Saturday, February 2, 2013

ചിറകറ്റ ഹേമന്തം


ശീതക്കാറ്റടിച്ച് തണുത്തുറഞ്ഞ സായാഹ്നത്തില്‍,  വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഥാപാത്രങ്ങളുമായി മനസ്സില്‍  കലപില കൂട്ടികൊണ്ട്   മുഷിരിഫ് പാര്‍ക്കിലേക്കുള്ള പതിവ്  നടത്തത്തിനിടയിലാണ് അറബിവില്ലകള്‍ക്ക് ചന്തമേകി വിടര്‍ന്ന് പരിലസിച്ചിരുന്ന സൂര്യകാന്തി പൂക്കള്‍ക്കിടയില്‍ ആ ചിറകൊടിഞ്ഞ കുഞ്ഞിക്കിളിയെ കണ്ടത്.  

കാല്പെരുമാറ്റം അതിനെ കൂടുതല്‍ വിഹ്വലയാക്കിയെന്നു തോന്നുന്നു. പേടി പിടയ്ക്കുന്ന കണ്ണുകളോടെ അത് മുറിവേറ്റ ചിറകുകള്‍ താങ്ങി ചപ്പിലകള്‍ക്കിടയില്‍ ഒളിക്കാന്‍ വിഫലശ്രമം നടത്തുന്നതിനിടയിലാണ്, കുട്ടികള്‍  കയറി പൂന്തോട്ടം നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ കമ്പിവേലിയില്‍ ചിറകുടക്കി മുറിവേറ്റ ആ ചിറക് കുഞ്ഞുദേഹത്ത് നിന്നും വേര്‍പ്പെട്ടത്.. വേദനകൊണ്ടത് പിടയുന്നുണ്ട്..

കുഞ്ഞികാലടികള്‍ ഇടറി ചരല്‍മണ്ണില്‍ വീണ് കാല്‍മുട്ടുരഞ്ഞ് അമ്മേന്ന് വിളിച്ചുകരയുന്ന മക്കളുടെ മുഖം അതിന്‍റെ കരച്ചില്‍ മനസ്സില്‍ കോറിയിട്ടു. നോവിക്കാതെ ആ കിളിയെ കമ്പികള്‍ക്കിടയില്‍ നിന്നും വേര്‍പ്പെടുത്താനുള്ള ശ്രമത്തിനിടെ പെട്ടന്നാണ് എവിടെനിന്നോ പാഞ്ഞുവന്നൊരു കിളി  കൈകളില്‍ കൊത്തിയത്. ഇത്തിരിക്കുഞ്ഞനെങ്കിലും ഇണയെ രക്ഷിക്കാനുള്ള വ്യഗ്രത ആ കൊത്തില്‍ പ്രകടമായിരുന്നു. പൊടുന്നനെ കൈ പിന്‍ വലിച്ചതുകൊണ്ട് മുറിപ്പെട്ടില്ല. നൊന്ത കയ്യുമായി ദേഷ്യത്തോടെ, അതിലേറെ ഭയത്തോടെ പിന്‍വാങ്ങി.


ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് തൊട്ടപ്പുറത്ത് ചപ്പുചവറുകള്‍ പെറുക്കി നിരത്ത് വൃത്തിയാക്കുകയായിരുന്ന ആ ബംഗാളിപയ്യന്‍ ഓടിവന്ന്  പറഞ്ഞു;

“വേണ്ടാ, അതാ മുറിവേറ്റ പക്ഷിയുടെ അമ്മയായിരിക്കും. തന്‍റെ  കുഞ്ഞിനെ ഉപദ്രവിക്കുന്നെന്ന് കരുതിയാണത് നിങ്ങളെ ആക്രമിച്ചത്.”

ഇരുപതില്‍ കൂടാത്ത പ്രായം. നല്ല ഭംഗിയുള്ള പയ്യന്‍. ആത്മവിശ്വാസം സ്ഫുരിക്കുന്ന ആ മുഖത്ത് കറുത്ത മറുക് പോലെ വിഷാദകാളിമ ഒറ്റനോട്ടത്തിലേ തിരിച്ചറിയാം.

