Sunday, September 15, 2013

മെയ്യറുതിയുടെ നിറഭേദങ്ങള്‍മണല്‍ക്കാടുകളേക്കാള്‍ വരണ്ട ചില പകലുകളെ താണ്ടി മരുപ്പച്ചയാര്‍ന്ന യാമങ്ങളിലെത്തി നീണ്ടുനിവര്‍ന്ന് കിടന്ന് കണ്ണടക്കുമ്പോഴാണ് അയാള്‍ മഴനനവുകള്‍ സ്വപ്നം കാണാറ്. പക്ഷേ നനവ് പടര്‍ന്നുപെയ്ത് പരക്കുമ്പോഴേക്കും അടഞ്ഞമിഴികളില്‍  മുട്ടിവിളിച്ച് ആരോ അയാളെ ഉണര്‍ത്തും. എത്ര ഇറുകെയടച്ചാലും ആ തട്ടലിന്‍റെ പ്രകമ്പനം കണ്‍പോളകളില്‍ നിന്ന്  മാഞ്ഞുപോവില്ല.  സ്വപ്നങ്ങളെ തട്ടിപ്പറിക്കാന്‍ ആരാണിങ്ങിനെ പതിവായി മുട്ടുന്നതെന്ന് വ്യാകുലചിത്തനായി അത്തരം രാത്രികള്‍  ഉറങ്ങാനാവാതെ പുലര്‍ത്താറാണയാള്‍ പതിവ്. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ നിയന്ത്രിക്കാനാവാതെ അയാള്‍ താണ്ടുന്ന ആ പകലുകള്‍ക്ക്  വരള്‍ച്ചയാഴം ഏറെ കൂടുതലാണ്. ശേഷം കുറേ രാത്രികള്‍ അയാളെ മറഞ്ഞ് സ്വപ്നങ്ങള്‍ ഒളിച്ചിരിക്കും,  മുട്ടിവിളിക്കപ്പെടുന്ന രാത്രികളെ ഭയന്നിട്ടാകാം.

മടിയന്‍, കാര്യപ്രാപ്തിയില്ലാത്തവന്‍, താന്തോന്നി..! വീട്ടുകാരുടേയും നാട്ടുകാരുടേയും പരിചിതശബ്ദം വിശേഷണങ്ങളുടെ പട്ടിക നീട്ടുന്നത് പാതിയുണര്‍ന്ന  തലച്ചോറിലേക്ക് അലസമായി പതിക്കും. കുടുംബംനോക്കാത്തവന്‍, സ്നേഹമില്ലാത്തവന്‍, മക്കളെ താലോലിക്കാത്തവന്‍, അമ്മയെ സ്നേഹിക്കാത്തവന്‍, ഭാര്യയെ പ്രണയിക്കാത്തവന്‍,ദുഷ്ടന്‍ ...! പതിവുപല്ലവികളില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ വീട്ടില്‍ നിന്നിറങ്ങും. വഴിയോരപരിചയങ്ങള്‍ക്ക് മുഖം കൊടുക്കാതെ, വരള്‍ച്ചയുടെ അമിതദാഹത്തെ വിഴുങ്ങി പണിസ്ഥലത്തെത്താന്‍ അയാളനുഭവിക്കുന്ന പൊള്ളല്‍ മനസ്സിലാക്കാതെ മേലധികാരിയും പഴിയ്ക്കും. പിരിച്ചുവിടലിലേക്ക് വിരല്ച്ചൂണ്ടും. ശമിക്കാത്ത പകല്‍ദാഹത്തെ തോൽപ്പിക്കേണ്ടതിനെ കുറിച്ചാവും അപ്പോഴയാളുടെ ചിന്ത.

