Saturday, November 30, 2013

മാതായനങ്ങള്‍


പ്രസാധകര്‍ : സൈകതം ബുക്സ് 
വില : 55രൂപ

‘തന്‍റെ വികാരവിചാരങ്ങളെ അടുക്കിവെച്ച് അക്ഷരങ്ങളാല്‍ കെട്ടിത്തുന്നിയ ഒരു സ്ത്രീ ഹൃദയം’ ; മാതായാനങ്ങള്‍ വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെയാണ്.

സ്നേഹത്തിന്‍റെ, സന്താപത്തിന്‍റെ, സന്തോഷത്തിന്‍റെ, ആകാംക്ഷയുടെ, പ്രതീക്ഷയുടെ,  ഉത്ക്കണ്ഠയുടെ, പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ  ശ്വാസോച്ഛ്വാസങ്ങള്‍, പതിഞ്ഞ ശബ്ദത്തില്‍ ഈ വായനയിലുടനീളം നമുക്ക് കൂട്ടിരിക്കും. അതുതന്നെയാണല്ലോ മാതൃയാനത്തിന്റെ സമഗ്രതയും. ഒന്നുകൂടി ചൂഴ്ന്ന് വായിച്ചാല്‍ ‘മാതായനങ്ങളില്‍’ മാതൃത്വ പ്രയാണത്തിനുമപ്പുറം ഏത് തിരസ്കൃതിക്ക് മുന്നിലും പതറാതെ , വറ്റാതെ, നിശ്ചലമായി നില്‍ക്കുന്ന സ്ത്രീത്വത്തിന്‍റെ വലിയൊരു സ്വത്വം ദര്‍ശിക്കാം. ഇനിയും ആഴത്തിലറിഞ്ഞാല്‍ വരികള്‍ക്കിടയില്‍ അലിഞ്ഞ് കിടക്കുന്ന സ്ത്രീ-പുരുഷ ഗണങ്ങളെ വേര്‍ത്തിരിക്കാനാവാതെ, അവരൊന്നായ ജീവിതസൌന്ദര്യം നുകരാം..

സൂനജ എന്ന എഴുത്തുകാരിയുടെ പ്രഥമ കഥാസമാഹാരമാണ് ‘മാതായനങ്ങള്‍’. തിരഞ്ഞെടുത്ത പതിനെട്ട് കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഊന്നിനിന്നുകൊണ്ട് സൂനജ പറയുന്ന ഈ കഥകള്‍ ജീവിതഗന്ധിയാണ്. അതിലനുഭവേദ്യമാകുന്ന നാറ്റവും സുഗന്ധവും ജീവിതത്തിന്‍റേതാണ്, മനുഷ്യ മനസ്സുകളുടേതാണ്. മരത്തണലിലിരുന്ന് തന്‍റെ കുഞ്ഞിന് ഒരമ്മ കൊടുക്കുന്ന ചോറുരുളപോലെ ഈ കഥകള്‍ വായനക്കാരന് ഹൃദ്യവും രുചികരുമാവുന്നത് കഥപറച്ചിലിന്‍റെ ലാളിത്യവും സാധാരണത്വവും കൊണ്ടുതന്നെയാണ്. ജീവിതത്തിന്‍റെ അതിഭാവുകത്വങ്ങള്‍ പക്ഷേ ഹൃദ്യമായ ആഖ്യാന മികവിനാല്‍ ലാഘവവല്‍ക്കരിച്ചിരിക്കുകയാണിവിടെ രചയിതാവ്.

ഒട്ടും മുഷിയാതെ ഒറ്റയിരുപ്പില്‍ അയത്നം വായിച്ചുപോവാം മാതായനങ്ങളിലെ  കഥകള്‍. ഹൃദയത്തില്‍ തൊടുന്നുണ്ട് പല കഥകളും. നല്ല ഒഴുക്കുള്ള ഭാഷയില്‍ കഥാകാരി പറഞ്ഞുവെച്ചിരിക്കുന്നത് അധികവും സ്ത്രീ മനസ്സുകളെയാണ്. പിന്നെ സ്ത്രീയെ സ്ത്രീയായി  കാണാന്‍, സ്നേഹിക്കാന്‍ കഴിഞ്ഞ ചില ആണ്‍ജീവിതങ്ങളുടേയും. ആകുലതകളും സ്നേഹവും വിരഹവുമെല്ലാം ഓരോ കഥകള്ക്കും വ്യത്യസ്ത മാനങ്ങളേകുമ്പോള്‍ ചിരപരിചിതമായ ആരുടേയൊക്കെയോ ജീവിതകഥ വായിക്കുന്നതുപോലെ തോന്നും. അതിനു കാരണം ഒരുപക്ഷേ മാനവീകതയുടെ സമാനതകളാവാം.