“ഹേയ്, അതവന്‍റെ അമ്മയല്ല, ഇണയാവാനാണ് സാധ്യത.”
ഞാനാ ഓമനത്വം തളം കെട്ടിനില്‍ക്കുന്ന മുഖത്ത് നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

“അല്ല, ഇങ്ങിനെ സ്വജീവന്‍ പണയം വെച്ച് മറ്റൊരുജീവനു വേണ്ടി പോരാടാന്‍ ഒരമ്മമനസ്സിനേ കഴിയൂ..” അത് പറയുമ്പോഴവന്‍റെ മുഖത്ത് ക്രോധവും ശോകവും നിലാവെട്ടിയിരുന്നു.

പറന്നുവന്ന ആ കിളിയപ്പോഴും മുറിവേറ്റ് പിടയുന്നതിന് ചുറ്റും വെപ്രാളത്തോടെ ചാടിച്ചാടി നടക്കുന്നുണ്ട്.

ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവന്‍ എന്തേ ഇങ്ങിനെയൊരു ജോലിയില്‍  എന്നതിലായിരുന്നു എന്‍റെ അത്ഭുതം.

“നിന്‍റെ പേര്?”

“ആരുഷ്”

“ബംഗാളി?”

“അതെ.”

“ആരുഷിന്‍റെ വിദ്യഭ്യാസം?”

വിഷാദം നിഴലിക്കുന്ന ആരുഷിന്‍റെ മുഖം, മേലേ ആകാശത്തിനേക്കാള്‍ മൂടിക്കെട്ടിയപ്പോള്‍ ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

ചവറുകള്‍ പെറുക്കി ചവറ്റുക്കുട്ടയിലേക്കിടാന്‍ ഉപയോഗിക്കുന്ന ദണ്ഡ് മതിലില്‍ ചാരിവെച്ച്, കട്ടികൂടിയ കയ്യുറകള്‍ ഊരിമാറ്റി അവന്‍ പതുക്കെ മഞ്ഞപൂക്കള്‍ പന്തലിച്ചു നില്‍ക്കുന്ന ആ പേരറിയാ മരത്തിന്‍റെ ചുവട്ടിലേക്ക് നടന്നു. സിമന്‍റ് ബഞ്ചിനു താഴെ ഇരിപ്പുറപ്പിച്ച ആരുഷ് എന്നെ ബഞ്ചിലേക്ക് ക്ഷണിച്ചു.

ആ പെരുമാറ്റ മര്യാദയും കുലീനത്വവും അവനോട് വല്ലാത്തൊരു വാത്സല്യം ജനിപ്പിക്കുന്നതായിരുന്നു.

“ഞാന്‍ വിദ്യ അഭ്യസിച്ചിട്ടില്ല ..  വിദ്യ അഭ്യസിക്കണമെങ്കില്‍ അതിനൊരു അഭ്യാസിയുടെ ശിക്ഷ്യത്വം സ്വീകരിക്കണം. അറിവുള്ളവര്‍ പറയുന്നതും റേഡിയോയിലെ ഇംഗ്ലീഷ് ട്രെയിനിങ്ങ് പ്രോഗ്രാമും തപ്പിത്തടഞ്ഞ് വായിക്കുന്ന ചില പുസ്തകങ്ങളുമാണ് എന്‍റെ സ്കൂള്‍.  എന്‍റെ ഗുരു ജീവിതമാണ്. ജീവിതമെന്നത് എന്‍റെ അമ്മയും! ”

അത് പറയുമ്പോഴവന്‍റെ കണ്ണുനീരാല്‍ മണ്ണില്‍ കിടന്നിരുന്ന കരയില നനയുന്നത് നോക്കി ഞാനിരുന്നു.

കരയുന്നതെന്തിനെന്ന് അറിയില്ലെങ്കിലും ഒരനിയനെയെന്നപോലെ  ചേര്‍ത്ത് പിടിച്ചവനെ ആശ്വസിപ്പിക്കാന്‍  തോന്നി.

“അമ്മ പണിയെടുത്ത് കിട്ടുന്ന കാശുകൊണ്ട് ഞാനും അമ്മയും ഏട്ടനും സുഖമായി ജീവിച്ചു പോരുമ്പോഴാണ് അച്ഛനെന്ന് പറയുന്ന അയാള്‍  വീണ്ടും വീട്ടില്‍ വന്ന് താമസമാക്കിയത്.. അഞ്ചുവയസ്സായ, എന്നെയതുവരെ കാണാത്ത ആ മനുഷ്യന്‍ വീടുപേക്ഷിച്ച് പോയിട്ടപ്പോഴേക്ക് അഞ്ചരവര്‍ഷം കഴിഞ്ഞിരുന്നു. ആദ്യ ഒരാഴ്ച കഴിഞ്ഞപ്പോള്‍  വീട്ടില്‍ അടിയും ഉപദ്രവങ്ങളും തുടങ്ങി. അമ്മയെ മര്‍ദ്ദിച്ച് അവശയാക്കുന്നത് കണ്ടുനില്‍ക്കാനെ എനിക്കും ഏട്ടനും കഴിയുമായിരുന്നുള്ളൂ..”

