പ്രസാധകര്‍, : മാതൃഭൂമി ബുക്സ്
വില : 80 രൂപ
എത്ര കരുതലോടെയാണ് ദേവകി നിലയങ്ങോട് എന്ന അനുഗ്രഹീത എഴുത്തുകാരി തന്‍റെ ജീവചരിതം വായനക്കാരന് പറഞ്ഞുതരുന്നത് ! സ്നേഹമയിയായ മുത്തശ്ശി ഒരു ഘോരക്കഥ കുഞ്ഞുമനസ്സുകളെ ഭയചകിതമാക്കാതെ പറഞ്ഞുകൊടുക്കുന്ന അതേ സൂഷ്മതയോടെ, നിപുണതയോടെ..!!
ഇത്രയും ഭീകരമായ ഒരു കാലഘട്ടത്തെ കുറിച്ച്, ഒരു പ്രത്യേക സമുദായിക ജീവിതചര്യകളെ കുറിച്ച് പറയുമ്പോള്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെ തികച്ചും വസ്തുനിഷ്ടമായി പറഞ്ഞുവെച്ച് വായനക്കാരനെ എഴുത്തിലുടനീളം അവര്‍ നിശബ്ദം ഓര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്; ഒട്ടും അത്ഭുതപ്പെടേണ്ട, അമര്‍ഷപ്പെടേണ്ട. ഇത് ഇന്നിന്‍റെ കഥയല്ല, കാലം കഥപറയാന്‍ തുടങ്ങുമുന്‍പേ ജീവിച്ചിരുന്നവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ചില ശിഷ്ടങ്ങളില്‍ ജീവിച്ചിരുന്നവരുടെ കഥ മാത്രമാണ്. പറയാതെ പുറകിലാക്കപ്പെട്ട നീണ്ടകാലക്കഥകളേക്കാള്‍ എത്രയോ നിസ്സാരമാണിവ. ഇതൊരു സമുദായത്തിന്‍റെ മാത്രം അനുഭവങ്ങളല്ല, തീരശ്ശീലയും അരങ്ങും മാറുമ്പോഴും ആചാരചേഷ്ടകള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ സമാനമാണ്. അത് കാലത്തിന്‍റേതാണ്. സംസ്കാരങ്ങളുടേതാണ്. അനുഷ്ടാനങ്ങളുടേതാണ്! അതുകൊണ്ടുതന്നെയാവാം ജീവിതത്തിന്‍റെ ഇരുത്തം വന്ന എഴുപതികളില്‍ ഇതെഴുതി വായനാലോകത്തിന് സമ്മാനിക്കാന്‍ അവര്‍ മുതിര്‍ന്നതും.
ദേവകി നിലയങ്ങോട് എന്ന നന്മ നിറഞ്ഞ എഴുത്തുകാരി ‘കാല്പകര്‍ച്ചകള്‍‘ എന്ന തന്‍റെ പുസ്തകത്തിലൂടെ പറഞ്ഞുവെച്ചത് ശൂന്യതയില്‍ നിന്നും അവര്‍ ഇഴച്ചേര്‍ത്തെടുത്ത ഭാവനാസൃഷ്ടിയല്ല. ഹൃദയഭേദകമായ ജീവിതാനുഭവങ്ങളാണ്, തന്‍റേയും തനിക്ക് ചുറ്റും ജീവിച്ച് തീര്‍ന്നവരുടേയും. ഇതില്‍ കൂര്‍ത്ത കരിങ്കല്‍ച്ചീളുകള്‍ പോലെ തുളച്ച് കയറുന്നത് വാക്ചാതുര്യ പ്രഭാവമല്ല, മറിച്ച് നേരനുഭവങ്ങളുടെ, കണ്‍കാഴ്ച്കളുടെ നേരടരുകളാണ്. അതുകൊണ്ട്തന്നെയാണാ വാക്കുകള്‍ക്ക് വത്സരകാതങ്ങളേറെ പിന്നിട്ടിട്ടും, സൌമ്യതയാല്‍ മയം വരുത്തിയിട്ടും ആറാത്ത തീക്ഷ്ണോജ്ജ്വലത.