നൂതന കഥപറച്ചിലിന്‍റെ ലക്ഷണമൊത്ത സമസ്യകളൊന്നും മാതായനങ്ങളെന്ന ഈ  കഥാപുസ്തകത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. വായനക്കാരന്‍ പൂരിപ്പിക്കേണ്ട, വരികള്‍ക്കിടയിലെ പറയാതെവിട്ട കഥാഭാഗങ്ങളും തുലോം കുറവാണ്. ആരും പറയാത്ത, ഇതുവരെ കേള്‍ക്കാത്ത കഥാതന്ത്രങ്ങളൊന്നും എഴുത്തുകാരി ഈ കഥകളില്‍ പരീക്ഷിച്ചിട്ടില്ല. കണ്ടും കേട്ടും അനുഭവിച്ചും പാകം വന്ന ഈ കഥകളില്‍ പുതുമയ്ക്കുവേണ്ടിയുള്ള അത്തരം ശകലങ്ങള്‍ മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുമെന്നതാണ് ശരി. എങ്കിലും അതുതന്നെയാണ് ഈ പുസ്തകത്തെ കുറിച്ചെനിക്ക് തോന്നിയ പോരായ്മയും. സമാനതകളുടെ ഒരു പൊതുതട്ടകത്തില്‍ നിന്നുമാണ് ഭൂരിപക്ഷം കഥകളുടേയും നിര്‍മ്മിതി. വേറിട്ട പാതകള്‍ വെട്ടിത്തെളിയിക്കാന്‍ ആഖ്യാന-സാഹിത്യ മികവുണ്ടായിട്ടും കഥാകൃത്ത് അറച്ചുനില്‍ക്കുന്നതുപോലെ.  പക്ഷേ എഴുതിതീരാത്തയത്രയും കഥകളുമായി അസംഖ്യം ജീവിതങ്ങള്‍ കണ്മുന്നിലെത്തുമ്പോള്‍ ഇല്ലാകഥകളിലെ പുതുമത്തേടണോ വായനക്കാരീ എന്ന് മാതായനങ്ങളിലെ ജീവിക്കുന്ന കഥകള്‍ തിരികെ ചോദിക്കുന്നു

ഓരോ കഥയും വെവ്വേറെ വിശദീകരിച്ചെഴുതുന്നില്ല. പക്ഷേ ഓരോ കഥയുടേയും അപഗ്രഥനമേകുക വിവിധ ജീവിതാവസ്ഥകളാണ്, ഇന്നിന്‍റെ ആധികളാണ്. കഥകളോരോന്നും വായിച്ചുതീര്‍ന്നവസാനം മനസ്സിലവശേഷിക്കുക നമുക്ക് ചുറ്റും ജീവിച്ചു മറഞ്ഞ, ജീവിച്ചുകൊണ്ടിരിക്കുന്ന പല മുഖങ്ങളാണ്, ചിലപ്പോഴൊക്കെ സ്വന്തം മുഖവും.. അതുകൊണ്ടുതന്നെ ‘മാതായനങ്ങള്‍’ എളുപ്പം മനസ്സില്‍ നിന്നും മായില്ല. ചില ജീവിതങ്ങളിലൂടെ ഈ കഥകള്‍ വീണ്ടും വീണ്ടും  ഉള്ളില്‍ ഓര്‍മ്മകളുണ്ടാക്കികൊണ്ടിരിക്കും, തീര്‍ച്ച.. !