ഭാഷ മാറിയാലും നാട് മാറിയാലും ജീവിതങ്ങള്‍ മാറുന്നില്ല; ഞാനോര്‍ത്തു.

“അമ്മ പണികഴിഞ്ഞുവരാന്‍ വൈകിയ അന്ന് അയാള്‍ ഏട്ടനെ അയാളുടെ മകനല്ലെന്നും പറഞ്ഞ് വെട്ടുകത്തിയെടുത്ത് മരപ്പലകലയില്‍ വെച്ച് വെട്ടിനുറുക്കി. അടുത്ത ഊഴം എന്‍റേതാണെന്ന തിരിച്ചറിവില്‍ പേടിച്ച് മിണ്ടാനാവാതെ ഇതെല്ലാം കണ്ടുകൊണ്ടുനില്‍ക്കുകയായിരുന്ന എന്‍റെ മുന്നിലേക്ക് ദൈവത്തെ പോലെ അമ്മ കയറിവന്നു.”

മരംകോച്ചുന്ന ആ തണുപ്പില്‍ ആരുഷിന്‍റെ കഥ കേട്ട് ഞാന്‍ വിയര്‍ത്തൊലിച്ചു, ഒരു ശിശിരത്തിനും സമാധാനിപ്പിക്കാനാവാത്ത വിധം.

“അമ്മ കറിക്കത്തിയെടുത്ത്, ഏട്ടനെ വെട്ടി കഷണങ്ങളാക്കിക്കൊണ്ടിരുന്ന അയാളെ പിന്നില്‍നിന്നും ആഞ്ഞാഞ്ഞ് കുത്തി. തൊട്ടടത്തുനിന്നിരുന്ന എന്‍റെ മുഖത്തേക്ക് ചീറ്റിത്തെറിച്ച ചോര അരിക്കലത്തിലെ വെള്ളത്തില്‍ കഴുകിതന്നുകൊണ്ട് എന്നെ ആ ഇരുട്ടിലേക്ക് ഇറക്കിവിട്ട് അമ്മ   പറഞ്ഞു, എവിടെയെങ്കിലും പോയി രക്ഷപ്പെടാന്‍”

“കവലവിട്ട് എവിടേയും പോയി പരിചയിച്ചിട്ടില്ലാത്ത ഞാന്‍ ഓടിയത് പിന്നീട് പലകവലകളിലൂടെ, പല നിരത്തുകളിലൂടെയായിരുന്നു, പതിനെട്ടാം വയസ്സില്‍ ഒരു  നല്ല മനുഷ്യന്‍ മേല്‍വിലാസവും ധനസഹായവുമേകി എന്നെയിങ്ങോട്ട് കയറ്റിവിടുന്നതുവരെ.”

പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖത്ത് തെറിച്ച രക്തക്കറ തുടച്ച് കളയാനെന്നവണ്ണം ആരുഷ് കൈവെള്ളകളാല്‍ മുഖമൊന്നമര്‍ത്തി തുടച്ചു.

“ അമ്മയിന്ന് ജീവിച്ചിരിപ്പുണ്ടോന്നറിയില്ല. അന്നയാളെ കൊന്നോ എന്നും.അന്വേഷിച്ച് പോവാന്‍ എനിക്ക് ഞാനോടിയ വഴികളോ എന്‍റെ സ്ഥലപേരോ ഓര്‍മ്മയില്ല. ഞാനിതുവരെ കണ്ടവരില്‍ ആരെങ്കിലും എന്‍റെ അമ്മയായിരുന്നോ എന്നുമറിയില്ല. അത്രയും തെളിയാത്തൊരു ചിത്രം പോലെ മങ്ങികിടക്കുകയാണമ്മ മനസ്സ് നിറയെ. എന്നുമൊരു ജീവശ്വാസം പോലെ അന്ന് തൊട്ടിന്നുവരെ ഞാനോര്‍ക്കുന്ന അമ്മയുടെ മുഖമെന്തേ ദൈവമെന്നില്‍ ഇത്രയും മങ്ങിയ ചിത്രമാക്കി ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? ഒരുപക്ഷേ ചുറ്റും കാണുന്ന സ്ത്രീകളിലെല്ലാം ഒരു പ്രതീക്ഷപോലെ എനിക്കെന്‍റെ അമ്മയെ നോക്കികാണാന്‍ വേണ്ടിയാവും അല്ലേ ചേച്ചീ..”

