വായനാമുറി

1/11/2013
കാട്ടുകടന്നല്‍ 
പ്രസാധകര്‍ ചിന്ത പബ്ലീഷേഴ്സ് 
വില 195 രൂപ


കാട്ടുകടന്നല്‍ എന്ന ഈ പഴയ പുസ്തകത്തെ പരിചയപ്പെടുത്തേണ്ടതില്ല, ഭൂരിപക്ഷം വായിച്ചിരിക്കും. ഇഷ്ടപ്പെട്ട ഒരു വായന കഴിഞ്ഞാല്‍ ആ പുസ്തകത്തെ കുറിച്ചെന്തെങ്കിലും കുറിച്ചിടുക എന്നതൊരു ശീലമായി.വായനാശേഷം പുസ്തകമടച്ചുവെച്ച് ഒരു അയവിറക്കല്‍ പോലെ ഞാന്‍ വായിച്ചവയെ ഓര്‍ത്തെടുത്ത് എഴുതുക.വായിച്ചത് ഒന്നുകൂടി മനസ്സിലുറപ്പിക്കാന്‍ അത് സഹായിക്കാറുണ്ട്. രചയിതാവിനെ കുറിച്ചും എഴുത്ത് സാഹചര്യത്തെ കുറിച്ചുമെല്ലാം ഒന്നുകൂടെ അന്വേഷിച്ച് പോവാനും ഈ കുറിപ്പെഴുതല്‍ പ്രേരിപ്പിക്കാറുണ്ട്. എല്ലാവര്‍ക്കുമറിയാവുന്ന ഒരു നോവലാണെങ്കിലും എന്‍റെ വായനയുടെ പൂര്‍ണ്ണതയ്ക്ക് ഇതുമെഴുതുന്നു.

ഏഥ്ല്‍ ലിലിയന്‍ വോയ്‌നിച്ച് എന്ന ഐറീഷ് എഴുത്തുകാരിയുടേതാണ് ഈ നോവല്‍. ‘ഗാഡ്ഫ്ളൈ’ എന്ന ഇംഗ്ലീഷ് നോവലിന്‍റെ മലയാളം പരിഭാഷ ‘കാട്ടുകടന്നല്‍’ എന്ന പേരില്‍ മലയാളത്തിന് സമ്മാനിച്ചത് പി. ഗോവിന്ദപ്പിള്ളയാണ്.

ലോകത്തേറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവലുകളിലൊന്നാണത്രെ കാട്ടുകടന്നല്‍.. ഒരു വിപ്ലവഗീതം പോലെ യുവാക്കള്‍ക്കിടയില്‍ ഈ പുസ്തകം പടര്‍ന്നൊഴുകുകായിരുന്നു. പ്രത്യേകിച്ചും റഷ്യയില്‍. ഏഥ് ല് ലിലിയന്‍ വോയ്നിച്ചിന്‍റെ ഈ നോവല്‍ വിപ്ലവവീര്യമുള്ള പ്രണയകാവ്യമാണ്. ആര്‍തര്‍ എന്ന യുവാവിന്‍റെ ജീവിത കഥ എന്ന് ഒറ്റവാക്കില്‍ ഇതിന്റെ ഉള്ളടക്കത്തെ സംഗ്രഹിക്കാം. പക്ഷേ ആ ജീവിതത്തിന്‍റെ നാനാതലങ്ങള്‍ നോവലിനെ ഒരു ഇതിഹാസ നോവാലായി രൂപാന്തരപ്പെടുത്തുന്നു.

ദൈവഭക്തനും ശാന്തസ്വഭാവക്കാരനുമായ ആര്‍തര്‍ വൈദികനായ മോണ്ടിനെല്ലിയുടെ ഓമനയാണ്. അനാഥനായ ആര്‍തറിന് പിതാവിന്‍റെ ആദ്യഭാര്യയുടേയും മക്കളുടേയും അസ്വാരസ്യങ്ങളില്‍ നിന്നും അസ്വസ്ഥതകളില്‍ നിന്നും വിടുതലേകുന്നത് മോണ്ടിനെല്ലിയുമായുള്ള ഈ ഗാഢബന്ധമാണ്. അക്കാലഘട്ടത്തിലെ മിക്ക ചെറുപ്പക്കാരേയും പോലെ ആര്‍തറും വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകര്‍ഷ്ടനാവുന്നു. ജിം എന്ന ബാല്യകാല സഖിയുമായി അടുത്തിടപഴകാന്‍ ഇതൊട്ടേറെ അവസരങ്ങളേകുന്നതും അവനെ ആഹ്ലാദിപ്പിക്കുന്നു. ഗെമ്മ എന്നാണവളുടെ യഥാര്‍ത്ഥ പേര്. പക്ഷേ യുവ ഇറ്റലി എന്ന തന്‍റെ വിപ്ലവപ്രസ്ഥാനം ദൈവിക വിശ്വാസത്തിനെതിരാണെന്നത് മതവിശ്വാസിയായ ആര്‍തറിനെ ഇടക്ക് അസ്വസ്ഥനാക്കുന്നുണ്ട്. ലോകത്ത് താനേറ്റവും സ്നേഹിക്കുന്ന മോണ്ടിനെല്ലിക്കും അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാനാവുന്നില്ല. അദ്ദേഹമവനെ നേര്‍വഴി നടത്താന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നു. ഈ അസ്വസ്ഥതകള്‍ക്കിടെ മോണ്ടിനെല്ലിക്ക് സ്ഥലമാറ്റമാകുന്നു.

പകരം വന്ന വൈദികന് ആര്‍തറെ പെട്ടന്ന് സ്വാധീനിക്കാനും അവനെ കൊണ്ട് കുമ്പസരിപ്പിക്കാനും കഴിയുന്നു. ജിമ്മിനോട് തനിക്ക് പ്രണയമാണെന്നും ഇരുവരും യുവ ഇറ്റലിയിലെ അംഗങ്ങളാണെന്നും അവിടെ മറ്റംഗങ്ങള്‍, പ്രത്യേകിച്ച് നിപുണനായ ചെറുപ്പക്കാരന്‍ ബൊല്ല, അവളെ സ്വാധീനിക്കുന്നത് തന്നെ അസൂയാലുവും അസ്വസ്ഥനുമാക്കുന്നുവെന്നും ആര്‍തര്‍ കുമ്പസാരത്തില്‍ വെളിപ്പെടുത്തി. വൈകാതെ ആര്‍തറും ബൊല്ലയും സൈനികതടവിലാവുന്നു. ചോദ്യംചെയ്യലുകള്‍ക്കിടയില്‍ തന്‍റെ സംഘടനയെ കുറിച്ച് ഒന്നും തുറന്ന് പറയാതെ തന്നെ സൈന്യം ആര്‍തറെ വിട്ടയച്ചു. പക്ഷേ കൂട്ടാളിയെ ഒറ്റിക്കൊടുത്തത് ആര്‍തറാണെന്ന് ആരോപിച്ച് ജിം അവന്‍റെ കരണത്തടിച്ച് അപമാനിക്കുന്നു. അപമാനം സഹിക്കാനാവാതെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് വീട്ടില്‍ വന്നു കയറിയ ആര്‍തറെ സഹോദരനും ഭാര്യയും അവഹേളിക്കുന്നത് അവര്‍ ഇക്കാലമത്രയും ഭദ്രമായി സൂക്ഷിച്ചുവെച്ച ഒരു കുറിപ്പേകികൊണ്ടാണ്. അതിന്‍റെ ഉള്ളടക്കം ആര്‍തര്‍ എന്ന ചെറുപ്പക്കാരനെ തകര്‍ത്തെറിയുകയാണ്. പക്ഷേ അതവനിലുയര്‍ത്തിയ പ്രതികാരബുദ്ധി ആത്മഹത്യയ്ക്ക് പകരം ജീവിക്കാന്‍ തന്നെ അവനെ പ്രാപ്തനാക്കുന്നു. ആര്‍തര്‍ മരിച്ചെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ച് അവന്‍ കള്ള ഉരുവില്‍ കയറി പാലായനം ചെയ്യുന്നിടത്ത് നോവലിന്‍റെ ആദ്യഭാഗം അവസാനിക്കുകയാണ്. ആര്‍തറെന്ന വ്യക്തിത്വവും.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്ളോറന്‍സിലെ ഒരു വിപ്ലവയോഗത്തിലാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ശ്രീമതി ബൊല്ലയും സംഘടനയിലെ ഒരു അനിവാര്യ അംഗമാണ്. ശ്രീമതി ബൊല്ല പഴയ ഗെമ്മയാണ്, ആര്‍തറിന്‍റെ അയല്‍ക്കാരി,കളിക്കൂട്ടുകാരി, സഹപാഠി. ഇപ്പോള്‍ ബൊല്ലയുടെ വിധവയും. പ്രണയിതാവിന്‍റെ ആത്മഹത്യയ്ക്ക് ഹേതു താനായിരുന്നുവെന്ന കുറ്റബോധത്തിലാണ് ഗെമ്മ ഇപ്പോഴും. സാഹിത്യാഭിരുചിയുള്ള, കുറിക്ക് കൊള്ളുന്ന കുറിപ്പുകളെഴുതാന്‍ ഒരാളെ സംഘടന തേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ ചെന്നെത്തുന്നത് കാട്ടുകടന്നല്‍ എന്ന് പരക്കെ അറിയപ്പെടുന്ന റിവറാസിലായിരുന്നു. അയാളുടെ വ്യക്തിജീവതം അജ്ഞാതമെങ്കിലും അക്ഷരങ്ങളുടെ വീര്യം പ്രശസ്തമാണ്.

