‘പുടവ’ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..
നാട്ടുമണം ചുവയ്ക്കുന്ന, ഗ്രാമീണത തുടിക്കുന്ന കഥകളാണ് കിടപ്പറസമരമെന്ന കഥാസമാഹാരത്തിലധികവും. അസാമാന്യ ഭാഷാ സൗന്ദര്യം നിങ്ങള്‍ക്കീ പുസ്തകത്തില്‍ അനുഭവ്യമാകും . ഒട്ടും ഔപചാരികതകളില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ കൂടെ ഈ കഥാവഴികളിലൂടെ നടക്കാം. പൊടുന്നനെ, ഉത്തരം കിട്ടാത്ത ചില നാഗരിക സമാസങ്ങളുടെ അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ ചിലരെങ്കിലും കാലിടറി വീഴാനും സാധ്യതയുണ്ട്. പക്ഷേ അവിടേയും മേൽപ്പറഞ്ഞ ഭാഷാസൗന്ദര്യത്തില്‍ വീഴ്ച്ചയുടെ എല്ലാ മുറിപ്പാടുകളും കരിഞ്ഞ് ഇല്ലാതാവും..
ജീവിച്ചിടം കഥാതട്ടകമാക്കി മാറ്റാനുള്ള ഷാജികുമാറിന്‍റെ പാടവം അപാരമാണ്. പിറന്നുവീണ, വളര്‍ന്നുവലുതായ നാടിനോടുള്ള ഒടുങ്ങാത്ത പ്രതിപത്തി, ഓരോ കഥാപാത്രത്തേയും തന്‍റെ നാട്ടില്‍ നിന്നും നുള്ളിയെടുത്ത് കഥാതാളുകള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ , അങ്ങനെ വായനാമനസ്സുകളില്‍ തന്‍റെ നാട്ടോര്‍മ്മകള്‍ക്ക് ചിരഞ്ജീവിത്വമേകാന്‍ ആ കഥാകാരനെ പ്രേരിപ്പിച്ചിരിക്കണം. നാട്ടിന്‍ പുറത്തെ ഈ കഥ പറച്ചിലുകള്‍ക്കിടയിലും കഥാകാരന്‍റെ തൂലിക ഇടക്കിട നാഗരിക ഇടങ്ങളിലേക്ക് എഴുത്തിനെ എടുത്തെറിയുന്നുണ്ട്.
വളരെ ലാഘവത്തോടെ വായിച്ച് പോകാവുന്നവയും വായനയുടെ ആഴങ്ങള്‍ ആവശ്യപ്പെടുന്നവയുമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.അനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളെ ഭാഷയുടെ അലോക്യ ശബളിതയില്‍ കൊരുത്തുണ്ടാക്കിയ ഈ കഥകള്‍ ഷാജികുമാറിനെ, കേട്ട് തഴമ്പിച്ച കഥകളുടെ സാധാരണത്വത്തില്‍ നിന്നും എന്നാല്‍ വ്യത്യസ്തതയ്ക്കുവേണ്ടി പടച്ചുണ്ടാക്കുന്ന കഥകളുടെ അസാധാരണത്വത്തില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. കഥ പറച്ചിലിന്‍റെ പുതുമ ഇത്രകണ്ട് ആസ്വദിച്ച് അനുഭവിക്കാവുന്ന കഥകള്‍ ആധുനിക ചെറുകഥകളിലും ഉത്തരാധുനിക ചെറുകഥകളിലും വിരളമാണെന്ന് വായന സാക്ഷ്യപ്പെടുത്തുന്നു. കിടപ്പറസമരമെന്ന ഈ കഥാസമാഹാരത്തിലെ എല്ലാം കഥകള്‍ക്കും ഒരുപോലെ അവകാശപ്പെടാനാവുന്നതാണ് ഈ ആഖ്യാനപുതുമ. വ്യക്തമായ രാഷ്ട്രീയബോധത്തോടെയുള്ള കഥകള്‍ സമകാലിക സമൂഹത്തിന്‍റെ പരിച്ഛേദം കൂടിയാവുന്നുണ്ട്. ഒഴുക്കോടെ, മികച്ച ഭാഷയില്‍, പുതുമയോടെ വായനക്കാരെ പിടിച്ചിരുന്ന ഈ കഥപറച്ചില്‍ കഥാകൃത്തിന്‍റെ മറ്റുപുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിക്കും.