‘നഷ്ടബോധങ്ങളില്ലാതെ’ എന്ന ആത്മകഥയും പലതലക്കെട്ടുകളില്‍ എഴുതിയ ഒരുകൂട്ടം സ്മരണകളുമാണ് ‘കാലപ്പകര്‍ച്ചകള്‍‘ എന്ന പുസ്തകത്തിലെ ഉള്ളടക്കം. ഓരോ അധ്യായവും വായനക്കേകുന്നത് പൊള്ളിക്കുന്ന കുറേ മണ്മറഞ്ഞുപോയ ജീവിതാചാരങ്ങളെയാണ്. ലളിതമായ ഭാഷയില്‍ ഒരു കാലഘട്ട ചെയ്തികളെ മൊത്തം വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെടാത്ത എഴുത്തിലൂടെ, പ്രാഥമിക വിദ്യഭ്യാസം പോലും ലഭിക്കാത്ത തന്‍റെ സ്വന്തം വരമൊഴികളിലൂടെ ആത്മാവില്‍ തട്ടും വിധം എഴുത്തുകാരി നമുക്ക് സമ്മാനിക്കുകയാണ്. ആ വരമൊഴികളിലെവിടേയും കുറ്റപ്പെടുത്തലുകളില്ല, ശാപവചനങ്ങളില്ല. അന്ന് അതായിരുന്നു ജീവിതം, അങ്ങിനെ ജീവിച്ചേ പറ്റൂ, ഒരു കാലഘട്ടത്തിന്‍റെ നിയോഗമതായിരുന്നു, ഒരു ജനതയുടേയും എന്ന് പറഞ്ഞുവെക്കുകയാണ്.
അതില്‍, ഇല്ലത്തിന്‍റെ ചുറ്റുമതിലിനും കുടുംബക്ഷേത്രത്തിനുമപ്പുറം പുറം ലോകം കാണാത്ത, ഒരിക്കല്‍ പോലും വേട്ടപുരുഷന്‍റെ കൂടെ കഴിയാന്‍ വിധിയില്ലാതെ വിധവയായി ശിഷ്ടജീവിതം നയിക്കേണ്ടിവരുന്ന അന്തര്‍ജ്ജനങ്ങളുടെ, അവര്‍ക്കുചുറ്റും ജീവിതം കരുപിടിപ്പിക്കുന്ന എച്ചിലുകള്‍ മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ട ഇരിക്കണമ്മമാരുടെ, വായനപോലും കുറ്റകരമായ ഇല്ലങ്ങളിലെ ഇരുട്ടുപിടിച്ച അകത്തളങ്ങളേക്കാള്‍ ഇരുളിമയാര്‍ന്ന കുറേ സ്ത്രീജന്മങ്ങളുടെ, ആണ്ടുതോറും പെറ്റുകൂട്ടാന്‍ വിധിക്കപ്പെട്ട അന്തര്‍ജനത്തിന് പിറന്ന് വീണ് ആരാന്‍റെ അമ്മിഞ്ഞ കുടിച്ച് ഇരിക്കണമ്മമാരുടെ കൈകളില്‍ വളരേണ്ടിവരുന്ന സ്നേഹവാത്സല്യങ്ങളന്യമായിരുന്ന കുഞ്ഞുങ്ങളുടെ, ആണ്ടിലൊരിക്കല്‍ പൊടിതട്ടിയെടുത്ത് തിളക്കം വരുത്തുന്ന നിലവറയിലെ ഓട്ടുവിളക്കുകളെ പോലെ ഓണക്കാലങ്ങളില്‍ മാത്രം പ്രകാശമാനമാകുന്ന വടിക്കിനികളുടെ , പിന്നീട് പതുക്കെ പതുക്കെ നീണ്ടുവന്ന അടുക്കള വിചാരങ്ങള്‍ ചുറ്റുമതിലുകള്‍ പൊളിച്ച് ഇല്ലങ്ങളെ പ്രകാശമാനമാക്കുന്ന കാഴ്ച്ചകളുടെ എല്ലാം ചരിതങ്ങളുണ്ട്.
