Wednesday, January 8, 2014

ഓര്‍മ്മകളുടെ ജാലകം




ജീവിതം അതിവിദഗ്ദ്ധമായി നെയ്തുകൊണ്ടിരിക്കുന്ന ഓര്‍മ്മകളുടെ ജാലിക ഓരോ മനുഷ്യനും പേറുന്നുണ്ട്. ആയുസ്സ് ഇന്നലേകളുടെ മടിത്തട്ടില്‍ കൂനിക്കൂടിയിരുന്ന് ഓര്‍മ്മവല നെയ്തുകൊണ്ടേയിരിക്കുന്നു, മരണത്തോളം. പലമനസ്സുകളില്‍ ഉരുവംകൊള്ളുന്ന ഈ സൂക്ഷ്മവലകള്‍ക്ക് ഉരുതയും പലതായിരിക്കും. മനോഹാരിതയും നൈപുണ്യവുമൊത്ത ഓര്‍മ്മവലകള്‍ക്ക് പക്ഷേ ചില സമയങ്ങളില്‍ വല്ലാത്ത ഭാരം അനുഭവപ്പെടും. വലക്കണ്ണികളിലൊളിപ്പിച്ച അസഖ്യം സ്മരണകളില്‍ ചിലത് അനുസരണക്കേടോടെ ഇടയ്ക്കൊന്ന് തുളുമ്പിയാല്‍ മതി ഹൃദയം ഘനം തൂങ്ങാന്‍. ചിലയകങ്ങള്‍ക്ക് ഈ ഘനംതൂങ്ങലുകളെ കല്പനാമൂശയിലിട്ട് അതിമനോഹരമായ വരികളായി ഉടച്ചുവാര്‍ത്ത് പുറംതള്ളി ഉള്ളം ശിഥിലമാക്കാന്‍ അപാരമായ കഴിവുണ്ട്.

അനില്‍കുമാര്‍ സി പിയുടെ ‘ഓര്‍മ്മകളുടെ ജാലകം’ എന്ന പതിനെട്ട് കഥകളുടെ സമാഹാരത്തിന്‍റേതും ഏറെക്കുറെ ഇത്തരമൊരു പ്രജനനമാണെന്ന് വായനയിലൂടെ അനുമാനിക്കാം. ഓര്‍മ്മകളുടെ ജാലകപ്പഴുതിലൂടെ കഥാകൃത്ത് ചുരുള്‍നിവര്‍ത്തിയിടുന്ന വലക്കണ്ണികള്‍ വായനക്കാരനുള്ളിലെ ഓര്‍മ്മകളേയും പ്രകമ്പനം കൊള്ളിക്കുന്നത് നെയ്തെടുക്കപ്പെട്ട ഇഴകളുടെ സമാനതകള്‍ കൊണ്ടാവും. ഓര്‍മ്മകളും പ്രവാസവും നഷ്ടമൂല്യങ്ങളും വരികളില്‍ ലയിക്കുമ്പോള്‍ ആഖ്യാനമികവേകുന്ന ശ്രുതിമധുരം അത്തരം മനസ്സുകളില്‍ ഗൃഹാതുരവീചികളാവും.

വൈഖരി എന്ന കഥയുടെ വായന തീര്‍ന്നിട്ടും ഹൃദയമിടിപ്പുകളുടെ താളം പ്രായികമാവാത്തത് കഥയുടെ തീവ്രതകൊണ്ടുതന്നെയാണ്. വിരഹത്തിന്‍റെ വരണ്ടഭൂമികയിലൂടെ ഇന്നലേകളിലേക്കുള്ള ആ തിരിച്ചുനടത്തം വായനയെ ഇങ്ങിനെ വേദനിപ്പിച്ചത് പ്രണയത്തിന്‍റെ മാസ്മരിക വീര്യമാണ്. സ്വപ്നങ്ങളുടെ ഉത്തുംഗതയില്‍ നിന്നും നഷ്ടപ്പെടലുകളുടെ അഗാധങ്ങളിലേക്ക് നിപതിച്ച പാര്‍വ്വതിയുടെ ജീവിതം മനോഹരമായി കഥാകൃത്ത് വരച്ചുവെച്ചിരിക്കുന്നു. തകര്‍ന്നടിഞ്ഞ ധനുഷ്കോടിയുടെ പാശ്ചാത്തലം ഈ കഥയ്ക്ക് വര്‍ദ്ധിതഭാവമേകുന്നുണ്ട്.

“കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്‍റെയീ യാത്രയില്‍ എനിക്കു കൂട്ട് കണ്ണീരുണങ്ങാത്ത ഓര്‍മ്മകളുടെ ഉപ്പുകാറ്റ് മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നോ?

അനന്താ, കടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോള്‍ നീ കൊണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ?..

