Saturday, October 26, 2013

ബാവുല്‍ ജീവിതവും സംഗീതവും


വിവര്‍ത്തനം : കെ ബി പ്രസന്നകുമാര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
വില : 175 രൂപ

ബാവുല്‍ എന്ന വാക്ക് ഭ്രാന്തിനെയാണത്രെ വിവക്ഷിക്കുന്നത്. സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണതയുടെ സിരകളിലൂടെ അലയുന്ന ഒരു കൂട്ടത്തിന്  ആരാണാവൊ ഇത്ര ദീര്‍ഘവീക്ഷണത്തോടെ ബാവുലുകള്‍ എന്ന് പേരിട്ടത്. ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുല്‍ സംഗീതമെന്നും..!

ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് സംഗീതത്തിലൂടെ സ്നേഹമൂട്ടുന്ന ബാവുലുകളെ കുറിച്ച്  എവിടെയൊക്കെയോ മുന്‍പ് വായിച്ചിരുന്നത്  വല്ലാതെ ആകര്‍ഷിച്ചിരുന്നതുകൊണ്ടാണ് മിംലു സെന്നിന്‍റെ ‘ബാവുല്‍ ജീവിതവും സംഗീതവും’ വായിക്കണമെന്ന്  ആഗ്രഹിച്ചത്.

ഭാരതസംസ്ക്കാരത്തിന്‍റെ നാഡീമിടിപ്പാണ് ഇക്കൂട്ടര്‍. സംഗീതത്തില്‍ നിന്നും ഉരുവം കൊണ്ടവര്‍ . ആഗ്രഹങ്ങളെ, അത്യാര്‍ത്തിയെ, വൈര്യത്തെ, വൈകാരികതയെ സംഗീതത്തില്‍ തളച്ചിട്ടവര്‍ ; സംഗീതത്തെ മതവും ഉപാസനയുമാക്കിയവര്‍ . ബാവുല്‍ സംഗീതം പോലെ ലാളിത്യമാര്‍ന്നവര്‍.  സംഗീതത്താല്‍ ശ്രോതാവിന്‍റെ വിചാരങ്ങളെ സ്പര്‍ശിക്കുന്നവര്‍ . വരികളാല്‍ ശ്രാവകമനം നീറ്റുന്നവര്‍ . നിയതരൂപമില്ലാത്ത വര്‍ണ്ണാഭമായ ബാവുല്‍ വസ്ത്രങ്ങള്‍പോലെ, ക്രമരാഹിത്യമാര്‍ന്ന ബാവുല്‍ജീവിതം പോലെ അയഞ്ഞതും നിഗൂഢവുമാണ് ആ സംഗീതവും.

വാതുല എന്ന വാക്കില്‍ നിന്നുമാണ് ബാവുല്‍ എന്ന പേരുണ്ടായത്. വാതുലയുടെ അര്‍ത്ഥം കാറ്റിന് കീഴടങ്ങിയവര്‍ എന്നും.  ഭാരതസംസ്കാരത്തിന്‍റെ ഓര്‍മ്മശീലുകളായി ഗ്രാമങ്ങളിലൂടെ, ഉത്സവങ്ങള്‍തോറും ബാവുല്‍ സംഗീതത്തിന്‍റെ മാസ്മരികതയും പേറി ബാവുലുകള്‍ വീശിയടിക്കുമ്പോള്‍ പക്ഷേ ആഴത്തില്‍ അധീനപ്പെടുക പുറംലോകമാണ്.

സ്നേഹവും ത്യാഗവും സമര്‍പ്പണവും സപര്യയാക്കിയ ബാവുല്‍ സമൂഹത്തിന്‍റെ ജീവിതശൈലിപേലെ ലളിതമാണ് അവരുടെ സംഗീതോപകരണങ്ങളും.  അതില്‍നിന്നുമൂര്‍ന്ന് വീഴുന്ന സംഗീതമാവട്ടെ  ബാവുല്‍ ജീവിതം പോലെ നിമ്നതയാര്‍ന്നതും.

ബംഗാളിലാണ് ബാവുലുകളുടെ അടിവേരുകള്‍. വാമൊഴികളിലൂടെയാണ് ബാവുല്‍ സംഗീതത്തിന്‍റെ കൈമാറ്റം. ലളിതവും അര്‍ത്ഥസമ്പന്നവുമാണ് വരികള്‍.  സംഗീതവും ജീവിതവും ഇഴപിരിക്കാനാവാതെ ഒഴുകുന്നുണ്ട് ഓരോ യഥാര്‍ത്ഥ ബാവുല്‍ ഗായകനിലും. അതുകൊണ്ടുതന്നെ ആത്മാവുതിര്‍ക്കുന്ന ആ സംഗീതത്തില്‍ ആകൃഷ്ടരായി ഒരുപാട്പേര്‍ സര്‍വ്വതും ത്യജിച്ച് ഈ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒഴുകുന്നുണ്ട്, ഒരു തിരിച്ചൊഴിക്കിനെ കുറിച്ച് പിന്നീടൊരിക്കലും ചിന്തിക്കുകയേ ചെയ്യാതെതന്നെ.