30 comments:

 1. വായനയിൽ പുലർത്തുന്ന നിഷ്പക്ഷത തന്നെയാണ് ഇലഞ്ഞിയുടെ പ്രത്യേകത . ഏത് പുസ്തകത്തെയും സത്യസന്ധമായി വായിക്കുക എന്നതാണ് നല്ല വായനക്കാരുടെ ധർമ്മം . അതേ സമയം എല്ലാവരും വായിക്കുന്നത് ഒരുപോലെ ആവില്ല എന്നതും ശരിയാണ് . ബാല്യകാല സഖിയെ (അതോ പാത്തുമയുടെ ആടോ ? ) ഒരിക്കൽ തള്ളിപ്പറഞ്ഞ എം . കൃഷ്ണൻ നായർ രണ്ടാമത്തെ വായനയിൽ അത് മാറ്റി പറഞ്ഞു . അങ്ങിനെയും ഒരു വശമുണ്ട് വായനക്ക് . മാതായനങ്ങൾ ഞാൻ വായിച്ചിട്ടില്ല . വായിക്കുമായിരിക്കും എന്നെങ്കിലും . പരിചയപ്പെടുത്തലിന് നന്ദി .

  ReplyDelete
 2. വായിക്കണം എന്നുള്ളത് കൊണ്ടു പരിചയപ്പെടുത്തല്‍ ഓടിച്ചു നോക്കി. വായിക്കണം എന്നുറപ്പിക്കുന്നു.

  ReplyDelete
 3. ഷേയ ,

  വായിച്ചു... ഒട്ടും വിഷമം തോന്നിയില്ല... ഒരുപാടു സന്തോഷം തോന്നുകയും ചെയ്തു.. എനിക്ക് ചുറ്റും കണ്ടതോ കേട്ടതോ ആയ മുഖങ്ങൾ തന്നെയാണ് കൂടുതലും ഇതിൽ. ഇത് ബ്ലോഗിൽ നിന്നും തെരഞ്ഞെടുത്തവ ആണ്. ബ്ലോഗിന്റെ പേര് "ശിവകാമിയുടെ കാഴ്ചകൾ' അപ്പോൾ ഊഹിക്കാമല്ലോ... :)  കഥ പറച്ചിലിന്റെ നൂതന രീതികൾ ശ്രമിച്ചു നോക്കുന്നില്ല എന്നത് പോരായ്മ തന്നെയാണ് എന്നെനിക്കറിയാം... എന്നിട്ടും ശ്രമിക്കാത്തതെന്താ എന്ന് ചോദിച്ചാൽ പെട്ടെന്നൊരുത്തരം കിട്ടില്ല.. എങ്കിലും ശ്രമിക്കുമായിരിക്കാം ഭാവിയിൽ.  സന്തോഷം പിന്നേം പിന്നേം..... :)

  കൂട്ടുകാരിയോട് നന്ദി പറയുന്നില്ല. പിന്നെ സൗഹൃദം വായനയെ ഒട്ടും ബാധിച്ചില്ല എന്നതും സന്തോഷം തരുന്നു...

  ഇഷ്ടായി...

  ഒത്തിരി സ്നേഹം

  ReplyDelete
 4. പതിനെട്ട് കഥകളില്‍ ഒരുപാട് ജീവിതങ്ങള്‍ , വ്യത്യസ്തമായ ചിന്തകളുമായി അന്യോന്യം നോക്കിച്ചിരിക്കുകയോ, നെടുവീര്‍പ്പിടുകയോ ചെയ്യുന്നു. ഹൃദയത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് ചോദ്യങ്ങളുതിര്‍ത്ത് നിരന്തരം അലോസരപ്പെടുത്തുന്ന കഥാപാത്രങ്ങള്‍. ജീവിതത്തിന്‍റെ പടവുകള്‍ ശ്രദ്ധാപൂര്‍വ്വം കയറിപ്പോയ അനുഭവങ്ങളുടെ മാതായനം..അമ്മയുടെ യാത്ര..!


