Friday, September 14, 2012

ചെറോണ!



ചെറോണയെ അറിയില്ലേ?

പയ്യാങ്കര ഗ്രാമത്തിലേക്കൊരിക്കല്‍ വന്നവര്‍ ചെറോണയെ മറക്കില്ല.

നിര തെറ്റിയ ചിന്തകളും ചുറ്റും പാറിപ്പറക്കുന്ന ഭയങ്ങളും ചിതറികിടക്കുന്ന വിവിധ വികാരങ്ങളുമെല്ലാം ചേര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന അവരുടെ മനസ്സിന്‍റെ നേര്‍ചിത്രം പോലെ, ജഡപിടിച്ച് ഒരു വൈക്കോല്‍കൂനയെ ഓര്‍മ്മിപ്പിച്ച് തലനിറഞ്ഞു നില്‍ക്കുന്നുണ്ട് അഴുക്കും പേനും നിറഞ്ഞ മുടി.

മുറുക്കാന്‍ നിറഞ്ഞ വായയിലെ ഒരിക്കലും വൃത്തിയാക്കാത്ത കറുകറുത്ത പല്ലുകളും ചുണ്ടിന്‍റെ ഇരുവശത്തേക്കും ചാലുകീറിയൊഴുകുന്ന ചുമന്ന തുപ്പലും ഇല്ലാതെ ചെറോണയുടെ ചിത്രം പൂര്‍ത്തിയാവില്ല.

കീറിപറിഞ്ഞ, നിറം മനസ്സിലാകാത്തവിധം നരച്ച ഷര്‍ട്ടും ഒരു അടിപ്പാവാടയുമിട്ട് കവലയിലും നാട്ടുവഴികളിലും, വേലിപടര്‍പ്പില്‍നിന്നും പൊട്ടിച്ചെടുത്ത ഏതെങ്കിലുമൊരു ഇലയും വായിലിട്ട് കടിച്ചുപറിച്ച് നടക്കുന്ന ചെറോണയാണ് പയ്യാങ്കര ഗ്രാമത്തിന്‍റെ അച്ചുതണ്ട്.

ചെറോണയ്ക്ക് കൊടുക്കുമെന്ന് ഭയപ്പെടുത്തി കുട്ടികളെ അനുസരിപ്പിക്കാന്‍, പഴകിപുളിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റബോധം ഒഴിവാക്കി ചെറോണയ്ക്കായി മാറ്റിവെക്കാന്‍, മോഷണം നടന്നാല്‍ ചെറോണയ്ക്ക് നേരെ കൈ ചൂണ്ടാന്‍, മാലിന്യകൂമ്പാരങ്ങളെ ചെറോണയോടുപമിക്കാന്‍, മാന്യരുടെ മാന്യത കാട്ടി ചെറോണയെ കാണുമ്പോള്‍ മൂക്ക് പൊത്തി ആഞ്ഞൊന്ന് തുപ്പാന്‍, രാത്രിയുടെ മറവില്‍ മാലിന്യമൊളിപ്പിച്ച് കുടുംബത്തില്‍ പിറന്നവന്‍റെ ദാഹം തീര്‍ക്കാന്‍.. എല്ലാം എല്ലാം ചെറോണയെന്ന അച്ചുത്തണ്ടില്ലാതെ പയ്യാങ്കര നിവാസികള്‍ക്കാവില്ല.

നാഴികയ്ക്ക് നാൽപ്പതുവട്ടം ആ ഭ്രാന്തിയങ്ങിനെ ആ കവലയില്‍ ചുറ്റികറങ്ങും. നാട്ടുവഴികളിലൂടെ തിരക്കുപിടിച്ച് നടക്കും. മാലിന്യകൂനയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഭക്ഷണാവശിഷ്ടങ്ങളെന്തെങ്കിലും കിട്ടിയാല്‍ പട്ടിയ്ക്കും പക്ഷികള്‍ക്കും മുന്‍പേ അതെടുത്ത് ഭക്ഷിക്കും.

തിരക്കുപിടിച്ച നടത്തത്തിനിടയില്‍ ചിലപ്പോള്‍ വേലിപടര്‍പ്പുകളിലേക്ക് സാകൂതം നോക്കി നില്‍ക്കും. ചെടികളിലെ ചിലന്തിവലകളില്‍ കുടുങ്ങിയ ഇരകളെ തെല്ലൊരാവേശത്തോടെ എടുത്ത് പുറത്തേക്കിടും.എന്നിട്ട് ഉറക്കെയുറക്കെ ചിരിക്കും. എന്തോക്കയോ പിറുപിറുത്ത് പിന്നെ പതിയെ നിലവിളിക്കും. പിന്നേയുമെന്തോ ഓര്‍ത്തെന്ന പോലെ തലയൊന്ന് കുടഞ്ഞ് നിശബ്ദം നടത്തം തുടരും.

ചില വഴിനടത്തങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഏതെങ്കിലുമൊരു വീടിന്‍റെ പടികടന്ന് അകത്തേക്ക് വരും, ഉമ്മറത്തിരിക്കുന്നവരെയോ അവര്‍ ചോദിക്കുന്നതിനേയോ ശ്രദ്ധിക്കാതെ തൊഴുത്തിലേക്കോ വിറകുപുരയിലേക്കോ കയറി ചിലന്തിവലകളില് സാകൂതം പരിശോധിക്കും, വല്ല പ്രാണികളും കുടുങ്ങി കിടപ്പുണ്ടെങ്കില്‍ എടുത്ത് പുറത്തേക്കിടും, കറുത്തപല്ലുകാട്ടി തുറന്ന് ചിരിക്കും.

ചിലന്തികള്‍ വലനെയ്യുന്നതും നോക്കി ചെറോണ എത്ര നേരം വേണമെങ്കിലും അനങ്ങാതെ നില്‍ക്കും. അതു നോക്കിനില്‍ക്കുമ്പോള്‍ മാത്രം ചെറോണയുടെ മുഖം കറുത്തിരുളും. എന്തോ ചിന്താഭാരത്താല്‍ മുഖപേശികള്‍ വലിഞ്ഞു മുറുകും.വായിലിട്ട മുറുക്കാന്‍ ചവക്കാന്‍ മറക്കും.

“എന്തിനാ ചേറോണേ യ്യിങ്ങനെ വൃത്തീം മെനേല്ല്യാതെ നടക്കണേ, ന്നാ സോപ്പ്, ആ തോട്ടില്‍ പോയൊന്ന് തേച്ച് കുളിയ്ക്ക്, നാറീട്ടുവയ്യ”
എന്നോ മറ്റോ ഏതെങ്കിലും വീട്ടുകാരി ഉപദേശിച്ചാല്‍ ചില സമയമങ്ങളില്‍ ചെറോണ മറുപടി പറഞ്ഞെന്നിരിക്കും.

