിക നീട്ടുന്നത് പാതിയുണര്‍ന്ന  തലച്ചോറിലേക്ക് അലസമായി പതിക്കും. കുടുംബംനോക്കാത്തവന്‍, സ്നേഹമില്ലാത്തവന്‍, മക്കളെ താലോലിക്കാത്തവന്‍, അമ്മയെ സ്നേഹിക്കാത്തവന്‍, ഭാര്യയെ പ്രണയിക്കാത്തവന്‍,ദുഷ്ടന്‍ ...! പതിവുപല്ലവികളില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ വീട്ടില്‍ നിന്നിറങ്ങും. വഴിയോരപരിചയങ്ങള്‍ക്ക് മുഖം കൊടുക്കാതെ, വരള്‍ച്ചയുടെ അമിതദാഹത്തെ വിഴുങ്ങി പണിസ്ഥലത്തെത്താന്‍ അയാളനുഭവിക്കുന്ന പൊള്ളല്‍ മനസ്സിലാക്കാതെ മേലധികാരിയും പഴിയ്ക്കും. പിരിച്ചുവിടലിലേക്ക് വിരല്ച്ചൂണ്ടും. ശമിക്കാത്ത പകല്‍ദാഹത്തെ തോൽപ്പിക്കേണ്ടതിനെ കുറിച്ചാവും അപ്പോഴയാളുടെ ചിന്ത.

ഉറങ്ങാന്‍ മാത്രം നിശ്ചയിച്ചുറപ്പിച്ച ഒരു അവധിദിനത്തില്‍ കുടുംബിനിയുടെ ശകാരത്തില്‍ പുകഞ്ഞ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടയിലാണയാള്‍ ചുമരില്‍ തൂക്കിയ പകുതി ഫ്രെയിം അടര്‍ന്ന, പൊടിപിടിച്ച കണ്ണാടിയിലത് കണ്ടത്. ഉറങ്ങിവീര്‍ത്ത കണ്‍പീലികള്‍ക്കിടയിലൂടെ, കണ്ണിലെ ആ കറുത്ത കുത്ത്. ഒരു ഈര്‍ക്കിലിത്തുമ്പില്‍ കണ്മഷിയെടുത്ത് ആരോ പതുക്കെയൊന്ന് തൊട്ടുകൊടുത്തതുപോലെ തീര്‍ത്തും തെളിമയില്ലാത്ത ആ കുത്ത്.

ഇതുവരെ അങ്ങിനെയൊന്ന് ശ്രദ്ധിച്ചിട്ടില്ല. പീലികള്‍ വിടര്‍ത്തിയും കണ്‍പോളകളടര്‍ത്തിയും പലകോണിലൂടെ  നോക്കി. ഇല്ല,  ഇത് പുതിയതാണ്. സ്വപ്നങ്ങളെ റാഞ്ചാന്‍ ഏഴരയാമത്തില്‍  പതുങ്ങിയെത്തുന്ന തട്ട് മനസ്സില്‍ പ്രകമ്പനം കൊണ്ടു.  ധൃതിയില്‍ ഭാര്യയുടെ അടുത്തേക്ക് നടന്നു, അമ്മയെ തേടി. രണ്ടുപേരും നിസ്സാരവത്കരിച്ചു;

“ഇത് ഒരു കുഞ്ഞ് മറുകല്ലേ..തീരെ ചെറുതായതുകൊണ്ട് നിങ്ങളിതുവരെ കാണാതെയാവും. അതിന് കണ്ണാടീ നോക്കലും ഒരുങ്ങലുമൊന്നും നിങ്ങള്‍ക്ക് പതിവില്ലല്ലൊ..” ഭാര്യ  വക്ക്പൊട്ടിയ കലം തേച്ച് കഴുകുന്നതിലേക്ക് തിരിഞ്ഞു.


“നിന്‍റെ അച്ചന്‍റെ കണ്ണിലൂണ്ടാര്‍ന്നൂ ഇതുപോലെ കടുകുമണിയോളം ചെറ്യോരു കാക്കാപുള്ളി. അങ്ങേരത് ശ്രദ്ധിച്ചിട്ടേല്ല്യാ. അന്ന്ണ്ടാ വീട്ടില്‍ വെട്ടോം വെളിച്ചോം കണ്ണാടീമൊക്കെ..” അമ്മ വെറ്റിലയ്ക്കൊപ്പം ഓര്‍മ്മകളെ  നീട്ടിത്തുപ്പിയപ്പോള്‍ അയാളിറങ്ങി നടന്നു.

കണ്ണില്‍ കരട് വീണ അസ്വസ്ഥതയോടെ ആ കറുത്ത പാട്  മനസ്സില്‍ ഇടറിക്കൊണ്ടിരുന്നു. പ്രധാനനിരത്തിലേക്ക് കയറിയതും ചീറിപാഞ്ഞുവന്നൊരു ലോറി വല്ലാതെ ഭയപ്പെടുത്തി. ഭയം ഒരു കൊളുത്തുപോലെ ഉള്ളിലേക്കാഴ്ന്നു. പിന്നെയത്  മാറില്‍ പടര്‍ന്നിഴയാന്‍ തുടങ്ങി.  കണ്ണിലെ കറുപ്പ്  മനസ്സ് മുഴുവന്‍ പരന്നതുപോലെ.


തീര്‍ത്തും അവശതയോടെ തിരികെ വീട്ടിലേക്ക് നടന്നു. ഭയം  അയാളെ വല്ലാതെ ഗ്രസിച്ചിരുന്നു. കറുത്ത നിറമുള്ള മരണത്തെ കുറിച്ച് വായിച്ചതെന്നായിരുന്നു? ഏത് പുസ്തകത്തിലായിരുന്നു? ഓര്‍ത്തെടുക്കാനാവുന്നില്ല. ജന്മാന്ത അടയാളം പോലെ ഒരു അദൃശ്യബിന്ദു ഓരോ ജനനത്തിന്‍റേയും സഹചാരിയാണെന്ന്. ആയുസ്സിന്‍റെ അവസ്ഥാന്തരങ്ങളില്‍ നിറം മാറി മാറി വലുതായി, ഒടുവില്‍ ഉച്ചിയില്‍ പിടിമുറുക്കുമ്പോള്‍ മരണം മണക്കുന്ന കറുപ്പുനിറമായി അത് ദേഹം മുഴുവന്‍ പരന്നിരിക്കുമെന്ന് വായിച്ചത് ആരുടെ കഥയിലായിരുന്നു?

അമിതദാഹത്താല്‍ അയാളുഴറി. ആഗ്രഹങ്ങളുടെ ഈ ആഴം ആദ്യമായ് അറിയുകയാണ്. എത്ര കുടിച്ചാലും ശമിക്കാത്തൊരു ആസക്തിയായി ദാഹം തൊണ്ടയും കടന്ന് ആത്മാവിലേക്കൊഴുകുന്നത് അയാളറിയുന്നുണ്ടായിരുന്നു.ജീവിത മാത്രകളുടെ മനോഹാരിത ഹൃദയസ്പര്‍ശിയെന്ന്  ദാഹം അയാളില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രികളെപോലും പകല്‍ വെളിച്ചത്തില്‍ കണ്ടാസ്വദിക്കാന്‍ മനസ്സ് വെമ്പി. അധ്വാനിച്ച്, നനവാര്‍ന്ന പച്ചപ്പുകളാക്കി മാറ്റാന്‍ അയാള്‍ വരണ്ടപകലുകളെ ഇനിയുമിനിയും ആഗ്രഹിച്ചു.
തന്നെ കടന്നുപോവുന്ന പരിചിതരോടെല്ലാം അദമ്യമായൊരിഷ്ടം തോന്നി. തന്നോടെന്തെങ്കിലും സംസാരിച്ച്, കണ്ണിലെ കറുപ്പ് നിറം പകര്‍ന്നിട്ടുണ്ടോ എന്ന് അഭിപ്രായം പറഞ്ഞ് അവര്‍ കടന്നുപോവാത്തതില്‍ അയാള്‍ വ്യസനിച്ചു. എതിരെ വരുന്നവര്‍ തന്‍റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കുന്നുണ്ടോ എന്നയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നൂ. മുഖത്തേക്ക് നോക്കുന്നവര്‍ കറുപ്പ് മുഖത്തേക്കും പടര്‍ന്നിട്ടാണോ സൂക്ഷിച്ച് നോക്കുന്നതെന്ന  സംശയമായി. ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകളെ കുറിച്ച് അന്നാദ്യമായി വ്യാകുലപ്പെടുമ്പോള്‍ സ്വയം ആശ്ചര്യംതോന്നി.

ഉച്ചവെയില്‍ എല്ലാ തണലിടങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ട്  പടര്‍ന്ന്പന്തലിക്കുകയാണ്. പൊള്ളിക്കുന്ന ചൂട് വേനലെന്ന നിത്യസത്യത്തെ പേറി ചുട്ടുപഴുക്കുന്നു. വിയര്‍ത്തൊലിച്ച്, കറുപ്പിന്‍റെ അഭംഗിയെ കുറിച്ചോര്‍ത്തുകൊണ്ടയാള്‍ നടത്തത്തിന് വേഗത കൂട്ടി. വേദന നെഞ്ചില്‍ നിന്നും കാല്പാദങ്ങളിലേക്ക് പടര്‍ന്നത് അയാളെ കൂടുതല്‍ ചകിതനാക്കി.
അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്നേഹവുമെല്ലാം മനസ്സിലേക്കോടിവന്നു. വീട്ടിലെത്താന്‍ ക്ഷമയില്ലാതെ, ഈ നിമിഷം അവരെ കാണാന്‍ ഇങ്ങിനെ ആഗ്രഹിക്കുന്നത്  ഇതാദ്യമെന്നത് സത്യം.

വീട്ടിലേക്കുള്ള  തിരിവിലാണ് അയാള്‍ ആ കറുത്ത പൂച്ച ചത്തുകിടക്കുന്നത് കണ്ടത്. ഏതോ വാഹനം കയറിയതാണ്. ഒരുരോമം പോലും നിറഭേദമില്ലാത്ത കറുത്തൊരു പൂച്ച! ചുറ്റും കാക്കകള്‍ വട്ടമിട്ടിട്ടുണ്ട്. പക്ഷേ നിറം കറുപ്പായതുകൊണ്ടോ തുറന്ന് കിടക്കുന്ന കണ്ണുകളില്‍ കറുപ്പ് പടര്‍ന്നിട്ടില്ലാത്തതിനാലൊ കാക്കള്‍ പൂച്ചയെ തൊടുന്നില്ല.അയാളതു നോക്കി നിരത്തുവക്കില്‍ കുറച്ച് നേരം നിന്നു.

ഇപ്പോള്‍ ദാഹമൊട്ട് ശമിച്ചിരിക്കുന്നു, പടര്‍ന്നാഴ്ന്ന വേദനയുമറിയുന്നില്ല. കണ്ണിലെ കറുപ്പിന്‍റെ ഇടര്‍ച്ച.... വീട്ടിലേക്ക് കയറുമ്പോള്‍ കാക്കകളുടെ കാ കാ ശബ്ദം വര്‍ദ്ധിക്കുന്നതറിയുന്നുണ്ടായിരുന്നു. കറുത്ത പൂച്ചയുടെ കണ്ണുകളും നിറം മാറിയിരിക്കും.

കണ്ണിലെ കറുപ്പ് അളക്കാന്‍ കണ്ണാടി തേടി ധൃതിയില്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കിടപ്പ്മുറിയുടെ ചുമരില്‍ തപ്പുമ്പോഴാണ് കൈ തട്ടി പൊടിപിടിച്ച, ഫ്രെയിം പാതിയടര്‍ന്ന കണ്ണാടി താഴെവീണതും തകര്‍ന്നുടഞ്ഞതും.

മരണം കൈമാറ്റം ചെയ്യപ്പെടുന്ന  കഥാതന്തുവിനെ രാകിമിനുക്കി അയാള്‍ സമാധാനത്തോടെ കിടക്കയിലേക്ക് വീണു,പകലുകളുടെ നനവാര്‍ന്ന സാധ്യതകളെ വീണ്ടും വരള്‍ച്ചകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്..

Friday, July 12, 2013

കാലപ്പകര്‍ച്ചകള്‍ - ദേവകി നിലയങ്ങോട്

പ്രസാധകര്‍, : മാതൃഭൂമി ബുക്സ്
വില : 80 രൂ


എത്ര കരുതലോടെയാണ് ദേവകി നിലയങ്ങോട് എന്ന അനുഗ്രഹീത എഴുത്തുകാരി തന്‍റെ ജീവചരിതം വായനക്കാരന് പറഞ്ഞുതരുന്നത് ! സ്നേഹമയിയായ മുത്തശ്ശി ഒരു ഘോരക്കഥ കുഞ്ഞുമനസ്സുകളെ ഭയചകിതമാക്കാതെ പറഞ്ഞുകൊടുക്കുന്ന അതേ സൂഷ്മതയോടെ, നിപുണതയോടെ..!!

ഇത്രയും ഭീകരമായ ഒരു കാലഘട്ടത്തെ കുറിച്ച്, ഒരു പ്രത്യേക സമുദായിക ജീവിതചര്യകളെ കുറിച്ച് പറയുമ്പോള്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെ തികച്ചും വസ്തുനിഷ്ടമായി പറഞ്ഞുവെച്ച് വായനക്കാരനെ എഴുത്തിലുടനീളം അവര്‍ നിശബ്ദം ഓര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്; ഒട്ടും അത്ഭുതപ്പെടേണ്ട, അമര്‍ഷപ്പെടേണ്ട. ഇത് ഇന്നിന്‍റെ കഥയല്ല, കാലം കഥപറയാന്‍ തുടങ്ങുമുന്‍പേ ജീവിച്ചിരുന്നവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ചില ശിഷ്ടങ്ങളില്‍ ജീവിച്ചിരുന്നവരുടെ കഥ മാത്രമാണ്. പറയാതെ പുറകിലാക്കപ്പെട്ട നീണ്ടകാലക്കഥകളേക്കാള്‍ എത്രയോ നിസ്സാരമാണിവ. ഇതൊരു സമുദായത്തിന്‍റെ മാത്രം അനുഭവങ്ങളല്ല, തീരശ്ശീലയും അരങ്ങും മാറുമ്പോഴും ആചാരചേഷ്ടകള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ സമാനമാണ്. അത് കാലത്തിന്‍റേതാണ്. സംസ്കാരങ്ങളുടേതാണ്. അനുഷ്ടാനങ്ങളുടേതാണ്! അതുകൊണ്ടുതന്നെയാവാം ജീവിതത്തിന്‍റെ ഇരുത്തം വന്ന എഴുപതികളില്‍ ഇതെഴുതി വായനാലോകത്തിന് സമ്മാനിക്കാന്‍ അവര്‍ മുതിര്‍ന്നതും.

ദേവകി നിലയങ്ങോട് എന്ന നന്മ നിറഞ്ഞ എഴുത്തുകാരി ‘കാല്പകര്‍ച്ചകള്‍‘ എന്ന തന്‍റെ പുസ്തകത്തിലൂടെ പറഞ്ഞുവെച്ചത് ശൂന്യതയില്‍ നിന്നും അവര്‍ ഇഴച്ചേര്‍ത്തെടുത്ത ഭാവനാസൃഷ്ടിയല്ല. ഹൃദയഭേദകമായ ജീവിതാനുഭവങ്ങളാണ്, തന്‍റേയും തനിക്ക് ചുറ്റും ജീവിച്ച് തീര്‍ന്നവരുടേയും. ഇതില്‍ കൂര്‍ത്ത കരിങ്കല്‍ച്ചീളുകള്‍ പോലെ തുളച്ച് കയറുന്നത് വാക്ചാതുര്യ പ്രഭാവമല്ല, മറിച്ച് നേരനുഭവങ്ങളുടെ, കണ്‍കാഴ്ച്കളുടെ നേരടരുകളാണ്. അതുകൊണ്ട്തന്നെയാണാ വാക്കുകള്‍ക്ക് വത്സരകാതങ്ങളേറെ പിന്നിട്ടിട്ടും, സൌമ്യതയാല്‍ മയം വരുത്തിയിട്ടും ആറാത്ത തീക്ഷ്ണോജ്ജ്വലത.