  നനുത്ത ചെറു സംഭാഷണ ശകലങ്ങളാല്‍ കഥാഗതിയെ മുന്നോട്ട് നയിക്കുന്നതിലുള്ള സാമര്‍ത്ഥ്യവും കഥാകാരി നിരന്തരം പ്രകടമാക്കിയിട്ടുണ്ട്. സാമൂഹികപ്രതിബദ്ധതയുള്ള, സാമൂഹിക വിമര്‍ശനങ്ങളുള്‍ക്കൊള്ളുന്ന, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ അശ്ലീലച്ചുവയോ ഇല്ലാത്ത; പുരാവൃത്തങ്ങളും , ഇന്നലകളുടെ സംസ്കാരവും ഇന്നിന്‍റെ വേഗതയും ആറ്റിക്കുറുക്കിയെഴുതിയ ജീവിതത്തിന്‍റെ പരിഛേദമായ ‘മാതായനങ്ങള്‍ ‘ എന്ന ചെറു പുസ്തകത്തിനും കഥാകാരി സൂനജയ്ക്കും അഭിനന്ദനങ്ങള്‍. ഇലഞ്ഞിപ്പൂക്കള്‍ക്ക് അഭിവാദ്യങ്ങള്‍ ..!

  ReplyDelete
 5. മാതായനം നന്നു. അവലോകനം ഏറെ നന്നു. രണ്ടാൾക്കും ആശംസകൾ.

  ReplyDelete
 6. മാതായനം നന്നു. അവലോകനം ഏറെ നന്നു. രണ്ടാൾക്കും ആശംസകൾ.

  ReplyDelete
 7. ആശംസകള്‍ .. രണ്ടാള്‍ക്കും .. ആദ്യ ഓണ്‍ലൈന്‍ വായനകളില്‍ വളരെ ശ്രദ്ധിച്ച എഴുത്തുകള്‍ ആയിരുന്നു ശിവകാമിയുടെതു .. പിന്നീട് എപ്പോഴോ എഴുത്തില്‍ നിന്നും വായനയില്‍ നിന്നും അകന്നു

  ReplyDelete
 8. വായിച്ചിട്ടില്ലാത്ത ഒരു പുസ്തകത്തിന്റെ അവലോകനം വായിച്ചു. പുസ്തകാവലോകനം എന്ന നിലയിൽ വസ്തുനിഷ്ഠമായി മുഖം നോക്കാതെ വിലയിരുത്തിയ രീതി നന്നായിരിക്കുന്നു....

  ReplyDelete
 9. കണ്ടും കേട്ടും അനുഭവിച്ചും പാകം വന്ന ഈ കഥകളില്‍ പുതുമയ്ക്കുവേണ്ടിയുള്ള അത്തരം ശകലങ്ങള്‍ മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുമെന്നതാണ് ശരി.

  എങ്കിലും അതുതന്നെയാണ് ഈ പുസ്തകത്തെ കുറിച്ചെനിക്ക് തോന്നിയ പോരായ്മയും.//

  ആദ്യം പറഞ്ഞതാണു ശരിയെങ്കില്‍ അതെങ്ങിനെ പോരായ്മയാകും ?
  വാചക കസര്‍ത്ത് ഒഴിവാക്കിയാല്‍ ബാക്കികൊള്ളാം..


  ReplyDelete
  Replies
  1. ഇത്രയും ചെറിയൊരു വിമര്‍ശനം പറയാന്‍ വരെ അനോണിമസായി വരേണ്ടിവന്നുവല്ലേ... എന്നെപോലെ ഏതെങ്കിലും പൂവിന്‍റെ പേരിലെങ്കിലും ഒരു ഐഡി എടുത്ത് ഈ നിഴല്‍ രൂപം ഒഴിവാക്കാമായിരുന്നില്ലേ..

   അത് വാചകകസര്‍ത്തിന് വേണ്ടി പറഞ്ഞതല്ല, പറഞ്ഞത് താങ്കളെ മനസ്സിലാക്കി തരാന്‍ കഴിയാതിരുന്നതിന്‍റെ പിഴവാണ്. ഈ കഥകളില്‍ നൂതന രീതികള്‍ പരീക്ഷിക്കണമെന്നല്ല,നല്ല കഴിവുള്ള ഈ കഥാകാരിക്ക് നൂതന രീതിയിലുള്ള കഥകളും എഴുതാന്‍ ശ്രമിക്കാമായിരുന്നു എന്നാണുദ്ദേശിച്ചത്.

   താങ്കള്‍ കോപ്പി പേസ്റ്റ് ചെയ്ത ഈ രണ്ട് വരികള്‍ക്കൊപ്പമുള്ളവ കൂടി ചേര്‍ത്ത് വായിച്ചാല്‍ ഇത് വ്യക്തമാവുന്നുണ്ട് എന്ന് തന്നെയാണെന്‍റെ വിശ്വാസം.