മറുപടിയ്ക്ക് കാക്കാതെ അവന്‍ സമയമൊരുപാടായി എന്ന വേവലാതിയോടെ തിരക്കിട്ട് തിരിഞ്ഞുനടന്നത് ചിലപ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കണ്ട് ഈ അമ്മ സങ്കടപ്പെടേണ്ട എന്ന് കരുതിയാവാം..

വേലിക്കമ്പിയില്‍ കുരുങ്ങി ജീവന്‍പൊലിഞ്ഞ കുഞ്ഞിക്കിളിക്കരികെ വട്ടമിട്ടുകൊണ്ടിരുന്ന   അടയ്ക്കാകിളിയുടെ കണ്ണുകളിലെനിക്കപ്പോള്‍ ആരുഷ് പറഞ്ഞതുപോലെ ഒരമ്മയുടെ സങ്കടക്കടല്‍ ആര്‍ത്തിരമ്പുന്നത് കാണാനായി....

34 comments:

  1. അവസാനം ലേബല്‍ കണ്ടപ്പോള്‍ ആണ് ഒരു കഥയാണ്‌ എന്ന് അറിഞ്ഞത്.
    പക്ഷെ നിരാശയില്ല. കാരണം എങ്ങും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതെല്ലാം ഇതൊക്കെ തന്നെ.
    പരിസരത്ത് നിന്ന് പിറക്കുന്നതും നല്ല കഥകള്‍ ആവും.
    ആരുഷിന്‍റെ ന്ന അമ്മയെ തേടുന്ന മുഖം ഒരു നോവായി മാറുന്നു.
    ഹൃദ്യമായ അവതരണം

    ReplyDelete
  2. സുപ്രഭാതം..

    ഒരു സായാഹ്ന സവാരിക്കിടയിലെ സംഭവം വിവരിക്കുന്ന പോലെ തോന്നിച്ചു,
    സ്നേഹുവിന്റെ കഥകളുടെ പക്വത കാണാനായില്ലാ
    ...!

    ReplyDelete
  3. പ്രിയപ്പെട്ട കൂട്ടുകാരി,

    സുപ്രഭാതം !

    ജീവിതത്തിന്റെ നേരുകള്‍ ഇതിലും ഭയാനകം എന്നറിയുന്നു.

    നെഞ്ചകത്ത് നീറിപ്പിടയുന്ന വേദനയായി ഈ പോസ്റ്റ്‌!

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. , ഇങ്ങിനെ സ്വജീവന്‍ പണയം വെച്ച് മറ്റൊരുജീവനു വേണ്ടി പോരാടാന്‍ ഒരമ്മമനസ്സിനേ കഴിയൂ.........നാം കാണുന്ന ഓരോ മുഖങ്ങളിലും എഴുതിവെക്കപ്പെട്ട നിരവധി കഥകളില്‍ ഒന്ന്...........

      Delete
  4. ഇങ്ങിനെ സ്വജീവന്‍ പണയം വെച്ച് മറ്റൊരുജീവനു വേണ്ടി പോരാടാന്‍ ഒരമ്മമനസ്സിനേ കഴിയൂ..!

    ReplyDelete
  5. ഭാഷ മാറിയാലും നാട് മാറിയാലും ജീവിതങ്ങള്‍ മാറുന്നില്ല..
    ഒപ്പം നല്ലൊരു അമ്മ മനസ്സും

    ReplyDelete
  6. മനസ്സില്‍ തട്ടുന്ന എഴുത്ത്.ആശംസകളോടെ

    ReplyDelete
  7. ഹൃദ്യമായ കഥ. ആരുഷിന്റെ വാക്കുകള്‍ പലതും മനസ്സില്‍ തന്നെയുണ്ട്‌..
    ആശംസകള്‍..