‘നഷ്ടബോധങ്ങളില്ലാതെ’ എന്ന ആത്മകഥയും പലതലക്കെട്ടുകളില്‍ എഴുതിയ ഒരുകൂട്ടം സ്മരണകളുമാണ് ‘കാലപ്പകര്‍ച്ചകള്‍‘ എന്ന പുസ്തകത്തിലെ ഉള്ളടക്കം. ഓരോ അധ്യായവും വായനക്കേകുന്നത് പൊള്ളിക്കുന്ന കുറേ മണ്മറഞ്ഞുപോയ ജീവിതാചാരങ്ങളെയാണ്. ലളിതമായ ഭാഷയില്‍ ഒരു കാലഘട്ട ചെയ്തികളെ മൊത്തം വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെടാത്ത എഴുത്തിലൂടെ, പ്രാഥമിക വിദ്യഭ്യാസം പോലും ലഭിക്കാത്ത തന്‍റെ സ്വന്തം വരമൊഴികളിലൂടെ ആത്മാവില്‍ തട്ടും വിധം എഴുത്തുകാരി നമുക്ക് സമ്മാനിക്കുകയാണ്. ആ വരമൊഴികളിലെവിടേയും കുറ്റപ്പെടുത്തലുകളില്ല, ശാപവചനങ്ങളില്ല. അന്ന് അതായിരുന്നു ജീവിതം, അങ്ങിനെ ജീവിച്ചേ പറ്റൂ, ഒരു കാലഘട്ടത്തിന്‍റെ നിയോഗമതായിരുന്നു, ഒരു ജനതയുടേയും എന്ന് പറഞ്ഞുവെക്കുകയാണ്.

അതില്‍, ഇല്ലത്തിന്‍റെ ചുറ്റുമതിലിനും കുടുംബക്ഷേത്രത്തിനുമപ്പുറം പുറം ലോകം കാണാത്ത, ഒരിക്കല്‍ പോലും വേട്ടപുരുഷന്‍റെ കൂടെ കഴിയാന്‍ വിധിയില്ലാതെ വിധവയായി ശിഷ്ടജീവിതം നയിക്കേണ്ടിവരുന്ന അന്തര്‍ജ്ജനങ്ങളുടെ, അവര്‍ക്കുചുറ്റും ജീവിതം കരുപിടിപ്പിക്കുന്ന എച്ചിലുകള്‍ മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ട ഇരിക്കണമ്മമാരുടെ, വായനപോലും കുറ്റകരമായ ഇല്ലങ്ങളിലെ ഇരുട്ടുപിടിച്ച അകത്തളങ്ങളേക്കാള്‍ ഇരുളിമയാര്‍ന്ന കുറേ സ്ത്രീജന്മങ്ങളുടെ, ആണ്ടുതോറും പെറ്റുകൂട്ടാന്‍ വിധിക്കപ്പെട്ട അന്തര്‍ജനത്തിന് പിറന്ന് വീണ് ആരാന്‍റെ അമ്മിഞ്ഞ കുടിച്ച് ഇരിക്കണമ്മമാരുടെ കൈകളില്‍ വളരേണ്ടിവരുന്ന സ്നേഹവാത്സല്യങ്ങളന്യമായിരുന്ന കുഞ്ഞുങ്ങളുടെ, ആണ്ടിലൊരിക്കല്‍ പൊടിതട്ടിയെടുത്ത് തിളക്കം വരുത്തുന്ന നിലവറയിലെ ഓട്ടുവിളക്കുകളെ പോലെ ഓണക്കാലങ്ങളില്‍ മാത്രം പ്രകാശമാനമാകുന്ന വടിക്കിനികളുടെ , പിന്നീട് പതുക്കെ പതുക്കെ നീണ്ടുവന്ന അടുക്കള വിചാരങ്ങള്‍ ചുറ്റുമതിലുകള്‍ പൊളിച്ച് ഇല്ലങ്ങളെ പ്രകാശമാനമാക്കുന്ന കാഴ്ച്ചകളുടെ എല്ലാം ചരിതങ്ങളുണ്ട്.

മലപ്പുറം ജില്ലയില്‍ മൂക്കുതലയിലെ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്‍റെ അറുപത്തിയെട്ടാം വയസ്സില്‍, മൂന്നാം വേളിയില്‍ അദ്ദേഹത്തിന്‍റെ പന്ത്രണ്ടാമത്തെ സന്തതിയായാണ് 1928-ല് ദേവകി അന്തര്‍ജനത്തിന്‍റെ ജനനം. തികച്ചും അപരിഷ്കൃതമായ, ധനാഢ്യമായ ഇല്ലം. സംസ്കൃതപഠനത്തിന് ഇല്ലത്ത് തന്നെ ഗുരുകുലമുണ്ടായിരുന്നിട്ടും പെണ്‍കുട്ടികളെ രാമയാണവായനക്കപ്പുറം എഴുത്തും വായനയും പഠിപ്പിക്കാന്‍ ധൈര്യപ്പെടാത്ത വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നിടം. ആത്തേമ്മാര്‍ക്കും ഇരിക്കണമ്മമാര്‍ക്കുമപ്പുറമുള്ള പുറംലോകം ഇല്ലത്തെ അന്തര്‍ജനങ്ങള്‍ക്ക് അചിന്തനീയമായിരുന്നു. നമ്പൂതിരി സമൂഹങ്ങള്‍ക്കിടയില്‍ വിടി, എം ആര്‍ ബി, പ്രേംജി തുടങ്ങി പലരിലൂടെയും വീശിയ പരിഷ്കാരാഹ്വാനങ്ങള്‍, കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാര സ്ഫുലിംഗം എന്നിവ വളരെ വൈകിമാത്രം പ്രതിധ്വനിച്ച ഒരിടമാണ് പകരാവൂര്‍ മന.

സമൃദ്ധിയുടെ നടുക്കടലിലും വിശന്നവയറും ഗ്രഹണിപിടിച്ച് ശോഷിച്ച ശരീരവുമായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് അന്നത്തെ അന്തര്‍ജനങ്ങളും കുട്ടികളും. കറന്ന് തീരാത്ത പാലും കൊയ്ത് തീരാത്ത വയലും ദൈവനിവേദ്യങ്ങള്‍ക്കും അഥിതിസല്‍ക്കാരങ്ങള്‍ക്കും ആണ്‍കോയ്മയ്ക്കും വേണ്ടി ഒഴുക്കികൊണ്ടിരിക്കുമ്പോഴും ഇരുളടഞ്ഞ അകത്തള ജാലകങ്ങളിലൂടെ ഒഴിഞ്ഞവയറിന്മേല്‍ മുണ്ട് മുറുക്കിയെടുത്ത് ഇതെല്ലാം വീക്ഷിച്ച് നാവ് നീട്ടി നുണഞ്ഞിരുന്നിരുന്ന ഒരു പെണ്‍കൂട്ടത്തെ ആരും കാണാതിരുന്നത് ഒരു പക്ഷേ കാലഘട്ടത്തിന്‍റെ അന്ധത ഒന്നുകൊണ്ടായിരുന്നിരിക്കാം. ഒരു മാറ്റങ്ങളുമില്ലാത്ത ഒരു ദിവസത്തിന്‍റെ പകര്‍പ്പ് പോലെ എല്ലാ ദിവസങ്ങളും വിശന്ന വയറുമായി അമ്പലത്തില്‍ പോക്ക്,തേവാരത്തിനൊരുക്കല്‍,നേദിക്കല്‍ എന്നിവയിലൊതുങ്ങുന്ന ജീവിതങ്ങള്‍. അവിടെ മുതിര്‍ന്നവര്‍ക്ക് ആണ്ടിലൊരിക്കല്‍ കിട്ടുന്ന രണ്ട് വസ്ത്രങ്ങള്‍ക്കോ, കുട്ടികള്‍ക്കാണെങ്കില്‍ കൂമ്പാള ഉണക്കിയെടുത്ത കോണകത്തിനോ അപ്പുറം ഒരു ആര്‍ഭാഢവുമാഗ്രഹിക്കാനില്ല. പെണ്‍കുട്ടികള്‍ ‘ഉടുത്തു തുടങ്ങുന്നതോടെ’ ലഭിക്കുന്ന തടിയില്‍ പണിത് പിച്ചളകെട്ടിച്ച പെട്ടിയാണത്രെ ഒരു സ്ത്രീയുടെ ഏക ആജീവനാന്ത സമ്പാദ്യം!

“പതിഞ്ചാമത്തെ വയസ്സിലാണ് എന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്‍റെ തലേ ദിവസമാണു ഞാന്‍ അറിഞ്ഞത്, മറ്റന്നാള്‍ എന്‍റെ കൊടുക്കയാണ് എന്ന്. പണിക്കാരികളാണ് ഈ വിവരം പെണ്‍കിടാങ്ങളെ അറിയിക്കുക. വൈകുന്നേരം കുളത്തില്‍ മേല്‍കഴുകാന്‍ പോവുമ്പോള്‍ തുണയ്ക്കു വരുന്ന പെണ്ണ് പറയും:‘കുട്ടിക്കാവേ, നാളെ മനേരിച്ചിലായീലോ’. മനേരിച്ചില്‍ എന്നാണ് വിവാഹത്തിനു പറയുന്ന ആചാരഭാഷ.മന തിരിച്ചില്‍ അഥവാ വീട് മാറല്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. എവിടേക്കാണ് വേളി കഴിച്ചു കൊടുക്കുന്നതെന്നോ, ആരാണ് വരനെന്നോ ദാസിപ്പെണ്ണിനും അറിവുണ്ടായിരിക്കില്ല. കല്യാണം കഴിഞ്ഞേ പെണ്‍കിടാങ്ങള്‍ അത് അറിയാറുള്ളൂ.” കിഴവനോ, രോഗിയോ ആരാണ് തന്‍റേതെന്ന്, കാടോ മലയോ എവിടെയാണ് താനിനിയെന്ന് സ്വപ്നം കാണാനുള്ള സ്ത്രീയുടെ അവകാശമാണ് ഈ വരികളില്‍ വരച്ചിട്ടിരിക്കുന്നത്! ‘നല്ലോണം ഉണ്ണാനും ഉടുക്കാനും ഉണ്ടാവണേ,നെടുമംഗല്യമുണ്ടാവണേ...’ എന്നതിനപ്പുറം അന്നത്തെ സ്ത്രീ ജന്മങ്ങള്‍ മറ്റെന്ത് സ്വപ്നം കാണാനാണ്.

ഭാഗ്യവശാല്‍ ദേവകി അന്തര്‍ജ്ജനം എത്തിപ്പെട്ടത് പരിഷ്കര്‍ത്താക്കളിലൂടെയും സ്മാര്‍ത്തവിചാരത്തിലൂടെയുമെല്ലാം നവീകരിപ്പെട്ട നിലയങ്ങോട് തറവാട്ടിലാണ്. ഭര്‍ത്താവടക്കം കുടുംബാഗങ്ങളെല്ലാം സമുദായിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ . സ്വാഭാവികമായും അവരും തനിക്കാവും തരത്തില്‍ സാമുദായിക മാറ്റത്തിനായി ഉണര്‍ന്ന് പ്രവൃത്തിച്ചു. ഒരുപാട് എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ചുകൊണ്ടുള്ള ആ ശ്രമഫലങ്ങളില്‍ സാക്ഷിയായി, മാറ്റത്തിന്‍റെ കാമ്പ് ആവോളം നുകര്‍ന്ന് സായൂജ്യമടഞ്ഞുകൊണ്ടുള്ള ഈ എഴുത്ത്, അതിന് ലഭിച്ച സാര്‍വ്വത്രിക അംഗീകാരം തീര്‍ത്തും ദേവകി നിലയങ്ങോടെന്ന നല്ല എഴുത്തുകാരി അര്‍ഹിക്കുന്നത് തന്നെ.

സ്മരണകള്‍ എന്ന വിഭാഗത്തില്‍ അവര്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത് എഴുപതിലധികം വര്‍ഷകാലത്തെ തന്‍റെ ജീവിതാനുഭവങ്ങള്‍ അടുക്കിവെച്ച ഓര്‍മ്മയില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത ഏതാനും അധ്യായങ്ങളാണ്. ഓരോ അധ്യായവും തുറന്നു വെക്കുന്നത് പുതുതലമുറയ്ക്ക് തീര്‍ത്തും സുവിദിതമല്ലാത്ത ഒരുപാടനുഭവ പാഠങ്ങളാണ്. ഒരു ആസ്വാദനത്തിലോ, പഠനത്തിലോ അവസാനിപ്പിക്കാനാവുന്നതില്‍ കൂടുതല്‍ അനുഭവക്കലവറയാണ് ഓരോ അധ്യായവും എന്നതുകൊണ്ട് അതെനിക്ക് അപ്രാപ്യമാണ്.

എത്ര മിതത്വത്തോടെ വായനക്കാരിലേക്ക് പകര്‍ത്തേകിയിട്ടും തളക്കപ്പെടാനാവാതെ പോയ അതിശയോക്തി സാഗരമാണ് ഈ പുസ്തകത്തിന്‍റെ അടിയൊഴുക്ക്. ഭാവനാസമ്പന്നമായ കഥയ്ക്കുമപ്പുറം ഒരു കാലഘട്ടത്തിലെ ജീവിതം തുടിക്കുന്ന വരികള്‍ക്ക് ഇതില്പരം മിതത്വം പാലിക്കാനാവില്ല തന്നെ. ഒരു സമൂഹത്തിന്‍റെ അടയ്ക്കപ്പെട്ട വികാരവിചാരങ്ങളുടെ ആര്‍ത്തലയ്ക്കല്‍ ഈ പുസ്തകത്തിന്‍റെ ആദ്യവരി തൊട്ട് നമുക്ക് കേള്‍ക്കാം. അവസാനവരിയും വായിച്ച് പുസ്തകം അടയ്ക്കുമ്പോഴും ഒരു തുടര്‍ച്ചയെന്നവണ്ണം ആ അട്ടഹാസങ്ങള്‍ രാപ്പകലുകളെ കടന്ന് കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കും. ഈ ജീവിതസൌകര്യങ്ങള്‍, പരിഷ്കാരങ്ങള്‍ , ഘോരംഘോരം പ്രസംഗിക്കുന്ന സംസ്കാരങ്ങള്‍ എല്ലാം പലകാലഘട്ടങ്ങളിലെ വിപ്ലവ കൂട്ടത്തിനൊപ്പം, നിശബ്ദം എല്ലാ അനാചാരങ്ങളും ശിരസ്സാ വഹിച്ച് ഒരടയാളവും ബാക്കിവെയ്ക്കാതെ ജീവിച്ച് മരിച്ച നെടുവീര്‍പ്പുകളുടെ ആ അകത്തള കൂട്ടത്തിനുകൂടി അടിയറ വെയ്ക്കേണ്ടതാണെന്ന് സ്വയം ബോധ്യപ്പെടും.


കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തിലൂടെ, ഏറെ കേട്ട് പരിചയിച്ച നമ്പൂതിരി സമൂഹത്തിന്‍റെ സമരവീര്യങ്ങളോ, നവോത്ഥാന ശ്രമങ്ങളോ നമുക്ക് വായിക്കാനാവില്ല. തീര്‍ത്തും വ്യത്യസ്ഥമായി നമ്പൂതിരി സമൂഹത്തിന്‍റെ ദൈന്യംദിന പെണ്‍ജീവിതമാണതില്‍ ഏറ്റവും സൂക്ഷ്മതയോടെ വരച്ചിട്ടിരിക്കുന്നത്. ഇല്ലത്തെ ആണ്‍കൂട്ടത്തിനുപോലും ഏറെയൊന്നും കണ്ടുപരിചിതമല്ലാത്ത ഇരുണ്ട അകത്തളങ്ങളുടെ കഥനങ്ങളാണിതില്‍.. അതുകൊണ്ട് തന്നെയാണ് ഓരോ വരികളും ഓരോ നെടുവീര്‍പ്പുകളായി പരിണമിക്കുന്നത്. ഇന്നും ഒരുപക്ഷേ കലാഹരണപ്പെടാത്ത ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ അന്ന് മരിച്ചുജീവിച്ച ഒരുപാട് പെണ്മനസ്സുകളുടെ വൈകാരികോച്ഛ്വാസങ്ങള്‍ തളംകെട്ടി നില്‍ക്കുന്നുണ്ടാവാം. കണ്ടും കേട്ടും മടുത്ത മച്ചകങ്ങള്‍ പരിവര്‍ത്തനത്തിന്‍റെ ഇളം കാറ്റിലും ഓര്‍മ്മകളിലേക്ക് കണ്ണീര്‍പൊഴിക്കുന്നുണ്ടാവാം. ഇല്ലത്തിന്‍റെ പൂമുഖപടികള്‍ തന്‍റെ കുടിവെയ്പ്പിന്റെ അന്നല്ലാതെ ചവിട്ടിയിട്ടില്ലാത്ത അന്തര്‍ജനങ്ങളെ ഒന്ന് കാണാന്‍ അകത്തളങ്ങളും കടന്ന് വടിക്കിനിയിലേക്ക് ഈ പുസ്തക മൊഴികളിലൂടെ കടന്ന് ചെല്ലേണ്ടതുണ്ട്.. വരികള്‍ തീര്‍ന്നാലും ഇരുളടഞ്ഞ ജീവീതഗാഥകള്‍ മനസ്സില്‍ കൊത്തിവെയ്ക്കും ആ ജന്മങ്ങളെ. കൂടെ എല്ലാം കാലം മറിച്ച ഏടുകളുടെ ഉള്ളടക്കങ്ങള്‍ മാത്രമാണല്ലോ എന്നാശ്വാസം കണ്ടെത്തും.