...മോളെ ചേര്‍ത്ത് പിടിച്ചു.

അനന്താ, ഇതാ നമ്മുടെ വൈഖരി.

ഒരു നിഴല്‍ നടന്ന് മറയുന്നതുപോലെ. എനിക്ക് തോന്നിയതാണൊ.. അറിയില്ല”

മനക്കോട്ടയുടെ അസ്തിവാരം തകര്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതങ്ങളെ എത്രത്തോളം ജീവച്ഛവമാക്കുമെന്നത് തീര്‍ത്തും വ്യത്യസ്തമായ പാശ്ചാത്തലത്തിലെഴുതിയ ‘ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി’ എന്ന കഥയില്‍ വായിക്കാം. ചിത്രകാരനാവാന്‍ ആഗ്രഹിച്ചവന്‍ മോര്‍ച്ചറിയിലെ ശവപ്പെട്ടികളുടെ പരിചാരകനാവേണ്ടിവരുന്ന വിധിവൈപരീത്യം. തുച്ഛമായ ജീവിതസഫലീകരണങ്ങള്‍ക്ക് വേണ്ടി സ്വപ്നങ്ങളുടെ ശവപ്പറമ്പിലൂടെ അലയാന്‍ വിധിക്കപ്പെട്ട ഓരോരുത്തരുടേയും കഥയാണിത്. അവസാനം ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ അവകാശമില്ലാത്തവന് അവശ്യം വേണ്ട നിസ്സംഗതയിലേക്ക് വായന നമ്മളെ കൊണ്ടെത്തിക്കുന്നു.

വൈഖരി, ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി, എരിഞ്ഞ് ഒടുങ്ങാത്ത ചിത, പാപസങ്കീര്‍ത്തനം, മൂന്നാമത്തെ നദി, മേഘമായ് മധു മാത്യൂസ്, ഓര്‍മ്മകളുടെ ജാലകം, അമ്മ, ചാറ്റ്റൂം, ഗ്രീഷ്മം, കണ്ണുകള്‍, ചോര മണക്കുന്ന നാട്ടുവഴികള്‍, കൊഴിഞ്ഞുപോയൊരു കൊന്നപ്പൂ, ഗുല്‍മോഹര്‍പ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി, ആഘോഷമില്ലാത്തവര്‍, നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്, ഊന്നുവടികള്‍, ചുവരുകളുടെ ചുംബനങ്ങള്‍ എന്നീ കഥകളാണ് ‘ഓര്‍മ്മകളുടെ ജാലകം’ എന്ന കഥാ സമാഹരത്തിലുള്ളത്. ഫേബിയന്‍ ബുക്സാണ് പ്രസാധകര്‍. എല്ലാകഥകളേയും പരിചയപ്പെടുത്തി വായനാപുതുമ കളയുന്നില്ല.

ലാളിത്യമാര്‍ന്നവയാണ് ശ്രീ അനില്‍കുമാറിന്‍റെ കഥകളെല്ലാം. പ്രിയപ്പെട്ടൊരു സുഹൃത്തിന്‍റെ അനുഭവക്കഥകള്‍ നേരില്‍ കേട്ടിരിക്കുന്ന ലാഘവത്തോടെ ഈ കഥകളെ നമുക്ക് വായിക്കാം. അതൊരുപക്ഷേ ഞാന്‍ നേരത്തെ പറഞ്ഞ പലജീവിതങ്ങളുടെ അനുഭവസമാനതകളുടേതാവാം. പ്രവാസത്തിന്‍റെ തപിക്കുന്ന ജീവിതാനുഭവങ്ങളെ ചെറുക്കാന്‍ ഒരു മഞ്ഞുക്കട്ടിപോലെ മനസ്സില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഗൃഹാതുരതയും പ്രണയത്തുണ്ടുകളുമെല്ലാം നാടുവിട്ടവനിലെ സ്ഥാസ്നുവാം ചുമടുകളാണല്ലൊ. തീര്‍ത്തും അസ്വസ്ഥമാക്കുന്ന ഇന്നിന്‍റെ വികൃതചെയ്തികളേയും ചില കഥകളിലൂടെ വായിക്കാം. കൃത്രിമത്വമാര്‍ന്ന സംഭാഷണ ശകലങ്ങളും ഏറെപരിചയിച്ച വിഷയങ്ങളും പല കഥകളിലും കേട്ട് പഴകിയ ഒരു കഥാവസന്തകാലത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓര്‍മ്മകളുടെ ജാലകത്തില്‍ നിന്നും മുക്തനായി കഥാകാരന്‍ പുതുവഴികളിലൂടെ തൂലിക ചലിപ്പിക്കേണ്ടത് വായനക്കാരന്റെ കൂടി ആവശ്യമാണ്, കാരണം അത് കഥയുടെ പുതിയൊരു വസന്തക്കാലം തീര്‍ക്കും, തീര്‍ച്ച.