" അമ്പ്രാട്ടിക്ക്യെന്താ അടിയനെ നാറണത്, അമ്പ്രാന്‍ ന്ന് പുലച്ചേകൂടി അടിയന്‍റടുത്ത് വന്ന് കിടന്നപ്പോ നാറ്ണ്ന്ന് പറഞ്ഞില്ലല്ലോ. അമ്പ്രാട്ടിക്ക് വെക്കനെ തോന്നാ. എറോണക്ക് കുളിക്കണ്ടാ..! "

ആ തമ്പ്രാന്‍ തമ്പുരാട്ടിയുടെ ഭര്‍ത്താവാകാം, മകനാവാം, അച്ഛനാവാം, ആങ്ങളയാവാം. ചെറോണയ്ക്ക് പയ്യാങ്കര ഗ്രാമത്തില്‍ എല്ലാ മുതിര്‍ന്ന ആണുങ്ങളും തമ്പ്രാനും സ്ത്രീകള്‍ തമ്പ്രാട്ടികളുമാണ്. പിന്നേയും എന്തെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞാല്‍ ചെറോണയ്ക്ക് വിശദീകരിക്കാന്‍ പലതുമുണ്ടാവും. പകല്‍വെളിച്ചത്തില്‍ കാര്‍ക്കിച്ച് തുപ്പിയ പലതമ്പ്രാക്കന്മാരും രാത്രി നെയ്ത ഇരുട്ടിന്‍റെ വലയില്‍ തുപ്പലിന്‍റെ ഒട്ടലുള്ള വില്ലേജാപ്പീസിന്‍റെ പിറകില്‍ താനെന്ന ഇരയെ തേടി ചിലന്തികളായി വരുന്നത്, ഊഴം കാത്ത് അനുസരണയുള്ള ചിലന്തികളായി കാത്തിരിക്കുന്നത്..അങ്ങിനെ പലതും.

അപ്പോള്‍ ചെറോണയ്ക്ക് ഭ്രാന്തില്ല, വരുന്നവരേയും പോവുന്നവരേയും നല്ല നിശ്ചയമാണ്. നെറ്റിയിലേക്കിറങ്ങി വരുന്ന മുഴുത്ത പേനുകളെ തപ്പിയെടുത്ത് നഖത്തില്‍വെച്ച് ഇറുക്കികൊന്നുകൊണ്ട് അവള് കിടന്ന് കൊടുക്കുമ്പോള്‍ ആര്‍ക്കും കാര്‍ക്കിച്ചു തുപ്പാന്‍ തോന്നാറില്ല ചെറോണയെ.

കേള്‍ക്കാനിഷ്ടമില്ലാത്ത പലതും കേള്‍ക്കേണ്ടിവരുമെന്നോര്‍ത്തോ എന്തോ സ്ത്രീകളേറേയും ചെറോണയോടധികമൊന്നും ഉപദേശത്തിന് ചെല്ലാറില്ല.

“അസത്ത് എങ്ങനാ വേണ്ടേച്ചാ നടന്നോട്ടെ, അന്തോം കുന്തോമില്ലാതെ വായേ തോന്നണതൊക്കെ വിളിച്ച് പറയും” എന്ന് സ്വയം സമാധാനിച്ച് തിരിച്ചു നടക്കുമെങ്കിലും ചെറോണ നുണ പറയാറില്ലെന്ന് അവിടുത്ത്കാര്‍ക്കൊക്കെ അറിയാം.

ഒരു ദിവസം ചെറോണയുടെ ഗ്രാമവഴികളിലൂടെയുള്ള പതിവ് നടത്തം കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ക്കറിയാം സംഭവിച്ചതെന്തായിരിക്കുമെന്ന്. വെയിലായാലും മഴയായാലും കൂസാതെ നടക്കുന്ന ചെറോണ വര്‍ഷത്തിലൊരു ദിവസമേ നടത്തം മുടക്കൂ. അന്നവളെ കാണാന്‍ പാടവരമ്പിലെ കൈതകൂട്ടത്തിനരികില്‍ പോയി നോക്കിയാല്‍ മതി. പേറ്റുനോവിന്‍റെ ക്ഷീണം മുഴുവന്‍ പെയ്തൊഴിക്കാന്‍ അവളാ കൈതകൂട്ടില്‍ ചുരുണ്ടുകിടക്കുന്നുണ്ടാവും.

പക്ഷേ ആരുമാ കാഴ്ച്ച കാണാന്‍ ആ വഴി പോവാറില്ലെന്ന് മാത്രമല്ല, കൈതത്തോട് വഴി പോവേണ്ടവര്‍ ചെറോണയെ കാണാതാവുന്ന ദിവസം വഴി മാറി നടക്കും. അന്ന് ചെറോണ പല സത്യങ്ങളും വിളിച്ചു പറയും. തന്‍റെ കുഞ്ഞിന്‍റെ തന്ത ആരൊക്കെയാവാം എന്ന സത്യം വരെ.

പിറ്റേന്ന് പുലര്‍ച്ചതൊട്ടേ ചെറോണയെ പതിവുപോലെ കവലയില്‍ കാണാം. കാലിലൂടേയും ഉടുത്തിരിക്കുന്ന പാവാടയിലൂടെയും രക്തമൊലിച്ചിറങ്ങുന്ന കോലം കണ്ട്
സഹിക്കാനാവാതെ ആരെങ്കിലും പഴയ തുണി കൊടുത്താല്‍ അവളൊന്ന് മലര്‍ക്കെ ചിരിച്ചുകൊണ്ടത് വാങ്ങിക്കും. പാവാട കിട്ടിയാലൊന്ന് മാറിയുടുക്കും. ആകെ കൂടി ചെറോണ വസ്ത്രം മാറ്റുന്നതിങ്ങിനെയാണ്.

നുരഞ്ഞിറങ്ങുന്ന മുലപ്പാല്‍ പിഴിഞ്ഞുകളഞ്ഞുകൊണ്ടവള്‍ കവലയിലൂടെ പൊട്ടിച്ചിരിച്ച് പിന്നേയും നടക്കും. ആ ദിവസങ്ങളില്‍ രാവും പകലും പയ്യാങ്കര ഗ്രാമം മുഴുവന്‍ ചെറോണയുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കാം, അട്ടഹാസങ്ങള്‍ കേള്‍ക്കാം. ഉറക്കെ എന്തോക്കയോ വിളിച്ച് പറഞ്ഞ് രാത്രിയുടെ ഉറക്കത്തെ പരിഹസിച്ചവള്‍ ഇറങ്ങി നടക്കും.

അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവലകളിലെ പ്രാണികളെ രക്ഷിക്കാന്‍., ചിലന്തികള്‍ സശ്രദ്ധം വലനെയ്യുന്നത് നോക്കി നില്‍ക്കാന്‍.,.. ഇരയെ കാത്ത് വലയില്‍ പതുങ്ങിയിരിക്കുന്ന ചിലന്തികളെ അവള്‍ക്കപ്പോഴും പേടിയാണ്. അവയെ നോക്കുമ്പോള്‍ ചെറോണയുടെ കണ്ണില്‍ ഭയം തിരയടിക്കും. ചുമന്ന് ചുളുങ്ങിയ ചുണ്ടുകള്‍ ഒരുവശത്തേക്ക് കോടിപോവും.

പെറ്റ പെണ്ണിന്‍റെ കൈകളില്‍ കുട്ടിയെ തിരയേണ്ട. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചെറോണ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലും. തോട്ടുവക്കത്ത് കൈതകൂട്ടില്‍ കൈകൊണ്ട് മണ്ണ് മാന്തിയതിനെ കുഴിച്ചിടും. കൈതകൂട്ടില്‍ വലകെട്ടിയ ഒരു ചിലന്തിയെ തഞ്ചത്തില്‍ കൊന്ന് ആ മണ്‍കൂനയുടെ മുകളില്‍ വെച്ച് കൈ കൊട്ടി ചിരിക്കും.

ഇതെത്രാമത്തെ പ്രസവമാണെന്ന് ചെറോണയ്ക്കൊ നാട്ടുകാര്‍ക്കോ അറിയില്ല. എല്ലാ വര്‍ഷവും ചെറോണ പ്രസവിക്കും. പ്രസവതലേന്ന് വരെ അവള്‍ ‘അമ്പ്രാക്കന്മാരെ’ അനുസരിക്കും, അമ്പ്രാട്ടിമാരുടെ ശാപവാക്കുകള്‍ സ്വീകരിക്കും. പ്രസവിച്ച കുഞ്ഞുങ്ങളെ അവളിതുവരെ ആരേയും കാണിച്ചിട്ടില്ല. അതുകൊണ്ട് നാട്ടുകാര്‍ക്ക് മുഖഛായ എന്നൊരു പേടിയില്ല. ഭ്രാന്തിയെന്ന നിലയില്‍ കൊലപാതകത്തിന് കേസും കൂട്ടവുമില്ല. പോലീസുകാര്‍ തിരിഞ്ഞുനോക്കാറില്ല, ആരും കേസുകൊടുക്കാറുമില്ല. പോലീസുകാരടക്കം എല്ലാവരും ‘അമ്പ്രാക്കന്‍‘മാരാണല്ലൊ!

“അവനാന്‍റെ വയറ്റില്‍ പിറന്ന കുഞ്ഞിനെ എന്തിനാ ചെറോണെ ഇങ്ങിനെ കണ്ണീചോരല്ല്യാണ്ടെ കൊല്ലണേ” എന്ന് ആരെങ്കിലും ചോദിച്ചാ ചെറോണയതിന് ചിരിച്ചോണ്ട് മറുപടി പറയും.

"അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങും അന്ത്യായാ. എന്നിട്ടോറ്റേടെ ചോര ജീവനോടൂറ്റി കുടിക്കും. അട്യേനത് കാണാന്‍ വയ്യമ്പ്രാ. അട്യേനാ പ്രാണീനെ രസ്സിച്ചതാമ്പ്രാ..”

കേട്ടുനില്‍ക്കുന്നവനൊന്നും മനസ്സിലായില്ലെങ്കിലും ചെറോണയ്ക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ ചിലന്തിവല നെയ്യുന്ന ഇരുട്ടും, രാത്രിവലയിലൂടെ പുറത്തിറങ്ങുന്ന ചിലന്തികളും, ചിലന്തികള്‍ക്കിരയാവുന്ന പ്രാണികളും എല്ലാം അവള്‍ക്ക് നന്നേ നിശ്ചയമുണ്ട്.

പയ്യാങ്കര ഗ്രാമത്തിന്‍റെ ചെറോണ ജീവിക്കുന്നു, എട്ടുകാലികള്‍ക്കിടയില്‍, ചിലന്തി വലയുടെ കുരുക്കഴിക്കാനറിയാത്ത ഇരയായ്... ഇനിയൊരു പ്രാണിയും ഇരയാവരുതെന്ന വാശിയോടെ.. പയ്യാങ്കരയുടെ സ്വന്തം ചെറോണ!

74 comments:

  1. ഞാനാണ് നാട മുറിച്ചത്... ശൈലി മാറിയതിൽ സന്തോഷം..ആശംസയിട്ടാൽ ഏച്ച് കെട്ടാകില്ലേ...പക്ഷെ ഗ്രാമത്തെ മനകണ്ണിൽ കാണിക്കാൻ നീ വിജയിച്ചൂ...

    ReplyDelete
  2. ചെറോണ പയ്യാങ്കര ഗ്രാമത്തിലെ മാത്രമല്ല കേരളത്തിലെ ഒട്ടു മിക്ക ഗ്രാമങ്ങളിലെയും കഥാപാത്രമാണ്.. പല പേരുകളില്‍ .. പല മുഖങ്ങളില്‍ ... പകലിലെ വെറുക്കപ്പെട്ടവളും രാവിലെ ആതിഥേയയുമായി. സദാചാര കാവല്‍ക്കാര്‍ അവളെ തൊടാറില്ല. സ്ത്രീപക്ഷ വാദികളുടെ കണ്ണില്‍ അവള്‍ പെടാറില്ല. നന്നായി എഴുതി. വരികളില്‍ നല്ല ഒതുക്കം അനുഭവപ്പെടുന്നു

    ReplyDelete
  3. എഴുത്തില്‍ അടിമുടിയൊരു മാറ്റം.ചെറോണ എന്ന് കേട്ടപ്പോള്‍ ഒരു നിമിഷം സാറജോസെഫിന്റെ ചെറോണ ആണോ എന്ന് സംശയിച്ചു .ഗ്രാമത്തിന്റെ നിഷ്കളങ്കമായ ചെറൊണയെ മനോഹരമായി വിവരിച്ചു .ഒട്ടും ഏച്ചുകെട്ടലില്ലാതെ മടുപ്പിക്കാതെ കൃത്യമായ വര്‍ണനകള്‍ കൊണ്ട് തീര്‍ത്ത കൊച്ചു കഥ ഇഷ്ടമായീ സഖീ.സിമ്പിള്‍ ...ബ്യുടിഫുള്‍..ലളിത മനോഹര കഥയ്ക്ക് എന്റെ സ്നേഹം ഇലഞീ...എഴുത്ത് കുറച്ചുകൂടി നന്നായത് ഇപ്പോളാണ്.സന്തോഷം ഈ മാറ്റത്തില്‍ ..

    ReplyDelete
  4. ഈ നല്ല മാറ്റത്തിന് ഒരു ഷേക്ക്‌ ഹാന്‍ഡ്‌..'. കൊട് കൈ പൂക്കളെ.