ഉറങ്ങാന്‍ മാത്രം നിശ്ചയിച്ചുറപ്പിച്ച ഒരു അവധിദിനത്തില്‍ കുടുംബിനിയുടെ ശകാരത്തില്‍ പുകഞ്ഞ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടയിലാണയാള്‍ ചുമരില്‍ തൂക്കിയ പകുതി ഫ്രെയിം അടര്‍ന്ന, പൊടിപിടിച്ച കണ്ണാടിയിലത് കണ്ടത്. ഉറങ്ങിവീര്‍ത്ത കണ്‍പീലികള്‍ക്കിടയിലൂടെ, കണ്ണിലെ ആ കറുത്ത കുത്ത്. ഒരു ഈര്‍ക്കിലിത്തുമ്പില്‍ കണ്മഷിയെടുത്ത് ആരോ പതുക്കെയൊന്ന് തൊട്ടുകൊടുത്തതുപോലെ തീര്‍ത്തും തെളിമയില്ലാത്ത ആ കുത്ത്.

ഇതുവരെ അങ്ങിനെയൊന്ന് ശ്രദ്ധിച്ചിട്ടില്ല. പീലികള്‍ വിടര്‍ത്തിയും കണ്‍പോളകളടര്‍ത്തിയും പലകോണിലൂടെ  നോക്കി. ഇല്ല,  ഇത് പുതിയതാണ്. സ്വപ്നങ്ങളെ റാഞ്ചാന്‍ ഏഴരയാമത്തില്‍  പതുങ്ങിയെത്തുന്ന തട്ട് മനസ്സില്‍ പ്രകമ്പനം കൊണ്ടു.  ധൃതിയില്‍ ഭാര്യയുടെ അടുത്തേക്ക് നടന്നു, അമ്മയെ തേടി. രണ്ടുപേരും നിസ്സാരവത്കരിച്ചു;

“ഇത് ഒരു കുഞ്ഞ് മറുകല്ലേ..തീരെ ചെറുതായതുകൊണ്ട് നിങ്ങളിതുവരെ കാണാതെയാവും. അതിന് കണ്ണാടീ നോക്കലും ഒരുങ്ങലുമൊന്നും നിങ്ങള്‍ക്ക് പതിവില്ലല്ലൊ..” ഭാര്യ  വക്ക്പൊട്ടിയ കലം തേച്ച് കഴുകുന്നതിലേക്ക് തിരിഞ്ഞു.


“നിന്‍റെ അച്ചന്‍റെ കണ്ണിലൂണ്ടാര്‍ന്നൂ ഇതുപോലെ കടുകുമണിയോളം ചെറ്യോരു കാക്കാപുള്ളി. അങ്ങേരത് ശ്രദ്ധിച്ചിട്ടേല്ല്യാ. അന്ന്ണ്ടാ വീട്ടില്‍ വെട്ടോം വെളിച്ചോം കണ്ണാടീമൊക്കെ..” അമ്മ വെറ്റിലയ്ക്കൊപ്പം ഓര്‍മ്മകളെ  നീട്ടിത്തുപ്പിയപ്പോള്‍ അയാളിറങ്ങി നടന്നു.

കണ്ണില്‍ കരട് വീണ അസ്വസ്ഥതയോടെ ആ കറുത്ത പാട്  മനസ്സില്‍ ഇടറിക്കൊണ്ടിരുന്നു. പ്രധാനനിരത്തിലേക്ക് കയറിയതും ചീറിപാഞ്ഞുവന്നൊരു ലോറി വല്ലാതെ ഭയപ്പെടുത്തി. ഭയം ഒരു കൊളുത്തുപോലെ ഉള്ളിലേക്കാഴ്ന്നു. പിന്നെയത്  മാറില്‍ പടര്‍ന്നിഴയാന്‍ തുടങ്ങി.  കണ്ണിലെ കറുപ്പ്  മനസ്സ് മുഴുവന്‍ പരന്നതുപോലെ.