കാഴ്ച്ചയില്‍ അതിവിരൂപനായ റിവറാസിനോട് ശ്രീമതി ബൊല്ലയ്ക്കും മിക്ക അംഗങ്ങള്‍ക്കും അപ്രിയം തോന്നാന്‍ കാരണം തികച്ചും പരുക്കനായ അയാളുടെ സ്വഭാവംകൊണ്ട് കൂടിയാണ്. പക്ഷേ ഗെമ്മക്ക് ക്രമേണ അയാളോട് ഒരു മാനസീകാടുപ്പം തോന്നുന്നു. അതിന് കാരണം അവര്‍ക്കേറെ പരിചിതമായ ചില അംഗവിക്ഷേപങ്ങള്‍ അയാള്‍ക്കുണ്ട് എന്നതാണ്. അത് ആര്‍തറിന്‍റേതാണെന്ന് അവര്‍ ക്രമേണ തിരിച്ചറിയുന്നു.
ഒന്നും തുറന്ന് പറയാതെ തന്നെ കാട്ടുകടന്നലിനും ഗെമ്മയ്ക്കുമിടയിലൊരു ആത്മബന്ധം വളരുന്നു. അതൊരുപക്ഷേ പരസ്പരതിരിച്ചറിവിന്‍റേതാവാം. നല്ല സുഹൃത്തുക്കളും സംഘടനാകൂട്ടാളികളുമായി അവര്‍ മാറുകയാണ്. ഇപ്പോഴത്തെ കര്‍ദ്ദിനാള്‍ മോണ്ടിനെല്ലിയോടും പുരോഹിതവര്‍ഗ്ഗത്തോടുമുള്ള റിവറാസിന്‍റെ പ്രതികാരദാഹം കത്തിജ്ജ്വലിക്കുകയാണ്. കാരണം തുറന്ന് പറഞ്ഞില്ലെങ്കിലും റിവറാസിന്‍റെ മനസ്സ് വായിക്കാന്‍ ശ്രീമതി ബൊല്ലയ്ക്കാവുന്നുണ്ട്. പല അവസരങ്ങളിലും റിവറാസ് വാക്കുകളിലൂടെ മോണ്ടിനെല്ലിക്കെതിരെ ആഞ്ഞടിക്കുന്നുണ്ട്. കര്‍ദ്ദിനാളാവട്ടെ സമചിത്തതയോടെ പെരുമാറുന്നു.

ഒടുവില്‍ ജീവന്‍ പണയം വെച്ചുള്ള വിപ്ലവസമരങ്ങള്‍ക്കിടെ റിവറാസ് പിടിക്കപ്പെടുന്നു. ബൊല്ലയും കൂട്ടാളികളും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്തോറും തടവറയുടെ കുരുക്കുകള്‍ മുറുകുകയാണുണ്ടായത്. റിവറാസിന്‍റെ മനം മാറ്റാനുള്ള കര്‍ദ്ദിനാളിന്‍റെ ശ്രമങ്ങളെല്ലാം പാഴാവുകയാണുണ്ടായത്.. അദ്ദേഹത്തെ റിവറാസ് വാക്കുകളാല്‍ അപമാനിക്കുന്നു.

ഒടുവില്‍, തന്നെ ഒരു നാസ്തികനാക്കിയ, വിപ്ലവകാരിയാക്കിയ, തന്‍റെ ജീവിതം തന്നെ ഇല്ലാതാക്കിയ ആ കുറിപ്പിലെ രഹസ്യത്തെ കുറിച്ചും താനാരാണെന്നതും റിവറാസ് കര്‍ദ്ദിനാളോട് വെളിപ്പെടുത്തുന്നിടത്ത് നമ്മള്‍ കാണുക മാതൃകാജീവിതം നയിച്ച, ജനങ്ങളുടെ ആരാധ്യാപുരുഷനായ മോണ്ടിനെല്ലിയുടെ തകര്‍ച്ചയാണ്..

കഥ ഇവിടെ തീരുന്നില്ല. വെടിയുണ്ടകള്‍ക്ക് പോലും മനം മാറ്റാനാവാത്ത ഒരു വിപ്ലവകാരിയെ ഇതിന്‍റെ തുടര്‍ച്ചയായി നോവലില്‍ കാണാം. ഒപ്പം അനശ്വരമായ പ്രണയത്തിന്‍റെ അടയാളപ്പെടുത്തലുകളും..

1897-ല് പ്രസിദ്ധീകരിച്ച ഈ നോവലിനെ കാലത്തെ അതിജീവിക്കുന്ന നല്ല വായനയേകിയ ഒന്ന് എന്ന് ഞാന്‍ വിശേഷിപ്പിക്കുമ്പോഴും പ്രസക്തമായ വിപ്ലവാശയങ്ങള്‍ ഉള്‍കൊള്ളുന്നതുകൊണ്ടുതന്നെ വിപ്ലവമനസ്സുകളില്‍ ആദര്‍ശനോവലായി സ്ഥാനം പിടിച്ച പുസ്തകമാണെന്നത് വിസ്മരിക്കുന്നില്ല. പുസ്തകത്തിന്‍റെ ഈ ആഗോള പ്രശസ്തി എഴുത്തുകാരി തന്നെ അറിഞ്ഞത് അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്!

അനുഭവങ്ങളുടെ തീച്ചൂളയില്‍ തച്ചുടച്ച് വാര്‍ത്തെടുക്കപ്പെടുന്ന വ്യക്തിത്വങ്ങളേയും വിശ്വാസമനശാസ്ത്രങ്ങളേയും ഈ നോവല്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും..