അങ്ങനെ  അവരിലേക്ക് അലിഞ്ഞുചേര്‍ന്ന് പ്രയാണമാരംഭിച്ച ഒരാളാണ് മിംലു സെന്‍. അവരുടെ കഥയാണ്, അവര്‍ ജീവിക്കുന്ന ബാവുല്‍ സമൂഹത്തിന്‍റെ കഥയാണ്, അവരുടെ വികാരവിചാരങ്ങളുടെ കഥയാണ് “ബാവുല്‍ ജീവിതവും സംഗീതവും’. 

മിംലു സെന്‍

കല്‍ക്കത്തയിലെ തടവറരാത്രികളിലൊന്നില്‍ ഉറങ്ങാതെയിരുന്ന രചയിതാവിന്‍റെ കാതുകളെ തേടിയെത്തിയ ബാവുല്‍ സംഗീതത്തിന്‍റെ മനോജ്ഞവീചികള്‍  പ്രശാന്തതയേകിയത്  കേവലം ആ നാഴികകള്‍ക്ക് മാത്രമായിരുന്നില്ല, പിന്തുടര്‍ന്ന ജീവിതത്തിന് മുഴുവനായിരുന്നു. വിദേശത്തെ  ആഡംബരപരമായ ജീവിതം ത്യജിച്ച് തീര്‍ത്തും സ്ഥൂലമായ ബാവുല്‍സംഗീതത്തിലവര്‍ അലിഞ്ഞുചേര്‍ന്നത് ആ സംഗീതത്തോടുള്ള അളവറ്റ ഔത്സുക്യം കൊണ്ടായിരുന്നു. അതുകൊണ്ട് പിന്നീടുള്ള ഗമനങ്ങളൊന്നുംതന്നെ, അതെത്ര കാഠിന്യപരമായിരുന്നാലും, അവരെ ചപലയാക്കിയതേയില്ല. ബാവുല്‍ സംഗീതത്തെ ജീവിതവും മതവും ആത്മാവുമായി അനുഭവിക്കുന്ന പബന്‍ ദാസ് ബാവുലിനോട് ചേര്‍ന്ന് അവരുടെ തീര്‍ത്ഥാടനം ഇന്നും തുടരുന്നു..

ബാവുലുകള്‍ ഗ്രാമീണരായ സ്തുതിപാഠകരാണ്.  പക്ഷേ വികസനം ഗ്രാമസമൂഹങ്ങളെ പിഴുതെറിയുമ്പോള്‍ ഉന്മൂലനം ചെയ്യപ്പെടുന്നവരുടെ വേദനകളാണ് ബാവുലുകളെ  ഭിക്ഷാടകരേക്കാള്‍ കൃപണരാക്കിയത്. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ആടിയും പാടിയും സഞ്ചരിച്ചിരുന്ന ഈ വൈഷ്ണവ-ബൌദ്ധ-സൂഫിക്കൂട്ടങ്ങള്‍ക്ക് ഗ്രാമങ്ങളുടെ തിരോഭാവമേകുന്ന പകപ്പ് ചെറുതല്ല. അവര്‍ക്കില്ലാതാവുന്നത് തലമുറകളായി ഉണ്ടാക്കിയെടുത്ത വേറിട്ട് നില്‍ക്കുന്ന ഒരു സംസ്കൃതിയാണ്. അതിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് പബന്‍ ദാസിനെ പോലെ, സുബനെ പോലെ പല ബാവുലുകളും.

 നിഗൂഢവശ്യതയാര്‍ന്ന ബാവുല്‍ സംഗീതം ആത്മാവിലലിഞ്ഞ് ചേരാന്‍ മാത്രം വശ്യമാണ്. നിശ്ചിതനിയമങ്ങള്‍ ഈ സംഗീതശാഖയ്ക്കില്ല. ഭൂപ്രകൃതിപോലെ വന്യവും ക്രമരഹിതവുമാണ് ബാവുല്‍ ജീവിതശൈലി. മതജാതീയതകള്‍ക്കും  ഉപചാരങ്ങള്‍ക്കുമെല്ലാം അധീതമാണ് ബാവുലുകള്‍. സംഗീതത്തിലൂടെ മാത്രം വ്യത്യസ്തമായ രീതിയില്‍ സ്നേഹവും ആത്മീയതയും വിശ്വാസവും പ്രകടിപ്പിക്കുന്നവര്‍.