തീര്‍ത്തും അവശതയോടെ തിരികെ വീട്ടിലേക്ക് നടന്നു. ഭയം  അയാളെ വല്ലാതെ ഗ്രസിച്ചിരുന്നു. കറുത്ത നിറമുള്ള മരണത്തെ കുറിച്ച് വായിച്ചതെന്നായിരുന്നു? ഏത് പുസ്തകത്തിലായിരുന്നു? ഓര്‍ത്തെടുക്കാനാവുന്നില്ല. ജന്മാന്ത അടയാളം പോലെ ഒരു അദൃശ്യബിന്ദു ഓരോ ജനനത്തിന്‍റേയും സഹചാരിയാണെന്ന്. ആയുസ്സിന്‍റെ അവസ്ഥാന്തരങ്ങളില്‍ നിറം മാറി മാറി വലുതായി, ഒടുവില്‍ ഉച്ചിയില്‍ പിടിമുറുക്കുമ്പോള്‍ മരണം മണക്കുന്ന കറുപ്പുനിറമായി അത് ദേഹം മുഴുവന്‍ പരന്നിരിക്കുമെന്ന് വായിച്ചത് ആരുടെ കഥയിലായിരുന്നു?

അമിതദാഹത്താല്‍ അയാളുഴറി. ആഗ്രഹങ്ങളുടെ ഈ ആഴം ആദ്യമായ് അറിയുകയാണ്. എത്ര കുടിച്ചാലും ശമിക്കാത്തൊരു ആസക്തിയായി ദാഹം തൊണ്ടയും കടന്ന് ആത്മാവിലേക്കൊഴുകുന്നത് അയാളറിയുന്നുണ്ടായിരുന്നു.ജീവിത മാത്രകളുടെ മനോഹാരിത ഹൃദയസ്പര്‍ശിയെന്ന്  ദാഹം അയാളില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രികളെപോലും പകല്‍ വെളിച്ചത്തില്‍ കണ്ടാസ്വദിക്കാന്‍ മനസ്സ് വെമ്പി. അധ്വാനിച്ച്, നനവാര്‍ന്ന പച്ചപ്പുകളാക്കി മാറ്റാന്‍ അയാള്‍ വരണ്ടപകലുകളെ ഇനിയുമിനിയും ആഗ്രഹിച്ചു.
തന്നെ കടന്നുപോവുന്ന പരിചിതരോടെല്ലാം അദമ്യമായൊരിഷ്ടം തോന്നി. തന്നോടെന്തെങ്കിലും സംസാരിച്ച്, കണ്ണിലെ കറുപ്പ് നിറം പകര്‍ന്നിട്ടുണ്ടോ എന്ന് അഭിപ്രായം പറഞ്ഞ് അവര്‍ കടന്നുപോവാത്തതില്‍ അയാള്‍ വ്യസനിച്ചു. എതിരെ വരുന്നവര്‍ തന്‍റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കുന്നുണ്ടോ എന്നയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നൂ. മുഖത്തേക്ക് നോക്കുന്നവര്‍ കറുപ്പ് മുഖത്തേക്കും പടര്‍ന്നിട്ടാണോ സൂക്ഷിച്ച് നോക്കുന്നതെന്ന  സംശയമായി. ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകളെ കുറിച്ച് അന്നാദ്യമായി വ്യാകുലപ്പെടുമ്പോള്‍ സ്വയം ആശ്ചര്യംതോന്നി.

ഉച്ചവെയില്‍ എല്ലാ തണലിടങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ട്  പടര്‍ന്ന്പന്തലിക്കുകയാണ്. പൊള്ളിക്കുന്ന ചൂട് വേനലെന്ന നിത്യസത്യത്തെ പേറി ചുട്ടുപഴുക്കുന്നു. വിയര്‍ത്തൊലിച്ച്, കറുപ്പിന്‍റെ അഭംഗിയെ കുറിച്ചോര്‍ത്തുകൊണ്ടയാള്‍ നടത്തത്തിന് വേഗത കൂട്ടി. വേദന നെഞ്ചില്‍ നിന്നും കാല്പാദങ്ങളിലേക്ക് പടര്‍ന്നത് അയാളെ കൂടുതല്‍ ചകിതനാക്കി.
അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്നേഹവുമെല്ലാം മനസ്സിലേക്കോടിവന്നു. വീട്ടിലെത്താന്‍ ക്ഷമയില്ലാതെ, ഈ നിമിഷം അവരെ കാണാന്‍ ഇങ്ങിനെ ആഗ്രഹിക്കുന്നത്  ഇതാദ്യമെന്നത് സത്യം.