ആദ്യകൃതിയെന്ന നിലയ്ക്കുള്ള ഇത്തരം പോരായ്മകള്‍ ശിഥിലമാക്കപ്പെടുന്നുണ്ട് മികവുറ്റ പ്രയോഗങ്ങളിലൂടെയും ശൈലിയിലൂടേയും. അവതാരികയില്‍ ശ്രീ. എം കെ ഹരികുമാര്‍ പറഞ്ഞിരിക്കുന്നതുപോലെ അനില്‍കുമാര്‍ സി പിയുടെ കഥകള്‍ ഗതകാലത്തേക്ക് മൃതസഞ്ജീവനി തേടിപ്പോകുന്ന അനുഭവമാണ് തരിക. അതുകൊണ്ടുതന്നെ ഈ പുസ്തകവായന നാം മറന്നുവെച്ച പലതിലേക്കും ഒരു പിന്‍ നടത്തത്തിന് വ്യഗ്രതയേകും. കഥാകൃത്തിന്‍റെ തന്നെ വാക്കുകള്‍ കടംകൊണ്ടാല്‍, ഒറ്റപ്പെടലിന്‍റെ വേവില്‍ ഉതിര്‍ന്നുവീണ വാക്കുകള്‍ എഴുതിച്ചേര്‍ത്ത ഇതിലെ കഥകള്‍ക്ക് ആത്മാവിന്‍റെ നേരും അനുഭവങ്ങളുടെ തീഷ്ണതയും കാല്പനികതയുടെ സ്പര്‍ശവും കണ്ടേക്കാം..

ഇതുകൊണ്ടുകൂടിയാവാം വായിച്ചുമടക്കിയ പുസ്തകത്തോടൊപ്പം പടിയിറക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ നിന്നും ഭിന്നമായി ചിലരെങ്കിലും ചില ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തി ഉള്ളിലുള്ളത്.

25 comments:

  1. ചില അവലോകനങ്ങൾ നമ്മെ വായനയ്ക്കു പ്രേരിപ്പിക്കും. അത്തരത്തിലൊരു എഴുത്താണു ഇലഞ്ഞിയുടേത്‌ :)

    ReplyDelete
  2. ഒരുവിധം കഥകള്‍ വായിച്ച്ചതായിരിക്കും. എന്നാലും പുസ്തകം വായിക്കുന്നതില്‍ ഒരു പ്രത്യേകത ഉണ്ടല്ലോ. ഇനിയും നാട്ടില്‍ എത്തിയിട്ടുവേണം.....

    ReplyDelete
  3. വായനയുടെ പുതിയ മേച്ചില്‍‌പുറങ്ങളിലേക്ക് ആനയിക്കുകയും, അവരെ അനുവാചകരാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്നതിലൂടെ, ഭൗതിക ജീവിതസാഹചര്യത്തിന്റെ തിരക്കുകളില്‍ മറവിയിലേക്ക് പിന്തള്ളപ്പെടുന്ന ചില നഷ്ടപ്പെടലുകള്‍ നികത്താനുതകുന്നു ഈ പരിചയപ്പെടുത്തലും വിശകലനങ്ങളും...! "അഭിനന്ദനങ്ങള്‍"

    ReplyDelete
  4. ഷേയാ, ഈ നല്ല വായനക്ക്... നല്ല വിശകലനത്തിനു... വസ്തുനിഷ്ഠമായ വിലയിരുത്തലിനു ... നല്ല വാക്കുകൾക്ക് ... ഒരുപാട് ഒരുപാട് സ്നേഹം ...

    ReplyDelete
  5. വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവലോകനം

    ReplyDelete
  6. Sherikkum ee vidhathilulla Sheyasssintey vishadeekaranam kekkumbolu aa paranja pusthakangalu nattilu pokumbalu enkilum vangii vayikkanoru cheriya agraham :)

    ReplyDelete
  7. ചിലതെല്ലാം വായിച്ചിരുന്നു...ലളിത സുന്ദരമായ ഭാഷയില്‍ അടുക്കും ചിട്ടയോടെയും പറഞ്ഞിട്ടുള്ള കഥകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെട്ടു പോകുന്നതാണ്..വായനയ്ക്ക് ശേഷവും കുറച്ച നേരത്തേക്കെങ്കിലും കഥാപാത്രം അനുഭവിച്ച വിങ്ങലും ഹര്ഷവും വായനക്കാരുടെ മനസ്സിലും തങ്ങി നില്‍ക്കാറുണ്ട് ..അങ്ങനെയൊരനുഭവം അനിലിന്റെ എഴുത്ത് വായനക്കാരന് സമ്മാനിക്കുന്നുണ്ട്...ഇനിയും എഴുതാനും വായിക്കപ്പെടാനും സാധിക്കട്ടെ ..എല്ലാ ഭാവുകങ്ങളും ...ഷേയ പതിവ് തെറ്റിച്ചില്ല....കൂടുതല്‍ കൂടുതല്‍ തീക്ഷ്ണഭാവം ഭാഷയ്കുണ്ടാകുന്നു....ആശംസകള്‍

