പ്രസാധകര്‍: ഡി സി ബുക്ക്സ്
വില : 160 രൂപ
ഒന്നോര്‍ത്തുനോക്കൂ, പിറവിയുടെ
ആദ്യാക്ഷരങ്ങള്‍ക്ക് സാക്ഷിയായ.. ജനനത്തിന്‍റെ പ്രതിഷേധകരച്ചിലുകള്‍ക്ക്
കാതോര്‍ത്ത.. ആദ്യച്ചുവടുകള്‍ക്ക് , വളര്‍ച്ചയുടെ ശ്വാസഗതികള്‍ക്ക്
താങ്ങേകിയ.. ജീവിതത്തിന്‍റെ വേവും ചൂടും ഗന്ധവും മനസ്സിലേറ്റിയ ജന്മഗേഹം വിട്ടൊരുനാള്‍ പെട്ടെന്ന് പാലായനം ചെയ്യേണ്ടിവരുന്ന അവസ്ഥ!
ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവന്‍‘
എന്ന നോവലിലൂടെ വായനക്കാരന് ഇതെല്ലാം അനുഭവേദ്യമാകും. അമീറിന്‍റെ
ബാല്യ-കൌമാര ഓര്‍മ്മകള്‍ അടക്കം ചെയ്ത അഗ്നിപര്‍വ്വതത്തിലെ പുകയുന്ന
ജീവിതനോവ് അക്ഷര മാസ്മരികതയിലൂടെ ലാവയായൊഴുകി വായിക്കുന്നവന്‍റെ ഹൃദയത്തെ
പൊള്ളിക്കും. നീറിനീറിയത് കണ്ണുനീരിലൂടെ പ്രപഞ്ചത്തിലെ നരകയാതന
അനുഭവിക്കുന്നവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയായൊഴുകും.
വൈദേശിക ശക്തികള്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയതോടെ നഷ്ട്പ്പെട്ടതാണവിടുത്തെ സ്വൈരജീവിതം. അശാന്തിയുടെ വെടിയൊച്ചകളിലൂടെ അധികാര കൊതിയുടെ, വംശീയകലാപത്തിന്‍റെ, തീവ്രവാദത്തിന്‍റെ കരാളഹസ്തങ്ങള്‍ ആ നാടിന്‍റെ കഴുത്തിറുക്കി ശ്വാസം മുട്ടിക്കുമ്പോള്‍ കണ്ണുതുറിക്കപ്പെട്ടത് ആ മണ്ണിനെ സ്നേഹിച്ച്, ശ്വസിച്ച്, സ്വപ്നങ്ങളെ ഇറുകെ പിടിച്ച് ജീവിച്ചിരുന്ന നിരപരാധികളായ ഒരു ജനസഞ്ചയത്തിന്‍റേതായിരുന്നു. തുളച്ചുകയറുന്ന വെടിയുണ്ടകളിലൂടെ ചിതറിത്തെറിച്ച അവര്‍ പ്രാണരക്ഷാര്‍ത്ഥം പാലായനം ചെയ്യുമ്പോള്‍ ജന്മനാട്ടിലുപേക്ഷിച്ച ജീവിത സമ്പാദ്യങ്ങള്‍ക്കൊപ്പം അനാഥമാക്കപ്പെട്ടതാണവരുടെ സ്വപ്നങ്ങളും.
അമീറിന്‍റെ ബാബയടക്കം അന്നാട്ടിലെ പ്രമാണിമാരില്‍ പലരും വിധിയുടെ കറങ്ങിത്തിരിയലില്‍ വെറും അഭയാര്‍ത്ഥികളായി അന്യനാട്ടിലേക്ക് ഓടിരക്ഷപ്പെടുമ്പോഴും എന്നെങ്കിലും ജന്മനാട്ടില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയുടെ ഇത്തിരിവെട്ടം അസ്തമിച്ചിരുന്നില്ല. പക്ഷേ..!
അന്ന് രക്ഷപ്പെടാനാവാതെ, അധികാരവര്‍ഗ്ഗത്തിന്‍റെ വെടിയുണ്ടകള്‍ക്ക് നേരെ കഴുത്ത് നീട്ടികൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഒന്നാശ്വസിക്കാം, മരിച്ചുവീണത് പിറന്ന മണ്ണിലാണെന്ന്, മാളികപ്പുറത്ത്നിന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് പിച്ച തെണ്ടുന്നത് സ്വന്തം തെരുവോരത്താണെന്ന്.