മലപ്പുറം ജില്ലയില്‍ മൂക്കുതലയിലെ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്‍റെ അറുപത്തിയെട്ടാം വയസ്സില്‍, മൂന്നാം വേളിയില്‍ അദ്ദേഹത്തിന്‍റെ പന്ത്രണ്ടാമത്തെ സന്തതിയായാണ് 1928-ല് ദേവകി അന്തര്‍ജനത്തിന്‍റെ ജനനം. തികച്ചും അപരിഷ്കൃതമായ, ധനാഢ്യമായ ഇല്ലം. സംസ്കൃതപഠനത്തിന് ഇല്ലത്ത് തന്നെ ഗുരുകുലമുണ്ടായിരുന്നിട്ടും പെണ്‍കുട്ടികളെ രാമയാണവായനക്കപ്പുറം എഴുത്തും വായനയും പഠിപ്പിക്കാന്‍ ധൈര്യപ്പെടാത്ത വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നിടം. ആത്തേമ്മാര്‍ക്കും ഇരിക്കണമ്മമാര്‍ക്കുമപ്പുറമുള്ള പുറംലോകം ഇല്ലത്തെ അന്തര്‍ജനങ്ങള്‍ക്ക് അചിന്തനീയമായിരുന്നു. നമ്പൂതിരി സമൂഹങ്ങള്‍ക്കിടയില്‍ വിടി, എം ആര്‍ ബി, പ്രേംജി തുടങ്ങി പലരിലൂടെയും വീശിയ പരിഷ്കാരാഹ്വാനങ്ങള്‍, കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാര സ്ഫുലിംഗം എന്നിവ വളരെ വൈകിമാത്രം പ്രതിധ്വനിച്ച ഒരിടമാണ് പകരാവൂര്‍ മന.
സമൃദ്ധിയുടെ നടുക്കടലിലും വിശന്നവയറും ഗ്രഹണിപിടിച്ച് ശോഷിച്ച ശരീരവുമായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് അന്നത്തെ അന്തര്‍ജനങ്ങളും കുട്ടികളും. കറന്ന് തീരാത്ത പാലും കൊയ്ത് തീരാത്ത വയലും ദൈവനിവേദ്യങ്ങള്‍ക്കും അഥിതിസല്‍ക്കാരങ്ങള്‍ക്കും ആണ്‍കോയ്മയ്ക്കും വേണ്ടി ഒഴുക്കികൊണ്ടിരിക്കുമ്പോഴും ഇരുളടഞ്ഞ അകത്തള ജാലകങ്ങളിലൂടെ ഒഴിഞ്ഞവയറിന്മേല്‍ മുണ്ട് മുറുക്കിയെടുത്ത് ഇതെല്ലാം വീക്ഷിച്ച് നാവ് നീട്ടി നുണഞ്ഞിരുന്നിരുന്ന ഒരു പെണ്‍കൂട്ടത്തെ ആരും കാണാതിരുന്നത് ഒരു പക്ഷേ കാലഘട്ടത്തിന്‍റെ അന്ധത ഒന്നുകൊണ്ടായിരുന്നിരിക്കാം. ഒരു മാറ്റങ്ങളുമില്ലാത്ത ഒരു ദിവസത്തിന്‍റെ പകര്‍പ്പ് പോലെ എല്ലാ ദിവസങ്ങളും വിശന്ന വയറുമായി അമ്പലത്തില്‍ പോക്ക്,തേവാരത്തിനൊരുക്കല്‍,നേദിക്കല്‍ എന്നിവയിലൊതുങ്ങുന്ന ജീവിതങ്ങള്‍. അവിടെ മുതിര്‍ന്നവര്‍ക്ക് ആണ്ടിലൊരിക്കല്‍ കിട്ടുന്ന രണ്ട് വസ്ത്രങ്ങള്‍ക്കോ, കുട്ടികള്‍ക്കാണെങ്കില്‍ കൂമ്പാള ഉണക്കിയെടുത്ത കോണകത്തിനോ അപ്പുറം ഒരു ആര്‍ഭാഢവുമാഗ്രഹിക്കാനില്ല. പെണ്‍കുട്ടികള്‍ ‘ഉടുത്തു തുടങ്ങുന്നതോടെ’ ലഭിക്കുന്ന തടിയില്‍ പണിത് പിച്ചളകെട്ടിച്ച പെട്ടിയാണത്രെ ഒരു സ്ത്രീയുടെ ഏക ആജീവനാന്ത സമ്പാദ്യം!
