Saturday, January 9, 2016

ഗൃഹാതുരമാണീ ഓര്‍മ്മക്കാലം

പുസ്തകം : ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ 
(ഓര്‍മ്മക്കുറിപ്പുകള്‍)
വില : 110 രൂപ 
പ്രസാധകര്‍: ഡി സി ബുക്സ്

ജനിച്ചുവളര്‍ന്ന ഇടങ്ങളോട് ഓരോര്‍ത്തര്‍ക്കുമുണ്ടാവുന്ന ആഭിമുഖ്യവും അഭിനിവേശവും തീര്‍ത്തും വ്യത്യസ്തമാണ്. ആ നഷ്ടപ്പെടലുകള്‍ ചിലരെ വാവിട്ട നിലവിളികളായി ആജിവനാന്തം അലോസരപ്പെടുത്തുമ്പോള്‍ മറ്റുചിലരില്‍ ജീവിതത്തിന്‍റെ തേങ്ങലായി താളപ്പെടുന്നു.  ഒരു വസ്ത്രമുപേക്ഷിക്കുന്ന വ്യഥപോലുമുളവാകാതെ ജനിച്ച വീടുംനാടുമുപേക്ഷിക്കുന്ന പ്രായോഗികമതികളുമുണ്ട്. ശബ്ദങ്ങളില്ലാത്ത വാക്കുപോലെയാണ് ചില കുട്ടിക്കാലങ്ങള്‍.  തലമുറകള്‍ മാറുംതോറും അനുഭവസമ്പത്തിന്‍റെ കുട്ടിക്കാലങ്ങള്‍ ശോഷിച്ചുകൊണ്ടിരിക്കുന്നുവോ, കാലം പുഴയോട് ചെയ്യുന്നതുപോലെ? അതോ അടയാളപ്പെടുത്തലുകളുടെ  സ്മൃതിമാപിനീയന്തരങ്ങളോ!

‘ഇലഞ്ഞിപ്പൂ മണമുള്ള നാട്ടുവഴികള്‍’ പി സുരേന്ദ്രന്‍റെ ഓര്‍മ്മകളുടേയും അനുഭവങ്ങളുടേയും പുസ്തകമാണ്. ഓര്‍മ്മകള്‍ നങ്കൂരമിട്ടിരിക്കുന്നതാവട്ടെ, അധികവും ബാല്യത്തിലും കൗമാരത്തിലും. ആമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്, “നിത്യജീവിതത്തില്‍ മറവികളുടെ കൂടാരമാണു ഞാന്‍. അള്‍ഷിമേഴ്സ് ബാധിച്ചവനെപ്പോലെ ചിലപ്പോള്‍ ഞാന്‍ പെരുമാറാറുണ്ട്.. അതേസമയം എന്‍റെ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെയും മൈസൂറിലെ എന്‍റെ കൗമാരത്തിന്‍റെ ആദ്യവര്‍ഷങ്ങളെയും എനിക്ക് ഓര്‍ക്കാനാവുന്നുണ്ട്. അന്നത്തെ കാഴ്ചകളും ഗന്ധങ്ങളും സജീവമാണെനിക്ക്. ഭൂതകാലത്തെ നാം എത്രമേല്‍ സ്നേഹിക്കുന്നുവോ  അത്രമേല്‍ ഗൃഹാതുരത്വവും തീവ്രമാവും.”   ഗൃഹാതുരമാണീ വായനയും, ഓര്‍മ്മകളെ  ഇന്നിലേക്ക്  അടര്‍ത്തികൊണ്ടുപോന്നവര്‍ക്ക്.