   Delete
 10. സമാഹാരമായി വായിച്ചിട്ടില്ല. എന്നാല്‍ ബ്ലോഗിലെ പല കഥകളും വായിച്ചിട്ടുണ്ട്. വായന എഴുതിയ വിധം ഇഷ്ടമായി

  ReplyDelete
 11. വായിച്ചതിന് എല്ലാ കൂട്ടുകാര്‍ക്കും നന്ദി, സന്തോഷം..

  ReplyDelete
 12. ശരിയായി വായിച്ച് ആ തോന്നല്‍ നന്നായി പറഞ്ഞു.

  ReplyDelete
 13. കഥാസമാഹാരം വായിച്ചിട്ടില്ല.ബ്ലോഗിലെ ഏറെ കഥകളും വായിച്ചിട്ടുണ്ട്.
  പുസ്തക അവലോകനം നന്നായി.
  ആശംസകള്‍

  ReplyDelete
 14. സൂനജയുടെ പുസ്തകം വായിക്കണം. പരിചയപ്പെടുത്തലിനു നന്ദി ഷേയ

  ReplyDelete
 15. ഷേയയുടെ അവലോകനം ഇഷ്ടമായി... നന്നായി എഴുതി. മാതായനങ്ങള്‍ വായിച്ചിട്ടില്ല. വായിക്കണം :)

  ReplyDelete
 16. വായിക്കണം എന്ന് നിശ്ചയിച്ചിട്ടുള്ള ഒന്ന്.

  'അയത്ന ലളിതം വായന' ജോലി എളുപ്പമാക്കുന്നു എന്നുംകൂടെയുണ്ട്. അമ്മ ജീവിതം { മനസ്സ് } വരയുമ്പോള്‍ പരിചിത പരിസരമാവുകുന്നതും ഭാഷയും രീതിയും സാധാരണമാകുന്നതും സ്വാഭാവികം. അതുകൊണ്ടുംകൂടെയാവണം വായന ഹൃദ്യവും എളുപ്പവുമാകുന്നത് എന്ന് കരുതുന്നു. അതെസമയം, അല്ലാതെയും കഥ പറയാനുള്ള കഴിവ് ഈ കഥാസമാഹാരത്തില്‍ നിന്നുതന്നെ കണ്ടെടുക്കാന്‍ ഒരു നല്ല വായനക്കാരിയായ ഷേയ{ത്ത]ക്ക് കഴിയുന്നുവെങ്കില്‍... വരുംകാലം സൂനജയില്‍നിന്നും അത്തരം എഴുത്തുകളും നമുക്ക് പ്രതീക്ഷിക്കാം. അതിലേക്കുള്ള ഒരു ശ്രദ്ധ ക്ഷണിക്കലുംകൂടെയാണ് ഈ അവലോകനം. രണ്ടുപേര്‍ക്കും ആശംസകള്‍.!

  ReplyDelete
 17. സമാനതകളുടെ ഒരു പൊതുതട്ടകത്തില്‍ നിന്നുമാണ് ഭൂരിപക്ഷം കഥകളുടേയും നിര്‍മ്മിതി. വേറിട്ട പാതകള്‍ വെട്ടിത്തെളിയിക്കാന്‍ ആഖ്യാന-സാഹിത്യ മികവുണ്ടായിട്ടും കഥാകൃത്ത് അറച്ചുനില്‍ക്കുന്നതുപോലെ. പക്ഷേ എഴുതിതീരാത്തയത്രയും കഥകളുമായി അസംഖ്യം ജീവിതങ്ങള്‍ കണ്മുന്നിലെത്തുമ്പോള്‍ ഇല്ലാകഥകളിലെ പുതുമത്തേടണോ വായനക്കാരീ എന്ന് മാതായനങ്ങളിലെ ജീവിക്കുന്ന കഥകള്‍ തിരികെ ചോദിക്കുന്നത്..