വീട്ടിലേക്കുള്ള  തിരിവിലാണ് അയാള്‍ ആ കറുത്ത പൂച്ച ചത്തുകിടക്കുന്നത് കണ്ടത്. ഏതോ വാഹനം കയറിയതാണ്. ഒരുരോമം പോലും നിറഭേദമില്ലാത്ത കറുത്തൊരു പൂച്ച! ചുറ്റും കാക്കകള്‍ വട്ടമിട്ടിട്ടുണ്ട്. പക്ഷേ നിറം കറുപ്പായതുകൊണ്ടോ തുറന്ന് കിടക്കുന്ന കണ്ണുകളില്‍ കറുപ്പ് പടര്‍ന്നിട്ടില്ലാത്തതിനാലൊ കാക്കള്‍ പൂച്ചയെ തൊടുന്നില്ല.അയാളതു നോക്കി നിരത്തുവക്കില്‍ കുറച്ച് നേരം നിന്നു.

ഇപ്പോള്‍ ദാഹമൊട്ട് ശമിച്ചിരിക്കുന്നു, പടര്‍ന്നാഴ്ന്ന വേദനയുമറിയുന്നില്ല. കണ്ണിലെ കറുപ്പിന്‍റെ ഇടര്‍ച്ച.... വീട്ടിലേക്ക് കയറുമ്പോള്‍ കാക്കകളുടെ കാ കാ ശബ്ദം വര്‍ദ്ധിക്കുന്നതറിയുന്നുണ്ടായിരുന്നു. കറുത്ത പൂച്ചയുടെ കണ്ണുകളും നിറം മാറിയിരിക്കും.

കണ്ണിലെ കറുപ്പ് അളക്കാന്‍ കണ്ണാടി തേടി ധൃതിയില്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കിടപ്പ്മുറിയുടെ ചുമരില്‍ തപ്പുമ്പോഴാണ് കൈ തട്ടി പൊടിപിടിച്ച, ഫ്രെയിം പാതിയടര്‍ന്ന കണ്ണാടി താഴെവീണതും തകര്‍ന്നുടഞ്ഞതും.

മരണം കൈമാറ്റം ചെയ്യപ്പെടുന്ന  കഥാതന്തുവിനെ രാകിമിനുക്കി അയാള്‍ സമാധാനത്തോടെ കിടക്കയിലേക്ക് വീണു,പകലുകളുടെ നനവാര്‍ന്ന സാധ്യതകളെ വീണ്ടും വരള്‍ച്ചകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്..

49 comments:

 1. മരണഭയമെന്ന കറുപ്പ് മനസ്സിനെ വരിയുമ്പോള്‍ പതറിപ്പോകുന്ന മനുഷ്യന്‍..,.. നല്ല വായന സമ്മാനിച്ചു..

  ReplyDelete
 2. മനുഷ്യന്റെ മരണത്തോടുള്ള ഭയത്തെ ആകര്‍ഷമായ ഭാഷയില്‍ പറഞ്ഞു.മരണം ഉറപ്പായാലുള്ള മനസ്സിന്റെ ചാഞ്ചാട്ടങ്ങള്‍ ..മനോഹരമായി തന്നെ ആവിഷ്ക്കരിച്ചു....

  ReplyDelete
 3. ഇനി കറുപ്പിലൂടെ,ഇരുട്ടിലൂടെയാണ് യാത്ര....ഒരു കണ്ടെത്തലിന്റെ അവസാനം. മികച്ച,വേറിട്ട അവതരണം.

  ReplyDelete
 4. മരണ ഭയം പിടികൂടിയാൽ പിന്നെ...

  ReplyDelete
 5. കഥ നന്നായിട്ടുണ്ട്.
  ഭാഷാപരമായ ചില സാങ്കേതികത്തകരാറുകള്‍ വന്നത് നോട്ട് ചെയ്തു.

  ബ്ലോഗില്‍ കനമുള്ള സൃഷ്ടികളൊന്നും കാണാറില്ലയെന്ന് കുറ്റപ്പെടുത്തുന്നവര്‍ക്ക് വായിക്കാന്‍ കൊടുക്കാവുന്ന ഒരു രചനയാണിത്.