    ReplyDelete
  5. ചിലന്തിവലകളെ നോക്കി നില്‍ക്കുന്ന ചെറോണ... മറക്കില്ല.

    ഇഷ്ടായിട്ടോ... ആശംസകള്‍

    ReplyDelete
  6. നിരത്തെറ്റിയ ചിന്തകളും ചുറ്റും പാറിപ്പറക്കുന്ന ഭയങ്ങളും ചിതറികിടക്കുന്ന വിവിധ വികാരങ്ങളുമെല്ലാം ചേര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന അവരുടെ മനസ്സിന്‍റെ നേര്‍ചിത്രം പോലെ, ജഡപിടിച്ച് ഒരു വൈക്കോല്‍കൂനയെ ഓര്‍മ്മിപ്പിച്ച് തലനിറഞ്ഞു നില്‍ക്കുന്നുണ്ട് അഴുക്കും പേനും നിറഞ്ഞ മുടി.
    ================
    നന്നായി എഴുതി

    ReplyDelete
  7. നേരത്തെ ഇവിടെ വന്നിട്ടില്ല.
    ചെറോണ ഒരാള്‍ അല്ല, ഒരുപാടു പേരുടെ പ്രതിരൂപമാണ്. ചിലന്തി വലകളില്‍ നിന്നും ഇരകളെ രെക്ഷിക്കാന്‍ പക്ഷേ പല ചെറോണകള്‍ക്കും ആവുന്നില്ലലോ.
    വളരെ നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  8. നിശബ്ദരായി ഇന്നും പലേടത്തും ജീവിക്കുന്ന എറോണമാരെയും കപട സദാചാരക്കാരെയും ലളിതമായി വരച്ചുകാട്ടി....വായിക്കാന്‍ സുഖമുള്ള എഴുത്ത്..

    ReplyDelete
  9. നന്നായിരിക്കുന്നു.ഇങ്ങനെ ഒരു ചോറോണ എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു .പക്ഷെ അവള്‍ ആരോടും മിണ്ടില്ലയിരുന്നു .ഒരു കൂട്ട മാനഭംഗ ത്തിന്റെ ഇരയാണെന്ന് വലുതായപ്പോള്‍ ആരോ പറഞ്ഞു അറിഞ്ഞു .ഏതോ ദൂര ദിക്കില്‍ നിന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സമനില തെറ്റി എതിയവല്‍ ആയിരുന്നു .ആദ്യമൊക്കെ പേടിയായിരുന്നു എനിക്ക് ...പിന്നീട് സഹാനുഭൂതിയും .ഹോസ്റ്റല്‍ ലില്‍ നിന്ന് പഠിക്കാനായി ഗ്രാമം വിട്ടപ്പോഴും അവള്‍ ഒരു വേദനയായി മനസ്സില്‍ ഉണ്ടായിരുന്നു .പിന്നെ ..പിന്നെ ..നഗരത്തിന്റെയും ,പഠനത്തിന്റെയും തിരക്കില്‍ അതൊക്കെ മറന്നു .ഒരു അവധിക്കു തിരിച്ചു വന്നപ്പോള്‍ അറിഞ്ഞു ഒരു വേള അവള്‍ ഗ്രാമത്തില്‍ നിന്നും അപ്രത്യക്ഷ ആയെന്നു ......

    ReplyDelete
  10. ചെരോണമാര്‍ ഒരുപാടുണ്ട് കേരളത്തിലെ ഗ്രാമക്കാഴ്ചകളില്‍ ,പരിഷ്കൃത സമൂഹം എന്ന് സ്വയം അഹങ്കാരിക്കുമ്പോഴും ,ഇരുളിന്‍റെ മറവില്‍ ചെരോണമാരെ പ്രാപിക്കുന്ന അപരിഷ്കൃത കാട്ടാളന്‍മാര്‍ തന്നെയാണ് നാടിന്റെ ശാപം !! ഒറ്റ വീര്‍പ്പില്‍ വായിച്ചു തീര്‍ത്ത കുറിപ്പ് !!!!

    ReplyDelete
  11. ചെറോണയെ നന്നായി അവതരിപ്പിച്ചു.നല്ല രചന

    ReplyDelete
  12. എല്ലാ ദേശത്തിലും എല്ലാകാലത്തിലും ചില ചെറോണമാര്‍ സമൂഹത്തിന്റെ ഭാഗമായിതന്നെ ജീവിച്ച് മരിക്കുന്നുണ്ട്..
    അതിലോരാളെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  13. ആരുടെയൊക്കെയോ ക്രൂരതയ്ക്കിരയായി ചെറോണമാരായി ജന്മം താണ്ടുന്ന എത്രയോ ജീവിതങ്ങള്‍....

    ഒതുക്കത്തോടെ എഴുതി.


    ആശംസകള്‍

    ReplyDelete
  14. മഴവില്ലില്‍ വായിച്ചിരുന്നു.
    ഇഷ്ടപ്പെട്ട രചന.

    ReplyDelete
  15. എന്നിട്ടും ചെറോണയെ പ്രാപിക്കാന്‍ ക്യൂ ആയിരുന്നെന്നോ.....?
    ഇലയ്ക്കാട് ഗ്രാമത്തില്‍ ചെറോണ ഇല്ല
    അതുകൊണ്ടൊരപരിചിതത്വം

    ReplyDelete
  16. ചില കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നിസാര്‍ പറഞ്ഞ പോലെ മിക്ക സ്ഥലങ്ങളിലും ഒരു ചെറോണയെ കാണാം. ഇരകളെ വേര്‍പ്പെടുത്തുന്ന ചെറോണയുടെ ചെയ്തികള്‍ കഥയ്ക്ക് നല്ലൊരു അര്‍ത്ഥം നല്‍കി. ഷേയയുടെ വായിച്ച പല കഥയില്‍ നിന്നും വിത്യസ്തമാണ് ഈ എഴുത്ത്. നല്ല ഒതുക്കത്തില്‍ അതേ സമയം നല്ല ഭാഷയോടെ ഭംഗിയായി പറഞ്ഞിട്ടുണ്ട് കഥ. ഭാഷ ലളിതമാവുമ്പോള്‍ ആസ്വാദനം കൂടുതല്‍ ഹൃദ്യമാവും. അതാണ്‌ ഈ കഥയുടെ വിജയം.

    ReplyDelete
  17. നാട്ടുവഴിയോർമ്മകൾ നന്നായി പകർത്തി. നല്ലൊരു വായനനുഭവം. ലളിതമായി പറഞ്ഞ രീതിയും ഇഷ്ടപ്പെട്ടു. ആശംസകൾ..