മറവിയിലേക്ക് ഓടിയൊളിച്ച വളരെ പരിചിതങ്ങളായിരുന്ന ചില വാക്കുകള്‍, കാഴ്ചകള്‍, വസ്തുക്കള്‍, ജീവിതങ്ങള്‍.. എപ്പോഴണവ ഓര്‍മ്മകളില്‍ നിന്നും നിഷ്കാസിതമായത്. എന്നാണതെല്ലാം എന്‍റേതല്ലാതായി തീര്‍ന്നത്. ഈ വായനക്കിടയില്‍ തിരിച്ചുകിട്ടിയപ്പോള്‍ മാത്രം നഷ്ടപ്പെട്ടെന്നറിഞ്ഞവ..
-ഇരുവശവും തഴച്ച് വളര്‍ന്ന പൊന്തക്കാടുകളുടെ രൂക്ഷഗന്ധവും പേറി നില്‍ക്കുന്ന ‘കുണ്ടനെടേഴി’കളിലൂടെ ദിവസമെത്ര തവണ ശ്വാസമടക്കിപിടിച്ച് ഓടിയിരിക്കുന്നു. വേനലിലെ  ഇടവഴികളും, വര്‍ഷത്തിലെ നീര്‍ച്ചാലുകളുമായിരുന്നവ..
-മുവാണ്ടന്‍മാവില്‍ കൂടുകൂട്ടിയ പക്ഷികളുടെ കരച്ചില്‍  കാലന്‍ കോഴിയുടെ ശബ്ദമാണെന്ന് ഭയന്ന്  മരണചിന്തയില്‍ ഉറങ്ങാത്ത രാത്രികള്‍; അന്ന് വ്യാകുലതകളൊളിപ്പിക്കാന്‍ കരുതലിന്‍റെ ഒരു മുത്തശ്ശിമാറുണ്ടായിരുന്നെനിക്ക്..
-തെച്ചിപ്പഴവും  മുള്ളുംപഴവും പുളിങ്കുരു വറുത്തതും ഞാവൽപ്പഴവുമെല്ലാം കൊറിച്ചുനടന്നിരുന്ന കുട്ടിക്കാലം കൂട്ടുകാരോടുത്തുള്ള അലച്ചിലിന്‍റേതായിരുന്നു, അതിരറ്റ  ആഹ്ലാദത്തിന്‍റേയും..
--താളും തകരയും തുമ്പയും എരുക്കും കണ്ണാന്തളിയും  ഉമ്മത്തുമെല്ലാം കുട്ടിക്കാലത്തിന്‍റെ കാടോര്‍മ്മകളാണ്. അവ  ഉപയോഗശൂന്യമായ വാക്കുകള്‍ മാത്രമായത് ഏത് കാലത്തിരിവില്‍ വെച്ചായിരുന്നു ആവോ..
-പാവുട്ടത്തോക്കും പീച്ചാംകുഴലും ഓലപീപ്പിയും മഞ്ചാടിക്കുരുവുമെല്ലാം നഷ്ടപ്പെട്ടതും പൊയ്പ്പോയ ആ കുട്ടിക്കാലത്തിനൊപ്പമാണ്..
ഓര്‍മ്മയുടെ ഇരുട്ടറയില്‍  ഇനിയും  എന്തൊക്കെ, ആരൊക്കെ...ആര്‍ക്കറിയാം.
“മലയാളത്തില്‍ ഇങ്ങനെ എത്രയോ പദങ്ങള്‍ ഉപയോഗശൂന്യമാവുന്നു. പലതും ആളുകള്‍ക്കു വേണ്ടാതാവുമ്പോള്‍ അവയുടെ പേരുകള്‍ നിഘണ്ടുവിന്‍റെ ഏടുകളില്‍നിന്നു പുറത്തുവരാനാവാതെ തേങ്ങിക്കൊണ്ടിരിക്കും. ശബ്ദതാരാവലി തലയ്ക്കു മേല്‍വെച്ച് ഉറങ്ങിയ ദിവസം എത്രയോ വാക്കുകളുടെ മര്‍മ്മരം ഞാന്‍ കേട്ടിട്ടുണ്ട്. മറന്നോ എന്നെ മറന്നോ എന്ന് ആ പദങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പല വാക്കുകളുടേയും മുഖങ്ങള്‍ എനിക്ക് ഓര്‍ക്കാനേ പറ്റിയില്ല.  എന്നാണു കണ്ടത്? എവിടെവെച്ചാണു കണ്ടത്? ജൈവവൈവിധ്യങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ അനേകം പദങ്ങളും വിനിമയത്തിലില്ലാതാവും.”