  ReplyDelete
 6. നന്നായി .
  അജിത്തേട്ടൻ പറഞ്ഞ പോലെ ഇത്തിരി കനമുള്ള സൃഷ്ടികളിൽ പെടുത്താവുന്ന ഒന്ന് . അതേ സമയം ഇത്തിരി സൂക്ഷമത വായനയിൽ ആവശ്യപ്പെടുന്നുണ്ട് .
  അവസാനം മരണ ഭയം കൈമാറ്റം ചെയ്യപ്പെടുന്നു . അതോടൊപ്പം മരണഭയം കാരണം ഇല്ലാത്ത ഒന്ന് ഉണ്ടാവുന്നു എന്നും പറയുന്നുണ്ട്. അത് കുടുംബക്കാരോടുള്ള സ്നേഹമോ മറ്റെന്തുമോ ആവാം .

  ReplyDelete
 7. കണ്ണുകളിലെ കറുപ്പ് - മരണഭയം മാത്രമല്ല, കാഴ്ച നഷ്ടപ്പെടുന്ന ഭയവും സമ്മാനിക്കുന്നുണ്ടാവാം.
  അതോടെ കടന്നുവരുന്ന വിവിധങ്ങളായ ചിന്തകളെ നന്നായി ദൃശ്യവത്കരിച്ചിരിക്കുന്നു. നായകനോടൊപ്പം സഞ്ചരിക്കുന്ന ഒരു ഫീലിംഗ്.
  "ഉറങ്ങാന്‍ മാത്രം നിശ്ചയിച്ചുറപ്പിച്ച ഒരു അവധിദിനത്തില്‍ കുടുംബിനിയുടെ ശകാരത്തില്‍ പുകഞ്ഞ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടയില്‍..." - പാവം ചില കുടുംബനാഥന്മാര്‍. അപ്പോള്‍ ഭാര്യ സ്വൈരം കൊടുക്കാത്തതുകൊണ്ടാണ് ഭര്‍ത്താക്കന്മാര്‍ വീടുവിട്ടു പുറത്തുപോകുന്നത് അല്ലെ?

  ReplyDelete
 8. മനുഷ്യമനസ്സിന്‍റെ വിഹ്വലതകള്‍ അര്‍ത്ഥഗര്‍ഭമായി അവതരിപ്പിച്ചിരിക്കുന്നു.
  ഓണാശംസകള്‍

  ReplyDelete
 9. തീരെ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരെണ്ണം ഇവിടെ നിന്നും. മാറാല നിറഞ്ഞ ഒരു ഇടനാഴിയിൽ നില്ക്കുന്ന അനുഭവം വായിക്കുമ്പോൾ. അവതരണത്തിൽ ഒരു പുതുമ കാണുന്നു.

  ReplyDelete
 10. ഞാൻ രാവിലേ വായിച്ചതാണു. മരണത്തെ പറ്റിയും ഭയത്തെപെറ്റിയും ഗഹനമായ വരികൾ കണ്ടപ്പോൾ എനിക്ക് വലുതായൊന്നും മനസ്സിലായില്ല. അതാ മിണ്ടാണ്ടെ പോയെ. എന്തായാലും നന്നായിട്ടുണ്ട് ഇലഞ്ഞീ.. അഭിനന്ദനങ്ങൾ.

  ReplyDelete
 11. നല്ല വായനാനുഭവം .....

  ReplyDelete
 12. വായിച്ചു ,, ഒന്ന് കൂടി വായിക്കട്ടെ :)

  ReplyDelete
 13. കഥ വായിച്ചു....
  എഴുത്ത് മനോഹരം

  ആശംസകള്‍

  ReplyDelete
 14. കണ്ണില്‍ പടര്‍ന്ന കറുപ്പിലൂടെ മരണഭയം നിറയുന്ന മനസ്സിനെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു ഷേയാ... ഇഷ്ടായീ ഈ എഴുത്ത്

  ReplyDelete
 15. ദുരൂഹമായ മനസ്സിന്‍റെ ദുര്‍ഗ്രാഹ്യമായ ചിന്തകള്‍ നന്നായി പകര്‍ത്തി ..