    ReplyDelete
  18. ചിലപ്പോൾ ഭാവന മാത്രമായി പോകുന്നില്ലേ എന്നൊരു സംശയം. പൂർണ്ണഗർഭിണിയായ ഒരു സ്ത്രീയെ പ്രാപിക്കാൻ ഏതു കാമഭ്രാന്തനായാലും ഒന്നു മടിക്കും..വർഷാവർഷം ഗർഭം ധരിക്കുകയും പ്രസവിക്കുകയും കുഞ്ഞിനെ കൊല്ലുകയും ചെയ്യുന്ന മാനസികരോഗിയായ സ്ത്രീ, ഏതെങ്കിലും സാമൂഹ്യ,സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽ പെടാതിരിക്കാനുള്ള സാധ്യതയും വിരളം. കേരളത്തിൽ ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടാവുമോ ?


    ഓരോ പ്രതീക്ഷകൾ.. :(

    ReplyDelete
  19. കഥ പലയിടത്തും ലോജിക്കിനു വഴിപ്പെടുന്നില്ല. ചിലപ്പോള്‍ ചെറോണയെ പോലൊരു കഥാപാത്രത്തെ പരിചയപ്പെടാന്‍ സാധിക്കാതെ പോയ ഒരു ആധുനിക ഗ്രാമവാസി ആയതു കൊണ്ടാവാം :) എന്തായാലും ലളിതസുന്ദരമായ ആഖ്യാനം :)

    ReplyDelete
  20. നല്ല ശൈലിയിൽ മനോഹരമായി എഴുതി....
    അഭിനന്ദനങ്ങൾ.....

    ReplyDelete
  21. ലളിതവും സുന്ദരവുമായി എഴുത്ത്‌.
    ആശംസകൾ.

    ReplyDelete
  22. ചെറോനയുടെ കഥയില്‍ വേട്ടക്കാരും ഒരു ഇരയും മാത്രം. യഥാര്‍ത്ഥത്തില്‍ ഇരകളുടെ എണ്ണമാണ് കൂടുതല്‍. നല്ല കഥ. ആശംസകള്‍.

    ReplyDelete
  23. ഇന്നിന്റെ വര്‍ത്തമാന മുഖം വരച്ചിട്ട ഒരു നഖചിത്രം.ജീര്‍ണതയുടെ അഴുക്കു ചാലുകളില്‍ പുളയുന്ന പുഴുക്കളുടെ നേര്‍ പരിഛേദം വര്‍ണ്ണിച്ച രചനാപാടവം മികവുറ്റതായി.

    ReplyDelete
  24. ഭ്രാന്തിന്റെ വേരുകള്‍ തലച്ചോറിലേക്ക് പടര്‍ന്നു പിടിച്ച ‍ ചെറോണ, ഉള്ളില്‍ തണുപ്പിഴയുന്ന മൌനത്തിന്റെയും മരവിപ്പിന്റെയും ഇടയിലൂടെ സങ്കടത്തൂണുകള്‍ മാറി മാറി പിടിച്ചു നടക്കുന്നു. ആര്‍ത്തിപൂണ്ട കഴുകക്കണ്ണുകള്ക്കിടയിലൂടെ ..



    ReplyDelete
  25. മനോഹരമായാ എഴുത്ത് ഇഷ്ട്ടമായി

    ReplyDelete
  26. ശൈലി മാറ്റിയത് ഇഷ്ടപ്പെട്ടു. നന്നായി. നല്ല കഥ. ചെറോണ ഒരു നൊമ്പരമായി.

    ReplyDelete
  27. ഷേയയുടെ ഇതര കഥകളില്‍ നിന്നും വേറിട്ടൊരു ശൈലി..ലളിതമായ ഭാഷയില്‍ കയ്യടക്കത്തോടെ പറഞ്ഞ ഒരു കഥ..ഗ്രാമമായാലും നഗരമായാലും ഇത്തരം ചെറോണമാരും അമ്പ്രാക്കന്മാരും അവിടവിടങ്ങളില്‍ കാണാനാകും ..ആശംസകള്‍ ..നല്ല എഴുത്തുകള്‍ ഇനിയും പിറക്കട്ടെ...!!

    ReplyDelete
  28. ചെറോണ, ചിലന്തിവല , പ്രാണികള്‍..... ഇവ ചേര്‍ന്ന് മനസ്സിലാകെ ഒരു നോവിന്‍റെവലകെട്ടുന്നു...
    ഒരുപാടിഷ്ടമായി...അതിലേറെ വേദനയും. ആശംസകള്‍ !!!

    ReplyDelete
  29. വൃത്തിയും മെനയുമില്ലാത്ത , എചില്കൂമബാരങ്ങള്ളില്‍ ഭക്ഷണം തിരയുന്ന ചെരോണ...ചിലന്തിയില്‍ നിന്ന് പ്രാണികളെ രക്ഷിക്കുന്ന ചെരോണ...
    ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണപെടുന്നവള്‍....നമ്മള്‍ കാണാത്ത എത്രയോ ചെരോണ്ണമാര്‍....സുഗന്ധ സോപും, പട്ടുസാരികളും ഉപയോഗിക്കുന്നവള്‍, പഞ്ചനക്ഷത്ര ജീവിതവും ജീവിക്കുന്നവള്‍....എല്ലാവരും ചിലന്തിവലകളില്‍ പെട്ടുപോയ പ്രാണികള്‍ മാത്രം ....

    ഹൃദയം കൊണ്ടെഴുതിയ വരികള്‍...................തോരണങ്ങള്‍ ഇല്ലാത്ത ഭാഷ.......ശക്തം...
    വളരെ ഇഷ്ടപ്പെട്ടു...



    ReplyDelete
  30. പരിചയപ്പെട്ടിട്ട് നാളൊത്തിരിയായെങ്കിലും വരാന്‍ കഴിഞ്ഞത് ഇപ്പഴാ....
    നേരത്തേ വരണ്ടതായിരുന്നു.....
    കഥ വായിച്ചു....
    ചെറോണയെ കുറിച്ച് അറിഞ്ഞു....
    ഇത്രക്കൊന്നുമില്ലങ്കിലും ഞങ്ങടെ നാട്ടിലുമുണ്ട് ഒരു ചെറോണ
    നല്ല എഴുത്ത്...

    ReplyDelete
  31. നന്നായി എഴുതി...
    മനോഹരമായ ഭാഷയും വിവരണവും..

    ReplyDelete
  32. ഒരുപാടിഷ്ടമായി ചെറോണയുടെ കഥയും , കഥ പറഞ്ഞ രീതിയും
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  33. ചെരോണ മാര്‍ ഇന്ന് ജീവിക്കുന്നു പല നാട്ടിലും അലക്കി തേച്ച നമ്മുടെ സംസ്കാരത്തെ പരിഹസിച്ചു പുചിച്ച്ചു കൊണ്ട്

    ReplyDelete
  34. ചെറോണയെ വായിക്കുകയും അഭിപ്രായങ്ങളറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ സ്നേഹം, സന്തോഷം.