    ReplyDelete
  8. ഈ പരിചയപ്പെടുത്തലിനു നന്ദി ഇലഞ്ഞി :)

    ReplyDelete
  9. ഈ പരിചയപ്പെടുത്തൽ നന്നായി.
    ആശംസകൾ...

    ReplyDelete
  10. Avalokanam nannayirikunnoo Elanji..

    ReplyDelete
  11. ചില കഥകള്‍ ബ്ലോഗില്‍ വായിച്ചതാണ്
    വായിക്കാത്തതും ചിലതുണ്ട്

    നല്ല അവലോകനം

    ReplyDelete
  12. :)

    ശ്രീ. അനില്‍കുമാറിന്റെ പുസ്തകം ‘ഓര്‍മ്മകളുടെ ജാലകം ‘ പരിചയപ്പെടുത്തല്‍ നന്നായി

    അഭിവാദ്യങ്ങള്‍

    ReplyDelete
  13. നന്നായിരിക്കുന്നു അവലോകനം
    ആശംസകള്‍

    ReplyDelete
  14. വായനയും വായിക്കപെടാനുള്ള ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്ന ഇത്തരം പരിചയപെടുത്തല്‍ എത്ര പ്രശംസിച്ചാലും മതിയാവില്ല ,, അനില്‍ കുമാറിനെ കുറിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ല ,നന്നായി എന്തു കൊണ്ടും ഈ ശ്രമം.

    ReplyDelete
  15. പുസ്തകം വായിച്ചിട്ടില്ല - ആശംസകൾ

    ReplyDelete
  16. നന്നായിരിക്കുന്നു പരിചയപ്പെടുത്തല്‍ ..ആശംസകൾ

    ReplyDelete
  17. അനിലേട്ടന്റെ കഥകള്‍ വായിക്കുമ്പോള്‍ ആദ്യമായി മനസ്സില്‍ പതിയുന്നത് ലളിതമായ ഭാഷയിലുള്ള ആഖ്യാന മികവു തന്നെയാണ്. കഥാപാത്രങ്ങളിലെ വ്യത്യ്സതതയും കഥകള്‍ ഓരോന്നിനെയും വേറിട്ട്‌ നിര്‍ത്തുക തന്നെ ചെയ്യും. ജീവിതഗന്ധമുള്ള ഈ കഥകള്‍ വായനക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കും. ഇലഞ്ഞിപ്പൂക്കളിലെ വായനയും അര്‍ഹിക്കുന്ന രീതിയില്‍ തന്നെ. ആശംസകള്‍.

    ReplyDelete
  18. ‘ഓര്‍മ്മകളുടെ ജാലക'ത്തില്‍ "വൈഖരിയാണ് ഏറെ ഇഷ്ടമായത്... ലളിതമാണ് ഓരോ കഥയും. പുസ്തകത്തിന്‌ മികച്ച അവലോകനം തന്നെയാണ് ഈ പോസ്റ്റ്‌...

    ആശംസകള്‍

    ReplyDelete
  19. വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത് ...അഭിനന്ദനങ്ങൾ

    ReplyDelete
  20. ഓര്‍മ്മകളുടെ ജാലകം

    മനോഹരമായ ഭാഷയിലൂടെ ഇലഞ്ഞിപ്പൂക്കളിലെ മറ്റൊരു നല്ല വായന.

    ReplyDelete
  21. നല്ല അവലോകനം.. മനോഹരമായി ഓര്‍മ്മകളുടെ ജാലകത്തിന്റെ വായനാനുഭവം അവതരിപ്പിച്ചു

    ആശംസകള്‍

    ReplyDelete
  22. ഈ പരിചയപ്പെടുത്തലിന് നന്ദി..!!

    ReplyDelete
  23. ഈ അവലോകനം വായിക്കാന്‍ പ്രേരിപ്പിക്കുന്നു.അഭിനന്ദനങള്‍

    ReplyDelete
  24. അനിലേട്ടന്‍ ഒപ്പിട്ടു സമ്മാനിച്ച പുസ്തകം. ഒട്ടുമിക്ക കഥകളും വായിച്ചവയാണ്. പുസ്തകം പല കൈ മറിഞ്ഞ് തിരികെയെത്തിയിരിക്കുന്നു. ഒന്നുകൂടി വായിക്കണം.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!