“പതിഞ്ചാമത്തെ വയസ്സിലാണ് എന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്‍റെ തലേ ദിവസമാണു ഞാന്‍ അറിഞ്ഞത്, മറ്റന്നാള്‍ എന്‍റെ കൊടുക്കയാണ് എന്ന്. പണിക്കാരികളാണ് ഈ വിവരം പെണ്‍കിടാങ്ങളെ അറിയിക്കുക. വൈകുന്നേരം കുളത്തില്‍ മേല്‍കഴുകാന്‍ പോവുമ്പോള്‍ തുണയ്ക്കു വരുന്ന പെണ്ണ് പറയും:‘കുട്ടിക്കാവേ, നാളെ മനേരിച്ചിലായീലോ’. മനേരിച്ചില്‍ എന്നാണ് വിവാഹത്തിനു പറയുന്ന ആചാരഭാഷ.മന തിരിച്ചില്‍ അഥവാ വീട് മാറല്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. എവിടേക്കാണ് വേളി കഴിച്ചു കൊടുക്കുന്നതെന്നോ, ആരാണ് വരനെന്നോ ദാസിപ്പെണ്ണിനും അറിവുണ്ടായിരിക്കില്ല. കല്യാണം കഴിഞ്ഞേ പെണ്‍കിടാങ്ങള്‍ അത് അറിയാറുള്ളൂ.” കിഴവനോ, രോഗിയോ ആരാണ് തന്‍റേതെന്ന്, കാടോ മലയോ എവിടെയാണ് താനിനിയെന്ന് സ്വപ്നം കാണാനുള്ള സ്ത്രീയുടെ അവകാശമാണ് ഈ വരികളില്‍ വരച്ചിട്ടിരിക്കുന്നത്! ‘നല്ലോണം ഉണ്ണാനും ഉടുക്കാനും ഉണ്ടാവണേ,നെടുമംഗല്യമുണ്ടാവണേ...’ എന്നതിനപ്പുറം അന്നത്തെ സ്ത്രീ ജന്മങ്ങള്‍ മറ്റെന്ത് സ്വപ്നം കാണാനാണ്.
ഭാഗ്യവശാല്‍ ദേവകി അന്തര്‍ജ്ജനം എത്തിപ്പെട്ടത് പരിഷ്കര്‍ത്താക്കളിലൂടെയും സ്മാര്‍ത്തവിചാരത്തിലൂടെയുമെല്ലാം നവീകരിപ്പെട്ട നിലയങ്ങോട് തറവാട്ടിലാണ്. ഭര്‍ത്താവടക്കം കുടുംബാഗങ്ങളെല്ലാം സമുദായിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ . സ്വാഭാവികമായും അവരും തനിക്കാവും തരത്തില്‍ സാമുദായിക മാറ്റത്തിനായി ഉണര്‍ന്ന് പ്രവൃത്തിച്ചു. ഒരുപാട് എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ചുകൊണ്ടുള്ള ആ ശ്രമഫലങ്ങളില്‍ സാക്ഷിയായി, മാറ്റത്തിന്‍റെ കാമ്പ് ആവോളം നുകര്‍ന്ന് സായൂജ്യമടഞ്ഞുകൊണ്ടുള്ള ഈ എഴുത്ത്, അതിന് ലഭിച്ച സാര്‍വ്വത്രിക അംഗീകാരം തീര്‍ത്തും ദേവകി നിലയങ്ങോടെന്ന നല്ല എഴുത്തുകാരി അര്‍ഹിക്കുന്നത് തന്നെ.