Tuesday, May 14, 2013

ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത രചനകള്‍


“ സ്നേഹത്തിന്‍റെയും പരിഗണനയുടെയും അടയാളമെന്താണ്? 
-കാപ്പി. 
എപ്പോഴെന്നില്ലാതെ വന്നു കേറുന്ന അതിഥികളെ സ്നേഹമുണ്ടെന്നു  തെളിയിക്കാന്‍ ഞാന്‍ നിരന്തരം അടുക്കളയില്‍ കാപ്പി കൂട്ടിക്കൊണ്ടേയിരിക്കുന്നു. 
അടുക്കളയെ ബ്രസീല്‍ എന്നും വിളിക്കാം. 
കാപ്പിക്കയറ്റുമതിയുടെ നാട്. 
കളിമണ്‍ കപ്പുകളിലൊതുങ്ങുന്ന തവിട്ടു സമുദ്രത്തില്‍ ഞാന്‍ ലോക സഞ്ചാരങ്ങള്‍ ചെയ്യുന്നു.”

ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍  അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യന്‍. അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ  കഥകള്‍’ വായിക്കുമ്പോള്‍ മനസ്സ്  കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്.


ഛിത്വരമൊഴികളാല്‍ അവര്‍ പറഞ്ഞുവെച്ച കഥകള്‍ വായനയുടെ ആഴങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. അതൊരുപക്ഷേ ഒട്ടുമേ അതിഭാവുകത്വമില്ലാതെ പറഞ്ഞുവെച്ച ജീവിതങ്ങളുടെ നേര്‍വഴികള്‍ കൊണ്ടെത്തിക്കുന്നത് ജന്മസത്യങ്ങളുടെ ചിരപരിചിതമായ  പൊള്ളലിലേക്കാണ് എന്നതുകൊണ്ടായിരിക്കും.

കഥപറച്ചിലിന്‍റെ അധികം പരിചിതമല്ലാത്തിടങ്ങളിലൂടെ പുതുമയുടെ ഗന്ധമാസ്വദിച്ചുള്ള വഴിനടത്തത്തില്‍ വായനക്കാരന്‍ പതറാതിരിക്കുന്നത് അയത്നലളിതമായ ആ ശൈലീയാകര്‍ഷകത്വത്തിലാണ്. വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഉപഹാസങ്ങളില്‍ തട്ടി ഇടക്കിടെ വീഴുമ്പോഴും  വായന തുടരാനാഗ്രഹിക്കുന്നത് എഴുതിവച്ചിരിക്കുന്നവയുടെ സാമൂഹിക സത്യങ്ങളെ നിഷേധിക്കാനാവുന്നില്ല എന്നതിനാലുമാവാം.

ഗീതാഹിരണ്യന്‍റെ ലഭ്യമായ കഥകള്‍ ക്രോഡികരിച്ച് ‘ഗീതാഹിരണ്യന്‍റെ കഥകള്‍’ എന്ന ശീര്‍ഷകത്തോടെ കറന്‍റ്ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ പലനിലവാരത്തില്‍ നില്‍ക്കുന്ന ഇരുപത് രചനകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്, ഒരു അനുബന്ധകുറിപ്പും.   

അസ്വസ്ഥമായ  സ്ത്രീമനസ്സുകളുടെ അകത്തളങ്ങളിലൂടെ  സ്ത്രീമുക്തിയുടെ ദൃഢതപേറി ഗീതയുടെ കഥകള്‍ കയറിയിറങ്ങുമ്പോള്‍ പെണ്ണെഴുത്തെന്ന അറപ്പുളവാക്കുന്ന പടിപ്പുരപ്പുറത്തേക്ക് ഈ കഥാകാരിയെ മാറ്റിനിര്‍ത്തേണ്ടതില്ല. കാരണം  നിസ്സഹായതയുടെ ഒരുപിടി സ്ത്രൈണവ വികാര വിചാരങ്ങള്‍ക്കൊപ്പം സമൂഹത്തെ ഒന്നടങ്കം നാശോന്മുഖതമാക്കുന്ന ചില കുടില സ്ത്രീചിന്തകളേയും പിച്ചിചീന്തി എഴുത്തിന്‍റെ  തുലനത സാമൂഹിക ജീവിതാവസ്ഥകളുടേതാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. സ്ത്രീമനസ്സിന്‍റെ അസ്വാരസ്യങ്ങള്‍  കഥകളിലൂടെ പായേരം പറയുമ്പോഴും പുരുഷസമൂഹത്തെ ഒന്നടങ്കം കാര്‍ക്കിച്ചുത്തുപ്പുന്ന ഒരു കുരുട്ട് സമീപനമല്ല ഗീതയുടേത്.

സ്ത്രീയുടെ വേദനകളും അരക്ഷിതാവസ്ഥയും അസ്വാതന്ത്ര്യവും വിഭിന്നമായ  ഭാവതലങ്ങളില്‍ നിന്നുകൊണ്ട് മലയാളസാഹിത്യത്തിന്‍റെ അകത്താളുകളില്‍ അവര്‍ കോറിയിട്ടപ്പോള്‍ വായനാസമൂഹം കൈനീട്ടി സ്വീകരിച്ചത് നിശബ്ദമായി അതില്‍ സം‌വേദിക്കുന്ന കലാപഭാഷയുടെ അസാധാരണത്വം കൊണ്ടായിരിക്കാം. 

‘ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല, ഒരു ജന്മസത്യം’ എന്ന കഥയിലൂടെ ഉള്ളവന്‍റെ മേല്‍ക്കോയ്മകള്‍ പേര് പോലും ഇല്ലാതാക്കിയ അവളെന്ന പുറം പണിക്കാരിയിലൂടെ കഥാകാരി സമൂഹത്തില്‍ നടമാടുന്ന വൃത്തിക്കെട്ട സാമ്പത്തീക വിവേചനങ്ങളെ നിശിതമായി പരിഹസിക്കുന്നുണ്ട്.

“സ്പോഞ്ച് പതപ്പിക്കുമ്പോള്‍ നനഞ്ഞു കുതിര്‍ന്ന ഒരു പൂച്ചക്കുട്ടിയാണ് കൈപ്പിടിയില്‍ എന്ന് അവള്‍ക്കു തോന്നാറുണ്ട്. ചുരുട്ടിപ്പിടിച്ച് തട്ടത്തിലേയ്ക്കു തിരികെ വെച്ചാല്‍ ഉടന്‍ മൂരി നിവര്‍ന്നു മെല്ലെ വലുപ്പം വെയ്ക്കുന്ന ഒരു പൂച്ച” എന്ന ഈ കഥയുടെ തുടക്കവരികള്‍ തന്നെ ഉള്ളവന്‍റെ മുന്നില്‍ നനഞ്ഞു കുതിരാനും ഉണങ്ങി വിള്ളാനും മാത്രം വിധിക്കപ്പെട്ട അവരുടെ കൈവെള്ളയ്ക്ക് പാകമായ  അധരപറ്റത്തിന്‍റെ അധോഗതിയെ പറഞ്ഞുവെയ്ക്കുന്നു.

“ഹൌ..! വേദനിക്കുന്നവന്‍റെ പരിഭാഷയാണത്. സ്കൂള്‍ ഇംഗ്ലീഷിന്‍റെ അവശിഷ്ടമായി വ്യാഖ്യാനിക്കാമെങ്കിലും.” വരികള്‍ വായനക്കാരനിലും വേദനയുടെ ഭാഷ്യം രചിക്കുന്നു!

“മൃഗശാല. ഒന്നാമത്തെ കാഴ്ചയില്‍ കൌതുകം. രണ്ടാമത്തെ കാഴ്ചയില്‍ പരിഹാസം. മൂന്നാമത്തേതില്‍ മടുപ്പും അറപ്പും.” ‘അകത്തും പുറത്തും’ കഥയിലെ സില്‍വിയയുടെ ഈ നിരീക്ഷണം തന്നെയാണവള്‍ ജീവിതത്തിലും പുലര്‍ത്തുന്നത്. ആദ്യകാഴ്ചയുടെ കൌതുകം എന്തിലും നഷ്ടപ്പെടുന്നു  എന്ന ആശങ്കയാവാം വളവുകളും തിരിവുകളും കൊണ്ടുപോവുന്ന അയാളുടെ ജീവിതാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സില്‍വിയയെ വിമുഖയാക്കുന്നത്.

“ഉള്ളിലടിക്കുന്ന വികാരങ്ങളെ ഒളിപ്പിച്ചു വെയ്ക്കുന്ന പര്‍ദ്ദ വാങ്ങാന്‍  ദൈവത്തോട് മറന്നവള്‍, ദുശ്ശാഠ്യങ്ങളുടേയും സ്നേഹദുരിതങ്ങളുടെയും അസാധാരണ ചേരുവ: ലളിത. പ്രണയത്താല്‍ കനം വെച്ച  ലക്കോട്ട് ആരുമറിയാതെ ഈടിരിപ്പായി മനസ്സില്‍ സൂക്ഷിക്കുന്നവള്‍.!”(കവിതയും ജീവിതവും. ഒരുപന്യാസവിഷയത്തിനപ്പുറം)

“മനസ്സിന്‍റെ ഒരറയ്ക്കും പൂട്ടുവാതിലുകള്‍ ഘടിപ്പിക്കാതെയാണ് ഈശ്വരന്‍ അവളെ ഭൂമിയിലേക്ക് കൈ വിട്ടു കളഞ്ഞത്. പ്രാണവായുവിനു പിടയുന്നവന്‍റെ കൈകാലിട്ടടിപോലെ തന്‍റെ ആശങ്കകളേയും വ്യഥകളേയും അവള്‍ നിര്‍ലജ്ജം എവിടേയും പ്രദര്‍ശിപ്പിച്ചു കളയും.” (സമുദ്രം മുഴങ്ങാത്ത വാക്ക്)


തന്‍റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി. അതോടെ ഈ ജന്മം അയാളെ നിരസിക്കാനൊ വെറുക്കാനൊ താന്‍ അശക്തയാണെന്നും.(ഘരെ ബായ് രെ)

ആര്‍ജ്ജവമുള്ള ഈ കഥകള്‍ വായനക്കാരനോട് സം‌വദിക്കുന്നത് സ്നേഹത്തിന്‍റെ വിവിധ ഭാവതലങ്ങളില്‍ നിന്നുകൊണ്ടാണ്. കഥകളോരോന്നിലൂടെയും കയറി ഇറങ്ങാനാവില്ല, ഓരോ കഥയിലും  വരികള്‍ക്കിടയില്‍ ഗീതാഹിരണ്യന്‍ പൂഴുത്തിവെച്ച വലിയൊരു  ഭാവ-വിവക്ഷാ സാഗരമുണ്ട്, ഓരോവായനയിലും മുങ്ങിതപ്പിയെടുക്കാന്‍ ഒത്തിരി കരുതിവെച്ചുകൊണ്ട്. എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ. 

"വാക്കാണ് എഴുത്തുകാരനെ ശിപാര്‍ശ ചെയ്യുക. അതുകൊണ്ട്  എനിക്ക് വാക്കിലേക്ക് സ്വതന്ത്രയാവണം. വാക്കിന്‍റെ ധ്വനി ഉണര്‍ന്നിരിക്കലാണ്. എഴുത്തിന്‍റെ മോഹനത്ത്വം എന്ന ഓര്‍മ്മയില്‍ മൌനംകൊണ്ട് സദാ വാക്കുകളെ ഞാന്‍ തേടുന്നു.” എന്ന് പറഞ്ഞുവെച്ച കഥാകാരിക്ക് വാക്കുകളെ ഇത്രമേല്‍ ചാരുതയോടെയല്ലാതെ വിന്യസിക്കാതിരിക്കാനാവില്ല തന്നെ.

അവസാനമെഴുതിയ ‘ശിലപ കഥയെഴുതുകയാണ്’ എന്ന അപൂര്‍ണ്ണകഥയില്‍ വാക്കുകളെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ കഥകാരി വായനാലോകത്തോട് പറയാതെ ബാക്കിവെച്ചത് എന്തായിരിക്കും? പൂര്‍ണ്ണതയ്ക്ക് മുന്‍പേ മരണം മുനയൊടിച്ചുകളഞ്ഞ ആ തൂലികത്തുമ്പില്‍ ഇപ്പോഴും അക്ഷരങ്ങള്‍ കട്ടപ്പിടിച്ച്  കിടക്കുന്നുണ്ടാവുമോ!  


"വാക്കാണെന്‍റെ ഒരേ ഒരു സ്വത്ത്, ആരോടും വെളിപ്പെടുത്താത്ത സ്വത്ത്."കാലത്തിന്‍റെ സൂക്ഷ്മവികാരങ്ങളെ കഥകളാക്കിയ ആ എഴുത്തുകാരി നമുക്ക് തന്നിട്ട് പോയത് അവരുടെ വിലപ്പെട്ടസ്വത്താണ്; ജീവിതം തപംചെയ്തെടുത്ത വാക്കുകള്‍!

എഴുതാനാവാതെ പോയ വാക്കുകളുറങ്ങുന്ന ആ കൈവിരല്‍തുമ്പുകളില്‍ മനസ്സ്തൊട്ട് പറയട്ടെ- പ്രണാമം.

Wednesday, April 3, 2013

മരുഭൂമിയുടെ ആത്മകഥ- വി മുസഫര്‍ അഹമ്മദ്മിഴിയെത്താത്തിടത്ത് മനമെത്തുമ്പോഴാണത്രെ കനവുകള്‍ ഉരുവം കൊള്ളുന്നത്. കാണാനാവാത്ത കാഴ്ച്ചകളെ മനക്കണ്ണാല്‍ കാണുക; അതിന് ഭാഷ-വേഷ-രാജ്യ-മതാതിര്‍ത്തികളില്ല. സമയഭേദങ്ങളില്ല, നിയമസംഹിതകളില്ല. സുപ്തി ലോകത്ത് സ്വപ്നാടകനാണ് അധിപന്‍ , അതേത് അക്ഷയനായാലും. പക്ഷേ ഒരു നിമിഷാര്‍ദ്ധത്തെ സ്വബോധത്താല്‍ എറിഞ്ഞുടയ്ക്കപ്പെടുന്നവയാണ് ആ സ്വപ്നങ്ങള്‍ . അവശേഷിക്കുക കടുത്ത ഇച്ഛാഭംഗമാണ്; ജീവിതത്തിന്‍റെ നല്ല നിമിഷങ്ങളെ തല്ലിതകര്‍ക്കാന്‍ കരുത്തുള്ളവ.


ആലീസിന്‍റെ അത്ഭുതലോകത്തെന്നപോലെ സ്വയം പണിതുയര്‍ത്തിയ കിനാകുമിളയില്‍ മനനത്തിലിരിക്കുമ്പോഴാവും പലപ്പോഴുമവ ആപതികമായി ഛിന്നിക്കപ്പെടുക. അപ്പോഴെല്ലാം തോന്നാറുണ്ട് മനസ്സിനെന്ന പോലെ മിഴികള്‍ക്ക് ദേഹം വിട്ട് സഞ്ചരിക്കാനാകുമായിരുന്നെങ്കിലെന്ന്! കാണാത്ത കാഴ്ച്ചകളിലേക്ക്, ഇടങ്ങളിലേക്ക്, മനസ്സിനുപോലും സങ്കൽപ്പിക്കാനാവാത്ത ദൂരങ്ങളിലേക്ക്.. സ്വപ്നങ്ങള്‍ക്കെന്നതുപോലെ യാതൊരു വിഘ്നങ്ങളുമില്ലാതെ യഥേഷ്ടം..!! എങ്കിലൊരു മനുഷ്യജന്മത്തിലെത്ര കാഴ്ചാന്തരങ്ങളിലൂടെ ,  എത്ര ദൂരങ്ങള്‍ താണ്ടി, എത്ര ഋതുഭേദങ്ങനുഭവിച്ച് കണ്ണുകളലയുമായിരുന്നു.


ഭ്രാന്തമായ ഈ ചിന്തകള്‍ക്ക് ഒരു സാക്ഷാത്ക്കാരം പോലെയാണെനിക്ക് മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മകഥയുടെ വായന അനുഭവേദ്യമായത്. പതിനഞ്ച് വര്‍ഷത്തിലേറെ ഈ മരുക്കാടിന്‍റെ ഓരത്ത് ജീവിച്ചിട്ടും സങ്കൽപ്പങ്ങള്‍ക്ക് പോലും പ്രാപ്യമല്ലാതിരുന്ന കാഴ്ച്ചകളെയാണ് മണല്‍ പരപ്പിന്‍റെ ആത്മാവിലേക്കിറങ്ങിച്ചെന്ന് സഞ്ചാരപ്രിയനായ എഴുത്തുകാരന്‍ വാക്കുകളുടെ ചേടകത്തിലൊളിപ്പിച്ച് സമ്മാനിച്ചത്.