 അവസാനത്തെ ഏടും വായിച്ചുകഴിഞ്ഞപ്പോള്‍ പുസ്തകം മടക്കിവെച്ച് ഒരുനിമിഷം ഞാന്‍  വര്‍ത്തമാനങ്ങളെ പുറത്തുനിര്‍ത്തി ഒന്നാഴത്തില്‍ ഉള്ളിലേക്ക് ശ്വാസമെടുത്തു, ദീര്‍ഘമായി, അങ്ങ് കുട്ടിക്കാലത്തോളം.  മൂക്കിന്‍ത്തുമ്പില്‍ വന്ന് തൊട്ടു  ബാല്യകാലത്തിന്‍റെ മണങ്ങള്‍.   അടുക്കളച്ചൂരുള്ളൊരു വാത്സല്യത്തെ അമ്മേയെന്ന് നീട്ടിവിളിച്ചു മനസ്സ്. തൊടി നിറഞ്ഞ് നിന്നിരുന്ന വൃക്ഷലതാദികള്‍ക്കിടയില്‍ നിന്ന് പാരിജാതവും പച്ചമന്ദാരവും   ഇലഞ്ഞിയും ചെമ്പകവും സുഗന്ധത്തില്‍ പൊതിഞ്ഞൊരു കുട്ടിക്കാലത്തെ കാട്ടികൊതിപ്പിച്ചു. ഏതോ വേനലവധിക്കാലത്തിന്‍റെ പൊള്ളും പകലുകളെ നാട്ടുമാങ്ങയുടെയും കശുമാങ്ങയുടെയും രൂക്ഷഗന്ധത്തില്‍ പൊതിഞ്ഞ് തിരികെ തന്നു ഒരു പടിഞ്ഞാറന്‍ കാറ്റ്.  മാങ്ങാചുന പൊള്ളിയ ചിരിയോര്‍മ്മകളില്‍ ഞാനാ പുസ്തകത്തിലെ വരികള്‍ വീണ്ടും വായിച്ചു. “കൂറ്റന്‍ നാട്ടുമാവുകളുടെ തണലിലായിരുന്നു ഞങ്ങള്‍ മാങ്ങാച്ചാറിന്‍റെ മണം പിടിച്ചു കാറ്റിനായി കാത്തിരുന്നത്. അവിടെ പലതരം നാട്ടുമാവുകള്‍ ഉണ്ടായിരുന്നു. പല രുചികളില്‍ പല ഗന്ധങ്ങളില്‍ മാമ്പഴം പൊഴിയും. നാട്ടുമാങ്ങ മുട്ടിക്കുടിച്ചു മതിവന്നിട്ടില്ല ഒരു കുട്ടിക്കാലത്തിനും.”

ചിതറിത്തെറിച്ച കുറേ അനുഭവ വര്‍ഷങ്ങളെ പെറുക്കിയെടുത്ത് ഓര്‍മ്മകളാക്കി ഈ പുസ്തകത്തില്‍  ചേര്‍ത്ത് വെയ്ക്കുമ്പോള്‍ പി സുരേന്ദ്രനെന്ന എഴുത്തുകാരന്‍റെ വളര്‍ച്ചകൂടി അടയാളപ്പെടുന്നുണ്ടിവിടെ. പാപ്പിനിപ്പാറയിലേയും വട്ടംകുളത്തേയും പിന്നെ പല ഇടത്താവളങ്ങളിലേയും കുട്ടിക്കാലവും ഗ്രാമീണ വായനാശാലയിലേയും  പാരല്‍കോളേജിലേയും വായനയുടെയും എഴുത്തിന്‍റെയും കൗമാരക്കാലവും ഉപ്പും ചോറും തേടിയുള്ള മൈസൂര്‍ ഓര്‍മ്മകളും ജീവിതയാത്രയില്‍ മനസിലിടം നേടിയ ചില വ്യക്തികളും കാഴ്ചകളുമെല്ലാമാണു ഇതില്‍. ഒരു സാധാരണ വായനക്കാരന്‍റെ വായനയെ തൃപ്തിപ്പെടുത്തുന്നൊരു പുസ്തകം.  പി സുരേന്ദ്രനെന്ന എഴുത്തുകാരന്‍റെ പതിവുള്ള സാഹിത്യഭംഗി ഈ പുസ്തകത്തിലാസ്വദിക്കാനായില്ല. ഓര്‍മ്മകളുടെ കുട്ടിക്കാലത്തില്‍ സാഹിത്യത്തിന്‍റെ കൃത്രിമത്വം ഇഴചേര്‍ക്കേണ്ടെന്ന് നിനച്ചിരിക്കാം.
മറവയിലേക്കൊഴുകിപോയൊരു കാലം മനസ്സിലേക്ക് തിരിച്ചൊഴുകുന്നുണ്ട്  ഈ വായനയില്‍.  കത്തുന്ന ഗ്രീഷ്മത്തിലേക്ക് പെയ്തുവീണ ഒരു വേനല്മഴയെ അതനുഭവിപ്പിക്കും; കുളിരില്ല പക്ഷേ നനയാം. പെയ്തൊഴിഞ്ഞുപോയൊരാ മഴക്കാലത്തെ മനസാ പുണര്‍ന്നുകൊണ്ട്..