മിംലു സെന്‍, പബന്‍ ദാസ്

പുസ്തകത്തിന്‍റെ പുറംച്ചട്ടയില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു “മരവും കളിമണ്ണും കൊണ്ട് നിര്‍മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ച് പാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതിപോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്‍റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം” എന്ന്.

ബാവുല്‍ സംഗീതം പോലെ അഴകാര്‍ന്ന ഈണത്തില്‍ അക്ഷരങ്ങളുതിര്‍ത്തിട്ടിരിക്കുന്ന ആ പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാണിത്. കാരണം അതില്‍ പറഞ്ഞുവെച്ചിരിക്കുന്ന ബൃഹത്ത്ചിന്തകളിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങാന്‍ കഴിയുമെന്ന   ശങ്കയെനിക്കുണ്ട്. പറഞ്ഞതില്‍ കൂടുതല്‍ പറയാനുള്ളവയാണ്, നിങ്ങളുടെ വായനയിലൂടെ അനുഭവങ്ങളുടെ ആ ദേശാടനം സാക്ഷാത്കരിക്കുക..

24 comments:

  1. പാടുക ബാവുല്‍ ഗായക!
    എന്ന കവിതയാണോര്‍മ്മ വരുന്നത്

    ReplyDelete
  2. kollatto nannayirikkunnu
    www.hrdyam.blogspot.com

    ReplyDelete
  3. വായിക്കാത്ത വാക്കുകളും കേള്‍ക്കാത്ത സംഗീതങ്ങളും എത്രയെത്ര എന്ന തിരിച്ചറിവില്‍ ഞാന്‍ തല കുനിക്കുന്നു.

    ReplyDelete
  4. ബവൂൽ സംഗീതത്തെക്കുറിച്ച് അറിഞ്ഞകാലം മുതൽ അതുമായി ബന്ധപ്പെട്ട് കിട്ടാവുന്നതെന്തും വായിക്കാറുണ്ട്. ബവൂൽ ഗായകസംഘം ഒരു റിലിജിയസ് സെക്ട് പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ലൗകികമായ എല്ലാം പരിത്യജിച്ച് ആ സംഗീതധാര ജീവിതമാക്കിയ ഉപാസനയാണത്. ലഹരി എന്ന വാക്കിന്റെ അർത്ഥം ശരിക്കറിയാൻ ബവൂൽ ഗായകരെ അറിഞ്ഞാൽ മതി. സംഗീതത്തെ സിരകളിൽ ആവാഹിച്ച് ശരീരഭാഷപോലും സംഗീതമയമാവുന്ന ഇതുപോലെ മറ്റൊരു സംഗീതധാര ലോകത്തെവിടേയും ഉണ്ടാവില്ലെന്നു തോന്നുന്നു.....

    മിംലു സെന്നിന്റെ പുസ്തകത്തിന് മലയാള പരിഭാഷ വന്നത് അറിഞ്ഞിരുന്നില്ല. പ്രസന്നകുമാറിന്റെ വിവർത്തനം മൂലകൃതിയുടെ ആത്മാവ് നഷ്ടപ്പെടാത്തതാണെന്ന് കരുതുന്നു.

    പ്രസക്തമായ ഒരു പുസ്തകത്തെയാണ് പരിചയപ്പെടുത്തിയത്

    ReplyDelete
  5. ആദ്യമായി കേള്‍ക്കുന്നു, അറിയുന്നു. ജിപ്സി ലൈഫിന്റെ ഒരു ഇന്ത്യന്‍ പകര്‍പ്പ് പോലെ തോന്നുന്നു.

    ReplyDelete
  6. ജോസ്ലെറ്റ് പറഞ്ഞത് പോലെ ആദ്യമായി കേള്ക്കുന്നു. നല്ല അവലോകനംവും..

    ReplyDelete
  7. നന്നായി ,വായിക്കാന്‍ ശ്രമിക്കാം.

    ReplyDelete
  8. വിജ്ഞാനപ്രദം.ഹൃദ്യമായി അവതരിപ്പിച്ചു.

    ReplyDelete
  9. വായന ബാധിച്ച ഒരാളോട്‌ എന്നെപ്പോലൊരുവന്‌ അസൂയ കലർന്നൊരാദരവിനേ സാധ്യതയൊള്ളൂ... പ്രണയബാധിതരോടും.!

    ReplyDelete
  10. ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ഭാവഗീതങ്ങള്‍ ..

    നന്നായിട്ടുണ്ട് ഷേയ

    ReplyDelete
  11. ബാവുള്‍ ഗായകള്‍ ആ പേര് തന്നെ കേള്‍ക്കാന്‍ സുഖമുള്ള ഒന്നാണ് . കട്ടി കൂടിയത് കൊണ്ട് വായന നിര്‍ത്തണ്ട ,ബാക്കി കൂടി ഇവടെ പങ്ക് വെക്കൂ ..