10/03/14
ബാര്‍കോഡ് 
സുസ്മേഷ് ചന്ത്രോത്ത് 
പ്രസാധകര്‍ : ചിന്ത പബ്ലീഷേഴ്സ് 
വില : 70രൂപ

ശ്രീ സുസ്മേഷ് ചന്ത്രോത്തിന്‍റെ ‘ബാര്‍കോഡ്’ എന്ന കഥാസമാഹാരം പുതുമയുള്ള, മികവുറ്റ ആഖ്യാനത്താല്‍ ആകര്‍ഷകമാണ്. പത്ത് കഥകളടങ്ങുന്ന ഈ പുസ്തകം വായനയുടെ തീര്‍ത്തും വ്യത്യസ്തമാര്‍ന്ന ഒരനുഭവമേകും, പല കഥകളുടേയും പ്രമേയം പരിചിതമെങ്കിലും.

സുസ്മേഷിന്‍റെ പുസ്തകങ്ങളെ ഇത്രയും കാലം മനപൂര്‍വ്വം അകറ്റി നിര്‍ത്തിയതില്‍ ഖേദിച്ചുകൊണ്ടാണ് ‘ബാര്‍കോഡി’ന്റെ അവസാനതാള് ഞാന്‍ മടക്കിവെച്ചത്. ‘ഡി’ എന്ന നോവല്‍ തന്നൊരു നിരാശയായിരുന്നു അതിന് കാരണം. ഡി ഒരുപാട് പ്രശംസ പിടിച്ചു പറ്റിയ പലരും വല്ലാതെ ഇഷ്ടപ്പെടുന്ന നോവലാണെങ്കിലും എന്‍റെ വായനാതാല്പര്യങ്ങള്‍ക്കുതകുന്നതായിരുന്നില്ല. എഫ് ബിയിലെ എന്‍റെ പോസ്റ്റുകള്‍ പലപ്പോഴും വായിക്കുകയും ലൈക്ക് ചെയ്യുകയും അപൂര്‍വ്വം കമന്‍റുകള്‍ തരികയും ചെയ്യുന്ന നല്ലൊരു സുഹൃത്തായിരുന്നിട്ട് കൂടി ‘ഡി’ വായിച്ചതില്‍ പിന്നെ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്കിഷ്ടം തോന്നിയിട്ടില്ല. ആ ധാരണകളെ തിരുത്തികൊണ്ടാണ് ബാര്‍കോഡ് വായന അവസാനിച്ചത്.

മാറുന്ന സമൂഹത്തിന്‍റെ മര്‍മ്മത്തില്‍ തന്‍റെ വിചാരങ്ങളെ ചാലിച്ചുകൊണ്ടാണ് കഥാകൃത്ത് തൂലികചലിപ്പിക്കുന്നത്. അതിശയോക്തപരമെങ്കിലും സര്‍വ്വസാധാരണമാണ് ആ കാഴ്ചകളെന്നത് കഥകളുടെ സാമൂഹിക മാനം വെളിവാക്കുന്നതാണ്. മെറൂണ്‍, ബാര്‍കോഡ്, മാംസഭുക്കുകള്‍, ഒരു സാധാരണ മനുഷ്യന്‍റെ ജീവചരിത്രം, ചക്ക, ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ , പൂച്ചിമാ, ദാരുണം, സാമുഹിക പ്രതിബദ്ധത , ബുബു എന്നീ കഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘ബാര്‍കോഡ്’.

തീര്‍ത്തും വ്യത്യസ്തമാണ് പത്ത് കഥകളും. മികച്ച ക്രാഫ്റ്റും നല്ല ഭാഷയുമാണ് ഈ വായനയില്‍ എനിക്കേറെ ഇഷ്ടമായത്. ഓരോ വിഷയത്തോടുമുള്ള വ്യത്യസ്തമായ സമീപനവും ആകര്‍ഷകമാണ്. ചിലകഥകള്‍ വളരെ സംതൃപ്തിയേകുന്ന വായനയേകി, ഒന്ന് രണ്ടുകഥകള്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും. വായനയെ ഉദ്വേഗജനകമാക്കാന്‍ മിക്ക കഥകളിലും കഥാകൃത്തിനാവുന്നുണ്ട്.

ബാര്‍കോഡിന്‍റെ വായന നിരാശപ്പെടുത്തില്ല .


രാജലക്ഷ്മിയുടെ കഥകള്‍
കറന്‍റ് ബുക്ക്സ്



രാജലക്ഷ്മിയുടെ കഥകളുടെ പുനര്‍വായനയിലായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം മുമ്പായിരുന്നു ആവേശത്തോടെ ഓരോകഥകളും വായിച്ച് ഒറ്റയിരുപ്പിന് ഇതേ പുസ്തകം ഹൃദയത്തില്‍ അടുക്കിവെച്ചത്. അന്ന് ആ വായന നല്‍കിയ സംതൃപ്തി ഇന്നും മായാതെ മനസ്സിലുണ്ട്. അതുകൊണ്ട് തന്നെയായിരുന്നു ഒന്നുകൂടി വായിക്കാന്‍ തേടിപ്പിടിച്ച് കണ്ടെത്തിയത്. പക്ഷേ എന്തോ അന്നത്തെ ആ ഇഷ്ടം ഇന്നെനിക്ക് ഈ കഥകളോട് തോന്നുന്നില്ല. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ ഇത്രയും വ്യത്യസ്തമായി ചിന്തിച്ചു, ഇത്രയും ലളിതമായ ഭാഷയില്‍ ജീവിതത്തിന്‍റെ വിവിധ ഭാവതലങ്ങള്‍ കോറിയിട്ടു എന്നതെല്ലാം ഇന്നും ഹൃദയഹാരിയായി തോന്നുന്നുവെങ്കിലും ഇതിലെ പലകഥകളും തന്ന ഒരു അപൂര്‍ണ്ണതൃപ്തി മാറിയ എന്‍റെ വായനാരുചികളുടേതാവാം.

ഒറ്റശ്വാസത്തില്‍ വായിച്ച് തീര്‍ക്കാന്‍ തോന്നിപ്പിക്കും വിധം പിടിച്ചിരുത്തുന്ന ശൈലിയാണ് കഥാകാരിയുടേത്. സായംസന്ധ്യയില്‍ പൂത്തുലഞ്ഞ പവിഴമല്ലിച്ചെടിയുടേതുപോലൊരു മനോഹാരിതയും വിഷാദാത്മകതയും കഥകളിലുടനീളമുണ്ട്. മരണത്തിലേക്കൊഴുകുന്ന ജീവിതങ്ങളെ പല കഥകളിലും കാണാം. കടപ്പാടുകളുടെ ഭാരമിറക്കാന്‍ സ്വപ്നങ്ങളെ അത്താണികള്‍ മാത്രമാക്കുന്ന, മൌനത്തില്‍ തന്‍റെ കനവുകളെ ഒളിപ്പിക്കുന്ന നായികമാരാണ് രാജലക്ഷ്മി കഥകളില്‍ അധികവും. കണ്ണുനീരിന്‍റെ ഉപ്പുരസം വരികള്‍ക്കിടയില്‍ കട്ടപ്പിടിച്ചിരിക്കുന്നു. നിറഞ്ഞ ജനകൂട്ടത്തിനിടയിലും കടുത്ത ഒറ്റപ്പെടലുകളുടെ തുരുത്തില്‍ തളച്ചിട്ടിരിക്കുന്ന സ്ത്രീജന്മങ്ങളെ വരച്ചിടുന്ന കഥകള്‍ നൊമ്പരമുണര്‍ത്തുന്നവയാണ്.

നീ നടന്നകന്നൊരീവഴിയില്‍, ചതഞ്ഞൊറ്റ-
പ്പൂവു വീണടിഞ്ഞൊരീ മണ്ണിലീയേകാന്തത്തില്‍
പാവമാം കുഞ്ഞേ, നിന്നെയോര്‍ത്തു നില്‍ക്കുമീയെന്‍റെ 
ജീവനില്‍ യുഗങ്ങള്‍ തന്‍ വാര്‍ദ്ധക്യം നിറയുന്നു...
സുഗതകുമാരിടീച്ചര്‍ രാജലക്ഷ്മിയോടായി എഴുതിയ വരികളാണിവ. 