    ReplyDelete
  35. ചെറോണയെ മനോഹരമായ ഭാഷയില്‍ വിവരിച്ചിരിക്കുന്നു ...!
    ഈ നല്ല എഴുത്ത് ഇഷ്ടായി ഷേയൂ!!

    ReplyDelete
  36. ഏതു നാട്ടിലും ഏതു കാലത്തും പലരൂപത്തില്‍ ചെറോണകള്‍ സംസ്കാരസമ്പ ന്നരെന്നവകാശപ്പെടുന്ന മനുഷ്യരുടെ മനസാക്ഷിക്കെതിരെ ചോദ്യങ്ങളുയര്‍ത്തി ജീവിച്ചിട്ടുണ്ട്. ശക്തമായ ഭാഷയില്‍ ഷേയ ചെറോണയെ അവതരിപ്പിച്ചു. രചനയില്‍ വന്ന ഗൌരവവും സ്വാഗതം ചെയ്യുന്നു. ഇനിയും ഇത്തരം രചനകള്‍ ഉണ്ടാകട്ടെ. അഭിനന്ദനങ്ങള്‍.

    ReplyDelete
  37. ചെറോണ .. നൊവായീ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ..
    മാന്യതയുടെ മുഖമുള്ള പലതും ഇരുളിന്‍ മറവില്‍
    സ്വരൂപത്തേ പുറത്തെത്തിക്കുന്നു ..
    സമൂഹത്തിലേ ദുഷിപ്പ് വരികളില്‍ പ്രകടമായി ഉണ്ട് ..
    ഒരേ ഇരയേ തന്നെ , എപ്പൊഴും തേടുന്ന മനസ്സുകള്‍ ..
    ചിലത് ഓര്‍മിപ്പിക്കുകയും , ചിലത് മറക്കുവാനും ..
    നെയ്തു കൂട്ടുന്ന ചിലതില്‍ നിന്നും , ഇരയായി നിന്ന്
    ഉച്ചിഷ്ടമായ് നടന്ന് , അവശേഷിപ്പുകളേ പുറംതള്ളി ..
    ചിരിയോടെ ചെറോണ ഇന്നും വെറുതേ കലത്തിനൊപ്പൊം ..
    ആദ്യപാദം മുതല്‍ ഒടുക്കം വരെ നോവ് ചോര്‍ന്നില്ല , തീവ്രതയും ..

    ReplyDelete
  38. എല്ലായിടത്തുമുണ്ട് ചെറോ ണമാര്‍

    ReplyDelete
  39. ഓരോ ഗ്രാമത്തിന്റെയും പതിവ് കാഴ്ചകളില്‍ ഇത്തരം ഒരു ചെരോണയുണ്ടാവും. മറ്റു പല രൂപങ്ങളില്‍. മറ്റു ചില പേരുകളില്‍.

    ചില കാര്യങ്ങളില്‍ അതിഭാവുകത്വം കലരുന്നുവെങ്കിലും (ചിലത് മനോജ്‌ ചൂണ്ടികാട്ടി) മിക്കവാറും കാര്യങ്ങള്‍ ഒരു മാനസികരോഗിയായ തെരുവ് സ്ത്രീയോട് ചേര്‍ന്ന് നില്‍ക്കുന്നവ തന്നെ. കൃത്രിമത്വം കലരാത്ത കഥനം. അത് തന്നെയാണ് തത്വത്തില്‍ ഈ കഥയുടെ വിജയം എന്ന് ഉറക്കെ പറയാം !!

    ആശംസകള്‍

    ReplyDelete
  40. നന്നായി എന്ന് തന്നെ പറയട്ടെ

    ReplyDelete
  41. ഇത് പോലൊരു കഥാപാത്രം എന്‍റെ നാട്ടിലും ഉണ്ടായിരുന്നു.. മക്കളെ കൊല്ലരില്ലെന്നു മാത്രം..
    വളരെ നന്നായി എഴുതി ഷേയൂ.. ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  42. ഒരു നീറുന്ന ചിരി ചെറോണമാര്‍ക്കായ്‌ അല്ലാതെ വേറെ ഒന്നും തരുവാനില്ല. ശയ്ളി വളരെ ഇഷ്ട്ടപ്പെട്ടു. ആര്‍ഭാടങ്ങളും ഘോഷയാത്രകളും ഇല്ലാത്ത ലളിത ഭാഷ..! അഭിനന്ദനങ്ങള്‍ ഇലഞ്ഞി..!

    ReplyDelete
  43. ലളിത സുന്ദരം എന്ന് ആശംസിക്കുന്നു സ്നേഹൂ..
    വായനക്കാരന്റെ ആവശ്യം അനുസരിച്ച്‌ വിളമ്പിയ അക്ഷരകൂട്ട്‌...!

    ReplyDelete
  44. വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗ്രാമത്തിന്റെ ഒരന്തരീക്ഷം മനസ്സില്‍ പകര്‍ത്താന്‍ എഴുത്തിന് കഴിഞ്ഞു ..
    അത് തന്നെ വിജയവും .......നന്നായിരിക്കുന്നു ...ഭാവുകങ്ങള്‍ .....

    ReplyDelete
  45. ചിലന്തികള്‍ ഏറെയുള്ള ഈ ലോകത്തെവിടെയും കാണാവുന്ന ഒരു പ്രതീകമാണ് ചെറോണ .
    നന്നായ്‌ എഴുതി. ന്യൂതന ശൈലി അവലംബിച്ചതിനും അഭിനന്ദനങ്ങള്‍!

    ReplyDelete
    Replies
    1. ചെറോണയെ വായിക്കുമ്പോള്‍ എസ. കെ യുടെ തെരുവിന്റെ കഥയുടെ പശ്ചാത്തലം മനസ്സില്‍ നിറഞ്ഞു. വാക്കുകള്‍ കൊണ്ടൊരു മായാപ്രപഞ്ചമാണ് ഇലഞ്ഞിയുടെ എഴുത്ത്. ആരും പറയാത്ത വിഷയങ്ങള്‍തേടി ഇനിയും ഒരുപാട് അലയൂ.. എങ്കില്‍ ആ കഥ ക്ലാസ് ആയിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. ആശംസകള്‍.

      Delete
  46. ഇലഞ്ഞിപ്പൂവേ... കഥ പറഞ്ഞ ശൈലി വളരെ നന്നായ്ട്ടോ.
    വായിക്കാന്‍ വൈകി. അതിശയോക്തി കലര്‍ന്ന ഭാഗങ്ങള്‍ ഒന്ന് മയപ്പെടുത്തിയിരുന്നെങ്കില്‍ ചിലന്തിവലയില്‍ അറിയാതെ... ബോധമില്ലാതെ.. വീഴുന്ന ഒരുപാട് ചെരോണമാര്ടെ നേര്ചിത്രമായേനെ....
    ഭാവുകങ്ങള്‍....