    ReplyDelete
  8. ഓര്‍മ്മകളില്‍ വ്യക്തമാവാത്ത അമ്മ മുഖം....എവിടെയും മാതൃത്വം കാണാന്‍ ഈശ്വരന്‍ തരുന്ന പ്രചോദനം...

    ദേശഭാഷവര്‍ഗ്ഗങ്ങളുടെ അതിരുകള്‍ക്കുള്ളിലൊതുങ്ങാത്ത ജീവിതങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ ...

    കുറ്റപ്പെടുത്തേണ്ടത് ആരെ...വിധിയേയോ.. സാഹചര്യങ്ങളെയോ...അതോ കാലത്തേയോ..??

    നൊമ്പരമുണര്‍ത്തിയ കഥ....

    മനസ്സിലെവിടെയോ ചിറകറ്റ കിളിക്ക് ചുറ്റും വിഹ്വലതയോടെ പറക്കുന്ന അമ്മക്കിളിയുടെ ചിത്രം...

    ReplyDelete
  9. നന്നായിട്ടുണ്ട് ഇലഞ്ഞീ, ഇനിയും ഇങ്ങനെ ഒരുപാട് കഥകൾ എഴുതാനാവട്ടെ.

    ReplyDelete
  10. അമ്മയെന്ന സത്യം എന്റെയും ജീവാത്മാവാണ് ... എനിക്കുറപ്പ , മുറിവേറ്റു തളര്‍ന്ന കുഞ്ഞികിളിക്ക് ചുററും വെപ്രാളത്തോടെ ചിറകടിച്ചത് ആരുഷ് പറഞ്ഞ പോലെ അതിന്റെ അമ്മ തന്നെയാണ് .... നല്ല കഥ , ആശംസ്സകള്‍ :)

    ReplyDelete
  11. നന്നായിരിയ്ക്കുന്നു. ആശംസകള്‍ .....

    ReplyDelete
  12. ഒരു കുഞ്ഞു തഴുകല്‍ പോലെ കഥ കടന്നുപോയി.
    ഒരു സംഭവം കാണുന്നതുപോലെ അനുഭവപ്പെട്ടു.
    രണ്ടാഴ്ച മുന്പ് ഫെയ്സ്ബുക്കില്‍ കണ്ടിരുന്ന ഇതുപോലൊരു പയ്യന്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് ഓര്‍ത്തു.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  13. നന്ദി വായനകള്‍ക്ക്.. അനുഭവത്തോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന ഒരു കഥയാണിത്. ആരുഷും അവന്‍റെ കഥയും അവനെന്‍റെ മുന്നിലിരുന്ന് കണ്ണ് നിറച്ചതാണ്, പൂര്‍ണ്ണമായും ഇതുപോലെയല്ലെങ്കിലും. വായനാസുഖത്തിന് വേണ്ടി, ഞാനതില്‍ കുറച്ച് കൂടുതല്‍ ചേര്‍ത്തതുകൊണ്ട്,പക്ഷിക്കഥയടക്കം, കഥ എന്ന ലേബലാണ് ചേരുക എന്ന് തോന്നി.

    ReplyDelete
  14. ഭാഷ മാറിയാലും നാട് മാറിയാലും ജീവിതങ്ങള്‍ മാറുന്നില്ല; ഞാനോര്‍ത്തു.

    ReplyDelete
  15. ഭാഷ മാറിയാലും നാട് മാറിയാലും ജീവിതങ്ങള്‍ മാറുന്നില്ല. എത്ര പരമാര്‍ത്ഥമായ നിരീക്ഷണം ,നമുക്ക് ചുറ്റുമുള്ളവരിലേക്ക് കണ്ണോടിക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്‍മാര്‍ അല്ലെ ,ഇന്നത്തെ വായനയിലെ ഇഷ്ടമായ കഥ ;

    ReplyDelete
  16. “ഒരുപക്ഷേ ചുറ്റും കാണുന്ന സ്ത്രീകളിലെല്ലാം ഒരു പ്രതീക്ഷപോലെ എനിക്കെന്‍റെ അമ്മയെ നോക്കികാണാന്‍ വേണ്ടിയാവും അല്ലേ ചേച്ചീ..“


    ഇന്നിനു നഷ്ടപ്പെട്ട മനസ്സ്....! ഹൃദ്യമായ എഴുത്ത്...

    ReplyDelete
  17. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  18. അമ്മ മനസ്സ്...