  ReplyDelete
 16. അതിജീവനം അസാധ്യയമാകുന്ന ഘട്ടത്തിലെ സ്വാഭാവികാവസ്ഥയായാണ് ഭയത്തെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

  ഇവിടെയും അതങ്ങനെത്തന്നെയെന്ന് തിരിച്ചറിയുന്നു, അതുകൊണ്ടാണല്ലോ സാധ്യത തെളിഞ്ഞു വരുന്ന മുറക്ക് ഭയമൊഴിഞ്ഞു സൗഖ്യമാകുന്നതും.

  നിരുത്തരവാദ ജീവിതം {?} നയിക്കുന്ന, ഒരുപക്ഷെ കൂസലന്യേന ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് സ്വാസ്ഥ്യം കെടുത്തുന്ന ഒന്നായി "ദേ അവസാനിക്കുന്നു" എന്ന തോന്നല്‍ ഉണ്ടാക്കുന്ന ഭീതിയും ഭയവും അയാളില്‍ എത്രവേഗത്തിലാണ് സ്വാഭാവ വ്യതിയാനം ഉണ്ടാക്കുന്നതെന്ന്‍ ഈ കഥ കാണിച്ചു തരുന്നു. ശേഷം, ഏത് ഭയത്തെയും ജയിക്കുന്ന ഒരു ഇച്ഛാശക്തി സ്വയമാര്‍ജ്ജിക്കുന്ന വിധത്തില്‍ ആളുകളില്‍ തന്നെയുള്ള താദാത്മ്യപ്പെടാനുള്ള സഹജമായ കഴിവിനെ ഈ കഥ പറഞ്ഞു തരുന്നു. പൂച്ച അതിനൊരടയാളമായി {മറ്റൊരു വിധത്തിലെങ്കിലും} അവതരിക്കുന്നത് കഥയില്‍ പറഞ്ഞവസാനിപ്പിക്കുന്ന കാര്യത്തിന്/ജീവിതത്തിന് ബലമേറ്റുന്നു.

  'കഥ' നല്ലത്, ആശംസകള്‍.!

  ReplyDelete
 17. കഥ നന്നായിരിക്കുന്നു

  ReplyDelete
 18. Nalla katha,marana bhayam nannayi feel cheythu...

  ReplyDelete
 19. ഇന്നാണ് ഇത് കണ്ടത്...
  കഥ നന്നായിട്ടുണ്ട് ...ഇഷ്ടപ്പെട്ടു...

  ReplyDelete
 20. കഥ ഉഷാറായിട്ടുണ്ട്..ഭംഗിയായി അവതരിപ്പിച്ചു ...

  ReplyDelete
 21. ഈ മരണ ഭയം ഏതൊരുവനിലുമുള്ള
  ഒരു ഘടകമാണെങ്കിലും ,കഥയായി വിരളമായി
  ചിത്രീകരിക്കപ്പെടുന്ന ഒരു വസ്തുതയായതിനാൽ ഇക്കഥ
  മറ്റ് കഥകളേക്കാൾ വേറിട്ട് നിൽക്കുന്നൂ

  ReplyDelete
 22. മരണഭയം.. കഥ ഇഷ്ടപ്പെട്ടു. നല്ല കൈയ്യൊതുക്കം.
  അക്ഷരത്തെറ്റ് >> പരയ്ക്കുമ്പോഴേക്കും >> പരക്കുമ്പോഴേക്കും അല്ലേ ശരി

  ReplyDelete
 23. നല്ല കഥ - ഇഷ്ടമായി.
  കൂടുതല ഒന്നും പറയാനില്ല.
  ഇവിടെ കഥ വായിക്കുന്നത് ആദ്യമായാണ്‌

  ReplyDelete
 24. സന്തോഷം, നന്ദി വായിക്കാന്‍ വന്ന എല്ലാ സുഹൃത്തുക്കളോടും..