ഇങ്ങിനെയൊക്കെ പറഞ്ഞുവെക്കുമ്പോള്‍ തന്നെ ഇതൊരു വിപ്ലവ നോവലോ രക്തംചിന്തുന്ന യുദ്ധകഥയോ അല്ല. മറിച്ച് സ്വച്ഛന്ദമൊഴുകുന്ന, ഇടക്കിടെ ചുഴികളും കയങ്ങളും കുത്തൊഴുക്കുകളുമുള്ള ഒരു ജീവിതകഥ മാത്രമാണ്. കാബൂള്‍ക്കാരനായ അമീറിന്‍റെയും അവന്‍റെ പ്രിയരുടേയും കഥ.
അമീറും ബാബയും പ്രിയകൂട്ടുകാരന്‍ ഹസ്സനും അവന്‍റെ ബാബ അമീറിന്‍റെ വീട്ടുജോലിക്കാരന്‍ അലിയും , ബാബയുടെ മനസാക്ഷിസൂഷിപ്പുകാരന്‍ റഹീംഖാനും വികൃതി അയല്‍ക്കാരന്‍ ആസിഫും തുടങ്ങി ഒട്ടേറെ പേര്‍ കടന്നുവരുന്ന കാബൂള്‍ ജീവിതത്തിലെ ആദ്യപകുതിയും അമേരിക്കന്‍ പൌരന്മാരാവുന്ന അമീറും ബാബയും അന്യത്വം മുഴച്ചുനില്‍ക്കുന്ന അവിടുത്തെ ജീവിതരീതികളും സൊറയ്യ എന്ന പ്രാണസഖിയും അവളുടെ മാതാപിതാക്കളും ചേര്‍ന്ന രണ്ടാം പകുതിയും സൊറാബ് എന്ന ജീവിതത്തിലെ വഴിത്തിരിവും എല്ലാം ചേര്‍ന്ന അമീറിന്‍റെ ജീവിത കഥയാണിത്.
അതിന്‍റെ സമാന്തരമായി കാലം ഒഴുക്കുന്നതാണ് മറ്റെല്ലാ കഥകളും. അമീറിന്‍റെ ജീവിതം എഴുത്തുകാരനെന്ന വഴിത്തിരിവിലേക്കെത്തി നില്‍ക്കുമ്പൊഴുണ്ടാകുന്ന ചില ആകസ്മിതകള്‍ കൂടി ചേരുമ്പോള്‍ ഈ നോവല്‍ പൂര്‍ണ്ണമാവുന്നു.
അടുത്തകാലത്ത് വായിച്ചവയില്‍ മനസ്സ് നിറഞ്ഞ് കവിഞ്ഞൊരു വയനാനുഭവമെന്ന് ഞാനീ വായനയെ വിശേഷിപ്പിക്കും. ഒരിടത്തും മുഷിയാതെ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഖാലിദ് ഹൊസൈനി എന്ന അഫ്ഗാനി എഴുത്തുകാരന്‍റെ ഈ പ്രഥമ നോവലിനെ സാഹിത്യഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത രമാ മേനോന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഭൂരിഭാഗം വായനാരുചികളേയും സംതൃപ്തിപ്പെടുത്തുന്ന ഈ പുസ്തകത്തിന്‍റെ പ്രസാധകര്‍ ഡി സി ബുക്സ്. കഥയുടെ ചെറുവിവരണം പോലും വായിക്കാനൊരുങ്ങുന്നവന്‍റെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാല്‍ അതിനൊരുങ്ങുന്നില്ല.
കാബൂളിലെ വസീര്‍ അക്ബര്‍ഖാന്‍ പ്രദേശവും തലയെടുപ്പോടെ നില്‍ക്കുന്ന ബാബയുടെ വീടും വീട്ടുമുറ്റത്തെ പോപ്ലാര്‍ മരങ്ങളും ഷാര്‍ -ഇ-നൌ അങ്ങാടിയും കുന്നിന്‍പുറവും മാതളമരവും ശൈത്യം പുതപ്പിക്കുന്ന തൂവെള്ള മഞ്ഞും പാറിപ്പറക്കുന്ന പട്ടങ്ങളും പട്ടം പറപ്പിക്കുന്നവരും പൊട്ടിയപട്ടത്തിന്‍റെ പിറകെ ഓടുന്നവരുമെല്ലാം മനസ്സില്‍ നിന്ന് പടിയിറങ്ങാതെ വായന അവസാനിക്കുമ്പോള്‍ എന്‍റെ ഉള്ളിലിരുന്ന് ആരോ പറയുന്നുണ്ട്;
" വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായി ഉരുകി വീഴുന്നില്ല; മെല്ലെ മെല്ലെ ഓരോരോ പാളികളായി.....” ഇപ്പോള്‍ ഞാന്‍ കണ്ടതും അതുതന്നെയാണ്!