വായനപുരോഗമിക്കും തോറും  ഈ മരുദേശം ഒരു പ്രഹേളിക പോലെ എന്നില്‍ ആശ്ചര്യമാവുകയായിരുന്നു. നിസ്സംഗതയുടെ മൂടുപടമണിഞ്ഞ് അനന്തതയിലേക്ക് തലവെച്ച് കിടക്കുന്ന ഇവളുടെ ആഴങ്ങളിലൊളിപ്പിച്ചിരിക്കുന്ന രഹസ്യഭാവങ്ങള്‍ എന്നെ അതിശയിപ്പിക്കുകയായിരുന്നു. ഒപ്പം ഓരോമണല്‍ത്തരിയുടേയും ഉള്‍ത്തുടിപ്പുകളാവാഹിച്ച് അക്ഷരങ്ങളുടെ ആര്‍ദ്രതയില്‍ കെടാതെ സൂക്ഷിച്ച എഴുത്തുകാരനോടുള്ള ബഹുമാനവും, ചുട്ടുപൊള്ളുന്ന ഈ മണല്‍ക്കാട്ടില്‍ അതെത്ര കഠിനപ്രയത്നമായിരുന്നിരിക്കാമെന്ന തിരിച്ചറിവോടെത്തന്നെ.


മനോഹരമായ വര്‍ണ്ണകടലാസുകളില്‍ പൊതിഞ്ഞ് ഹൃദ്യമായ പതിനഞ്ച് സമ്മാനപ്പൊതികളായി അനുവാചകനേകുകയാണ് മുസഫര്‍ അഹമ്മദ് പതിനഞ്ചധ്യായങ്ങളിലൂടെ. ഓരോ പൊതിയിലും കരുതിവെച്ചിരിക്കുന്നത് വിസ്മയങ്ങളുടെ, കാണാക്കാഴ്ചകളുടെ, ചരിത്രസത്യങ്ങളുടെ
മനോഹാരിതയാണ്. അധ്യായ ശീര്‍ഷകങ്ങളില്‍ തുടങ്ങുന്ന ആകര്‍ഷകത്വം  അവസാനം വരെ കാത്ത് സൂക്ഷിക്കാന്‍  എഴുത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

എട്ടുവര്‍ഷത്തെ മണല്‍ക്കാട്ടിലെ അലച്ചിലുകളാണ്  ഈ പുസ്തകമെങ്കില്‍ ഇനിയുമൊട്ടേറെ കാഴ്ച്ചകള്‍ കാണാനും പകര്‍ത്താനും അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്കും തൂലികയ്ക്കും സര്‍വ്വേശ്വരന്‍ വര്‍ദ്ധിതവീര്യമേകട്ടെ.

മരുഭൂജീവിതങ്ങളിലൂടെ വായനതുടരുമ്പോള്‍ ഇതരപ്രദേശങ്ങളിലെ ജീവിതവുമായി കാണാവുന്ന ചില സമാനതകളുണ്ട്. ആദ്യ അധ്യായത്തില്‍ത്തന്നെ ഒരിറ്റുവെള്ളത്തിനുവേണ്ടിയുള്ള മരുഭൂനിവാസികളുടെ സ്പര്‍ദ്ധയാണങ്ങിനെ ചിന്തിപ്പിച്ചത്. ദാഹജലത്തിനുവേണ്ടി, പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടി അനിവാര്യതയുടെ യുദ്ധം ചെയ്യുന്നവര്‍ എല്ലായിടത്തുമുണ്ട്. അനിവാര്യതകളുടെ മാപകങ്ങളിലേ ഭേദമുള്ളൂ.

മരുഭൂമിയിലെ കാഴ്ച്ചകളെ  ഏടുകളിലേക്ക് പകര്‍ത്തി വെയ്ക്കുമ്പോള്‍ കണ്ടകാഴ്ച്ചകളുടെ സൌന്ദര്യമായിരുന്നിരിക്കണം എഴുത്തിനെ ഇത്രയും വശ്യമായി പകര്‍ത്തിവെയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. ചരിത്രവും യാഥാര്‍ത്ഥ്യവും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കഥ പറയുന്നതിനേക്കാള്‍ സരസമായി  വിവരിക്കുമ്പോള്‍ ഒരു മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന ലാഘവത്തോടെ ഈ യാത്രാവിവരണം വായിച്ചുപോവാന്‍ നമുക്കാവുന്നതും മരുഭൂമിയുടെ ആത്മാവ് ഇതില്‍ അലിഞ്ഞു ചേര്‍ന്നതു കൊണ്ടായിരിക്കണം.

ഇസ്ലാമിക യുദ്ധഭൂമികയുടെ വിവരണങ്ങളും,പ്രവാചകനും അനുയായികളും ചേര്‍ന്ന് കുഴിച്ച കിടങ്ങും, ഫോസില്‍ പാടങ്ങളും, മരുഭൂമിയിലെ മരുപ്പച്ചകളും, ഗുഹാവീടുകളും, ശിലാലിഖിതങ്ങളും, മണല്‍ക്കാറ്റും, മരുഭൂമഴയും, യൂറോപ്പിലേക്ക് വരെ പൂക്കള്‍ കയറ്റിയയക്കുന്ന മരുഭൂമദ്ധ്യത്തിലെ പൂപ്പാടങ്ങളും , മണല്‍ക്കാട്ടില്‍ പതിയിരിക്കുന്ന വിഷജീവികളും, ജീര്‍ണ്ണിക്കാനനുവദിക്കാതെ മരുഭൂ ചേര്‍ത്തുപിടിച്ച ശവശരീരങ്ങളും, പിണങ്ങി പിരിഞ്ഞതുപോലെ മരുഭൂമിയില്‍ നിന്ന് പിന്‍ വാങ്ങിയ സമുദ്രങ്ങളും , നിലാവ് കോരിക്കുടിക്കുന്ന കള്ളിമുള്‍ച്ചെടികളും, ലൈലാമജ്നുവിന്‍റെ പ്രണയം മിടിക്കുന്ന ലൈല അഫ് ലാജും, മരുഭൂവിലെ സൂര്യാസ്തമനവും, ജലസാന്നിധ്യം കാലടികളെ നനയ്ക്കുന്നു എന്ന് തോന്നിപ്പിക്കുന്ന അല്‍ ഹസ മരുഭൂമിയും, തേന്മണമുള്ള അബഹയും, ഭൂമിയെ കാണാതായ മുനമ്പും, ലോകത്തിന്‍റെ ഞരമ്പ് പാഞ്ഞ നഗരങ്ങള്‍-മക്കയും മദീനയും, ഹറമും അറഫയും മുസഫര്‍ അഹമ്മദ് ഒട്ടും അതിഭാവുകത്വമോ അതിശയോക്തിയോ ചേര്‍ക്കാതെ പറഞ്ഞുവെയ്ക്കുമ്പോള്‍ സിരകളില്‍ നുരഞ്ഞ്കയറുകയായിരുന്നു അനിര്‍വചനീയമായ ഒരു വായനാഹരം. പുണ്യഭൂമിയായ മക്കയിലും മദീനയിലും മാത്രമൊതുങ്ങിയലഞ്ഞിരുന്ന എന്‍റെ മനക്കണ്ണുകള്‍ തൊട്ടറിയുകായായിരുന്നു സൌദിഅറേബ്യയിലെ മരുഭൂവിശേഷങ്ങള്‍ , മഹത്വങ്ങള്‍ , ചരിത്രപ്രാധാന്യങ്ങള്‍ .

ഭാഷയില്ലാത്ത വാക്കുകള്‍ക്ക് ഇഴയടുപ്പം കൂടുമെന്നത് നേര്. ചില എഴുത്തുകളെന്നാല്‍ ഭാഷയുടെ ആഴങ്ങളിലൂന്നി നിന്നാവുമ്പോള്‍  വാക്കുകള്‍ക്കത് അനിര്‍വ്വചനീയ മിഴിവേകും. വായിക്കുന്നവന്‍റെ കണ്ണുകളിലൂടെ തുളഞ്ഞുകയറി മനസ്സാഴങ്ങളില്‍ തറഞ്ഞിരിക്കും; മുസഫര്‍ അഹമ്മദിന്‍റെ  മരുഭൂമിയുടെ ആത്മാവ് തൊട്ടറിഞ്ഞ എഴുത്തുപോലെ.

എനിക്ക് മുന്‍പേ ‘മരുഭൂമിയുടെ ആത്മകഥ’യിലൂടെ അലഞ്ഞവര്‍ പറഞ്ഞുവെച്ചിട്ടുണ്ട് മനോഹരമായ ഭാഷയില്‍ ആത്മാവില്‍ തൊട്ട ആസ്വാദനങ്ങള്‍ എന്നതുകൊണ്ടുതന്നെ വിശദമായ ഒരു അവലോകനത്തിന് മുതിരുന്നില്ല. അവയില്‍ ചിലത് ഇവിടെ വായിക്കാം:


http://www.mansoormaruppacha.blogspot.ae/2012/06/blog-post_07.html

Friday, March 15, 2013

ടൈഫൂണ്‍ - ഖ്വൈസ്റ ഷഹറാസ്നോവല്‍   
വിവര്‍ത്തനം : ഷീബ ഇ.കെ 
പ്രസാധകര്‍ : ഡിസി ബുക്ക്സ് 
വില: 130 രുപ

കാലം പറത്തി വിടുന്ന ചില ചുഴലിക്കാറ്റുകളുണ്ട്. സമയത്തിന്റെ ആത്മാവില്‍ ആഴത്തില്‍ വേരുകളൂന്നി, മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പര്‍വ്വതക്കൂട്ടങ്ങളെ തന്നെയായിരിക്കും ചിലപ്പോഴെങ്കിലും അവ കടപുഴക്കിയെറിയുന്നത്. ചരിത്രത്തിന് പോലും ഉറക്കം നടിക്കേണ്ടി വരുന്ന ഒരു കാലഘട്ടമാവും ഈ സംഹാര താണ്ഡവത്തിന്റെ അവശിഷ്ട ഉല്പന്നം. പറത്തിവിട്ട കാറ്റിനെ തിരിച്ചുപിടിക്കാനാവാതെ കല്പാന്തകാലം വരെ പശ്ചാത്തപിക്കേണ്ടിവരുന്ന കാലത്തിന്‍റെ ദുര്‍ഗ്ഗതിയോര്‍ത്ത്, കലിയടങ്ങിയ കാറ്റുപോലും പിന്നീട് പരിതപിക്കാറുണ്ടാവാം.

ചില മനുഷ്യജന്മങ്ങളിലേക്കും കാലം വിധിയുടെ ഉടുപ്പണിയിച്ച് ചുഴലിക്കാറ്റിനെ പറത്തിവിട്ട് രസിക്കാറുണ്ട്. അപ്രതീക്ഷിത കറക്കത്തില്‍ ആടിയാടി നിലമ്പരിശാകുന്ന ജീവിതങ്ങളെ നോക്കി ആര്‍ത്തട്ടഹസിക്കുന്ന കാറ്റിനൊപ്പം ചിരിച്ച് മടുക്കുമ്പോള്‍ ഒരു ബോധോദയം പോലെ എല്ലാം നേരെയാക്കാന്‍ ഒരു വിഫലശ്രമം കാലം നടത്തും. പോയ കാലത്തെ തിരിച്ചു പിടിക്കാനാവില്ലെന്ന പരമാര്‍ത്ഥം കൊടുംങ്കാറ്റിനൊടുവിലെ അവശിഷ്ട കൂമ്പാരങ്ങള്‍ പോലെ കാലത്തിനുമേല്‍ കല്ലിച്ചുകിടക്കും.

ടൈഫൂണ്‍ എന്ന നോവല്‍ വയിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലുടക്കിയത് വിധിയുടെ ചുഴലിപ്രവാതം തന്നെയാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ചിരാഗ്പൂര്‍ എന്ന കുഗ്രാമത്തിന്‍റെ പാശ്ചാത്തലത്തില്‍ ഒരുകൂട്ടം സ്ത്രീകളുടെ കഥ പറയുകയാണ് ടൈഫൂണ്‍ എന്ന ഇംഗ്ലീഷ് നോവലിലൂടെ പാക്കിസ്ഥാനില്‍ ജനിച്ച് ബ്രിട്ടനിലേക്ക് ഒന്‍പതാം വയസ്സിലേ കുടിയേറിപാര്‍ത്ത ഖ്വൈസറ ഷഹറാസ് എന്ന എഴുത്തുകാരി.ഏറെ പ്രശസ്തമായ ‘ദ ഹോളി വുമണ്‍’ എന്ന ആദ്യനോവലിനു ശേഷം ഖ്വൈസറ ഷഹറാസെഴുതിയ നോവലാണ് ടൈഫൂണ്‍. ആദ്യനോവലിനോടുള്ള  പ്രണയമാണ് അതിന്‍റെ തുടര്‍ച്ചയെന്നോണം, എന്നാല്‍ സ്വതന്ത്രമായൊരു കഥയായിതന്നെ ടൈഫൂണെഴുതാന്‍ അവരെ പ്രേരിപ്പിച്ചതത്രെ. അത്രകണ്ട് ആദ്യനോവലിലെ കഥാപാത്രങ്ങളും പാശ്ചാത്തലവും അവരുടെ മനസ്സില്‍ ജീവിച്ചിരുന്നിരിക്കാം. വിവിധഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടൈഫൂണ്‍ മലയാളീകരിച്ചിരിക്കുന്നത് ഷീബ ഇ കെ ആണ്.

കാലവും കോലവും മതവും പാശ്ചത്തലവും എല്ലാം മാറിയാലും മനുഷ്യജന്മങ്ങള്‍ ലോകത്തെമ്പാടും ചില സാമാനതകള്‍ കാത്തുസൂക്ഷിക്കാറുണ്ടെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തും. എത്രകണ്ട് മാറ്റിച്ചാലിച്ചാലും രൂപപ്പെടുന്ന വര്‍ണ്ണസമാനതകളുള്ള ഛായക്കൂട്ടുകള്‍ പോലെ അവ ഒട്ടുമിക്ക ജനകൂട്ടായ്മകള്‍ക്കും ഒരു പൊതുക്കാഴ്ച്ചയേകും. അതുകൊണ്ടുതന്നെയാണ് അങ്ങ് പാക്കിസ്ഥാനിലെ ഉള്‍ഗ്രാമമായ ചിരാഗ്പൂര്‍ ഗ്രാമവും തദ്ദേശവാസികളും ജീവിതവുമെല്ലാം വായനക്കാരന് ഏറെ പരിചിതമായി തോന്നുന്നത്.

ഇരുളിമായര്‍ന്ന ഭൂതകാലത്തെചൊല്ലി നീറി, ചുടലസമാനമായി ജീവിക്കുന്ന മൂന്ന് സ്ത്രീകഥാപാത്രങ്ങളുടെ തീവ്രവേദനയിലൂടെ വികസിക്കുന്ന കഥയില്‍ വരച്ചുകാട്ടുന്ന അനേക കഥാപാത്രങ്ങളിലൂടെ ഒരു ഗ്രാമത്തിന്‍റെ തന്നെ കഥയാണ് പറയപ്പെടുന്നത്. ചിരഞ്ജീവികളായ പ്രണയത്തിന്‍റേയും  സമൂഹത്തിലെ അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പവിത്രമായ മതനീതികളിലെ മാനവകൈക്കടത്തലുകളുടേയുംഎല്ലാം കഥയാണ് ടൈഫൂണ്‍.


നജ്മാന എന്ന നാഗരിക യുവതി അവധിക്കാലം ചിലവഴിക്കാനായി തന്‍റെ അമ്മായിയെ തേടി ചിരാഗ്പൂരിലെത്തുന്നതോടെ വീശിയടിക്കപ്പെടുന്ന ‘ചുഴലിക്കാറ്റ്‘ പിന്നീട് ചുഴറ്റിയെറിയുന്നത് പല മനുഷ്യ ബന്ധങ്ങളേയുമാണ്. അവിചാരിതമായി അവിടെ വെച്ച്  തന്‍റെ ഭര്‍ത്താവായ ഹാരൂണിനെ വര്‍ഷങ്ങള്‍ക്ക് ശേഷം  മറ്റൊരുവളുടെ ഭര്‍ത്താവായി  കാണപ്പെടുന്നതും, പ്രണയത്തിന്‍റെ വറ്റാത്തൊരു നീരുറവ ഇരുവരുടേയും മനസ്സിലപ്പോഴും ആര്‍ദ്രതയോടെ ഒഴുകുന്നുണ്ടെന്ന തിരിച്ചറിവും അതുണ്ടാക്കുന്ന അനേകം  പ്രശ്നങ്ങളും ഹാരൂണിന്‍റെ രണ്ടാം ഭാര്യയായ  ഗുത്ഷന് അതുണ്ടാക്കുന്ന അളവറ്റ നഷ്ടങ്ങളും എല്ലാം ചേര്‍ന്ന് നോവല്‍ പുരോഗമിക്കുന്നു.