രാജലക്ഷ്മിയുടെ കഥകളില്‍, വരികള്‍ക്കിടയില്‍ എഴുതാതെ പോയ ഒരുപാട് കഥാശകലങ്ങള്‍ നമുക്ക് വായിച്ചെടുക്കാം. ഒരോ കുത്തിനും കോമയ്ക്കും അക്ഷരചിഹ്നത്തിനും ഒരുപാട് അര്‍ത്ഥനിഗൂഢതകള്‍ കണ്ടെത്താം.

ആത്മഹത്യ, മാപ്പ്, പരാജിത, ഒരദ്ധ്യാപിക ജനിക്കുന്നു, മകള്‍, സുന്ദരിയും കൂട്ടുകാരും, ശാപം, മൂടുവാന്‍ നാടന്‍, ദേവാലയത്തില്‍, ചരിത്രം ആവര്‍ത്തിച്ചില്ല, തെറ്റുകള്‍, ഹാന്‍ഡ് കര്‍ച്ചീഫ് എന്നീ കഥകളാണ് ഈ പുസ്തകത്തില്‍ ഉള്ള ചെറുകഥകള്‍..,. കുമിള, നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്നീ കവിതകളും, ചങ്ങലകള്‍ പൊട്ടിയ്ക്കാന്‍ ഇനിയും.. എന്ന കുറിപ്പും അവരുടേതായി ഈ പുസ്തകത്തിലുണ്ട്.. 

അമ്പതില്‍കൂടുതല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജലക്ഷ്മി എന്ന കഥാകാരി ഇതെല്ലാം എഴുതിയത് തികച്ചും സ്വകാര്യ കുറിപ്പുകളായാണത്രെ. മറ്റാരും കാണുമെന്നോ അച്ചടിമഷി പുരളുമെന്നോ പ്രതീക്ഷിക്കാതെ മാനസീക സ്വസ്ഥതയ്ക്ക് വേണ്ടി അവരടയാളപ്പെടുത്തിയ ഈ വരികളുടെ വകഭേദങ്ങള്‍ തന്നെയല്ലേ പിന്നീട് പല കഥകളിലും സിനിമകളിലും വിഷയീഭവിച്ചത്? ജീവിതം എഴുതപ്പെടുമ്പോഴുള്ള അനിവാര്യതയാണത്.

മരണം തോൽപ്പിക്കും മുന്‍പേ തിരികെ തോൽപ്പിക്കാന്‍ മരണത്തിലേക്ക് നടന്നുകയറിയവളാണ് കഥാകാരി. ജീവിതത്തിന്‍റെ മരണത്തിലേക്കുള്ള ഒരു അടിയൊഴുക്ക് അവരുടെ കഥകളിലും കാണാം. വായനക്കാരുടെ മനസ്സില്‍ പ്രിയതരമായൊരു നോവ് തീര്‍ക്കാന്‍ പ്രാപ്തമാണവരുടെ കഥകളും വ്യക്തിജീവിതവും. അതുകൊണ്ട് തന്നെയായിരിക്കാം ജി കുമാരപ്പിള്ള ഇങ്ങിനെയെഴുതിയത്;

ഈ വിധമെന്താണാവോ?... ഞാനത് ചോദിപ്പീല;
വേദനയറിയാതെ സൌമ്യമായുറങ്ങൂ നീ!
കൂരിരുള്‍ക്കയങ്ങളില്‍ താഴുവാന്‍ ദാഹിക്കുന്ന
ദീപങ്ങള്‍ ; ഉള്ളില്‍ത്തന്നേ വലിയും നീര്‍ച്ചാലുകള്‍ ...
സത്യമെന്തറിവീല; ദുഃഖത്തിന്‍ മുഖം കണ്ടേന്‍ ;
ദുഃഖമേ സത്യം സര്‍വ്വം ; ശാന്തമായുറങ്ങൂ നീ !
പാതകള്‍ വിഭിന്നങ്ങള്‍ ; ആകിലും പഥികന്മാ-
രാരുമേ നിഴലുകള്‍ ; പോയതു നീയോ ഞാനോ?
ഒച്ചവെച്ചുണര്‍ത്തില്ല നിന്നെഞാനനുജത്തീ!
അത്രമേല്‍ തളര്‍ന്നോള്‍ നീ ; ഓര്‍മ്മയിലതു മാത്രം.
ഞാനിതാ കുനിയ്ക്കുന്നു നൊമ്പരമൊന്നേ കണ്ട
കേവല വാത്സല്യത്തിന്‍ നഗ്നമൂകമാം മുഖം ...
ആളുകളൊഴിഞ്ഞു പോയാരവമൊടുങ്ങവേ
നീയുമീഞാനും മാത്രം; നീയെനിക്കാരാണാവോ!
മൃദുവായ് വയ്ക്കുന്നു ഞാന്‍ വിടരാന്‍ വിറപൂണ്ട
വിജനസ്വപ്നത്തിന്‍റെ രണ്ടുമൂന്നിതള്‍ മാത്രം...
ഈ വിധം.. ഇതേവിധം.. ഞാനതു ചോദിപ്പീല; 
വേദനയറിയാതെ നിത്യമായുറങ്ങൂ നീ !


29/06/2013
The Last Lecture
Randy Pausch

" The Last Lecture"; മാരകമായ ഒരു വേദന നല്‍കുന്നുണ്ട് ഈ പുസ്തകം. വരികളോരോന്നും കോറി വെച്ചിരിക്കുന്നത് വായനക്കാരന്‍റെ ഹൃദയത്തിലാണെന്ന് തോന്നലുളവാക്കുന്നു അസഹനീയമായ ആ വേദനയുടെ വിങ്ങല്‍ . അതിന് ഹേതു പ്രധാനമായും ഈ വരികളോരോന്നും നിര്‍ഗ്ഗമിച്ചത് അനന്യസാധാരണമായ ഓജ്ജസ്സോടെ ആയിരുന്നു എന്നതാണ്; ഇന്നിത് വായിക്കപ്പെടുമ്പോള്‍ ആ ശബ്ദം അക്ഷരങ്ങള്‍ മാത്രം ബാക്കിവെച്ച് അചേതനമാണെന്നതും. പക്ഷേ കാലത്തെ അതിജീവിക്കുന്ന വീര്യം ഈ പുസ്തകത്തിന്‍റെ ഉള്ളടക്കത്തിനുണ്ട്.

കാര്‍ണഗി മെലന്‍ യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ഡോ: റാന്‍ഡി പോഷിന്‍റെ മരണത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള അന്ത്യപ്രഭാഷണമാണിത്. വിരമിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന പതിവ് അനുഷ്ഠാനമാണ് യൂണിവേര്‍സിറ്റിയില്‍ ഒരു അന്ത്യപ്രഭാഷണത്തിനുള്ള അവസരം. പക്ഷേ റാന്‍ഡിയെ അവര്‍ക്ക് ക്ഷണിക്കേണ്ടിവന്നത് തൊഴിലില്‍ നിന്നും വിരമിച്ച് വിശ്രമജീവിതത്തെ സ്വീകരിക്കുന്നവന്‍റെ പ്രഭാഷണത്തിനല്ല, ജീവിതത്തില്‍നിന്നും വിരമിച്ച് മരണത്തെ പുല്‍കുന്നവന്‍റെ പ്രഭാഷണത്തിലേക്കാണ്.