പാലായനത്തിന്റെ നോവുതിരുന്ന നോവലിനെ പരിചയപ്പെടുത്തിയതിനു നന്ദി ഷേയാ ....
ReplyDeleteവായിക്കേണ്ടതും വായിക്കപ്പെടേണ്ടതുമായ ഒരു കൃതി...
ReplyDeleteആഹാ നല്ലൊരു പരിജയപ്പെടുത്തലായി കേട്ടോ എല്ലാം നഷ്ടപെടുത്തി കൊണ്ടുള്ള യാത്ര ദുഖം തന്നെയാണ് വായിക്കാന്‍ ശ്രമിക്കുന്നുണ്ട് ഒത്തിരി നന്ദി, നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteKhaled Hosseiniയുടെ കൃതികള്‍ വളരെയധികം പാശ്ചാത്യ ലോകം സീകരിച്ചതാണ്. ഒരേ സമയം പൌരസ്ത്യ ദേശത്തിന്റെ കഥ പറയുമ്പോഴും പടിഞ്ഞാറിന് രുചിക്കുന്ന ചില ചേരുവകള്‍ ചേര്‍ത്തത് കൊണ്ട് കൂടെയാകാം. ആ നിലക്ക് കുറച്ചു വിമര്‍ശനാത്മകമായാണ് വായിച്ചത് എങ്കിലും മികച്ച രചനയാണ് എന്ന് സമ്മതിക്കാതെ തരമില്ല.
ReplyDeletea thousand splendid sunsഉം ഇത്രത്തോളം തന്നെ വായനാസുഖം നല്‍കുന്നതാണ്. ഒരു Fictionന്റെ പോരായ്മകള്‍ മുഴച്ചു നില്‍ക്കുമ്പോഴും വായിക്കപ്പെടേണ്ട നോവലുകളാണ് രണ്ടും
നല്ല പരിചയപ്പെടുത്തല്‍ ഇലഞ്ഞി ..
വായനാലോകം കൂടുതല്‍ കൂടുതല്‍ അനുവാചകര്‍ക്കായി തുറന്നിടൂ
ആശംസകള്‍
കൈറ്റ് റണ്ണേഴ്സ് വായിച്ചും കണ്ടും(സിനിമ) ഒരുപാട് മനസ്സുലഞ്ഞ പുസ്തകമാണ്.
ReplyDeleteഇതൊക്കെ എവിടുന്നു സംഘടിപ്പിക്കുന്നു ?? ....വായിക്കാന്‍ കഴിയാത്തവര്‍ക്ക് നോവലിനെ കുറിച്ച് ഏകദേശ ധാരണ കൊടുക്കുന്ന ഈ ശ്രമം അഭിനന്ദനാര്‍ഹം .
ReplyDeleteഅവലോകനം വായിച്ചപ്പോള്‍ പുസ്തകം വാങ്ങിക്കാന്‍ താല്പര്യമായി.
ReplyDeleteഡി സി ബുക്സില്‍ തിരയട്ടെ. നന്ദി..
ആശംസകളോടെ
നല്ല വായനയാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ കൈറ്റ് റണ്ണര്‍ ഒരു സാദാ ത്രില്ലറില്‍ കവിഞ്ഞ് കലാ മൂല്യമുള്ളതോ വൈജ്ഞാനിക മൂല്യമുള്ളതോ അല്ല. ഖാലിദ് ഹുസൈനിയുടെ രചനകള്‍ പലപ്പോഴും ഉപരിപ്ലവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. സോവിയറ്റ് കാലത്ത് അഫ്ഗാന്‍ വിട്ട് അമേരിക്കയിലേക്ക് പോയ എലീറ്റ് ക്ലാസിന്‍റെ പ്രതിനിധിയാണദ്ദേഹം. തനിക്കും കുടുംബത്തിനും അഭയം നല്കിയ് നാടിനോടും വ്യവസ്ഥിതിയോടുമുള്ള കടപ്പാട് തീര്‍ക്കുന്നു. അത്രമാത്രം. ഇതേ പേരില്‍ തന്നെ അത് സിനിമയായി ഇറങ്ങിയിട്ടുണ്ട്. മലയാളം പരിഭാഷ വായിച്ചിട്ടില്ല. പരിഭാഷ നന്നായി എന്നറിഞ്ഞതില്‍ സന്തോഷം ആശംസകള്‍ പരിഭാഷകക്കും പരിചയപ്പെടുത്തിയ ഇലഞ്ഞിപ്പൂക്കള്‍ക്കും
ReplyDeleteആരിഫ് ഭായിയുടെ വാക്കുകളോട് യോജിക്കുന്നു
ReplyDeleteഈ പുസ്തകം വായിച്ചിട്ടില്ലയെങ്കിലും
നന്ദി വായനകള്‍ക്കെല്ലാം.