പരിഷ്കാരിയായ നജ്മാനയെ അകരാണമായി വെറുത്തിരുന്ന ഗ്രാമവാസികള്‍  ഒന്നടങ്കം  ഒരു കാരണം കിട്ടിയപ്പോള്‍ ഗ്രാമത്തലവനായ ബാബ സിറാജ് ദിന്‍റെ നേതൃത്വത്തില്‍ ഗ്രാമക്കച്ചേരി കൂടി ഹാറൂണിനേയും നജ്മാനയേയും മുത്തലാഖ് ചൊല്ലിച്ച് എന്നത്തേക്കുമായി വേര്‍പ്പെടുത്തി. പിന്നീട് ആ കടുത്ത തീരുമാനം തെറ്റായി പോയെന്ന തിരിച്ചറിവ് ഗ്രാമപ്രമുഖനെയടക്കം ഗ്രാമത്തെ മുഴുവന്‍ പാശ്ചാത്തപ വിവശരാക്കുന്നു. മറ്റൊരു സ്ത്രീക്ക് വേണ്ടി സ്വയം കുരുതിക്ക് തയ്യാറായ നജ്മാന തകര്‍ന്ന മനസ്സോടെ തനിക്കേറ്റവും പ്രിയപ്പെട്ട ഹാരൂണിനൊപ്പം  തന്‍റെ പ്രിയപ്പെട്ട പലതും ഗ്രാമത്തിലുപേക്ഷിച്ച് തിരിച്ചുപോവുന്നു.

കാലം തല്ലിക്കെടുത്തിയെന്ന് അഹങ്കരിച്ച ചുഴലിക്കാറ്റ് അപ്പോഴും പലഹൃദയങ്ങളിലും ഹുങ്കാരത്തോടെ വീശിയടിക്കുന്നുണ്ടായിരുന്നു.   ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം മരണാസന്നനായ ബാബ സിറാജ് ദിന്‍റെ അപേക്ഷ പ്രകാരം തിരിച്ചു ഗ്രാമത്തിലെത്തുന്ന നജ്മാനയെ കാത്ത് പതിന്മടങ്ങ് ശക്തിസംഭരിച്ച് ഒളിഞ്ഞിരുന്നിരുന്ന  ചുഴലിക്കാറ്റിനെ മുന്‍കൂട്ടികാണാന്‍ ആര്‍ക്കും കഴിയാതിരുന്നത് കാലത്തിന്‍റെ കളിയാകാം, കരുതലാകാം..

എന്‍റെ വായനയിലൂടെ ടൈഫൂണ്‍ എന്ന നോവലിനെ വിലയിരുത്തുകയാണെങ്കില്‍, ഇരുന്നൂറ്റി പതിനഞ്ച് പേജുകളുള്ള  പുസ്തകം ഒറ്റദിവസം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഒരാകര്‍ഷണീയത ആ കഥയിലുണ്ട്. പക്ഷേ  വലിയ ഭാഷാ സൌന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത, ഉദ്വേഗത്തോടെ വായിച്ച് പോകാനാവുന്ന ഒരു നല്ല നോവല്‍. എന്നും പറയേണ്ടിവരും. ഇനിയും ഒരുപാട് ആഴത്തില്‍ പറയാന്‍ സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു കഥ . ഒരുപക്ഷേ തന്‍റെ ബാല്യത്തിലേ  പാകിസ്ഥാന്‍ വിട്ടതുകൊണ്ടാവും ആ ഗ്രാമപാശ്ചാത്തലവും ഗ്രാമീണജീവിതവുമെല്ലാം ആഴത്തില്‍ സ്പര്‍ശിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടില്ല എന്നാണെനിക്ക് അനുഭവപ്പെട്ടത്. സംഭാഷണങ്ങള്‍ക്ക് പലയിടത്തും ഒരു നാടകീയത അനുഭവപ്പെട്ടത്, വിവര്‍ത്തനത്തില്‍ നൂറ് ശതമാനം സത്യസന്ധതപാലിക്കപ്പെടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നിരിക്കാം. ഒന്നുകൂടി മലയാളിത്വത്തോടെ അവ അവതരിപ്പിച്ചിരുന്നെങ്കിലെന്ന് വായനയില്‍ പലയിടത്തും തോന്നി. എന്‍റെ മാത്രം വായനാതോന്നലുകളാവാം ഇവ.

സ്ത്രീ മനസ്സുകളുടെ വിചാരവികാരങ്ങളെ ഒപ്പിയെടുത്തിരിക്കുന്നത് അങ്ങേയറ്റം തന്മയത്വത്തോടെയാണ്. ഒരുപാട് സ്ത്രീ മനസ്സുകളിലൂടെ, ജീവിതങ്ങളിലൂടെ, സ്വഭാവങ്ങളിലൂടെ എഴുതിചേര്‍ക്കപ്പെടുന്ന ടൈഫൂണ്‍ പാകിസ്ഥാന്‍ ഉള്‍ഗ്രാമങ്ങളുടെ മാത്രമല്ല, നമുക്കേറെ പരിചിതമായ ഗ്രാമപ്രദേശങ്ങളുടേയും ചിരപരിചിതരായ ചിലരുടേയും കഥകൂടിയാണ്. അതുകാരണമായിരിക്കാം കുത്സുംബീബിയേയും നയിമതിനേയും പോലെയുള്ളവര്‍ വായനക്കാരന് അപരിചതരല്ലാതായി തീരുന്നത്.


ഒരു ചുഴലിക്കാറ്റിനാല്‍ കടപ്പുഴക്കപ്പെടുന്നവയുടെ ആത്മാക്കള്‍ ചേക്കേറുക കാലത്തിന്‍റെ ഏത് ചില്ലയിലായിരിക്കും? ജീവിച്ച് മതിവരാത്ത ആഗ്രഹങ്ങള്‍ തൂങ്ങിയാടുന്ന വിധിയുടെ ചില്ലകള്‍ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടാവുമൊ..?
അറ്റമില്ലാതെ
അനശ്വരതയിലേക്കു
നീളുന്ന
ഒരു കടലാസ് ചുരുള്‍
പോലെയാണെന്‍റെ ജീവിതം
തുടക്കം മുതല്‍ ഒടുക്കം വരെ
അതിലെഴുതിയിരിക്കുന്നു,
“എന്നെ വിട്ടു പോകരുതേ.....”
                                                      -ജലാലുദ്ദീന്‍ റൂമി-

Sunday, February 17, 2013

കല്പാന്തകാലംവെളിയില്‍, അപരാഹ്നം പതിവുപോലെ ഒരു ദിനത്തിന്‍റെ മുഴുവന്‍ പാപഭാരങ്ങളും താങ്ങി മങ്ങിയ മുഖത്തോടെ ചക്രവാളത്തിലേക്ക് തലകുമ്പിട്ടു.

നരച്ച നിറമുള്ള  ഫ്ളാറ്റിലെ ഇടുങ്ങിയ സ്വീകരണമുറിയില്‍ ആ വൃദ്ധനും മനുഷ്യായുസ്സിലെ ഇനിയും വേര്‍ത്തിരിച്ചെടുക്കാനാവാത്ത പാപപുണ്യങ്ങളുടെ  ഭാരത്താല്‍ നിഷ്പ്രഭാവനായി ജീവിതചക്രവാളത്തിലേക്ക് തലകുനിച്ച് സോഫയിലിരുന്ന് മയങ്ങുകയാണ്.

സോഫയ്ക്ക് മുന്നിലെ  ടി വിയില്‍, ഉറക്കക്കാഴ്ച്ചകളെന്ന പോലെ മിന്നിമായുന്ന പരസ്യങ്ങളുടെ ആഡംബര സ്വപ്നലോകവും വാര്‍ത്തകളുടെ യാഥാര്‍ത്യ ചകിതലോകവും അയാള്‍ ഏറെ കഷ്ടപെട്ട് ഇമകള്‍ പൊക്കി ഇടക്കിടെ നോക്കാന്‍ ശ്രമിക്കുന്നുണ്ട്.

കനലെരിയുന്ന ഒരിടത്തെന്നപോലെ,  തറയില്‍ കുത്താതെ കാലുകള്‍ രണ്ടും സോഫയിലേക്ക് കയറ്റിവെച്ച് ഒടിഞ്ഞുമടങ്ങിയിരിക്കുന്ന അയാളുടെ ഇടതുകയ്യിലെ ടി വി റിമോട്ട് ഉറക്കത്തിനിടെ കയ്യില്‍ നിന്നും വഴുതിവീഴുമ്പോള്‍ അസ്വസ്ഥതയോടെ പിടഞ്ഞെണീറ്റ് ചുറ്റുപാടും നോക്കും. തലയ്ക്ക് താങ്ങായി കുത്തിവെച്ചിരിക്കുന്ന വലത്കയ്യുടെ മരവിപ്പ് കളയാനെന്ന പോലെ ഒന്ന് ആഞ്ഞ് കുടഞ്ഞ്  നിര്‍വികാരനായി ടിവിയിലേക്ക് തുറിച്ച് നോക്കിയിരിക്കുന്നതിനിടയില്‍ അറിയാതെ വീണ്ടും മയക്കത്തിലേക്ക്...

സ്വാര്‍ത്ഥനിഷ്ഠതയോടെ മാത്രം  ചലിക്കുന്ന താക്കോലിനോടുള്ള പ്രതിഷേധമുയര്‍ത്തി താക്കോല്‍ദ്വാരം ഒച്ചവെച്ചപ്പോള്‍ വൃദ്ധനില്‍ പൂട്ടപ്പെട്ടിരുന്ന ഉറക്കശകലങ്ങളും സ്വതന്ത്രരായി. 

വാതില്‍ തുറന്ന് ചെറിയൊരു മൂളിപ്പാട്ടോടെ അകത്തേക്ക് വന്നത് ജോലി കഴിഞ്ഞെത്തിയ മകനാണ്.

ഒരു പകല്‍മുഴുവന്‍ തന്നെ ചുമന്ന് നടന്ന ഷൂസ് നിഷ്ക്കരുണം ഊരിയെറിഞ്ഞ് വന്ന മകന്‍റെ പ്രസാദാത്മകമായ മുഖത്ത് എഴുതിവെച്ചിരിക്കുന്നതുപോലെ തോന്നി ഈ മാസത്തെ ബിസിനസ്സ് ടാര്‍ജറ്റ് ഇതിനകം കൈപ്പിടിയിലൊതുങ്ങിയിരിക്കുന്നുവെന്ന്.

“അച്ഛാ, ഈ ടിവിയുടെ മുന്നിലിങ്ങിനെ ചടഞ്ഞിരിക്കാതെ ചന്തൂനേം കൊണ്ടൊന്ന് പുറത്തിറങ്ങി നടന്നൂടെ.. ആരോഗ്യത്തിനെത്ര നല്ലതാ.. ”

കിടപ്പുമുറിയില്‍ കമ്പ്യൂട്ടര്‍ ഗെയിംസില്‍ മുഴുകിയിരുന്ന കൊച്ചുമകനേയും അതിന്‍റെ മുന്നില്‍ തപസ്സിരിക്കുന്നു എന്ന് വഴക്ക് പറയുന്നത് കേട്ടപ്പോള്‍ വൃദ്ധനോര്‍ത്തു ഇന്ന് ഓഫീസില്‍ നിന്നും മകനേതോ ആരോഗ്യ ലേഖനം വായിച്ചിട്ടുണ്ട്. അതാണ് പതിവില്ലാത്ത ഈ ശ്രദ്ധ. ഇനി ജോലി കഴിഞ്ഞെത്തുന്ന മരുമകള്‍ക്കും കാത്ത് വെച്ചിട്ടുണ്ടാവും ഫാസ്റ്റ് ഫുഡിന്‍റെ ദോഷങ്ങളും പച്ചക്കറിയിലൂടെ അകത്ത് ചെല്ലുന്ന വിഷാംശങ്ങളും എല്ലാം ചേര്‍ത്തൊരു ബോധവല്‍ക്കരണ ക്ലാസ്സ്!

ഗെയിം നിര്‍ത്തേണ്ടിവന്നു എന്നതിനേക്കാള്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും എണീറ്റ്  നടക്കേണ്ടിവന്നതിന്‍റെ ദേഷ്യം മുഴുവന്‍ കണ്ണുകളിലൂടെ തുപ്പി കാലുകളിലൊരു ഫുഡ്ബാള്‍ നിയന്ത്രിച്ച് സ്വീകരണമുറിയിലേക്ക് വരുന്ന കൊച്ചുമകനെ  വൃദ്ധന്‍ അടുത്തേക്ക് മാടി വിളിച്ചു.

മകന്‍ പതിവില്ലാതെ കിടപ്പുമുറിയുടെ ജാലകം തുറന്നിടുന്ന ശബ്ദം കേട്ടു. വൃദ്ധനോര്‍ത്തു, ജാലകങ്ങളില്ലാം കഴിഞ്ഞയാഴ്ച്ച ഉറപ്പിച്ച കൊതുക് വലയുടെ ധൈര്യത്തിലായിരിക്കും. 

കൊതുകിനെ തടഞ്ഞാലും നഗരത്തിന്‍റെ സകലമാലിന്യങ്ങളും ചുമന്നുകൊണ്ട് വരുന്ന കാറ്റിനെ തടയാനാവില്ലല്ലൊ. അകത്തേക്ക് വന്ന ഒരു കെട്ടമണത്തോടൊപ്പം മകന്‍ ജനവാതില്‍  വലിച്ചടയ്ക്കുന്ന ശബ്ദം വൃദ്ധനില്‍ ചിരിപടര്‍ത്തി.

കിടപ്പുമുറിയുടെ ജനവാതിലുകള്‍ തുറക്കുന്നത് നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നിടത്തേക്കാണ്. അടച്ചുപൂട്ടിയ ഫ്ളാറ്റിനെപോലും ഭേദിച്ച് പലപ്പോഴും സഹിക്കവയ്യാത്ത നാറ്റങ്ങള്‍ അകത്തേക്ക് നുഴഞ്ഞുകയറാറുണ്ട്.


സ്വീകരണമുറിയുടെ ജാലകങ്ങളും തുറക്കാന്‍ വയ്യ. ഉറക്കം വരാതെ ഉഴലുന്ന രാത്രികളില്‍ ഈ ദിവാന്‍ കോട്ടില്‍ മലര്‍ന്ന് കിടന്ന് ഇരുട്ടിലേക്ക് മിഴികള്‍ പായിക്കുമ്പോള്‍ കാണാം തന്നോടൊപ്പം  മുറിയില്‍ തടവിലാക്കപ്പെട്ട് വട്ടം കറങ്ങുന്ന നാറുന്ന കുറേ വായുതന്മാത്രകള്‍.. 

അവയെ സ്വതന്ത്രമാക്കാന്‍ എണീറ്റ്, ഇരുട്ടിനെ വകഞ്ഞുമാറ്റി ജാലകപാളികള്‍ തുറന്നിട്ടാലും  ചെന്നെത്തുക തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ഫ്ളാറ്റിന്‍റെ ടോയിലറ്റ് വെന്‍റിലേഷനിലേക്ക്, തിരികെ കിട്ടുക ഇതിനേക്കാള്‍ ദുര്‍ഗന്ധപൂര്‍ണ്ണമായവ..

തന്‍റെ കണ്മുന്നിലാണ് ഈ സ്ഥലമിങ്ങിനെ വളര്‍ന്നുപന്തലിച്ചത്, അല്ലാ വളര്‍ന്നു ചുരുങ്ങിയത് എന്നതാണ് ശരി. വൃദ്ധന്‍ സ്വയം തിരുത്തി. 

വളരെ കുറച്ച് വീടുകളും ഉയരം കുറഞ്ഞ വിരലിലെണ്ണാവുന്ന കെട്ടിടങ്ങളും. അന്ന് ഈ പ്രദേശം  ശവസംസ്ക്കാരമൊന്നുമില്ലെങ്കിലും  ശവക്കോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്.  