തന്‍റെ ഉദ്യോഗമണ്ഡലത്തില്‍ അസാമാന്യ നിപുണനായിരുന്ന റാന്‍ഡിക്ക് പക്ഷേ ഇവിടെ പങ്കുവെക്കാനാഗ്രഹം ജീവിച്ച് കൊതിതീരാത്ത ആയുസ്സ് മരണത്തിന് അടിയറവ് വെയ്ക്കേണ്ടിവന്ന നിസ്സഹായതയുടെ പതിവ് ജൽപ്പനങ്ങളല്ലായിരുന്നു. തികച്ചും വ്യത്യസ്തമായ ഒന്ന് , പാതിവഴിയില്‍ ഉപേക്ഷിച്ച് പോവേണ്ടിവരുന്ന തന്‍റെ പിഞ്ചുമക്കള്‍ക്കും ജീവിതത്തിന്‍റെ ദിശയറിയാ ഘട്ടത്തില്‍ മക്കളേയും ചേര്‍ത്ത് പിടിച്ച് ഒറ്റയ്ക്ക് പകച്ചു നില്‍ക്കേണ്ടിവരുന്ന പ്രിയതമയ്ക്കും തന്‍റെ സാന്നിധ്യം എന്നും അനുഭവിപ്പിക്കത്തക്ക രീതിയില്‍ എന്തെങ്കിലും ഒന്ന്. അത് എന്നും തന്‍റെ മക്കള്‍ക്ക് ഒരു വഴിവിളക്കാവണം. കൊടുക്കാനാവാതെ പോയ ഒരു അച്ഛന്‍റെ സ്നേഹം , ഉപദേശങ്ങള്‍, അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍ എല്ലാം അതിലുണ്ടായിരിക്കണം. അഞ്ചും മൂന്നും ഒന്നും മാത്രം വയസ്സുകളുള്ള തന്‍റെ മൂന്ന് മക്കള്‍ക്കും ഒന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനാവാത്ത ഈ പ്രായത്തില്‍, മുന്‍പേ നടന്നു അപ്രത്യക്ഷനാവേണ്ടിവരുന്ന തന്‍റെ ഓര്‍മ്മകള്‍ അവരില്‍ പാകിമുളപ്പിക്കാനുതകുന്നതാവണം ആ പ്രഭാഷണം. ഇതാ, ഇതാണ് നിങ്ങളുടെ അച്ഛനുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പറയുക എന്നൊരു നേര്‍ച്ചൂണ്ടലിന് അവരുടെ അമ്മയ്ക്കാവണം.

മാരകമായ പാന്‍ക്രിയാസ് കാന്‍സര്‍ രക്ഷപ്പെടാനൊരു പഴുതനുവദിക്കാതെ മരണത്തിന്‍റെ കെണിയില്‍ കുടുക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ മരണച്ചീട്ട് നല്‍കി റാന്‍ഡി പോഷിന്; മൂന്ന് മുതല്‍ ആറ് മാസം വരെ. മരണത്തോട് മല്ലിടാന്‍ സമയം ചിലവാക്കാതെ, ഉള്ള ദിവസങ്ങള്‍ ജീവിതത്തെ ചേര്‍ത്ത് പിടിക്കാനാണ് റാന്‍ഡി തീരുമാനിച്ചത്. തന്‍റെ ജീവിതം തന്നെയായ മക്കളേയും ഭാര്യയേയും വാരിപുണര്‍ന്നുകൊണ്ടുള്ള ആ ശിഷ്ടകാല ജീവിതം വായിക്കുമ്പോള്‍ സ്നേഹത്തിന്‍റെ തീവ്രതയാല്‍ വായനയുടെ തൊണ്ട വരളുന്നുണ്ട്. താനില്ലെങ്കിലും അവര്‍ക്ക് ജീവിതം എളുപ്പമാക്കാനുള്ള സാഹചര്യങ്ങള്‍, പരിശീലനങ്ങള്‍ ഇതിലെല്ലാമാണ് ഇനി ശ്രദ്ധിക്കെണ്ടതെന്ന തിരച്ചറിവോടെയാണയാള്‍ പിന്നെ പെരുമാറുന്നത്. പിറന്നാള്‍ , ന്യൂ ഇയര്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും അവരില്‍ വല്ലാത്തൊരു ശൂന്യത നിറയ്ക്കുന്നത്, അടുത്തവര്‍ഷം ഇതിനൊന്നും അയാള്‍ ഉണ്ടാവില്ലല്ലോ എന്ന ഓര്‍മ്മപ്പെടലിലാണ്. എന്നാലും എല്ലാം മനപൂര്‍വ്വം മറക്കാന്‍, പരസ്പരം മൌനത്തിലൊളിപ്പിക്കാന്‍ രണ്ടുപേരും ആവത് ശ്രമിക്കുന്നു. പങ്കാളിയുടെ പൂര്‍ണ്ണതയുള്ള പിന്തുണ ഒരാളെ എത്ര ആത്മവിശ്വാസമുള്ളവനാക്കും എന്നതിന് കൂടിയുള്ള തെളിവാണീ പുസ്ത്കം.

ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞവന് എന്തായിരിക്കും പറയാനുണ്ടാവുക എന്ന് ആകാംക്ഷാഭരിതരായിരിക്കുന്ന ശ്രോതാക്കള്‍ക്ക് മുന്നില്‍ റാന്‍ഡിയ്ക്ക് പറയാനുണ്ടയിരുന്നത് മറ്റൊരു തലത്തില്‍ നിന്നുകൊണ്ടായിരുന്നു. ഇനിയും ഒരുപാട് ജീവിക്കാനുള്ളവന്‍റെ പ്രതീക്ഷയിലൂന്നി നിന്ന് അയാള്‍ ശൈശവകാല സ്വപ്നങ്ങള്‍ തിരിച്ചു പിടിക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്. തന്‍റെ ജീവിത വഴിയിലെ ഓരോ സ്പന്ദനവും അയാള്‍ അത്യപൂര്‍വ്വമായ ഊര്‍ജ്ജലതയോടെ സംസാരിച്ചപ്പോള്‍ അത് കേള്‍വിക്കാരിലേക്ക് അനിര്‍വചനീയമായ ജീവിത പ്രതീക്ഷ പകര്‍ന്ന് നല്‍കുകയായിരുന്നു. ഒരു കുഞ്ഞിന്‍റെ കൌതുകത്തോടെ ജീവിതത്തെ സമീപിക്കണമെന്നും അന്യന്‍റെ ജീവിതപ്രതീക്ഷകളെ ബഹുമാനിക്കണമെന്നും കഠിനധ്വാനിയാവണമെന്നും ക്ഷമ വലിയൊരു കഴിവാണെന്നും സത്യം പറയുക എന്നും ബാല്യകാല സ്വപനങ്ങളെ തിരിച്ചുപിടിക്കാനുള്ള വഴികളായി റാന്‍ഡി അക്കമിട്ട് നിരത്തിയപ്പോള് അത് ഓരോ കേള്‍വിക്കാരനേയും ചിന്തിപ്പിക്കുന്നതായിരുന്നു.

മാതാപിതാക്കളാണ് തന്‍റെ വഴിക്കാട്ടി എന്നതുപോലെ മക്കള്‍ക്കൊരു വഴിക്കാട്ടിയായി തന്‍റെ ആത്മാവുള്ള ഈ പ്രഭാഷണം കാലങ്ങള്‍ കൈമാറി വരുംതലമുറകളിലേക്കും പ്രസരിക്കുമെന്ന് റാന്‍ഡി പോഷ് എന്ന നല്ല മനുഷ്യന് ഉള്‍ക്കാഴ്ച്ച നല്‍കിയതും മരണത്തെ അയച്ച അതേ വിധി തന്നെയായിരുന്നിരിക്കാം. ഈ വായനയില്‍ ജീവിതത്തെ ആര്‍ത്തിയോടെ പുല്‍കുന്ന, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന, ഓരോ തലത്തിലും വ്യക്തമായ കാഴ്ച്ചപ്പാടുകളുള്ള, കുടുംബത്തെ ആത്മാവിലുറഞ്ഞ സ്നേഹമായി നിര്‍വചിക്കുന്ന , മരണത്തെ ശാന്തമായി സമീപിക്കുന്ന ഉള്‍ക്കാഴ്ചയുള്ള ഒരു പൂര്‍ണ്ണതയുള്ള മനുഷ്യനെ പരിചയപ്പെടാം.