ReplyDelete“പട്ടം പറത്തുന്നവന്‍” ഞാന്‍ വായിച്ചത് വെറുമൊരു fiction ആയി മാത്രമാണ് ആരിഫ്ക്കാ. മനസ്സില്‍ തട്ടുന്ന ഒരു വായന എന്നത് കഥ എന്ന നിലയില്‍ മാത്രമാണ്. അതിലെ കഥയെ ഒരു ചരിത്രതലത്തിലോ പരമാര്‍ത്ഥതലത്തിലോ വായിച്ചിട്ടില്ല, അങ്ങിനെ വായിക്കാനാവില്ല താനും. അസത്യത്തെയും ഭാവനയിലൂടെ സത്യമെന്നതുപോലെ അനുവാചകനെ അനുഭവേദ്യമാക്കാന്‍ കഴിയുക എന്നത് ഈ കഥയിലൂടെ നിര്‍വ്വഹിക്കാനായിട്ടുണ്ട് എന്നെനിക്ക് തോന്നി. നല്ല ഭാഷയില്‍ , ഹൃദയത്തില്‍ തൊടുന്ന ഒരു നല്ല കഥ.
പ്രിയപ്പെട്ട ഷേയ ,
ReplyDeleteസുപ്രഭാതം !
അപ്പൂപ്പന്‍താടികള്‍ പോലെ,ആകാശത്ത് നിന്നും പെയുന്ന മഞ്ഞു മഴയെ കുറിച്ച് നന്ദ എന്നും വാചാലയാകുന്നു.
മനോഹരമായൊരു കാഴ്ചയാണ് ,അത്.
കൂടുതല്‍ ആള്‍ക്കാരെ,ഈ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ പോസ്റ്റ് നന്നായി,കൂട്ടുകാരി.
പട്ടം പറത്തുന്നവന്‍ ആണോ അതോ പറത്തുന്നവര്‍ ആണോ?
രമ മേനോന്‍,ഹൃദ്യമായിഎഴുതുന്ന എഴുത്തുകാരിയാണ്.ത്രിശുര്‍ക്കാരിയാണ്.:)
ശുഭദിനം !
സസ്നേഹം,
അനു
പുസ്തകം വായിച്ചില്ലെങ്കിലും പരിചയപ്പെടുത്തിയ ഭാഷ നന്നായി . വായിക്കണം. പക്ഷെ ഈ രചനയിലേക്കുള്ള ദൂരം എത്രയെന്ന് അറിയില്ല .
ReplyDeleteനന്നായിരിക്കുന്നു വിവരണം ....തിരയുടെ ആശംസകള്‍
ReplyDeleteപതിവ് പോലെ ഇലഞ്ഞിയുടെ നല്ല പരിജയപെടുത്തല്‍
ReplyDeleteപുസ്തകം തൊട്ടടുത്തുണ്ട് വായിച്ചില്ല, തുടങ്ങണം.
ReplyDeleteപരിചയപ്പെടുത്തല്‍ ഇഷ്ടമായി, വായനക്കുശേഷം ആരിഫ്ജിയുടെ അഭിപ്രായം കൂടി കൂട്ടി വായിക്കും.
നല്ല പരിചയപ്പെറ്റുത്തലായിട്ടുണ്ട് കേട്ടൊ ഷേയ
ReplyDeleteമനോഹരമായ പരിചയപെടുത്തല്‍...
ReplyDeleteപരിചയപ്പെടുത്തലിന്ന് നന്ദി
ReplyDeleteരമാ മേനോനെപ്പോലെ ഷേയയും ഈ പുസ്തകത്തോട് നീതി പുലര്‍ത്തി എന്ന് തോന്നുന്നു .
ReplyDeleteനന്നായിരിക്കുന്നു വിവരണം ..
ReplyDeleteനന്ദി എല്ലാവര്‍ക്കും..
ReplyDeletegud one
ReplyDeleteവളരെ നല്ല വിവരണം. വായിച്ചു..
ReplyDeleteപലതും മനസ്സിൽ തങ്ങി നിൽക്കുന്നു
Good👌👌👌
ReplyDelete"നിങ്ങൾക്കു വേണ്ടി ഒരായിരം തവണ ഞാൻ..." ഇത്രയും മതി ഹസ്സനെ മനസ്സിലാക്കാൻ❤️❤️
ReplyDelete