സ്മരണകള്‍ എന്ന വിഭാഗത്തില്‍ അവര്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത് എഴുപതിലധികം വര്‍ഷകാലത്തെ തന്‍റെ ജീവിതാനുഭവങ്ങള്‍ അടുക്കിവെച്ച ഓര്‍മ്മയില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത ഏതാനും അധ്യായങ്ങളാണ്. ഓരോ അധ്യായവും തുറന്നു വെക്കുന്നത് പുതുതലമുറയ്ക്ക് തീര്‍ത്തും സുവിദിതമല്ലാത്ത ഒരുപാടനുഭവ പാഠങ്ങളാണ്. ഒരു ആസ്വാദനത്തിലോ, പഠനത്തിലോ അവസാനിപ്പിക്കാനാവുന്നതില്‍ കൂടുതല്‍ അനുഭവക്കലവറയാണ് ഓരോ അധ്യായവും എന്നതുകൊണ്ട് അതെനിക്ക് അപ്രാപ്യമാണ്.
എത്ര മിതത്വത്തോടെ വായനക്കാരിലേക്ക് പകര്‍ത്തേകിയിട്ടും തളക്കപ്പെടാനാവാതെ പോയ അതിശയോക്തി സാഗരമാണ് ഈ പുസ്തകത്തിന്‍റെ അടിയൊഴുക്ക്. ഭാവനാസമ്പന്നമായ കഥയ്ക്കുമപ്പുറം ഒരു കാലഘട്ടത്തിലെ ജീവിതം തുടിക്കുന്ന വരികള്‍ക്ക് ഇതില്പരം മിതത്വം പാലിക്കാനാവില്ല തന്നെ. ഒരു സമൂഹത്തിന്‍റെ അടയ്ക്കപ്പെട്ട വികാരവിചാരങ്ങളുടെ ആര്‍ത്തലയ്ക്കല്‍ ഈ പുസ്തകത്തിന്‍റെ ആദ്യവരി തൊട്ട് നമുക്ക് കേള്‍ക്കാം. അവസാനവരിയും വായിച്ച് പുസ്തകം അടയ്ക്കുമ്പോഴും ഒരു തുടര്‍ച്ചയെന്നവണ്ണം ആ അട്ടഹാസങ്ങള്‍ രാപ്പകലുകളെ കടന്ന് കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കും. ഈ ജീവിതസൌകര്യങ്ങള്‍, പരിഷ്കാരങ്ങള്‍ , ഘോരംഘോരം പ്രസംഗിക്കുന്ന സംസ്കാരങ്ങള്‍ എല്ലാം പലകാലഘട്ടങ്ങളിലെ വിപ്ലവ കൂട്ടത്തിനൊപ്പം, നിശബ്ദം എല്ലാ അനാചാരങ്ങളും ശിരസ്സാ വഹിച്ച് ഒരടയാളവും ബാക്കിവെയ്ക്കാതെ ജീവിച്ച് മരിച്ച നെടുവീര്‍പ്പുകളുടെ ആ അകത്തള കൂട്ടത്തിനുകൂടി അടിയറ വെയ്ക്കേണ്ടതാണെന്ന് സ്വയം ബോധ്യപ്പെടും.
കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തിലൂടെ, ഏറെ കേട്ട് പരിചയിച്ച നമ്പൂതിരി സമൂഹത്തിന്‍റെ സമരവീര്യങ്ങളോ, നവോത്ഥാന ശ്രമങ്ങളോ നമുക്ക് വായിക്കാനാവില്ല. തീര്‍ത്തും വ്യത്യസ്ഥമായി നമ്പൂതിരി സമൂഹത്തിന്‍റെ ദൈന്യംദിന പെണ്‍ജീവിതമാണതില്‍ ഏറ്റവും സൂക്ഷ്മതയോടെ വരച്ചിട്ടിരിക്കുന്നത്. ഇല്ലത്തെ ആണ്‍കൂട്ടത്തിനുപോലും ഏറെയൊന്നും കണ്ടുപരിചിതമല്ലാത്ത ഇരുണ്ട അകത്തളങ്ങളുടെ കഥനങ്ങളാണിതില്‍.. അതുകൊണ്ട് തന്നെയാണ് ഓരോ വരികളും ഓരോ നെടുവീര്‍പ്പുകളായി