18 comments:

  1. ഇലഞ്ഞിത്തണലിൽ കുറച്ചു നേരമിരുന്നു

    ReplyDelete
  2. ഇലഞ്ഞിത്തണലിൽ കുറച്ചു നേരമിരുന്നു

    ReplyDelete
  3. ഇലഞ്ഞി പൂക്കൾ പോലെ സുഗന്ധമുള്ള പരിചയപ്പെടുത്തൽ..

    ReplyDelete
  4. ആദ്യായിട്ടാ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കാതെ കമന്റ് ഇടുന്നത് . കാരണം ഇത്നേരത്തെ മാധ്യമത്തിൽ വായിച്ചിരുന്നു . :)
    ചവറുപോലെ പുസ്തകം വായിച്ചത് കൊണ്ടായില്ല ..ഇതുപോലെ ഇടയ്ക്കു എഴുതേം ചെയ്യണം അതിനെപറ്റി .
    നന്നയീണ്ട് എഴുത്ത്

    ReplyDelete
  5. ഓരോ എഴുത്തുകാരനും ആഗ്രഹിക്കുക ഇങ്ങിനെ ആഴത്തിലുള്ള വായനയാവും. ഇലഞ്ഞിപ്പൂക്കൾ ഹൃദയം കൊണ്ട് വായിക്കുന്നു. നല്ല ഭാഷയിൽ വായന പകർത്തുന്നു. രണ്ടും ഒരു പോലെ സർഗ്ഗാത്മകം.

    ReplyDelete
  6. ബുക്ക് വായിച്ചിട്ടില്ല. പുസ്തകത്തെ കുറിച്ച് എഴുതിയത് കണ്ടപ്പോൾ വായിക്കണം എന്ന് തോന്നുന്നു.
    നഷ്ടപ്പെട്ട കുട്ടിക്കാല ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് ഓടിയെത്തി.

    പുസ്തക പരിചയത്തിനു നന്ദി............

    ReplyDelete
  7. നനഞ്ഞു ... പെയ്തൊഴിഞ്ഞുപോയൊരാ മഴക്കാലത്തെ മനസാ പുണര്‍ന്നു കൊണ്ട്!

    ReplyDelete
  8. ഞാനാണെങ്കിൽ ഓർമ്മപ്പുസ്തകങ്ങളൊന്നും വായിക്കാറുംല്ല

    ReplyDelete
  9. രണ്ടിലഞ്ഞിപ്പൂക്കൾ :)

    ReplyDelete
  10. വായിച്ചിട്ടില്ല.. ഈ ഓര്‍മ്മപ്പുസ്തകത്തെ പരിചയപ്പെടുത്തിയതിന് നന്ദി.. :)

    ReplyDelete
  11. വായിക്കണം... ഇടയ്ക്ക് ഇവിടെയൊന്ന് വന്നൂടെ ഇലഞ്ഞി??

    ReplyDelete
  12. നന്നായി പരിചയപ്പെടുത്തല്‍..

    ReplyDelete
  13. നന്നായി മാഷേ, ആശംസകള്‍

    ReplyDelete
  14. വായനാ ലിസ്റ്റിലേക്ക് ഒരു പുസ്തകം കൂടി ..

    ReplyDelete
  15. ഇലഞ്ഞിപൂവിലെ ഇലഞ്ഞിപ്പൂ

    ReplyDelete
  16. പരിചയപ്പെടുത്തൽ ഹ്രിദയസ്പർശം

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!