  ReplyDelete
 18. ഇലഞ്ഞി,നന്നായി ഈ അവലോകനം. ഇനിയും ധാരാളം ചര്‍ച്ചകള്‍ മാതായാനങ്ങളെ കുറിച്ച് സംഭവിക്കട്ടെ. ആ പുസ്തകം അത് അര്‍ഹിക്കുന്നുണ്ട്

  ReplyDelete
 19. മാതായനങ്ങള്‍ വായിക്കാന്‍ കഴിഞ്ഞില്ല. കഥകളെക്കുറിച്ചുള്ള ഷേയയുടെ അവലോകനം ശ്രദ്ധേയമായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 20. എല്ലാ വശങ്ങളും പറഞ്ഞിട്ടുണ്ട് അവലോകനത്തിൽ.. നിക്ഷപക്ഷ്മായി തന്നെ. അവലോകനത്തിനും, പുസ്തകത്തിനും ആശംസകൾ..

  ReplyDelete
 21. നിഷ്പക്ഷമായ അവലോകനം .എഴുത്തുകാരിക്കും ഇലഞ്ഞിക്കും സല്യൂട്ട്

  ReplyDelete
 22. മാതായനങ്ങള്‍ വായിച്ചിട്ടില്ല -എന്നാല്‍ വായിക്കാന്‍ വങ്ങേണ്ട പുസ്തക പട്ടികയില്‍ ആദ്യം ഉണ്ട് :). അവലോകനം നന്നായി... രണ്ടാള്‍ക്കും ആശംസകള്‍

  ReplyDelete
 23. പുസ്തകം വായിച്ചിട്ടില്ല. അതുകൊണ്ട് ഏറെയൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല.

  അച്ചടിച്ച ആദ്യസാഹിത്യ സംരംഭം എന്ന നിലയില്‍ കണ്ടുകൊണ്ട്‌ വിമര്‍ശനമില്ലാതെ തൊട്ടുതലോടി പോകുകയാണ് സാധാരണ പലരും ചെയ്യാറ്. എന്നാല്‍ അപ്ലം വേദനിക്കുമെങ്കിലും അടുത്ത സൃഷ്ടിയില്‍ ഈ പോരായ്മകള്‍ ശ്രദ്ധിക്കാന്‍ എഴുത്തുകാര്‍ക്ക് സഹായകമാകും. മ

  ReplyDelete
 24. ഇത് വരെ വായിക്കാനായിട്ടില്ല സൂനജയുടെ കഥകള്‍ എന്നത് അല്‍പ്പം ഖേദത്തോടെ പറയട്ടെ...പക്ഷെ ഷേയയുടെ കഥാനിരീക്ഷണം തീര്‍ച്ചയായും വായനക്ക് പ്രേരിപ്പിക്കുന്നു .വ്യക്തിതാല്‍പ്പര്യങ്ങളില്‍ ചഞ്ചലപ്പെടാതെ വായനയിലൂടെ അനുഭവപ്പെട്ട മേന്മയും പോരായ്മയും സൌമ്യമായ ഭാഷയില്‍ വ്യക്തമാക്കുമ്പോള്‍ ഇനിയും ആ കഥാകാരിയുടെ രചനകള്‍ മികച്ചതായി കാണണമെന്ന നിഷ്കളങ്ക ആഗ്രഹമാണ് വെളിവാകുന്നത് ..കഥാകാരിക്കും "മാതായന"ത്തിനും ഭാവുകങ്ങള്‍ !!!

  ReplyDelete
 25. മാതായനം വായിച്ചിട്ടില്ല; ശിവകാമിയെന്ന എഴുത്തുകാരിയെ വായിച്ചറിഞ്ഞിട്ടുണ്ട്. എഴുത്തുകാരിക്കപ്പുറം എഴുത്തിന്റെ നല്ല വിലയിരുത്തൽ.

  ReplyDelete
 26. നാട്ടിലേക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്‌ 15 ദിവസം കൂടി കാത്തിരിക്കണം ....

  ReplyDelete
 27. ഒരു പുസ്തക പ്രകാശനത്തില്‍ ആദ്യമായി പങ്കെടുക്കുന്നതും , കഥാ കാരിയുടെ കയ്യോപ്പോടെ നേരിട്ട വാങ്ങി ഒറ്റയിരുപ്പില്‍ വായിക്കുന്നതും സൂനജയുടെ മാതായനങ്ങളില്‍ കൂടി ആയിരുന്നു , വായിച്ച പുസ്തകത്തെ ഒരിക്കല്‍ കൂടി പരിചയപെടുത്തി ഇലഞ്ഞി ,,, കൊള്ളാം .

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!