പരിണമിക്കുന്നത്. ഇന്നും ഒരുപക്ഷേ കലാഹരണപ്പെടാത്ത ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ അന്ന് മരിച്ചുജീവിച്ച ഒരുപാട് പെണ്മനസ്സുകളുടെ വൈകാരികോച്ഛ്വാസങ്ങള്‍ തളംകെട്ടി നില്‍ക്കുന്നുണ്ടാവാം. കണ്ടും കേട്ടും മടുത്ത മച്ചകങ്ങള്‍ പരിവര്‍ത്തനത്തിന്‍റെ ഇളം കാറ്റിലും ഓര്‍മ്മകളിലേക്ക് കണ്ണീര്‍പൊഴിക്കുന്നുണ്ടാവാം. ഇല്ലത്തിന്‍റെ പൂമുഖപടികള്‍ തന്‍റെ കുടിവെയ്പ്പിന്റെ അന്നല്ലാതെ ചവിട്ടിയിട്ടില്ലാത്ത അന്തര്‍ജനങ്ങളെ ഒന്ന് കാണാന്‍ അകത്തളങ്ങളും കടന്ന് വടിക്കിനിയിലേക്ക് ഈ പുസ്തക മൊഴികളിലൂടെ കടന്ന് ചെല്ലേണ്ടതുണ്ട്.. വരികള്‍ തീര്‍ന്നാലും ഇരുളടഞ്ഞ ജീവീതഗാഥകള്‍ മനസ്സില്‍ കൊത്തിവെയ്ക്കും ആ ജന്മങ്ങളെ. കൂടെ എല്ലാം കാലം മറിച്ച ഏടുകളുടെ ഉള്ളടക്കങ്ങള്‍ മാത്രമാണല്ലോ എന്നാശ്വാസം കണ്ടെത്തും.
മാതൃഭൂമി ആഴ്ച്ചപതിപ്പിലൂടെ കുറേ വായിച്ചതാണ് ദേവകി നിലയങ്ങോടിനെ . ഇഷ്ടം തോന്നുന്നു ശൈലിയിൽ അവർ പറയുന്നത് വായിക്കാൻ ഏറെ രസമാണ് .
ReplyDeleteദേവകി നിലയങ്ങോട് എന്ത് പറയുന്നു എന്നതിനെ ഒരു പുസ്തക പരിചയത്തിനപ്പുറം മനോഹരമായി ഷേയ അവതരിപ്പിച്ചിട്ടുണ്ട് . സന്തോഷം
ഇതുവരെ വായിച്ചിട്ടില്ല ഇവരെ . അതിനാല്‍ തന്നെ കൂടുതലായി ഒന്നുമറിയില്ല . ഷേയയുടെ പരിചയപ്പെടുത്തല്‍ കൊള്ളാം .
ReplyDeleteഅവരുടെ ജീവിതത്തിന് ഏതാണ്ട് വി.ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തോട് സാദൃശമുള്ളതുപോലെ തോന്നിയിട്ടുണ്ട് - നല്ല പരിചയപ്പെടുത്തല്‍
ReplyDeleteഈ പരിചയപ്പെടുത്തല്‍ നന്നായി.
ReplyDeleteമറക്കുടക്കുള്ളിലെ മഹാനരകം / ഋതുമതി / അടുക്കളയില നിന്നരങ്ങത്തേക്ക് / കണ്ണീരും കിനാവും .....
ReplyDeleteഎല്ലാം നല്കിയത് ഓരോ ചരിത്രങ്ങൾ!
അങ്ങനെ ഒന്നിനെ വായിക്കാൻ താല്പര്യമുണ്ട് തീർച്ചയായും .
വായിക്കണം ...
പരിചയപ്പെടുത്തൽ നന്നായി .
പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
ഷേയ പറഞ്ഞ് ഈ പുസ്തകം അന്നു വാങ്ങിയിട്ടുണ്ട്. പക്ഷേ, വാങ്ങിയാല്‍ മാത്രം പോരാ, വായിക്കാനും ഭാഗ്യം വേണം. നാട്ടില്‍ നിന്നും ഇതുവരെ എത്തിയിട്ടില്ല .... :( ഈ പരിചയപ്പെടുത്തല്‍ വായനക്കായി കൊതിപ്പിക്കുന്നുണ്ട്....