  ReplyDelete
 25. വ്യാകുലചിന്തകളില്‍ കുടുങ്ങി ജീവിതം നരകതുല്യമായിപോകുന്ന മനുഷ്യരേ കുറിച്ചുപറഞ്ഞ കഥ നന്നായി.
  ഭാവുകങ്ങള്‍.

  ReplyDelete
 26. കഥ നന്നായിരിക്കുന്നു .

  ReplyDelete
 27. This comment has been removed by the author.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. ഷേയാ.....ലളിതമനോഹരമെന്ന്‍ പറയാനാകില്ല....
  ഗഹനമായ എഴുത്ത്...ശക്തിയുള്ള ഭാഷ.
  അഭിനന്ദനങ്ങളും....സ്നേഹവും.

  ReplyDelete
 30. അടയാളങ്ങളുടെ ചാര്‍ത്തുപുസ്തകങ്ങളില്‍ വീഴുന്ന കറുത്ത ഒരു സൂചിവര പോലും ഭാവിയെ നിര്‍ണ്ണയിക്കുമെന്ന ആശങ്കയാണ് അയാളെ ഇവ്വിധം ഭയചകിതനാക്കുന്നത്.
  വീട്ടകത്ത് കറുത്ത കുത്തിന്റെ വെളിപ്പെടുത്തലിലൂടെ അയാള്‍ക്ക് മാത്രമറിയാവുന്ന ഒരു മാര്‍ഗഭ്രംശത്തിന്റെ അവശേഷിപ്പിന് ന്യായീകരണമോ സാന്ത്വനമോ തേടുമ്പോള്‍ 'അച്ഛനും ഇതൊക്കെത്തന്നെയായിരുന്നു 'എന്ന മട്ടില്‍ അമ്മയാണ് അയാള്‍ക്ക് തുണയാവുന്നത്...

  കറുപ്പിനെ പൂശാനുള്ള കുമ്മായക്കൂട്ടെന്ന പോലെ മുമ്പില്ലാത്ത ചിട്ടയോടെ, നേര്‍മാര്‍ഗത്തിലൂടെ ആള്‍ക്കൂട്ടത്തിന്റെ കാഴ്ചകളിലേക്ക് ഇമ വെട്ടാതെ നടക്കുകയാണയാള്‍. ചില ക്രമപ്പെടുത്തലുകള്‍ക്ക് പേടിയോളം മികച്ച ഔഷധമെന്താണുള്ളത്

  വര്‍ത്തമാനത്തിന്റെ നന്നേ കറുത്ത പുറംകാഴ്ചകളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണപ്പേടിയോളം ഭീതിദമായ ഈ അശാന്തത വെറുമൊരു കാണാപ്പുള്ളിയാണെന്ന് കഥാപാത്രം തിരിച്ചറിയുന്നതോടെ, കറുപ്പിന്റെ അളവുമാപിനി പോലും ഉടച്ചെറിഞ്ഞ് അയാളെ സ്വതന്ത്രനാക്കുന്നുണ്ട് 'കഥാകാരന്‍...'
  അയാള്‍ക്കും ഉറങ്ങാന്‍ സമയമായിരുന്നല്ലോ....
  കഥയുടെ സൂക്ഷ്മവായനകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. !
  ഭാവുകങ്ങള്‍!