    ReplyDelete
  47. ബുക്ക്‌ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചവ വായിച്ച്‌ വരുകയാണ്‌, അതിനിടെ ഇവിടെ എത്തി ഇലഞ്ഞിപ്പൂക്കളുടേത്‌ വിശദമായി വായിക്കേണ്‌ടതിനാലാണ്‌ വൈകയത്‌ .

    ചെറോണ എന്ന കഥ മുമ്പെഴുതിയ കഥയുടെ അത്ര മികച്ചതല്ല എങ്കിലും കഥയിലുടനീളം പ്രകടിപ്പിച്ച കയ്യടക്കവും, പദ വിന്യാസവും ഇഷ്ടപ്പെട്ടു. ചെറോണ ഒരു പ്രതീകം മാത്രം, വലകളില്‍ പെട്ട്‌ ജീവിതം നഷ്ടപ്പെട്ടവരുടെ പ്രതീകം. കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ വല വിരിച്ച്‌ കാത്തിരിക്കുന്നവരുടെ വലയിലകപ്പെടുമോ എന്നതാവും ചെറോണയെ അവയെ കൊന്ന് രക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്‌..

    നല്ല രചനക്ക്‌ അഭിനന്ദനങ്ങള്‍ , അല്‍പം വൈകിയാലും ഇനി എന്നും മൊഹി ഇലഞ്ഞിപ്പൂക്കളെ വായിക്കാന്‍ വരും , കാരണം കഥയെഴുതുന്നവരെ എനിക്കിഷ്ടമാണ്‌. അവരെ ഞാന്‍ നോട്ട്‌ ചെയ്ത്‌ സീരിയസായി വായിക്കുകയും, കമെന്‌റിടുകയും ചെയ്യും...

    ആശംസകള്‍

    ReplyDelete
  48. "ചെറോണ" എന്ന പേര് കേട്ടപ്പോള്‍ റഷ്യയില്‍ നിന്നും പയ്യാങ്കരയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരാള്‍ ആകുമെന്നാണ് കരുതിയത്‌ ... മൊത്തം വായിച്ചപ്പോള്‍ പിടികിട്ടി.

    സംഗതി ആകെ വെറുപ്പിച്ചു പണ്ടാരമടക്കിക്കളഞ്ഞു! ബ്വാഹ്...!!!!

    എല്ലായിടത്തും ഉണ്ടാകുമോ ഓരോ ചെറോണമാര്‍ ... അല്ലെ!
    എന്നാലും ഈ മോഡലില്‍ ഒരു ചെറോണ ...??? വീണ്ടും ബ്വാഹ്...!!!!

    ReplyDelete
  49. This comment has been removed by the author.

    ReplyDelete
  50. ചെറോണമാര്‍ ഇന്നും പല്ലിളിക്കുന്നു
    രക്തക്കറയുള്ള അടിപ്പാവാടയുമായി
    ഇരുളിന്റെ മരവിളിന്നു തമ്ബ്രാനെന്നോ
    അടിയാളനെന്നോ വേര്‍ തിരിവില്ല ഇല്ല
    ചിലന്തിയും ചാത്തനുമെന്നില്ല
    എല്ലാരും ഒരുമിച്ചാണ് ..
    ശിഷ്ട്ടം ചെരോണയുടെ നിലവിളികളും
    ചോര തുള്ളികളും മാത്രം...
    ശക്തമായ കഥ (കഥയോ ജീവിതമോ )
    ആശംസകള്‍...

    ReplyDelete
  51. പല രൂപത്തിൽ പല ഭാവത്തിൽ.., അനുഭവം മാത്രമൊന്നായിരിക്കും
    എല്ലായിടത്തും ചെറോണമാരുണ്ട്..

    നന്നായി എഴുതി..ആശംസകൾ..

    ReplyDelete
  52. കീയക്കുട്ടിയുടെ ചെറോണ വായിച്ചാണ് ഇവിടെയ്ത്തിയത് ...മനസ്സില്‍ വല്ലാത്തൊരു നൊമ്പരം സൃഷ്ടിച്ചിരിക്കുന്നു..എനിക്ക് ചെരോണയില്‍ ദുര്‍ഗന്ധമോ അറപ്പോ അല്ല തോന്നിയത് . വല്ലാത്തൊരു ചൈതന്യമാണ് ... കറുത്ത വലയം കൊണ്ടുള്ള ഒരു തേജസ് ..ഇരുട്ടിനേക്കാള്‍ കറുപ്പുള്ള വല്ലാത്തൊരു കറുത്ത തേജസ്‌ നമ്മുടെ മനസ്സിലെ വെളിച്ചത്തിലേക്ക്(വെളിച്ചം എന്ന് നമ്മള്‍ വിശ്വസിക്കുന്ന ) കടന്നു വരുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം അസഹിഷ്ണുത ...

    ReplyDelete
  53. കീയക്കുട്ടിയുടെ ചെറോണ വഴി വന്നതാണ്..
    നന്നായി ഇലഞ്ഞി, ലളിതമായ ഭാഷ.
    ചിലന്തിവലയുടെ ഉപമ ഒരല്പം ആവര്‍ത്തന വിരസത ഉണ്ടാക്കി..
    അത് അല്പം കൂടി ഒതുക്കി പറയാമായിരുന്നു..
    ഭാവുകങ്ങള്‍..

    ReplyDelete
  54. This comment has been removed by the author.

    ReplyDelete
  55. ചെറോണ, ഇങ്ങിനെ ഒരു കഥാപാത്രത്തെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്. അവളെ പ്രാപിക്കാന്‍ നാട്ടിലെ "തമ്പ്രാക്കള്‍" ക്യു നില്‍ക്കും എന്ന് പറയുന്നിടത്ത് അല്പം അതി ഭാവുകത്വം ഉണ്ട് എന്നതൊഴിച്ചാല്‍ ചെറോണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രീതി മനോഹരമായി.

    ReplyDelete

  56. കഥ വായിച്ചു പക്ഷേ ഇത് ഒരികളും യോചിക്കാന്‍ സാധിക്കുന്നില്ല

    പ്രാ ക്രത കാലത്ത് പോലും ഇത്ര മാത്രം ഭ്രാന്തിയെ പ്രാവിക്കാന്‍ മാത്രം സംസ്കാര ശൂന്യത ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് അതും വിശുദ്ധിയുടെയും നൈര്‍മല്യത്തിന്റെ പ്ര്യായമാരുന്ന ഗ്രാമത്തില്‍ ഇങ്ങനെ ഒരു കാര്യം ഭാവയില്‍ പോലും ചിന്തിക്കാന്‍ സാധിക്കുന്നില്ല ..