പ്രദേശം നിറഞ്ഞുനിന്നിരുന്ന കീരിപ്പഴച്ചെടികളുടെ സമൃദ്ധമായ തഴച്ചുവളരല്‍ പൂര്‍വ്വീകകാലത്തെന്നോ ഇവിടെ ശവസംസ്കാരമുണ്ടായിരുന്നു എന്ന ധാരണ ശരിവെയ്ക്കുന്നതായിരുന്നു. അതുകൊണ്ടാണല്ലൊ അന്ന് മുതിര്‍ന്നവര്‍, വെളുത്ത ബള്‍ബുകള്‍ കത്തിച്ചിട്ടതുപോലെ  പ്രദേശം നിറഞ്ഞുനിന്നിരുന്ന മധുരതരമായ കീരിപ്പഴങ്ങള്‍ പറിച്ച് കഴിക്കാന്‍ കുട്ടികളെ അനുവദിക്കാതിരുന്നിരുന്നത്. മണ്ണില്‍ നിറഞ്ഞ മനുഷ്യശരീരങ്ങളുടെ നെയ്യാണാവയുടെ വളം എന്നായിരുന്നു ഭാഷ്യം.

കറുത്ത കട്ടിഫ്രൈമുള്ള കണ്ണട ഊരി വൃദ്ധന്‍ തന്‍റെ മുഷിഞ്ഞതല്ലെങ്കിലും നിറം തീരെ മങ്ങിയ മുണ്ടിന്‍റെ മൂലകൊണ്ട് ചില്ലുകള്‍ അമര്‍ത്തി തുടച്ചു.

താന്‍ ചന്തുവിനേക്കാള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുത്തശ്ശന്‍  പറയുന്നത് കേട്ടിട്ടുണ്ട്, അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ സമൃദ്ധിയെ കുറിച്ച്. അതിരുകളില്ലാത്ത ഭൂമിയെ കുറിച്ച്. കാലംകൊണ്ടുവന്ന, തനിക്കുള്‍ക്കൊള്ളാനാവാത്ത മാറ്റങ്ങളെ കുറിച്ച്. 

ഇന്ന് ആ മുത്തശ്ശന്‍ തന്‍റെ പിന്‍തലമുറയെ തേടി തിരികെയെത്തിയാല്‍ കാണുന്ന കാഴ്ചകളെ കുറിച്ച് വൃദ്ധന്‍ ഇനിയും വരളാത്ത കുസൃതിമനസ്സോടെ വെറുതെ ഓര്‍ത്തു.

ഓര്‍മ്മകള്‍ക്ക് വൃദ്ധനെ വിട്ടുകൊടുക്കാതെ കൊച്ചുമകന്‍ ആ ശുഷ്കിച്ച കാലുകളില്‍ വന്നിരുന്ന് അവന്‍റെ ചോദ്യപ്പെട്ടി തുറന്നു.

വൃദ്ധനറിയാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് അയാള്‍ മെലിഞ്ഞുണങ്ങിയ കൈകള്‍ മലര്‍ത്തി അറിയില്ല എന്ന ഭാവത്തോടെ ഇരിക്കുമ്പോള്‍ കൊച്ചുമകന്‍ പുത്തന്‍ തലമുറയുടെ സ്ഥായിയായ മോടിയോടെ തന്‍റെ കൊച്ചറിവുകള്‍ അയാള്‍ക്ക് മുന്നില്‍ വാരിവിതറിക്കൊണ്ടിരുന്നു.

“മുത്തച്ഛന് ഫുഡ്ബാള്‍ കളിയറിയോ?” ഞരമ്പുകള്‍ എഴുന്നേറ്റ് നില്‍ക്കുന്ന അയാളുടെ നീണ്ട കൈവിരലുകളിലൂടെ പന്തുരുട്ടി അവന്‍ ചോദിച്ചു.

“ പന്തുരുട്ടാനറിയാത്ത ജന്മങ്ങളുണ്ടോ കുട്ടീ..”  

"ജനിയുടെ അതിതുംഗശൈലത്തില്‍ നിന്നും പാദങ്ങളിലെത്തുന്ന ആ പന്ത് മൃതിസാനുവില്‍ ഉപേക്ഷിക്കും വരെ  ഉരുട്ടിക്കളിക്കുന്നവരല്ലേ നാം..” 

കൊച്ചുമകന്‍റെ കൈ പിടിച്ച് ലിഫ്റ്റില്‍ കയറുമ്പോഴും വൃദ്ധന്‍  പറഞ്ഞു കൊണ്ടേയിരുന്നു;

“ ഈ പന്തിലെ പോലെ  കേവലം നശ്വരമായ ഉച്ഛ്വാസങ്ങളല്ല അതിന്‍റെ ജീവവായു. ദിനരാത്ര യുഗങ്ങളാണ്..”

“എത്തപ്പെടുന്ന പാദങ്ങള്‍ക്കനുസൃതമായി അത് ഉരുണ്ടുകൊണ്ടേയിരിക്കും, കുടിലിലൂടെ, കൊട്ടാരത്തിലൂടെ, തെരുവോരങ്ങളിലൂടെ, കുപ്പത്തൊട്ടിയിലൂടെ.. അഴുക്കും അഴകും ഒരുപോലെ പുരളുമ്പോഴും കാലം നിസ്സംഗമായുരുളും.”

വൃദ്ധന്‍ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും എന്തെങ്കിലും സംസാരിക്കുവാനൊരാള്‍ എന്ന സമാധാനത്തോടെ കൊച്ചുമകന്‍ കാലം കാതങ്ങള്‍ അടയാളപ്പെടുത്തിയ അയാളുടെ കൂര്‍ത്ത കൈവിരല്‍ നഖങ്ങളിലൂടെ തന്‍റെ ഉള്ളം കൈ തടവി അയാള്‍ക്ക് ചെവിയോര്‍ത്ത് ലിഫ്റ്റിറങ്ങി തെരുവോരത്തേക്ക് നടന്നു.

ചീറിപ്പായുന്ന വാഹനശബ്ദങ്ങള്‍ക്ക് നടുവില്‍ കൊച്ചുമകനെ തന്നോട് ചേര്‍ത്ത് പിടിച്ച് വൃദ്ധന്‍ ചിലമ്പിച്ച ഒച്ചയോടെ തുടര്‍ന്നു.

“ഒടുവിലയാള്‍ എല്ലാ കളികള്‍ക്കും അവസാനം മൃതിയുടെ താഴ്വാരത്തില്‍ ആ കാല്പന്ത് ഉപേക്ഷിക്കുന്നു; ചിലര്‍ കളിച്ചു മടുത്തിട്ട്, മറ്റുചിലര്‍ മതിവരാതെ..."  

"ഉപേക്ഷിക്കപ്പെടുന്ന കാലം ഭാവഭേതങ്ങളില്ലാതെ മറ്റൊരു കാലില്‍ ഒട്ടിച്ചേരും, ഇനിയുമിനിയും തട്ടിക്കളിക്കപ്പെടാന്‍ ..”

നീണ്ടുകിടക്കുന്ന പാതയോരത്ത് ഒരിത്തിരി നല്ല കാറ്റന്വേഷിച്ച് വൃദ്ധന്‍ തിമിരം മൂടിയ കണ്ണുകള്‍ക്ക് മീതെ വത്സരങ്ങള്‍ ചുളുക്കിയ കൈകള്‍ വെച്ച് അനന്തതയിലേക്ക് നോക്കി നെടുവീര്‍പ്പിടവേ, ചെറുമകന്‍ അത്യന്ത വഴക്കത്തോടെ പന്ത് കാലുകള്‍കൊണ്ട് അമ്മാനമാടി കളിക്കുകയായിരുന്നു.


Friday, February 8, 2013

പട്ടം പറത്തുന്നവന്‍ - ഖാലിദ് ഹൊസൈനി


വിവര്‍ത്തനം: രമാ മേനോന്‍
പ്രസാധകര്‍:  ഡി സി ബുക്ക്സ്
വില : 160 രൂപ

ഒന്നോര്‍ത്തുനോക്കൂ, പിറവിയുടെ ആദ്യാക്ഷരങ്ങള്‍ക്ക് സാക്ഷിയായ.. ജനനത്തിന്‍റെ പ്രതിഷേധകരച്ചിലുകള്‍ക്ക് കാതോര്‍ത്ത.. ആദ്യച്ചുവടുകള്‍ക്ക് , വളര്‍ച്ചയുടെ ശ്വാസഗതികള്‍ക്ക് താങ്ങേകിയ.. ജീവിതത്തിന്‍റെ വേവും ചൂടും ഗന്ധവും മനസ്സിലേറ്റിയ  ജന്മഗേഹം വിട്ടൊരുനാള്‍ പെട്ടെന്ന് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥ!

തീര്‍ത്തും സ്വന്തമായിരുന്ന ഓരോ മണല്‍ത്തരിയും വൃക്ഷലതാദികളും കാടും മലയും കുന്നും കാട്ടാറും ഇടവഴികളും തെരുവും കവലയും നാട്ടുകാരും വിദ്യാലയവും അധ്യാപകരുമെല്ലാം ഇനി ഒരിക്കലും കാണാനാവാത്ത വിധം പൊടുന്നനെയൊരു പുലരിയില്‍ ജീവിതത്തില്‍നിന്നും അന്യവല്‍ക്കരിക്കപ്പെടുക.. പതിനെട്ടുവയസ്സുവരെയുള്ള ജീവിതം, അനുഭവങ്ങള്‍,  പരിചയങ്ങള്‍ എല്ലാമെല്ലാം തൂത്തുവാരിയ മുറ്റം പോലെ ജീവിതത്തില്‍ നിന്നും ഓര്‍മ്മകളിലേക്ക് കോരിമാറ്റപ്പെടുക. പിന്നീട് ആയുസ്സ് മുഴുവന്‍ അവ  അനുസരണയില്ലാത്ത കരിയിലകളെപോലെ മനസ്സിന്‍റെ തിരുമുറ്റത്ത് പാറി പറന്നുകൊണ്ടിരിക്കുക!

ജീവിതത്തിന്‍റെ മദ്ധ്യാഹ്നത്തിനുമപ്പുറം ഒരുനാള്‍ വീണ്ടും  അപഹര്‍ത്താവിനെപോലെ താന്‍ കളിച്ചുവളര്‍ന്ന നാടിന്‍റെ മടിത്തട്ടില്‍ മടങ്ങിയെത്തുക.. ജന്മഗേഹത്തിലേക്ക്, തന്‍റെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന  തൊടിയിലേക്ക് ഒളിഞ്ഞുനോക്കേണ്ടി വരിക. അനന്യമായിരുന്നതെല്ലാം അന്യമാക്കപ്പെട്ട അവസ്ഥയിലേക്ക് അപരിചതത്വത്തിന്‍റെ ഏറ്ക്കണ്ണുകള്‍ പായിക്കേണ്ടിവരുന്നവന്‍റെ ഹൃദയവ്യഥ..!


ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവന്‍‘ എന്ന നോവലിലൂടെ വായനക്കാരന് ഇതെല്ലാം അനുഭവേദ്യമാകും. അമീറിന്‍റെ ബാല്യ-കൌമാര ഓര്‍മ്മകള്‍ അടക്കം ചെയ്ത അഗ്നിപര്‍വ്വതത്തിലെ പുകയുന്ന ജീവിതനോവ് അക്ഷര മാസ്മരികതയിലൂടെ ലാവയായൊഴുകി വായിക്കുന്നവന്‍റെ ഹൃദയത്തെ പൊള്ളിക്കും. നീറിനീറിയത് കണ്ണുനീരിലൂടെ പ്രപഞ്ചത്തിലെ നരകയാതന അനുഭവിക്കുന്നവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയായൊഴുകും.


ഹസാര, പഷ്ട് എന്നീ വ്യതസ്ത വര്‍ഗ്ഗക്കാരായ ഹസ്സന്‍, അമീര്‍ എന്നിവരുടെ ബാല്യകാല സൌഹൃദങ്ങളിലൂടെ ഇതള്‍ വിടരുന്ന കഥ  ചിത്രകാരന്‍റെ നിപുണതയോടെ രചയിതാവ് പല  വര്‍ണ്ണക്കൂട്ടേകി അഫ്ഗാനിസ്ഥാനിലെ വംശീയകലാപങ്ങളും അധിനിവേശങ്ങളും നരകതുല്യമാവുന്ന മനുഷ്യജീവിതവും പാലായനങ്ങളും അരാജകത്വവും എല്ലാം വരച്ചിടുമ്പോള്‍ അക്ഷരവര്‍ണ്ണങ്ങളുടെ നിറദീപം കൊളുത്തിവെയ്ക്കപ്പെടുന്നത് ഓരോ വായനക്കാരന്‍റേയും ഉള്ളിലാണ്. തങ്ങളുടെ ബാബമാര്‍ കാത്തുസൂക്ഷിച്ച അതേ അപൂര്‍വ്വ സൌഹൃദം അമീറിലൂടെയും ഹസ്സനിലൂടെയും തുടരുകയാണ്, ഹസ്സനും പിതാവ് അലിയും അമീറിന്‍റെ വീട്ടിലെ വേലക്കാരാണെങ്കിലും.

ബാല്യത്തിന്‍റെ അപക്വതയും ഒറ്റപ്പെടലും  സാഹചര്യങ്ങളും അമീറിലുണ്ടാക്കുന്ന അബദ്ധതോന്നലുകളും തീരുമാനങ്ങളും ഒരു ജീവിതകാലം മുഴുവന്‍ നീറികഴിയാനുള്ളത് അവന്  സമ്മാനിക്കുമ്പോള്‍ എന്നും മറ്റുള്ളവന്‍റെ കയ്യിലെ കളിപ്പാട്ടമാവാന്‍ വിധിക്കപ്പെട്ട ഹസാരയായ ഹസ്സന് നഷ്ടപ്പെടുന്നത്  ‘അമീര്‍ ആഗാ, ഒരായിരം തവണ നിങ്ങള്‍ക്കുവേണ്ടി’ എന്ന് സ്വയം വിധേയത്വം പ്രകടിപ്പിക്കാനുള്ള, ജീവനേക്കാളേറെ അവന്‍ സ്നേഹിച്ചിരുന്ന അവന്‍റെ കളിക്കൂട്ടുകാരനേയും ഒരു പരിധിവരെ അവന്‍റെ തന്നെ ജീവിതവുമായിരുന്നു.

വൈദേശിക ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയതോടെ നഷ്ട്പ്പെട്ടതാണവിടുത്തെ സ്വൈരജീവിതം. അശാന്തിയുടെ വെടിയൊച്ചകളിലൂടെ അധികാര കൊതിയുടെ, വംശീയകലാപത്തിന്‍റെ, തീവ്രവാദത്തിന്‍റെ കരാളഹസ്തങ്ങള്‍ ആ  നാടിന്‍റെ കഴുത്തിറുക്കി ശ്വാസം മുട്ടിക്കുമ്പോള്‍ കണ്ണുതുറിക്കപ്പെട്ടത് ആ മണ്ണിനെ സ്നേഹിച്ച്, ശ്വസിച്ച്, സ്വപ്നങ്ങളെ ഇറുകെ പിടിച്ച് ജീവിച്ചിരുന്ന നിരപരാധികളായ ഒരു ജനസഞ്ചയത്തിന്‍റേതായിരുന്നു. തുളച്ചുകയറുന്ന വെടിയുണ്ടകളിലൂടെ ചിതറിത്തെറിച്ച അവര്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്യുമ്പോള്‍ ജന്മനാട്ടിലുപേക്ഷിച്ച ജീവിത സമ്പാദ്യങ്ങള്‍ക്കൊപ്പം അനാഥമാക്കപ്പെട്ടതാണവരുടെ സ്വപ്നങ്ങളും. 


അമീറിന്‍റെ ബാബയടക്കം അന്നാട്ടിലെ പ്രമാണിമാരില്‍ പലരും വിധിയുടെ കറങ്ങിത്തിരിയലില്‍ വെറും അഭയാര്‍ത്ഥികളായി അന്യനാട്ടിലേക്ക് ഓടിരക്ഷപ്പെടുമ്പോഴും എന്നെങ്കിലും ജന്മനാട്ടില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയുടെ ഇത്തിരിവെട്ടം അസ്തമിച്ചിരുന്നില്ല. പക്ഷേ..! 


അന്ന് രക്ഷപ്പെടാനാവാതെ, അധികാരവര്‍ഗ്ഗത്തിന്‍റെ വെടിയുണ്ടകള്‍ക്ക് നേരെ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒന്നാശ്വസിക്കാം, മരിച്ചുവീണത് പിറന്ന മണ്ണിലാണെന്ന്, മാളികപ്പുറത്ത്നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് പിച്ച തെണ്ടുന്നത് സ്വന്തം തെരുവോരത്താണെന്ന്.


ഇങ്ങിനെയൊക്കെ പറഞ്ഞുവെക്കുമ്പോള്‍ തന്നെ ഇതൊരു വിപ്ലവ നോവലോ രക്തംചിന്തുന്ന യുദ്ധകഥയോ അല്ല. മറിച്ച് സ്വച്ഛന്ദമൊഴുകുന്ന,  ഇടക്കിടെ ചുഴികളും കയങ്ങളും കുത്തൊഴുക്കുകളുമുള്ള ഒരു ജീവിതകഥ മാത്രമാണ്.  കാബൂള്‍ക്കാരനായ അമീറിന്‍റെയും അവന്‍റെ പ്രിയരുടേയും കഥ. 