    ഇഷ്ടായി ഈ എഴുത്ത്...

    ReplyDelete
  19. വായിച്ചു അമ്മയെന്നും അമ്മ തന്നേയ്

    ReplyDelete
  20. ആദ്യ ഭാഗം സുഗതകുമാരി ടീച്ചറുടെ കവിത ഓര്‍മ്മയില്‍ കൊണ്ട് വന്നു
    "ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ
    വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ
    വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌
    ഒറ്റചിറകിന്റെ താളമോടെ
    ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ
    ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി"
    പിന്നീട് അമ്മയെന്ന വികാരം പകര്‍ത്തിയതും വളരെ നന്നായി .
    പിന്നെ കഥാപാത്രം പറയുന്ന ഭാഷ കഥാപാത്രത്തിന് അനുയോജ്യമായില്ല എന്നൊരു പരിഭവമുണ്ട്.
    അതൊരു കുറവല്ല എങ്കിലും

    ReplyDelete
  21. അമ്മ മനസ്സിലെ ആഴമേറിയ സ്നേഹത്തിന്‍റെ വാല്‍സല്യത്തിന്റെ അക്ഷരങ്ങള്‍ ആണ് ഈ കഥ ആശംസകള്‍ ഷേയ

    ReplyDelete
  22. കഥയെന്നതിനേക്കാള്‍ അനുഭവം എന്ന രീതിയില്‍ ആണ് വായിക്കാന്‍ തോന്നുന്നത് . അതുകൊണ്ട് തന്നെ ഒന്ന് പറയാന്‍ കിട്ടുന്നില്ല ഇലഞ്ഞി :(

    ReplyDelete
  23. "ഞാനിതുവരെ കണ്ടവരില്‍ ആരെങ്കിലും എന്‍റെ അമ്മയായിരുന്നോ എന്നുമറിയില്ല. "
    വല്ലാത്തൊരു നോവോടെ വായിച്ച കഥ.
    കഥയെന്നു തോന്നിയതും ഇല്ല.

    ReplyDelete
  24. കുഞ്ഞിക്കിളിയുടെ വേദന മനസ്സില് നിന്നും മാറുന്നതേയില്ല....ആശംസകള്

    ReplyDelete
  25. അമ്മ മനസ്സ് .. തങ്കമനസ്സ് ..

    കൊച്ചു കഥ കൊള്ളാം

    ReplyDelete
  26. തുടക്കം പോലെയല്ല ഒടുക്കം.ചടുലമായ ആഖ്യാനം

    ReplyDelete
  27. നല്ല അവതരണം ..
    ആരുഷിന്റെ വാക്കുകള്‍ നൊമ്പരമുണര്‍ത്തിയല്ലോ ഇലഞ്ഞി ...

    ReplyDelete
  28. വായന നൊമ്പരപ്പെടുത്തി.
    കഥ അവസാനം ആവുമ്പോഴേക്കും അവതരണത്തില്‍ നല്ല നിലവാരം പുലര്‍ത്തുന്നു.
    ആശംസകള്‍.

    ReplyDelete
  29. അമ്മ മനസ്സിന്റെ ആഴം തിട്ടപ്പെടുത്താനാവാത്തത്....ആ വാല്‍സല്യം ചിറകിനുള്ളില്‍ അടക്കി പിടിച്ച് ചൂടേകുന്നത് മുതല്‍ കിടാവിന്റെ മുഖമമര്‍ത്തിയുള്ള മുട്ടലില്‍ ചുരത്തുന്ന അകിടിലൂടെ ഒഴുകി മടിച്ചൂടില്‍ കിടത്തി താരാട്ട് കേള്‍പ്പിക്കുന്നത് വരെ ...ആരുഷിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല എന്നു സമീപ കാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.വളരെ ഹൃദയസ്പര്‍ശിയായ് ഷേയ കഥ പറഞ്ഞു..അനുഭവമാണ്.കഥയുടെ ആത്മാവ്..അതിനൊരുടല്‍ ചേര്‍ക്കാന്‍ ഭാവനയെ കൂട്ടു പിടിക്കുന്നു എന്നു മാത്രം ..അനുഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ കഥകളെ ഉല്‍കൃഷ്ടങ്ങളാകൂ..ഹൃദ്യമായ വായന സമ്മാനിച്ചതിനു നന്ദി ഷേയാ.....

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!