  ReplyDelete
 31. കഥ നന്നായി ഷേയ

  ReplyDelete
 32. ഇലഞ്ഞിച്ചേച്ചീ എനിക്കിങ്ങനൊരു കഥ ഇവിടെ വായിക്കാനായതിൽ അത്ഭുതമൊന്നും തോന്നുന്നില്ല. ഇതിലെ ആ ആദ്യപാരഗ്രാഫ് എന്നെ എഴുത്തിന്റെ ഒരു പ്രത്യേക രീതിയിലൂടെ കൊണ്ടുപോയി കുളിർമഴയിൽ നിൽക്കുന്ന ഒരു സുഖം നൽകി. പിന്നീട് വായനയിൽ വല്ലാതെ മനസ്സിലുടക്കിയത് ആ കറുത്ത മറുക് ആദ്യമായി അയാൾ കണ്ണാടിയിൽ കണ്ട് പുറത്തേക്കിറങ്ങിയപ്പോൾ അയാളിൽ ഉരുത്തിരിഞ്ഞ ഭയം കലർന്ന ചിന്തകളും അതിന്റെ ആധികളുമായിരുന്നു.! അത് വല്ലാത്തൊരു ഭയം മനസ്സിൽ നിറച്ചു.
  എനിക്ക് തോന്നുന്നത് ഇന്ന് ലോകജനതയ്ക്ക് ഏറ്റവും ഭീഷണിയായിരിക്കുന്ന രോഗം 'ഭയം' ആണ്. അത് എന്തിനെ കുറിച്ചായാലും വേണ്ടില്ല, മനസ്സിലുരുത്തിരിയുന്ന ഭയമാണ് ഇന്നത്തെ ലോകത്ത് ജനങ്ങൾ നേരിടുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഒരു രോഗം.!
  സ്വയം മാത്രം ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു പ്രത്യേക രോഗം.
  ഇതിനായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ ലക്ഷങ്ങൾ വെറുതേ ചിലവിടുന്നു പാവം ജനങ്ങൾ.!

  ReplyDelete
 33. ഇരുത്തി ചിന്തിപ്പിച്ചു കളഞ്ഞല്ലോ .... നന്നായി എഴുതിട്ടോ .. കണ്ണിലെ കറുപ്പ് അളക്കാന്‍ കണ്ണാടി തേടി ധൃതിയില്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കിടപ്പ്മുറിയുടെ ചുമരില്‍ തപ്പുമ്പോഴാണ് കൈ തട്ടി പൊടിപിടിച്ച, ഫ്രെയിം പാതിയടര്‍ന്ന കണ്ണാടി താഴെവീണതും തകര്‍ന്നുടഞ്ഞതും.... മരണം മാടിവിളിക്കുമ്പോൾ .....
  വീണ്ടും വരാം ... സ്നേഹ പൂർവ്വം
  ആഷിക് തിരൂർ

  ReplyDelete
 34. വളരെ നന്നായി കഥ. ആശംസകൾ !

  ReplyDelete
 35. ജീവിതം കറുത്ത നിഴലുകള്‍ വീഴ്ത്തുമ്പോള്‍ സംഭവിക്കുന്നത്‌ .നന്നായി, കഥ.

  ReplyDelete
 36. എനിക്കിപ്പഴെ വായിക്കാന്‍ സൗകര്യം കിട്ടിയുള്ളൂ. :P
  മരണഭീതിയില്‍ രസം പിടിച്ചു വായിച്ചു വരികയാര്‍ന്നു. പെട്ടെന്ന് തീര്‍ന്നു പോയി.
  തീരെ നന്നായില്ലെന്നു ഞാന്‍ പറയുന്നത് ഒട്ടും വിശ്വസിക്കണ്ടാ.
  :/

  ReplyDelete
 37. നന്നായിരിക്കുന്നു........ കഥ

  ReplyDelete
 38. നന്ദി, കഥ വായിച്ച, അഭിപ്രായങ്ങള്‍ പറഞ്ഞ പ്രിയകൂട്ടുകാര്‍ക്ക്...

  ReplyDelete
 39. കഥ നന്നായിട്ടുണ്ട്

  ReplyDelete
 40. മെയ്യറുതിയുടെ വ്യാകുലത......പിന്നെ സുവിധിതമായി പുന:സ്ഥാപിച്ചും പുന:സ്സംസ്കരിച്ചും കിട്ടുന്ന ജീവിത ചോദന .. ഇവക്കിടയിലെ കറുത്ത പൂച്ചയെന്ന ചാലക ബിംബം.. എല്ലാം ചേര്‍ന്ന് കഥ ഉയര്‍ന്ന തലത്തില്‍ പ്രതിഷ്ടിതമാകുന്ന അപൂര്‍വ രചന. നന്ദി..അഭിനന്ദനങ്ങള്‍ ...

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!