അമീറും ബാബയും പ്രിയകൂട്ടുകാരന്‍ ഹസ്സനും അവന്‍റെ ബാബ  അമീറിന്‍റെ വീട്ടുജോലിക്കാരന്‍ അലിയും ,  ബാബയുടെ മനസാക്ഷിസൂഷിപ്പുകാരന്‍ റഹീംഖാനും വികൃതി അയല്‍ക്കാരന്‍ ആസിഫും  തുടങ്ങി ഒട്ടേറെ പേര്‍ കടന്നുവരുന്ന കാബൂള്‍ ജീവിതത്തിലെ ആദ്യപകുതിയും അമേരിക്കന്‍ പൌരന്മാരാവുന്ന അമീറും ബാബയും അന്യത്വം മുഴച്ചുനില്‍ക്കുന്ന അവിടുത്തെ ജീവിതരീതികളും സൊറയ്യ എന്ന പ്രാണസഖിയും അവളുടെ മാതാപിതാക്കളും  ചേര്‍ന്ന രണ്ടാം പകുതിയും  സൊറാബ് എന്ന ജീവിതത്തിലെ വഴിത്തിരിവും എല്ലാം ചേര്‍ന്ന അമീറിന്‍റെ ജീവിത കഥയാണിത്. 


അതിന്‍റെ സമാന്തരമായി കാലം ഒഴുക്കുന്നതാണ് മറ്റെല്ലാ കഥകളും. അമീറിന്‍റെ ജീവിതം എഴുത്തുകാരനെന്ന വഴിത്തിരിവിലേക്കെത്തി നില്‍ക്കുമ്പൊഴുണ്ടാകുന്ന ചില ആകസ്മിതകള്‍ കൂടി ചേരുമ്പോള്‍ ഈ നോവല്‍ പൂര്‍ണ്ണമാവുന്നു.


അടുത്തകാലത്ത് വായിച്ചവയില്‍ മനസ്സ് നിറഞ്ഞ് കവിഞ്ഞൊരു വയനാനുഭവമെന്ന് ഞാനീ വായനയെ വിശേഷിപ്പിക്കും. ഒരിടത്തും മുഷിയാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍  പ്രേരിപ്പിക്കുന്ന ഖാലിദ് ഹൊസൈനി എന്ന  അഫ്ഗാനി എഴുത്തുകാരന്‍റെ  ഈ പ്രഥമ നോവലിനെ സാഹിത്യഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത രമാ മേനോന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഭൂരിഭാഗം വായനാരുചികളേയും സംതൃപ്തിപ്പെടുത്തുന്ന ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍ ഡി സി ബുക്സ്. കഥയുടെ ചെറുവിവരണം പോലും വായിക്കാനൊരുങ്ങുന്നവന്‍റെ  ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ അതിനൊരുങ്ങുന്നില്ല.


കാബൂളിലെ വസീര്‍ അക്ബര്‍ഖാന്‍   പ്രദേശവും തലയെടുപ്പോടെ നില്‍ക്കുന്ന   ബാബയുടെ വീടും വീട്ടുമുറ്റത്തെ പോപ്ലാര്‍ മരങ്ങളും  ഷാര്‍ -ഇ-നൌ അങ്ങാടിയും  കുന്നിന്‍പുറവും മാതളമരവും  ശൈത്യം പുതപ്പിക്കുന്ന തൂവെള്ള മഞ്ഞും പാറിപ്പറക്കുന്ന പട്ടങ്ങളും പട്ടം പറപ്പിക്കുന്നവരും പൊട്ടിയപട്ടത്തിന്‍റെ പിറകെ ഓടുന്നവരുമെല്ലാം മനസ്സില്‍ നിന്ന് പടിയിറങ്ങാതെ വായന അവസാനിക്കുമ്പോള്‍ എന്‍റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്;

" വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായി ഉരുകി വീഴുന്നില്ല; മെല്ലെ മെല്ലെ ഓരോരോ പാളികളായി.....” ഇപ്പോള്‍ ഞാന്‍ കണ്ടതും അതുതന്നെയാണ്!

Saturday, February 2, 2013

ചിറകറ്റ ഹേമന്തം


ശീതക്കാറ്റടിച്ച് തണുത്തുറഞ്ഞ സായാഹ്നത്തില്‍,  വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളുമായി മനസ്സില്‍  കലപില കൂട്ടികൊണ്ട്   മുഷിരിഫ് പാര്‍ക്കിലേക്കുള്ള പതിവ്  നടത്തത്തിനിടയിലാണ് അറബിവില്ലകള്‍ക്ക് ചന്തമേകി വിടര്‍ന്ന് പരിലസിച്ചിരുന്ന സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ ആ ചിറകൊടിഞ്ഞ കുഞ്ഞിക്കിളിയെ കണ്ടത്.  

കാല്പെരുമാറ്റം അതിനെ കൂടുതല്‍ വിഹ്വലയാക്കിയെന്നു തോന്നുന്നു. പേടി പിടയ്ക്കുന്ന കണ്ണുകളോടെ അത് മുറിവേറ്റ ചിറകുകള്‍ താങ്ങി ചപ്പിലകള്‍ക്കിടയില്‍ ഒളിക്കാന്‍ വിഫലശ്രമം നടത്തുന്നതിനിടയിലാണ്, കുട്ടികള്‍  കയറി പൂന്തോട്ടം നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ കമ്പിവേലിയില്‍ ചിറകുടക്കി മുറിവേറ്റ ആ ചിറക് കുഞ്ഞുദേഹത്ത് നിന്നും വേര്‍പ്പെട്ടത്.. വേദനകൊണ്ടത് പിടയുന്നുണ്ട്..

കുഞ്ഞികാലടികള്‍ ഇടറി ചരല്‍മണ്ണില്‍ വീണ് കാല്‍മുട്ടുരഞ്ഞ് അമ്മേന്ന് വിളിച്ചുകരയുന്ന മക്കളുടെ മുഖം അതിന്‍റെ കരച്ചില്‍ മനസ്സില്‍ കോറിയിട്ടു. നോവിക്കാതെ ആ കിളിയെ കമ്പികള്‍ക്കിടയില്‍ നിന്നും വേര്‍പ്പെടുത്താനുള്ള ശ്രമത്തിനിടെ പെട്ടന്നാണ് എവിടെനിന്നോ പാഞ്ഞുവന്നൊരു കിളി  കൈകളില്‍ കൊത്തിയത്. ഇത്തിരിക്കുഞ്ഞനെങ്കിലും ഇണയെ രക്ഷിക്കാനുള്ള വ്യഗ്രത ആ കൊത്തില്‍ പ്രകടമായിരുന്നു. പൊടുന്നനെ കൈ പിന്‍ വലിച്ചതുകൊണ്ട് മുറിപ്പെട്ടില്ല. നൊന്ത കയ്യുമായി ദേഷ്യത്തോടെ, അതിലേറെ ഭയത്തോടെ പിന്‍വാങ്ങി.


ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് തൊട്ടപ്പുറത്ത് ചപ്പുചവറുകള്‍ പെറുക്കി നിരത്ത് വൃത്തിയാക്കുകയായിരുന്ന ആ ബംഗാളിപയ്യന്‍ ഓടിവന്ന്  പറഞ്ഞു;

“വേണ്ടാ, അതാ മുറിവേറ്റ പക്ഷിയുടെ അമ്മയായിരിക്കും. തന്‍റെ  കുഞ്ഞിനെ ഉപദ്രവിക്കുന്നെന്ന് കരുതിയാണത് നിങ്ങളെ ആക്രമിച്ചത്.”

ഇരുപതില്‍ കൂടാത്ത പ്രായം. നല്ല ഭംഗിയുള്ള പയ്യന്‍. ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ മുഖത്ത് കറുത്ത മറുക് പോലെ വിഷാദകാളിമ ഒറ്റനോട്ടത്തിലേ തിരിച്ചറിയാം.

“ഹേയ്, അതവന്‍റെ അമ്മയല്ല, ഇണയാവാനാണ് സാധ്യത.”
ഞാനാ ഓമനത്വം തളം കെട്ടിനില്‍ക്കുന്ന മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

“അല്ല, ഇങ്ങിനെ സ്വജീവന്‍ പണയം വെച്ച് മറ്റൊരുജീവനു വേണ്ടി പോരാടാന്‍ ഒരമ്മമനസ്സിനേ കഴിയൂ..” അത് പറയുമ്പോഴവന്‍റെ മുഖത്ത് ക്രോധവും ശോകവും നിലാവെട്ടിയിരുന്നു.

പറന്നുവന്ന ആ കിളിയപ്പോഴും മുറിവേറ്റ് പിടയുന്നതിന് ചുറ്റും വെപ്രാളത്തോടെ ചാടിച്ചാടി നടക്കുന്നുണ്ട്.

ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവന്‍ എന്തേ ഇങ്ങിനെയൊരു ജോലിയില്‍  എന്നതിലായിരുന്നു എന്‍റെ അത്ഭുതം.

“നിന്‍റെ പേര്?”

“ആരുഷ്”

“ബംഗാളി?”

“അതെ.”

“ആരുഷിന്‍റെ വിദ്യഭ്യാസം?”

വിഷാദം നിഴലിക്കുന്ന ആരുഷിന്‍റെ മുഖം, മേലേ ആകാശത്തിനേക്കാള്‍ മൂടിക്കെട്ടിയപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

ചവറുകള്‍ പെറുക്കി ചവറ്റുക്കുട്ടയിലേക്കിടാന്‍ ഉപയോഗിക്കുന്ന ദണ്ഡ് മതിലില്‍ ചാരിവെച്ച്, കട്ടികൂടിയ കയ്യുറകള്‍ ഊരിമാറ്റി അവന്‍ പതുക്കെ മഞ്ഞപൂക്കള്‍ പന്തലിച്ചു നില്‍ക്കുന്ന ആ പേരറിയാ മരത്തിന്‍റെ ചുവട്ടിലേക്ക് നടന്നു. സിമന്‍റ് ബഞ്ചിനു താഴെ ഇരിപ്പുറപ്പിച്ച ആരുഷ് എന്നെ ബഞ്ചിലേക്ക് ക്ഷണിച്ചു.

ആ പെരുമാറ്റ മര്യാദയും കുലീനത്വവും അവനോട് വല്ലാത്തൊരു വാത്സല്യം ജനിപ്പിക്കുന്നതായിരുന്നു.

“ഞാന്‍ വിദ്യ അഭ്യസിച്ചിട്ടില്ല ..  വിദ്യ അഭ്യസിക്കണമെങ്കില്‍ അതിനൊരു അഭ്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കണം. അറിവുള്ളവര്‍ പറയുന്നതും റേഡിയോയിലെ ഇംഗ്ലീഷ് ട്രെയിനിങ്ങ് പ്രോഗ്രാമും തപ്പിത്തടഞ്ഞ് വായിക്കുന്ന ചില പുസ്തകങ്ങളുമാണ് എന്‍റെ സ്കൂള്‍.  എന്‍റെ ഗുരു ജീവിതമാണ്. ജീവിതമെന്നത് എന്‍റെ അമ്മയും! ”

അത് പറയുമ്പോഴവന്‍റെ കണ്ണുനീരാല്‍ മണ്ണില്‍ കിടന്നിരുന്ന കരയില നനയുന്നത് നോക്കി ഞാനിരുന്നു.

കരയുന്നതെന്തിനെന്ന് അറിയില്ലെങ്കിലും ഒരനിയനെയെന്നപോലെ  ചേര്‍ത്ത് പിടിച്ചവനെ ആശ്വസിപ്പിക്കാന്‍  തോന്നി.

“അമ്മ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് ഞാനും അമ്മയും ഏട്ടനും സുഖമായി ജീവിച്ചു പോരുമ്പോഴാണ് അച്ഛനെന്ന് പറയുന്ന അയാള്‍  വീണ്ടും വീട്ടില്‍ വന്ന് താമസമാക്കിയത്.. അഞ്ചുവയസ്സായ, എന്നെയതുവരെ കാണാത്ത ആ മനുഷ്യന്‍ വീടുപേക്ഷിച്ച് പോയിട്ടപ്പോഴേക്ക് അഞ്ചരവര്‍ഷം കഴിഞ്ഞിരുന്നു. ആദ്യ ഒരാഴ്ച കഴിഞ്ഞപ്പോള്‍  വീട്ടില്‍ അടിയും ഉപദ്രവങ്ങളും തുടങ്ങി. അമ്മയെ മര്‍ദ്ദിച്ച് അവശയാക്കുന്നത് കണ്ടുനില്‍ക്കാനെ എനിക്കും ഏട്ടനും കഴിയുമായിരുന്നുള്ളൂ..”

ഭാഷ മാറിയാലും നാട് മാറിയാലും ജീവിതങ്ങള്‍ മാറുന്നില്ല; ഞാനോര്‍ത്തു.

“അമ്മ പണികഴിഞ്ഞുവരാന്‍ വൈകിയ അന്ന് അയാള്‍ ഏട്ടനെ അയാളുടെ മകനല്ലെന്നും പറഞ്ഞ് വെട്ടുകത്തിയെടുത്ത് മരപ്പലകലയില്‍ വെച്ച് വെട്ടിനുറുക്കി. അടുത്ത ഊഴം എന്‍റേതാണെന്ന തിരിച്ചറിവില്‍ പേടിച്ച് മിണ്ടാനാവാതെ ഇതെല്ലാം കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന എന്‍റെ മുന്നിലേക്ക് ദൈവത്തെ പോലെ അമ്മ കയറിവന്നു.”

മരംകോച്ചുന്ന ആ തണുപ്പില്‍ ആരുഷിന്‍റെ കഥ കേട്ട് ഞാന്‍ വിയര്‍ത്തൊലിച്ചു, ഒരു ശിശിരത്തിനും സമാധാനിപ്പിക്കാനാവാത്ത വിധം.

“അമ്മ കറിക്കത്തിയെടുത്ത്, ഏട്ടനെ വെട്ടി കഷണങ്ങളാക്കിക്കൊണ്ടിരുന്ന അയാളെ പിന്നില്‍നിന്നും ആഞ്ഞാഞ്ഞ് കുത്തി. തൊട്ടടത്തുനിന്നിരുന്ന എന്‍റെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോര അരിക്കലത്തിലെ വെള്ളത്തില്‍ കഴുകിതന്നുകൊണ്ട് എന്നെ ആ ഇരുട്ടിലേക്ക് ഇറക്കിവിട്ട് അമ്മ   പറഞ്ഞു, എവിടെയെങ്കിലും പോയി രക്ഷപ്പെടാന്‍”

“കവലവിട്ട് എവിടേയും പോയി പരിചയിച്ചിട്ടില്ലാത്ത ഞാന്‍ ഓടിയത് പിന്നീട് പലകവലകളിലൂടെ, പല നിരത്തുകളിലൂടെയായിരുന്നു, പതിനെട്ടാം വയസ്സില്‍ ഒരു  നല്ല മനുഷ്യന്‍ മേല്‍വിലാസവും ധനസഹായവുമേകി എന്നെയിങ്ങോട്ട് കയറ്റിവിടുന്നതുവരെ.”

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്ത് തെറിച്ച രക്തക്കറ തുടച്ച് കളയാനെന്നവണ്ണം ആരുഷ് കൈവെള്ളകളാല്‍ മുഖമൊന്നമര്‍ത്തി തുടച്ചു.

“ അമ്മയിന്ന് ജീവിച്ചിരിപ്പുണ്ടോന്നറിയില്ല. അന്നയാളെ കൊന്നോ എന്നും.അന്വേഷിച്ച് പോവാന്‍ എനിക്ക് ഞാനോടിയ വഴികളോ എന്‍റെ സ്ഥലപേരോ ഓര്‍മ്മയില്ല. ഞാനിതുവരെ കണ്ടവരില്‍ ആരെങ്കിലും എന്‍റെ അമ്മയായിരുന്നോ എന്നുമറിയില്ല. അത്രയും തെളിയാത്തൊരു ചിത്രം പോലെ മങ്ങികിടക്കുകയാണമ്മ മനസ്സ് നിറയെ. എന്നുമൊരു ജീവശ്വാസം പോലെ അന്ന് തൊട്ടിന്നുവരെ ഞാനോര്‍ക്കുന്ന അമ്മയുടെ മുഖമെന്തേ ദൈവമെന്നില്‍ ഇത്രയും മങ്ങിയ ചിത്രമാക്കി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? ഒരുപക്ഷേ ചുറ്റും കാണുന്ന സ്ത്രീകളിലെല്ലാം ഒരു പ്രതീക്ഷപോലെ എനിക്കെന്‍റെ അമ്മയെ നോക്കികാണാന്‍ വേണ്ടിയാവും അല്ലേ ചേച്ചീ..”