ReplyDeleteമറക്കുടചൂടിയ ദുഃഖസത്യങ്ങള്‍ ഒന്ന് വായിയ്ക്കണമല്ലോ
ReplyDeleteപുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല രീതിയിലുള്ള പരിചയപ്പെടുത്തല്‍
ReplyDeleteഅന്തര്‍ജ്ജനങ്ങളുടെ ജീവിതത്തെ പലരും പറഞ്ഞും അറിയാമെന്കിലും ഇതിലെ വിവരണങ്ങള്‍ കാണുമ്പോള്‍ അറിഞ്ഞതൊക്കെ മഞ്ഞുമലയുടെ തുമ്പ് മാത്രമായിരുന്നു എന്ന് തോന്നിപ്പോകുന്നു.
പുസ്തകത്തെ മാത്രമല്ല ദേവകി നിലയങ്ങോട് എന്ന എഴുത്തുകാരിയും പരിചയപ്പെടുത്തിയതിനു നന്ദി.തീര്‍ച്ചയായും വായിക്കണം.
ReplyDeleteലളിതം. എങ്കിലും വരികള്‍ക്കിടയിലുണ്ട് ആഴങ്ങള്‍ കണ്ടെടുത്ത വായനാനുഭവം.
മനോഹരമായി പരിചയപ്പെടുത്തി. പുസ്തകത്തിന്റെ വായനയുടെ വ്യാപ്തി ആസ്വാദനത്തിൽ ഉടനീളം കാണുന്നു. അഭിനന്ദനങ്ങൾ
ReplyDeleteദേവകി നിലയങ്ങോടിനെ എന്നോ ഒന്നോ
ReplyDeleteരണ്ടോ തവണ പണ്ട് വായിച്ചതായി ഓർക്കുന്നൂ
എന്തായാലും അന്തർജ്ജനങ്ങളൂടെ അന്തകാലത്തെ
കാലത്തെ കുറിച്ചുള്ള ഒരു അനുഭവകഥ കൂടി മലയാളത്തിന് കിട്ടിയല്ലോ അല്ലേ
പിന്നെ ഈ ആത്മകഥയെ നന്നായി പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നൂ..
ഈ അറിയിപ്പിന്ന് നന്ദി
ReplyDeleteഈ പരിചയപ്പെടുത്തല്‍ വളരെ നന്നായി കേട്ടോ ഇലഞ്ഞി.
ReplyDeleteഅവരെ വളരെ വിശദമായി വായിച്ചിട്ടുണ്ട്... അതുകൊണ്ട് തന്നെ ഇത് വളരെ ഹൃദ്യമായി തോന്നി...
പതിവ് പോലെ ഹൃദ്യമായ പരിചയപ്പെടുത്തല്‍.
ReplyDeleteആരെയും വായനയിലേക്ക് വലിച്ചടുപ്പിക്കുന്ന ഈ എഴുത്ത് മികവുറ്റത്.
ഹൃദ്യമായ പരിചയപ്പെടുത്തല്‍.
ReplyDeleteഇലഞ്ഞി, വളരെ വിശദമായി ഒരു പുസ്തകത്തെ പരിചയപ്പെടുത്തി.പുസ്തകത്തെയല്ല,ഒരു കാലത്തെ,ഇങ്ങനെ ഒക്കെയായിരുന്നു എന്ന് വിശ്വസിക്കാനാവാത്ത ഒരു കാലത്തെ.
ReplyDeleteനല്ല പരിചയപ്പെടുത്തല്‍
ReplyDeleteനല്ല വിശകലനം....... സവര്‍ണ്ണര്‍ എന്നു മുദ്രകുത്തി കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അമ്മമാരും മുത്തശ്ശിമാരും പറഞ്ഞു കേട്ട കഥകളിലെ ജീവിതം എത്ര കഷ്ടം നിറഞ്ഞതായിരുന്നു എന്ന്‍ ..... പലപ്പോഴും ജോലിക്കാരായി കൂടെ നിന്നിരുന്നവര്‍ അനുഭവിച്ചതിന്റെ ചെറിയൊരു ശതമാനം സ്വാതന്ത്ര്യം പോലും ആ അമ്മമാര്‍ക്കുണ്ടായിരുന്നില്ല. അടുക്കളയിലെ പുകമറക്കുളളില്‍ ഒരു അക്ഷയപാത്രമെങ്കിലും സ്വപ്നം കണ്ടു ജീവിച്ച് മരിച്ചവരാണ് അന്നത്തെ അന്തര്‍ജ്ജനങ്ങള്‍. പണവും പ്രതാപവും ദേവകി നിലങ്കോടിന്റെ കഥ അല്പം വ്യത്യസ്തമാക്കുന്നുണ്ട്. അതില്ലാത്ത ഇല്ലങ്ങളിലെ സ്ത്രീകളുടെ അവസ്ഥ പട്ടിക്ക് തുല്യമായിരുന്നു.