ഈ പുസ്തകത്തിന്‍റെ മലയാളം പരിഭാഷ ‘അന്ത്യപ്രഭാഷണം’ എന്ന പേരില്‍ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവര്‍ത്തകന്‍ എസ് ഹാരിഷ്.




02/04.2013
ഇരുട്ടിന്‍റെ ആത്മാവ് 
എം ടി വാസുദേവന്‍ നായര്‍ 
പ്രസാധകര്‍:  കറന്‍റ് ബുക്ക്സ് 
വില : 60 രൂപ
ചങ്ങലയുടെ ഇരുവശങ്ങള്‍ക്കും ഭ്രാന്തായാലുള്ള അവസ്ഥ, ചങ്ങലയ്ക്കിട്ടവനും ചങ്ങലയിട്ടവനും. സമൂഹത്തിലിന്ന് ചിരപരിചിതമായ ഈ കാഴ്ച്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് എംടി തന്‍റെ തൂലിക തുമ്പിലൂടെ സമൂഹത്തോട് വിളിച്ചുപറഞ്ഞതാണ് ഇരുട്ടിന്‍റെ ആത്മാവെന്ന കഥ.

ഭ്രാന്തന്‍ വേലായുധന്‍റെ ഉന്മാദത്തിന്‍ ഉണര്‍വ്വുറക്കങ്ങള്‍ക്കിടയിലൂടെ വായിച്ചു പോവുമ്പോള്‍ കണ്മുന്നില്‍ കണ്ടുമറന്ന, തെരുവിലലയുന്ന ഭ്രാന്തരെ വരെ വായനക്കാരന്‍ ഓര്‍ത്തുപോവും. തികഞ്ഞ അവജ്ഞയോടെ അവഗണിച്ചിരുന്ന അവരുടെ അപ്പോഴത്തെ മാനസീകാവസ്ഥയും ഓര്‍മ്മകളില്‍ നമ്മളെ അസ്വസ്ഥരാക്കും. സഹജീവികള്‍ക്കവകാശപ്പെട്ട ഒരു മാനുഷികപരിഗണനയെങ്കിലും നല്‍കാമായിരുന്നു എന്ന തിരിച്ചറിവ് കാലങ്ങള്‍ക്കപ്പുറമിരുന്ന് നമ്മളെ ആക്ഷേപിക്കും. 

അനാഥനായ വേലായുധന്‍ വളരുന്നത് അവന്‍റെ തറവാട്ടില്‍ മുത്തശ്ശിക്കും അമ്മാവനും വല്ല്യമ്മയ്ക്കുമെല്ലാം ഒപ്പമാണ്. ഒരു ഭ്രാന്തന്‍റെ പരിഗണന, കരുതല്‍ സമൂഹത്തിനേക്കാളേറെ അവന്‍റെ സ്വബോധത്തിന്‍റെ ഉണര്‍വ്വുകളിലും നല്‍കുക  സ്വന്തവീട്ടുകാരാണെന്നത് ദയനീയമായ സത്യമാണ്. ഭ്രാന്തിന്‍റെ ഇടവേളകളിലും സ്വബോധമണ്ഡലങ്ങളെ കീറിമുറിച്ചുകൊണ്ട് വീട്ടുകാരുടെ ഭ്രാന്തനോടെന്നതുപോലെയുള്ള ഒറ്റപ്പെടുത്തല്‍, പെരുമാറ്റം അസഹനീയമാണ്.

തറവാട്ടില്‍ മുത്തശ്ശി മാത്രമുണ്ട്  വേലായുധനെ  മനസ്സിലാക്കാന്‍, ഇരുപത് വയസ്സായ ഒത്തൊരു ആണ്‍പിറന്നവനോട് ഭ്രാന്തനെങ്കിലും ഇങ്ങിനെ പെരുമാറരുതേയെന്ന് കേഴാന്‍. പക്ഷേ വേലായുധന് ചാര്‍ത്തികിട്ടിയ ഭ്രാന്തന്‍ പട്ടം മുത്തശ്ശിയേയും നിശബ്ദയാക്കുന്നു. കാര്യസ്ഥന്‍ അച്ചുതന്‍നായരും അമ്മാമയും അവനെ ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍, ഭ്രാന്ത് ആര്‍ക്കാണെന്ന് ഒരു വേള സംശയം തോന്നാം. ക്രൂരതയുടെ അകത്തളങ്ങളിലേക്ക് വേലായുധന്‍റെ ജിവിതം വലിച്ചിഴക്കപ്പെടുമ്പോള്‍ ഭ്രാന്തന്‍റെ ജീവിതം എന്നും ഭ്രാന്തില്‍ തളച്ചിടപ്പെടുകയാണ്, മരണം വരെയെന്ന് ബോധ്യമാവും.

അമ്മുക്കുട്ടിയിലൂടെ, താന്‍ കാണാന്‍ കൊതിക്കുന്ന കാഴ്ച്ചകളിലൂടെ  വേലായുധന്‍ ജീവിതത്തെ തിരികെ പിടിച്ച് മനുഷ്യനാവാന്‍ ശ്രമിക്കുമ്പോഴെല്ലാം വിധി ചുറ്റുമുള്ളവരിലൂടെ, സാഹചര്യങ്ങളിലൂടെ   അവനിലേക്ക് ഭ്രാന്തിനെ തിരികെയൊഴിക്കുന്ന കാഴ്ച്ച ദയനീയമാണ്.  ഒടുവില്‍ ഒരിക്കലും തിരിച്ചു നടക്കാനാവില്ല എന്ന സത്യം ഭ്രാന്തന്‍ വേലായുധനെ ഭ്രാന്തനായി തന്നെ ജീവിപ്പിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ എം ടി എഴുതിയ ഈ കഥ ചില സാമൂഹിക മുന്‍ വിധികളെ എടുത്തുകാട്ടുന്നു. ഭ്രാന്ത് ഒരു മാനസീക രോഗമെന്ന ശുശ്രൂഷയാണ് ആവശ്യപ്പെടുന്നത് എന്നത് വിസ്മരിച്ച് അതിന്‍റെ വ്യക്തിയുടെ ദുഷ്പ്രവൃത്തികളായി നോക്കിക്കാണുന്ന, ദ്രോഹിക്കുന്ന സാമൂഹിക കാഴ്ച്ചപ്പാടിന് ഇന്നും മാറ്റം വന്നിട്ടില്ല എന്നത് ഖേദകരമാണ്.




08/03/2013

നാസ്തികനായ ഖലീല്‍ : ഖലീല്‍ ജിബ്രാന്‍ 
വില : 45 രൂപ

നാസ്തികനായ ഖലീല്‍ എന്ന ഖലീല്‍ ജിബ്രാന്‍റെ നോവല്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ഒരു ആക്രോശമാണെന്ന് വിശേഷിപ്പിക്കാം. “മതം ഈശ്വരനിലേക്കുള്ള പാതയെ സുഗമമാക്കണം. അസമത്വങ്ങളും അനാചാരങ്ങളും വളർത്തുന്ന ഒരു പ്രസ്ഥാനമാകരുത്” എന്നതിലൂടെ നിലനില്‍ക്കുന്ന അഴിമതികള്‍ക്കും അസ്വമത്വങ്ങളിലേക്കും വാളോങ്ങുകയാണ് ജിബ്രാനെന്ന നോവലിസ്റ്റ്. ദൈവത്തിന്‍റെ പേരില്‍ അശരണസമൂഹത്തെ ചൂഷണം ചെയ്യുന്ന ഭരണാധികാരികളും പുരോഹിതവൃന്ദവും ഇന്നിന്‍റെ കൂടി നേര്‍ക്കാഴ്ചയ ആയതുകൊണ്ട് തന്നെ ഈ നോവലിന്‍റെ കാലികപ്രസ്ക്തി നിലനില്‍ക്കുന്നു. വാക്കുകളുടെ മാസ്മരികതയാല്‍ ഒരു സമൂഹത്തെതന്നെ കയ്യിലെടുക്കാന്‍ ജിബ്രാന്‍റെ നോവലുകള്‍ക്കായതില്‍ അത്ഭുതപ്പെടാനില്ല.  