മറുപടിയ്ക്ക് കാക്കാതെ അവന്‍ സമയമൊരുപാടായി എന്ന വേവലാതിയോടെ തിരക്കിട്ട് തിരിഞ്ഞുനടന്നത് ചിലപ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കണ്ട് ഈ അമ്മ സങ്കടപ്പെടേണ്ട എന്ന് കരുതിയാവാം..

വേലിക്കമ്പിയില്‍ കുരുങ്ങി ജീവന്‍പൊലിഞ്ഞ കുഞ്ഞിക്കിളിക്കരികെ വട്ടമിട്ടുകൊണ്ടിരുന്ന   അടയ്ക്കാകിളിയുടെ കണ്ണുകളിലെനിക്കപ്പോള്‍ ആരുഷ് പറഞ്ഞതുപോലെ ഒരമ്മയുടെ സങ്കടക്കടല്‍ ആര്‍ത്തിരമ്പുന്നത് കാണാനായി....

Tuesday, January 29, 2013

പിറവി


പരപരാ വെളുക്കുന്നതിനു മുന്‍പേ മൂഷികത്തെരുവിലൂടെ പതിവു സവാരിക്കിറങ്ങിയ അവന്‍റെ ദൃഷ്ടിയില്‍ ഓടയ്ക്കരികില്‍ കിടക്കുന്ന ആ തകിട് കുരുങ്ങാന്‍ അത്ര സൂക്ഷ്മക്കാഴ്ച്ചയുടെ ആവശ്യമൊന്നുമില്ലായിരുന്നു. ഇരുട്ടിന്‍റെ ശതകോടി കണികകളെ വലിച്ചുകീറി  നേത്രപടലത്തിലേക്ക് തുളഞ്ഞുകയറുകയായിരുന്നുവത്. പുലര്‍ക്കാല തണുപ്പില്‍ ചുരുണ്ടുകൂടിയ വാല്‍ കുടഞ്ഞ് നിവര്‍ത്തി  തകിട് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങുമ്പോഴാണ് അതിലെഴുതിയിരിക്കുന്ന ദൈവിക വചനങ്ങളില്‍ കണ്ണുടക്കിയത്..


“അല്ലയോ എലികുമാരാ, നിന്‍റെ ഭക്തിയില്‍ ഞാന്‍ സമ്പ്രീതനായിരിക്കുന്നു. ആഗ്രഹപ്രകാരം നിനക്കിതാ മനുഷ്യജന്മമേകുന്നു. ഈ തകിടില്‍ നിന്‍റെ നഖങ്ങളാലുരസിയാല്‍ നീയാഗ്രഹിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ് നിനക്ക് പ്രവേശിക്കാം. അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പിനായ് നിനക്കവരുടെ മനസ്സ് വായിക്കാം, ചിന്തകള്‍ തൊട്ടറിയാം, അദൃശ്യനായി അവര്‍ക്കിടയില്‍ ജീവിക്കാം. ഓര്‍ക്കുക നരജന്മം പ്രാപിച്ചാല്‍ ആയുസ്സൊടുങ്ങുംവരെ മനുഷ്യനായി തന്നെ  ജീവിക്കണം. തകിടില്‍ ഉരസുന്നതുവരെ ചിന്തിക്കാം.”ജന്മമോഹമാണീ  തകിടിലൂടെ സഫലമാകുന്നത്. മുടക്കാത്ത പ്രാര്‍ത്ഥനകളുടേയും വ്രതങ്ങളുടേയും ഫലപ്രാപ്തി.  മൂഷികസമൂഹത്തിന്‍റെ  പരിഹാസങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട്  പ്രാര്‍ത്ഥനയും ജപവുമായി കഴിഞ്ഞത് മനുഷ്യജന്മം  അത്രമാത്രം മോഹിച്ചതൊന്നുകൊണ്ടു  മാത്രമാണ്.മനുഷ്യരുടെ ആഢംബരവും സുഖലോലുപതയും കണ്ട് മതിമറന്ന് ഒരു ദിവസമെങ്കിലും അവരെ പോലെ ആരെയും പേടിക്കാതെ, വല്ലവരുടേയും കലവറകളിലും ഓടകളിലും വായുസഞ്ചാരമില്ലാത്ത പോടുകളിലും ജീവിക്കാതെ , രാത്രിയുടെ മറപറ്റി വല്ലതും കട്ടുതിന്ന് വിശപ്പടക്കാതെ മനുഷ്യനായി  ജീവിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. ഇപ്പോഴിതാ ഒരു ദിവസമല്ല, ഒരു മനുഷ്യ ജന്മം മുഴുവന്‍....  നഗരത്തിലെ ആഢംബരത്തിന്‍റെ ആര്‍ഭാടമായ ഡ്രീംലാന്‍റിലെ  ചെറുപ്പക്കാരായആ ദമ്പതികളുടെ ജീവിതം കണ്ട് അവനൊരുപാട് മോഹിച്ചിട്ടുള്ളതാണ്. ഒട്ടും സമയം കളയാതെ ഫ്ളാറ്റിലെത്തി തകിടിലുരയ്ക്കണം. മാനം മുട്ടി നില്‍ക്കുന്ന  കെട്ടിടത്തിനെ തൊട്ട് പൂത്തുലഞ്ഞ് നില്‍ക്കുന്ന പാരിജാതത്തിന്‍റെ ചില്ലകളിലൂടെ  മൂന്നാം നിലയിലെ മുന്നീറ്റിനാലാം ഫ്ളാറ്റ് ജാലകത്തിലൂടെ അകത്തുകയറി. ചെന്നുവീണത് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന  വലിയൊരു കടുക് ഭരണിയില്‍. ഭരണി മറിഞ്ഞ് കടുകുമണികള്‍ നാലുപാടും ചിതറി. ശബ്ദംകേട്ട് ആദ്യം ഓടിയെത്തിയത് സുന്ദരിയായ സ്ത്രീയാണ്. പുറകില്‍ ആ ചെറുപ്പക്കാരനും.  എലിക്കുട്ടന്‍  അവളുടെ ഭാവം കണ്ട് ഞെട്ടിത്തരിച്ചു. ക്രുദ്ധയായ അവര്‍ ഭര്‍ത്താവിനു നേരെ അടുക്കളയിലുള്ളവ ഓരോന്നായി വലിച്ചെറിയുന്നു. 


“എന്തിന് നിങ്ങളിത്ര ക്രൂരനാവുന്നു”

വൈഷ്ണവീ ഞാന്‍ നിന്നോടൊപ്പമായിരുന്നില്ലേവിടെ  വന്നതേയില്ലല്ലൊ

ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്. 

“എനിക്കറിയാം, നിങ്ങളെപോലൊരു പുരുഷനേ ഇത് ചെയ്യൂ

യാള്‍ തെല്ലു നേരം നിശബ്ദനായി, പിന്നെ  തിരിഞ്ഞു നടന്നു. 

ഴിഞ്ഞു കിടക്കുന്ന മുടി വാരിക്കെട്ടി കുനിഞ്ഞിരുന്ന് വിതുമ്പികൊണ്ട് ടുകുണിളോരോന്നായി അരുയോടെ കൈവെള്ളയില്‍ സ്വരുകൂട്ടുന്ന ആ സ്ത്രീയുടെ, ന്‍റെ അമ്മയുടെ മനസ്സറിയാനായി എലിക്കുട്ടന് തിടുക്കം. 


ആ മനസ്സിലവന്, ചുറ്റും ചിതകളെരിയുന്ന ശ്മശാനത്തിനു നടുവിലകപ്പെട്ടതുപോലെ വല്ലാത്ത ചൂടും വേവുമനുഭവപ്പെട്ടു. പൊള്ളിക്കുന്ന മനസ്സാഴങ്ങളില്‍ നിന്നും കണ്ടെടുത്ത ചിന്തകളില്‍ കനലെരിയുന്നു. പൊള്ളിയടര്‍ന്ന വേദനയോടെയവന്‍ തിരികെയിറങ്ങി.


അച്ഛനെ തിരിക്കി ചെന്നപ്പോള്‍ കിടപ്പുമുറിയോട് ചേര്‍ന്ന  നിലാമുറ്റത്ത് ചാരുസേയില്‍ കിടന്നെന്തോ ഗാചിന്തയിലാണയാള്‍.


ആ ചിന്തകളിലേക്ക് റിവന്‍ പരതാന്‍ തുടങ്ങി. മുളച്ചു പൊങ്ങിയ കരിമ്പനപൊങ്ങ് പോലെ മരവിച്ചിരിക്കുകയാണാ മനം.

കാലവര്‍ഷമാനം പോലെ വിഷാദം മൂടിക്കെട്ടിയ മനസ്സില്‍നിന്നും ചിന്തകളെ വായിച്ചെടുത്തു. പ്രണയ സാഫല്യമായി വിവാഹം, സ്വപ്നങ്ങളുടെ ഗരിമ ഇരുമനസ്സുകളിലുമേറുകയായിരുന്നു. ഏകമനത്തോടെയുള്ള വഴിയാത്രയില്‍ എവിടെവെച്ചാണ്  ഇരുധ്രുവങ്ങളിലേക്ക് വഴിമാറി നടക്കാന്‍ തുടങ്ങിയത്? ഓരോ ചുവടിലും ചേര്‍ത്തണച്ചിട്ടേയുള്ളൂ താനവളെ. പക്ഷേ തന്‍റെ ഹൃദയമിടിപ്പുകളെ വൈര്യത്തോടെ കേള്‍ക്കാന്‍  തുടങ്ങിയ വൈഷ്ണുവിലെ മാറ്റം ഹൃദയമിടിപ്പ് നിലക്കാന്‍ പര്യാപ്തമായിരുന്നു. വീട്ടില്‍ വിരുന്നുകാര്‍ വരുന്നതിലുള്ള എതിര്‍പ്പ്, കിടപ്പറയിലെ പോലും അവളുടെ നിസ്സഹകരണം, അവളുടെതന്നെ സ്വപ്നമായിരുന്ന കുഞ്ഞ്..എല്ലാമെല്ലാം ഓരോന്നായാവള്‍ തച്ചുടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാരണമറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. 


വൈഷ്ണവിയുടെ കടുകിനോടുള്ള ഭ്രമം, അതിന്‍റെ വ്യാപ്തി തൊട്ടറിഞ്ഞതും അക്കാലത്താണ്. ആഴ്ച്ചവട്ട പലവ്യജ്ഞന ലിസിറ്റില്‍ കടുകിന്‍റെ അളവ് ഗ്രാമില്‍ നിന്നും കിലോഗ്രാമിലേക്ക് മാറിയത് കടക്കാരനെ  അമ്പരിപ്പിച്ചപ്പോഴാണ് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതും അടുക്കളയിലെ അവളെ സാകൂതം വീക്ഷിക്കാന്‍ തുടങ്ങിയതും. 


പാന്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാതെ, കടുകതിലേക്ക് കമിഴ്ത്തി പൊട്ടിത്തെറിക്കാത്ത കടുക്മണികളെ നോക്കി തേങ്ങിക്കരയുകയും, ചിലപ്പോള്‍ തീയാളിക്കത്തിച്ച് നിറയെ കടുകിട്ട് ചറപറാ പൊട്ടുന്ന കടുകിലേക്ക് കൈകള്‍ നീട്ടി പൊള്ളിച്ച് പൊട്ടിച്ചിരിക്കുകയും ആളിക്കത്തുന്ന തീ കെടുത്തി, വെള്ളമെടുത്ത് എണ്ണയിലേക്ക് കമിഴ്ത്തി നിസ്സംഗയായ്നോക്കിനില്‍ക്കുകയും ചെയ്യുന്ന വൈഷ്ണു.

മാനസീകരോഗിയെന്ന തോന്നല്‍ അവളെ വേദനിപ്പിക്കാതിരിക്ക്യാനാണ് ഒറ്റയ്ക്ക് പോയി ഡോക്ടറുടെ ഉപദേശം തേടിയത്. മനസ്സ് അസ്വസ്ഥമാക്കുന്നതിനെ ഒഴിവാക്കുക എന്ന് പറഞ്ഞപ്പോള്‍ അത് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അവള്‍ ആവശ്യപ്പെട്ടത്..


“ജയേട്ടാ, നമുക്ക് ആള്‍ത്താമസമില്ലാത്ത കടുക്പാടങ്ങള്‍ക്ക് നടുവില്‍ കുടില്‍ക്കെട്ടി താമസമാക്കാം.”


"അവിടെ  നമുക്ക് ജനിക്കുന്ന പെണ്മക്കള്‍ കടുക് വിത്തുകളുടെ പൊട്ടിത്തെറികള്‍ക്ക് നടുവില്‍ സുരക്ഷിതരായിരിക്കും. ആണ്മക്കള്‍ കാമവെറിയുടെ ദ്രംഷ്ടയുള്ളവരാവില്ല.” 


"സ്വാര്‍ത്ഥത തീണ്ടാത്ത വയല്‍ക്കാറ്റവരുടെ ചേതനയുണര്‍ത്തും.   പൂത്തുലഞ്ഞ കടുക്പാടങ്ങളുടെ നറുസുഗന്ധമവര്‍ക്ക് ജീവചോദനമേകും.”രൗദ്രതയോടട്ടഹസിക്കുന്ന നവലോക വൃത്താന്തങ്ങളാണവളെ ചകിതയാക്കുന്നതെന്ന് താന്‍ തിരിച്ചറിയവേ, ആ വിടര്‍ന്ന മിഴികളില്‍ നിഴലിച്ച ഇച്ഛാഭംഗത്തോടെ അവള്‍ തുടര്‍ന്നു;


"കടുക്മണികളുടെ വിധിയുമായാണേട്ടാ ഓരോ സ്ത്രീജന്മവും.നറുമണമോലും സൌന്ദര്യത്താല്‍   ഏവരേയുമാകര്‍ഷിച്ച്  ഒരുപാട് പ്രതീക്ഷകളോടെ വര്‍ണ്ണാഭമായ് പൂത്തുലയുന്നു .

പിന്നീടെപ്പോഴോ വിത്തായ് പൊട്ടിച്ചിതറി ഒട്ടും പ്രതീക്ഷിക്കാത്തൊരടുക്കളയിലേക്ക്!
അനിശ്ചിതത്വത്തിന്‍റെ പുകച്ചുരുകള്‍ക്കിടയില്‍ കരിപിടിച്ചൊരു ജാറിലെ കാത്തുകിടപ്പ്.
ലഭിക്കുന്ന എണ്ണച്ചൂടനുസരിച്ച് പ്രതികരിക്കാനാവാത്തവളുടെ കണ്ണുനീരോടെ മറ്റുള്ളവര്‍ക്ക് വേണ്ടി പൊട്ടിത്തെറിക്കേണ്ടിവരാം, നനഞ്ഞുകുതിര്‍ന്ന് നിശബ്ദയാവേണ്ടി വരാം. മറ്റുചിലപ്പോള്‍പച്ചയ്ക്ക് തൊലിയുരിക്കപ്പെട്ടേക്കാം.
പ്രതികരിക്കാനാവാത്തവളുടെ കണ്ണീരോടെ എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍”

പ്രായോഗികമാല്ലാത്തതെന്ന് തീര്‍ച്ചയുണ്ടായിട്ടും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ നോക്കി നമുക്കാലോചിക്കാം വൈഷ്ണു എന്ന് പറയാനാണ് തോന്നിയത്. ഡോക്ടര്‍ കുറച്ചുനാള്‍ അങ്ങിനെയൊരിടത്തേക്ക് മാറി നില്‍ക്കാനുപദേശിച്ചെങ്കിലും എങ്ങിനെ എന്ന ചോദ്യം  ജീവിതം തൂങ്ങിയാടുന്ന കൊളുത്തായ് ഇപ്പോഴും മുന്നിലുണ്ട്.

ആള്‍ത്താമസം കുറഞ്ഞ കുഗ്രാമത്തിലെ ഏക്കര്‍ക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കടുക്പാടത്തിനു നടുവിലുണ്ടാക്കിയ കൊച്ചുവീട്ടിലെ താമസത്തില്‍ ഇന്ന് അവരോടൊപ്പം എലിക്കുട്ടനും ആഹ്ലാദവാനാണ്.  

പാസ് വേര്‍ഡും അക്കൌണ്ട്നമ്പറുമില്ലാത്ത കൃഷിജീവിതം വൈഷ്ണവിക്കൊപ്പം അയാളുമേറെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.

കയ്യിലെ ലോഹത്തകിട് അബദ്ധവശാല്‍ ഉരസി പോവുമോ എന്ന ഭയത്താല്‍ കടുക് ചെടികള്‍ക്ക് ഇടയിലേക്ക് വലിച്ചെറിയുമ്പോള്‍ എലിക്കുട്ടന്‍ ചെടികള്‍ക്ക് നോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...