    കൊച്ചു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊള്ളുന്ന ഏതു ഭ്രാന്തിയായാലും പോലീസെ പിടിക്കില്ല എന്നാ എന്ത് ന്യായം പറഞ്ഞാലും അഗികരിക്കാന്‍ മനസ് സമതിക്കുന്നില്ല

    ReplyDelete
  57. ഇത്തരം ചെറോണകളും തംബ്രാക്കന്മാരും പലയിടങ്ങളിലും ഉണ്ട്.

    ReplyDelete
  58. നന്നായി എന്നുമാത്രം വെറുതെ പറഞ്ഞുപോയാല്‍ ഈ കഥയോട് ചെയ്യുന്ന അനീതിയാകും.
    കാരണം ഇതില്‍ നല്ല കഥ മറഞ്ഞിരിക്കുന്നു.
    ശൈലിയും നന്ന്.
    എങ്കിലും എഴുത്തിന്റെ ആവേശം കൊണ്ട് കഥാകൃത്ത്‌ കഥയില്‍ നാടകീയത കൊണ്ടുവരാന്‍ ശ്രമിച്ചില്ല.
    നേരെവാ നേരെപോ എന്ന രീതി. ചിലപ്പോള്‍ ഈ രീതി ചില വായനക്കാര്‍ക്ക് ഇഷ്ടമാണ്‌താനും.
    എങ്കിലും ചിലന്തി എന്ന ബിംബത്തെ നാടകീയമായി ഉപയോഗിച്ചാല്‍ ഇത് ഇതിലും മനോഹരം ആകില്ലേ ?
    ആശംസകള്‍

    ReplyDelete
  59. cheroonaye enikkum ariyaaamippol ,etrayoo varshanghalaayi parichayam ullath poole..athu poole payyankhara graameenareyum

    nannayi ezhuthiyittund poovve..... Aashamsakal

    ReplyDelete
  60. ലളിതമനോഹരം
    ആശംസകള്‍

    ReplyDelete
  61. "അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവലകളിലെ പ്രാണികളെ രക്ഷിക്കാന്‍., ചിലന്തികള്‍ സശ്രദ്ധം വലനെയ്യുന്നത് നോക്കി നില്‍ക്കാന്‍.,.. ഇരയെ കാത്ത് വലയില്‍ പതുങ്ങിയിരിക്കുന്ന ചിലന്തികളെ അവള്‍ക്കപ്പോഴും പേടിയാണ്. അവയെ നോക്കുമ്പോള്‍ ചെറോണയുടെ കണ്ണില്‍ ഭയം തിരയടിക്കും. ചുമന്ന് ചുളുങ്ങിയ ചുണ്ടുകള്‍ ഒരുവശത്തേക്ക് കോടിപോവും."

    ചേച്ചീടെ ചെറോണയെ ഇപ്പോഴാ വായിക്കാന്‍ സാധിച്ചത് .....
    നല്ല വായനയുടെ മികവുണ്ട് ഇപ്പൊ ചേച്ചീടെ ഭാഷയില്‍ ....
    തകര്‍ത്തെഴുതൂ ഇനിയുമിനിയും ഷേയേച്ച്യെ...

    സ്നേഹം
    അനിയന്‍

    ReplyDelete
  62. "അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങും അന്ത്യായാ. എന്നിട്ടോറ്റേടെ ചോര ജീവനോടൂറ്റി കുടിക്കും. അട്യേനത് കാണാന്‍ വയ്യമ്പ്രാ. അട്യേനാ പ്രാണീനെ രസ്സിച്ചതാമ്പ്രാ..”

    പൂക്കളേച്ചീ ഇന്നാട്ടോ വായിക്കാൻ പറ്റിയേ.

    'ചെറോണയ്ക്ക് കൊടുക്കുമെന്ന് ഭയപ്പെടുത്തി കുട്ടികളെ അനുസരിപ്പിക്കാന്‍, പഴകിപുളിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റബോധം ഒഴിവാക്കി ചെറോണയ്ക്കായി മാറ്റിവെക്കാന്‍, മോഷണം നടന്നാല്‍ ചെറോണയ്ക്ക് നേരെ കൈ ചൂണ്ടാന്‍, മാലിന്യകൂമ്പാരങ്ങളെ ചെറോണയോടുപമിക്കാന്‍, മാന്യരുടെ മാന്യത കാട്ടി ചെറോണയെ കാണുമ്പോള്‍ മൂക്ക് പൊത്തി ആഞ്ഞൊന്ന് തുപ്പാന്‍, രാത്രിയുടെ മറവില്‍ മാലിന്യമൊളിപ്പിച്ച് കുടുംബത്തില്‍ പിറന്നവന്‍റെ ദാഹം തീര്‍ക്കാന്‍..'

    ചെറോണയെന്താ ന്നും എങ്ങനാ ന്നും എല്ലാം നല്ല അടക്കത്തോടെ വിശദീകരിച്ചു ട്ടോ ചേച്ചീ.
    ഇങ്ങനൊരു കഥാപാത്രം എല്ലാ നാട്ടിലും ഗ്രാമാന്തരീക്ഷത്തിലും കാണാം,അനുഭവിക്കാം.
    നല്ല, ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ എല്ലാം പറഞ്ഞു. വായിച്ചവസാനിച്ചതറിഞ്ഞില്ല.
    ആശംസകൾ.

    ReplyDelete
  63. ചെറോണയെ വായിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി പറഞ്ഞോട്ടെ, ഒരുപാട് സന്തോഷത്തോടെ.

    ReplyDelete
  64. ഇങ്ങനെയൊരു കഥാപാത്രത്തെ കണ്ണൂരില്‍ മിക്ക അമ്പലങ്ങളിലും കാണുമായിരുന്നു..ചെറുപ്പത്തില്‍ അതിസുന്ദരിയും നഴ്സിംഗ് പഠിക്കാന്‍ എവിടെയോ ചെന്നപ്പോള്‍ ആരോ ചതിച്ച് മാനസികമായി നിലതെട്ടിപ്പോകുകയും ചെയ്തൊരു സ്ത്രീ. അവരെക്കുറിച്ച് എഴുതണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ എന്തോ അത് നടന്നില്ല. നമ്മള്‍ കാണുന്ന അത്തരം രൂപത്തെ വാക്കുകളിലൂടെ വരച്ചെടുക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. ഇലഞ്ഞിപ്പൂക്കള്‍ അത് ഭംഗിയായി ചെയ്തിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  65. ചെറോണ...കാഴ്ച ആഴ്ന്നിറങ്ങിയ പാത്രസൃഷ്ടിയില്‍ സ്ത്രീത്വ സ്ഥാനങ്ങളുടെ സാരവും നിസ്സാരവുമായ ദ്വന്ദ്വം വരികളെല്ലാം പങ്കിട്ടെടുക്കുന്ന മിഴിവ്..... അഭിനന്ദനം..

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!