    ReplyDelete
  12. ബംഗാളികളുടെ ബാവുല്‍ സംഗീതപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.
    ഈ പോസ്റ്റും നന്നായി

    ReplyDelete
  13. ബാവുല്‍ ഗായകര്‍ ഇന്നും ഉണ്ടോ ? നന്നായി ഈ പരിചയപ്പെടുത്തല്‍ !

    ReplyDelete
  14. ബാവുള്‍ ഗായകരെ പറ്റി കേട്ടിട്ടുണ്ട് ,ഒരിക്കല്‍ മീഡിയ വണ്ണിലോ മറ്റോ അത് കേള്‍ക്കനിടവരികയും ചെയ്തു ,ഈ പുസ്തകം വായിക്കാന്‍ ശ്രമിക്കാം

    ReplyDelete
  15. ഈ അടുത്ത കാലത്ത് ഒരു ഡോക്ക്മെന്റ്രി കണ്ടപ്പോള്‍ ആണ് ബാവുല്‍ഗായകര്‍ എന്താണെന്ന് മനസ്സിലാകുന്നത് .
    അവരുടെ ജീവിതതാളമാണ് അവരുടെ സംഗീതം ഷേയ നന്നായി എഴുതി ആശംസകള്‍

    ReplyDelete
  16. nalla lekhanam.vijnanapradam.bavul gayakare patti onv yude kavithayil ketta parichayame undayirunnullu-''paduka he bavul gayaka,paduka,paramanandappalkkadalil veenu layikkan payumajoy nadi pole

    ReplyDelete
  17. ബാവൽ ഗായക സംഘത്തെ ഞങ്ങൾ നാട്ടിൽ കൊണ്ട് വന്ന് നാട്ടുകാർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട് പണ്ട്.. ഇതാ സംഗീതം മാത്രം സിരകളിൽ കൊണ്ട് നയടക്കുന്ന ഒരു കൂട്ടം ആളുകൾ ന്ന്....
    ഇപ്പോൾ ഇതാ ബാവുൽ നെ കുറിച്ച് ഒരു പുസ്തകം പരിചയപ്പെടുന്നു..
    സന്തോഷം..
    പുസ്തകം കൂടി കിട്ട്യാൽ പിന്നേം സന്തോഷം :)

    ReplyDelete
  18. നന്ദി എല്ലാവര്‍ക്കും..

    ReplyDelete
  19. ബാവുള്‍ ഗായക സംഘത്തെ കുറിച്ച് ഇത്ര വിശദമായി ആദ്യമായാണ്‌ കേള്‍ക്കുന്നത്
    ഗുഡ് ...അസ്രൂസാശംസകള്‍ :)

    ReplyDelete
  20. ബാവുലുകള്‍ ഗ്രാമീണരായ സ്തുതിപാഠകരാണ്.
    ഞാന്‍ കരുതി നമ്മുടെ നാട്ടിലെ പാണന്മാരെ പോലെ ആണെന്ന്.
    ലിപിയില്ലാതെ മൊഴി മാത്രമായി തീര്‍ന്ന വടക്കന്പാട്ടുകള്‍ പണ്ട് പാണന്മാര്‍ പാടി പിന്നീട് വടക്കന്‍ കേരളത്തിലെ ഞാറ്റു പാട്ടുകള്‍ ആയി മാറുകയായിരുന്നു.

    ReplyDelete
  21. എനിക്ക് ബാവുല്‍ സംഗീതത്തെ കുറിച്ച് ക.മാ ന്നു അറിയില്ലായിരുന്നു.നന്നായിരിക്കുന്നു ഈ എഴുത്തും വര്‍ണനയും :)

    ReplyDelete
  22. ബാവുല്‍ ഗായകരെ കുറിച്ച് ഇടയ്ക്കൊക്കെ പത്രത്താളുകളില്‍ നിന്നറിഞ്ഞ ചെറുവിവരണങ്ങളിലും അതിനു ശേഷം യു ട്യുബിലൂടെ കണ്ടതും കേട്ടതുമായ ആ നാടന്‍ ശീലുകളിലും കൂടി സംഗീതത്തിലെ ഈ പ്രാക്തന ശാഖയെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്...എങ്കിലും ഷേയ വായിച്ച ഒരു പുസ്തകത്തിലൂടെ ആ ശുദ്ധ ഗീതത്തോട് ഒന്ന് കൂടെ അടുക്കാന്‍ പ്രേരിപ്പിക്കുന്നു..നല്ല വിലയിരുത്തല്‍ ..അതിനുപയോഗിച്ച ഭാഷ എപ്പോഴുമെന്ന പോലെ ഉത്കൃഷ്ടം :)

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!