        
                                                      

07/03/2013


ഡി : സുസ്മേഷ് ചന്ത്രോത്ത് (നോവല്‍)
പ്രസാധകര്‍: ഡിസി ബുക്ക്സ് 
വില 60 രൂപ


ഡി എന്നൊരു നഗരത്തിന്‍റെ കഥ  പറയുകയാണ് സുസ്മേഷ്ചന്ത്രോത്ത് ഡി എന്ന നോവലിലൂടെ. നഗരത്തിന്‍റെ സ്പന്ദനങ്ങളിലൂടെ, ജീവിതങ്ങളുടെ ആരോഹണാവരോഹണങ്ങളിലൂടെ ഡിയുടെ കഥ പറയുമ്പോള്‍ സ്വാഭാവികമായും വായനക്കാരനേറെ പരിചിതമായി തോന്നും നഗരത്തിന്‍റെ ഓരോ മുക്കും മൂലയും. ആകാശചുംബിനികളായ ബഹുനിലകെട്ടിടങ്ങള്‍തൊട്ട് തെരുവോരങ്ങളിലെ ചോദ്യചിഹ്നങ്ങള്‍ പോലെ വളഞ്ഞുകിടക്കുന്ന ജീവിതങ്ങളില്‍ വരെ കഥ കയറിയിറങ്ങുമ്പോള്‍ ഡി എന്ന പേരിനെ വിപുലീകരിക്കേണ്ടത് ഡ്രീം എന്നോ ഡെവിളെന്നോ എന്നെല്ലാം ആശയക്കുഴപ്പത്തിലാവുന്നവന് നോവലിനവസാനം അതിനുത്തരവും ലഭിക്കുന്നു.

പുരോഗതിയുടെ കുതിപ്പ്  സാംസ്കാരിക അപചയത്തിന്‍റേത് കൂടിയാണെന്ന് നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു; ഉന്നമനത്തിന്‍റെ തേര്‍വാഴ്ച ശ്വാസമുട്ടിക്കുന്നത് കാലം മുറുകെ പിടിച്ചിരുന്ന നന്മകളെയാണെന്നും. എല്ലാം സഹിക്കുന്ന ഭൂമി ഒടുക്കം പാരമ്യമായ നിസ്സഹായാവസ്ഥയില്‍ ഒന്ന് ചുമല്‍കുടയുമ്പോള്‍ തകര്‍ന്നുതരിപ്പണമാവുകയാണ് താരതമ്യങ്ങള്‍ക്കുമധിപനെന്ന് സ്വയംധരിച്ച് വശായിരിക്കുന്ന മാനവഗര്‍വ്വും സ്വപ്നങ്ങളുമെന്ന് നോവല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂല്യങ്ങള്‍ക്കും  നൈസര്‍ഗ്ഗികതയ്ക്കും മേല്‍ പണിതുയര്‍ത്തുന്ന പുരോഗമനക്കോട്ടകള്‍ സമൂഹത്തിലെ വിവേചനങ്ങളുടെ മണിമാളികകളായി ചിതല്പുറ്റുകള്‍പോലെ പടര്‍ന്നുപന്തലിക്കുന്നത് മാനവമനസ്സുകളിലാണെന്നും ചിതലുകള്‍ മനസ്സിലെ നന്മകളെ തിന്നുതീര്‍ക്കുന്നുവെന്നും ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം.

വായന വല്ലാതെ മുഷിപ്പിച്ച ഒരുനോവലെന്ന് എന്‍റെ അഭിപ്രായം.എന്‍റെ വായനാരുചികള്‍ക്ക് ഒട്ടും രസിക്കാത്തത്.  ചെറിയൊരു നോവലായിരുന്നിട്ട് കൂടി വല്ലാതെ ഇഴച്ചിലനുഭവപ്പെട്ടു. വായനയില്‍ പുതുമതേടുന്നവര്‍ക്ക്  ആസ്വദിക്കാനായേക്കാവുന്ന കഥപറച്ചില്‍ ഡിയെന്ന നഗരത്തെയും വൈ എന്ന സ്വപ്നതുരുത്തിനേയും വരച്ചുചേര്‍ത്തിരിക്കുന്നു, ഛായങ്ങളായി ഒരുപാട് മനുഷ്യജീവിതങ്ങള്‍ ചാലിച്ചുകൊണ്ട്. 

വായിച്ചു  മടക്കിയ ഡിയെന്ന നോവലിനൊപ്പം എന്‍റെ  മനസ്സില്‍നിന്നും പടിയിറങ്ങുന്നുണ്ട് അതിലെ കഥാപാത്രങ്ങളായ ദാമുവും നദിയും പ്രതാപനും സുഹറയും പാപ്പാത്തിയും വിനയചന്ദ്രനും ലീനയും മറ്റുകഥാപാത്രങ്ങളും..!




05/02/2013
ആജീവനാന്തം : കെ. പി. സുധീര  (നോവല്‍)
പ്രസാധകര്‍: : കറന്‍റ് ബുക്ക്സ്
വില: 75 രൂപ



ഒരു വലിയ ജയിലകത്തേക്ക് കഥാകാരിയെ അനുഗമിച്ച്, ഓരോ സെല്ലിലേയും തടവുപുള്ളികളെ സന്ദര്‍ശിച്ച് അവരുടെ കഥനകഥകള്‍ കേട്ട്, ഒരു നൊമ്പരനിശ്വാസമുതിര്‍ത്ത് തിരികെ പോന്ന തോന്നലാണ് ഈ നോവല്‍ വായിച്ചവസാനിപ്പിച്ചപ്പോഴെന്നിലുണ്ടായത്.

ഒരു ജയില്‍ കഥ എന്നതിനേക്കാള്‍ ആ ജയിലിലെ തടവുപുള്ളികളില്‍ ചിലരുടെ കഥ എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. ജയില്‍ ജീവിതത്തേക്കാള്‍ നോവലിസ്റ്റ്  നമുക്ക് മുന്നിലവതരിപ്പിക്കുന്നത് കുറ്റവാളികളുടെ ഓരോരുത്തരുടേയും മുന്‍കാല ജീവിതമാണ്. ഓരോ തടവുപുള്ളിയും കുറ്റക്കാരനാവാനുണ്ടായ സാഹചര്യങ്ങള്‍ , അവരിലെ കുറ്റബോധം, ശാരീരികമായ തടവിനേക്കാള്‍ മാനസീകമായ, വൈകാരികമായ തടവ്, പീഢനങ്ങള്‍ എല്ലാം  കഥയില്‍ പലരിലൂടെ പറഞ്ഞുവെയ്ക്കുന്നു.