ReplyDeleteനന്ദി വായിച്ച് അഭിപ്രായമറിയിച്ച പ്രിയസൌഹൃദങ്ങള്‍ക്ക്.
ReplyDelete@പ്രസന്നേച്ചി, ദേവകി നിലയങ്ങോട് ചിലയിടങ്ങളില്‍ പറയുന്നുണ്ട് ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഇല്ലങ്ങളിലെ സ്ത്രീ ജനങ്ങളുടെ കഷ്ടതകളെ കുറിച്ച്, പട്ടിണി കിടക്കുന്ന അന്തര്‍ജ്ജനങ്ങള്‍ക്ക് തങ്ങളുടെ അധ്വാനത്തില്‍ നിന്നും ധാന്യം കൊണ്ടുകൊടുക്കുന്ന സഹായികളെ കുറിച്ച്, കുടിയിറക്കപ്പെടുമ്പോള്‍ മാത്രം ഇല്ലം പണയം വെയ്ക്കപ്പെട്ടത് അറിയുന്ന അകക്കൂട്ടങ്ങളെ കുറിച്ച്.. അങ്ങിനെ പലതും.
തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ഒരുപാട് പുസ്തകങ്ങള്‍ ഈ ഒരു സമുദായത്തെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ആത്മാവുള്ള എഴുത്തെന്ന് ഏറ്റവും അനുഭവേദ്യമായത് ഇതിലാണ്.
ഏതു ബുക്കും ഷേയ പരിജയപെടുത്തുമ്പോള്‍ ഒരു പകുതി വായനയുടെ ഗുണം ലഭിക്കും ആശംസകള്‍
ReplyDeleteവായിച്ചിട്ടില്ലാ വായിക്കണം എന്ന് തോന്നുന്നു ...നീലിയങ്ങാട് എടപ്പാൾ അടുത്താണോ ...?
ReplyDeleteപരിജയപ്പെടുത്തലുകൾ പലപ്പോഴും ആ കൃതിയിലേക്ക് എത്തിക്കാറുണ്ട് നന്ദി പരിചയപ്പെടുത്തലിനു...ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയിൽപീലി
വായനാനുഭവം ഹ്രുദ്യമായി പകർത്തി എന്നു പ്രയൊഗങ്ങൾ പലയിടത്തും അശ്രദ്ധ വിളിച്ചോതുന്നു.ഘോരക്കഥ നീണ്ടകാലക്കഥ അങ്ങനെ പലതും.പരിചയപ്പെടുത്തൽ വളരെ ഉചിതമായി.
ReplyDeleteആ കാലഘട്ടത്തില്‍ ജീവിച്ചരുടെ എഴുത്തിന് വല്ലാത്തൊരു തീവ്രതയുണ്ടാകും... വായിക്കാന്‍ ശ്രമിക്കാം
ReplyDeleteഈ പരിചയപ്പെടുത്തലിന് അഭിനന്ദനങ്ങള്‍ ,ശ്രിമതി .ദേവകി നിലയങ്ങോടിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
ReplyDeleteദേവകി നിലയങ്ങോടിനെ കൂടുതലറിയാനും വായിക്കാനും തോന്നുന്നു. ഉചിതമായ പരിചയപ്പെടുത്തല്‍
ReplyDeleteഇതൊരു പുതിയ അനുഭവമാണ്.അഭിനന്ദനങ്ങള്‍ !
ReplyDelete