ഓരോ കുറ്റവാളിയും തടവിലാക്കപ്പെടുമ്പോള്‍ അവരേക്കാള്‍ കടുത്ത കുറ്റം ചെയ്യപ്പെട്ട സമൂഹത്തിലെ ഉന്നതര്‍ പുറത്ത് മാന്യരായി വിലസുന്നതിലെ നീതി അസമത്വം ,, വധശിക്ഷയെന്ന ക്ഷുദ്രനീതി, കുറ്റവളികളോടും അവരുടെ കുടുംബത്തോടും കാലമെത്ര പഴകിയാലുമുള്ള സമൂഹത്തിന്‍റെ വേറിട്ട സമീപനം എല്ലാം കഥാകാരി രോക്ഷത്തോടെ അവതാരികയില്‍ പറയുന്നു.  ഇതിന്‍റെയൊക്കെ ഉദാഹരണകഥകള്‍ തന്നെയാണ് നോവലില്‍ ഓരോ തടവുകാരന്‍റെയും കഥകളിലൂഒടെ വായന നമ്മളെ കൊണ്ടുപോവുന്നതും.

ഒരു പൊതുപാശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഒരു കൂട്ടം കഥകള്‍ എന്നാണ് എനിക്കീ പുസ്തകത്തെ നോവലെന്നതിനേക്കാള്‍ ഉപരി തോന്നിയത്. തെറ്റില്ലാത്തൊരു ഭാഷയില്‍ വളരെ ലളിതമായി വായിക്കാവുന്ന ഒന്ന്. 
 ---------------------------------------------------------------------------------------------

25/12/12
നായിക : സുനില്‍ ഗംഗോപാധ്യായ (ചെറുകഥ)
മനുഷ്യ സഹചമായ ആകാംക്ഷ,അത് അതിരുകടന്നാലുള്ള അവസ്ഥകളാണീ കഥയില്‍ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്. ലോഡ്ജിലെ അടുത്ത മുറിയിലെ തികച്ചും  അപരിചിതരായ താമസ്സക്കാരെ കുറിച്ചറിയാനുള്ള അമിതാകാംക്ഷ സ്വന്തം വിനോദദിനങ്ങളെ വരെ ആസ്വദിക്കാനാവാത്ത  അവസ്ഥയിലേക്കെത്തിക്കുന്ന അയാളിലൂടേയാണ്  കഥ പുരോഗമിക്കുന്നത്.വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത, മനുഷ്യന്‍റെ ചില ദൌര്‍ഭല്ല്യങ്ങളെ, എത്ര ശ്രമിച്ചാലും നിയന്ത്രിക്കാനാവാത്ത മാനസികാവസ്ഥകളെ ഏറ്റുപറയുന്ന ഒരു കഥ.
---------------------------------------------------------------



23/12/2012
പാവാടയും ബിക്കിനിയും- എം മുകുന്ദന്‍ (ചെറുകഥ)
ആഖ്യാനത്തിന്‍റെ വേര്‍വഴി പുതുമയുളളതാണ്. തലമുറകളില്‍ കാഴ്ചപാടുകളുടെ അന്തരം വരുത്തി തീര്‍ക്കുന്ന അസ്വസ്ഥതകളാണ് കഥയുടെ പ്രമേയം. പ്രൊഫ.ബാലകൃഷ്ണനും ഭാര്യ ഹേമടീച്ചര്‍ക്കും മകളുടെ പരിഷ്ക്കാരങ്ങളെ ഉള്‍കൊള്ളാനാവാത്തതും അവരുടെ ആന്തലുകളെ അറിയാതെ പോവുന്ന മകള്‍ സുമിത്രയുടെ ചെയ്തികളുമാണ് കഥാതന്തു. പക്ഷെ ആ കൊച്ചുതന്തുവിലേക്ക് കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോവുന്നത് വ്യത്യസ്ഥമായ കഥാവതരണത്തിലൂടെയാണ്.

6 comments:

  1. ഡി , നായിക , എന്നിവ വായിച്ചിടുണ്ട് . ബാക്കി രണ്ടും വായിക്കാന്‍ ശ്രമിക്കാം ഇലഞ്ഞി . സുധീരയുടെ വേറെ ഒരു കഥ കുറച്ചു മുന്നേ വായിച്ചതാണ് . ന്തായാലും അവലോകനം ( പൂര്‍ണമായില്ല എന്ന് പരാതി ) കൊള്ളാട്ടോ .

    ReplyDelete
  2. എല്ലാം ഒറ്റയ്ക്ക് വിശാലമായി എഴുതാമായിരുന്നില്ലേ ഇലഞ്ഞീ .

    ഇപ്പോള്‍ പുസ്തക വായന എന്നത് അവലോകനങ്ങളില്‍ ഒതുങ്ങി പോകും . എത്ര പുസ്തകങ്ങള്‍ എത്ര എഴുത്തുക്കാര്‍ . ഇവരെയൊക്കെ വായിക്കണേല്‍ ചുമ്മാ ഇരുന്ന് പൈസ കിട്ടുന്ന വല്ല ജോലിയും കിട്ടേണ്ടി വരും . മുമ്പ് പറഞ്ഞിരുന്നു എന്ന് തോന്നുന്നു , എനിക്ക് കൂടുതല്‍ വായിക്കുന്നവരോട് അസൂയയാണ് .
    ആദ്യത്തേതും ഒരു പരിധിവരെ രണ്ടാമതെതും വിശദമായി പറഞ്ഞു . നന്നായി .
    ഏതായാലും വായനയെ പരിചയപ്പെടുത്താന്‍ മറക്കരുത് . എന്നാലും ഇതുപോലെ ഹോള്‍സെയിലായിട്ട് വേണ്ട :)

    ReplyDelete
  3. ഈ പറഞ്ഞതൊന്നും വായിച്ചിട്ടില്ല. വായിക്കപ്പെടുന്ന പുസ്തകങ്ങളില്‍ വായനക്ക് ശേഷം തങ്ങി നില്‍ക്കുന്ന ചില സംഭാഷണങ്ങള്‍ അല്ലെങ്കില്‍ സന്ദര്‍ഭങ്ങള്‍ പുസ്തകത്ത്തിലെത് പോലെ തന്നെ എടുത്ത്തുദ്ധരിച്ച്ചാല്‍ ചിലപ്പോള്‍ അത് ആസ്വാദനത്തിനു കൂടുതല്‍ ഗുണകരമാകുമെന്ന് തോന്നുന്നു. പരിചയ പെടുത്തലിന്‍ നന്ദി.. ആസ്വാദനത്തിനു ആശംസകള്‍..

    ReplyDelete
  4. ഓരോ രചനയിലും രചയിതാവ് പറയാന്‍ ശ്രമിക്കുന്നതെന്തെന്ന് വ്യക്തമാകുന്നുണ്ടല്ലോ അല്ലെ...വായിക്കുന്നത് മനസ്സില്‍ തങ്ങുന്ന വിധത്തിലുള്ള എഴുത്തുകള്‍ ഇന്നു വിരളം ..ഷേയ പറഞ്ഞത് പോലെ പുസ്തകത്തിന്റെ അവസാന ഏടും വായിച്ച് മടക്കി വെക്കുന്നതിനു മുന്‍പ് തന്നെ മനസ്സില്‍ നിന്നും മറയുന്ന കഥയും കഥാ പാത്രങ്ങളും ..ഒരു പക്ഷെ പഴയ പാട്ടുകളെ താലോലിക്കുന്ന പോലെ ഇന്നും നമ്മുടേയൊക്കെ മനസ്സില്‍ കേശവദേവും ,ബഷീറും .ഓ.വി വിജയനും ,എം ടി യും കമലദാസുമൊക്കെ നിറഞ്ഞ യൌവനത്തോടെ നില്ക്കുന്നത് അതു കൊണ്ടാവാം ..ഹൃസ്വമെങ്കിലും കൃത്യമായ മൂല്യനിര്‍ണ്ണയം ..ഭാവുകങ്ങള്‍ :)

    ReplyDelete
  5. അവലോകനങ്ങള്‍ വായിക്കുന്നു... വായന നടക്കട്ടെ

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!