പൊക്കന്‍, മരണമുണ്ടാക്കിക്കളിക്കാം, നഗരത്തിലെ മഴ, 18+, സ്വപ്നവേട്ട, കോട്ടച്ചേരി വളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍ , വിശ്വസിച്ചേ പറ്റൂ, ഉച്ചമഴയിലെ തുമ്പികള്‍, കാലാവസ്ഥ, കളി, ബില്‍ക്ലിന്‍റന്‍റെ അച്ഛന്‍, കിടപ്പറസമരം എന്നീ പന്ത്രണ്ട് കഥകളും എണര് എന്ന പേരിലൊരു അനുബന്ധവുമാണ് ഈ പുസ്തക സമ്പാദ്യം.
‘പൊക്കന്‍’ മാനസികവിഭ്രാന്തിയുള്ള, നിര്‍ത്താതെ നടന്നുകൊണ്ടിരിക്കുന്ന നീളം കുറഞ്ഞ, കറുത്തുമെല്ലിച്ച, വലിയകൂനുള്ള പൊക്കന്റെ കഥയാണ്. പക്ഷേ വായനാന്ത്യം വായനക്കാരന്‍ വിരല്‍ചൂണ്ടപ്പെടുന്നത് തന്‍റെ തന്നെ ഉള്ളകങ്ങളില്‍ ചിലനേരമെങ്കിലും പിടിതരാതെ കുതറിയോടുന്ന ജീവിതത്തിലേക്കാണെന്നത് നേര്.
“പൊരല്ലാലാവുമ്പം(പുലര്‍ച്ചയ്ക്ക് തന്നെ) പൊക്കന്‍ നടത്തം തുടങ്ങും. രാത്രിയാവുമ്പരെ. കുടേം കൈയിലുണ്ടാവും. ഒരക്ഷരം മിണ്ടൂല. ഏട്ത്തേക്കാണ് നടക്കുന്നെന്നറിയില്ല. നടത്തത്തോട് നടത്തം... പ്രാന്തന്നെ.. നട്ടപ്രാന്ത്..”
ചാരുതയാര്‍ന്ന നാട്ടിന്‍പുറ പാശ്ചാത്തലമാണ് ഈ കഥാവായനയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം.
മരണപ്പെട്ടവന്‍റെ നിസ്സഹായതയും വെപ്രാളചെയ്തികളുമാണ് മരണമുണ്ടാക്കിക്കളിക്കാമെന്ന കഥയുടെ ഇതിവൃത്തം. പക്ഷേ ആ കഥ മനുഷ്യാവസ്ഥയുടെ നൈമിഷികായുസ്സിനെ പൊതിഞ്ഞുവെച്ച ഒന്നാണ്.
“ഉടലില്‍ ചൂട് പൊതിഞ്ഞപ്പോള്‍ ഉറക്കം ഞെട്ടി. ചിതയില്‍ താന്‍ ലോകത്തുനിന്ന് അദൃശ്യപ്പെട്ടിരിക്കുന്നത് ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു.”“തീ അയാളെ ചുറ്റിപ്പിടിച്ചു. ചിതയില്‍ നിന്ന് പുറത്തേക്ക് ചാടി, തീ അയാളുടെ ഉടലിന്‍റെ ചിറകുകളായി, ‘ദാണ്ടെടാ.. തല പുറത്തേക്ക് വീണു. അകത്തേക്ക് കുത്തിയിട്’ ആരോ അങ്ങനെ പറഞ്ഞതും രണ്ടുതടിച്ച മുളക്കഷ്ണങ്ങള്‍ അയാളെ ചിതയിലേക്ക് തള്ളി. അയാളിലെ പ്രതിരോധം വിഫലമായി.”
പൊക്കന്‍ , മരണമുണ്ടാക്കിക്കളിക്കാം, 18+, കോട്ടച്ചേരിവളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍, കിടപ്പറസമരം എന്നിവയാണ് ആവര്‍ത്തിച്ച് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ച കഥകള്‍ . ഒന്നോ രണ്ടോ കഥകള്‍ ഒരു ശരാശരി കഥാ നിലവാരത്തില്‍ നിന്ന് ഒട്ടും ഉന്നതിയിലല്ല എന്ന തോന്നലും വായനാനുഭവം. പക്ഷേ അവിടേയും ഭാഷാ നിലാവാരവും ശൈലിയും എടുത്ത് പറയേണ്ടവയാണ്.
അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ‘എണര്’ എന്ന അനുഭവക്കുറിപ്പ് പരാമര്‍ശിക്കാതെ അപൂര്‍ണ്ണമാണീ ആസ്വാദനം . കഥാകൃത്തിന്‍റെ വ്യക്തിസ്വരൂപവും ചിന്താഗതികളും രാഷ്ട്രീയനിലപാടുകളും ഉറച്ച, വേറിട്ട ശബ്ദവും, കഥാതലങ്ങളുമെല്ലാം ഇവിടെ നേരിട്ടനുഭവിക്കാം, അതിമനോഹരമായ, ഗ്രാമീണത മുറ്റിനില്‍ക്കുന്ന വരികളിലൂടെ.
ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്‍റെ അതേ ചങ്കൂറ്റം. കഥകളിലൂടെ പലപ്രദേശങ്ങളിലേക്കും ചിന്തകളിലേക്കും ആസ്വാദനങ്ങളിലേക്കും വായനക്കാരനെ വഴിനടത്തുമ്പോള്‍ ഒരു ഗ്രാമം മൊത്തം കണ്മുന്നില്‍ അക്ഷരങ്ങളായി തെളിയും.. അവസാനം, കഥകളെല്ലാം വായിച്ചവസാനിച്ചാലും ഒരു നാട്ടിന്‍പുറ ഇടവഴിയിലെ കലുങ്കില്‍, നാടന്‍ കാറ്റ് കൊണ്ടിരിക്കുന്ന ഹൃദ്യതയില്‍നിന്നും മുക്തരാവാന്‍ നമ്മള്‍ പിന്നേയും നേരമെടുക്കും.
എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനാണ് പി.വി ഷാജികുമാർ -സ്വന്തം ഗ്രാമത്തിന്റെ തുടിപ്പുകളിൽ നിന്ന് കണ്ടെടുക്കുന്ന കഥാപാത്രങ്ങളെ ആധുനികമായ ഒരു ഭാവുകത്വത്തിന്റെ തലത്തിൽ വായനക്കുവെക്കുന്ന ആ കരവിരുത് അസൂയപ്പെടുത്തുന്നതാണ് . സുന്ദരമായ ഒരു ഭാഷയും ഈ അനുഗൃഹീത കഥാകൃത്തിന് സ്വന്തം.
ReplyDeleteപി.വി ഷാജികുമാറിനും, കിടപ്പറസമരത്തിനും നല്ലൊരു ആമുഖമായി ഈ പുസ്തകവായന.....
പ്രവാസികളെ സംബന്ധിച്ച് ഇതൊക്കെ വായിക്കുമ്പോള്‍ കൊതിക്കുവാന്‍ മാത്രമേ കഴിയൂ. പ്രദീപ് മാഷും കൂടി എഴുതിയപ്പോള്‍ എങ്ങിനെയാണ് പെട്ടെന്ന്‍ വായിക്കാന്‍ കഴിയുക എന്ന ചിന്തയാണ്.
ReplyDeleteപുസ്തകം വാങ്ങിക്കണമല്ലോ...........
ReplyDeleteപുതുമ തേടിയുള്ള അന്വേഷണങ്ങളിലാണ്.
// ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്‍റെ അതേ ചങ്കൂറ്റം.//
ഇതൊരു പുതിയ വഴിയായി മാറ്റപ്പെടട്ടെ. ചില പുസ്തകങ്ങളുടെ അവതാരികയും പഠനനവും വായിച്ചാല്‍ പിന്നെ പുസ്തകം വായിക്കാനേ തോന്നില്ല. ചിലത് ഒട്ടു മനസിലാകുകയുമില്ല. ഇതൊക്കെ തന്നെയാണോ ഉള്ളില്‍ എഴുതിയിരിക്കുന്നത് എന്ന് സംശയവും തോന്നും.
ഒരു എഴുത്തുകാരന്‍റെ /കാരിയുടെ ഏറ്റവും വലിയ സൌഭാഗ്യമെന്നത് അവരുടെ രചന ശരിയായ വിധത്തില്‍ വായിച്ച് ആരെങ്കിലും ഒരു ആസ്വാദനം തയ്യാറാക്കിയത് വായിക്കുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതിയില്ലേ ....അതാണെന്നാണ് എനിക്ക് തോന്നുന്നത് അത് പലര്‍ക്കും കിട്ടാറില്ല ..പി.വി ഷാജികുമാറിനെ വായിക്കാന്‍ തോന്നുന്നു ...ഇലഞ്ഞിപ്പൂക്കളുടെ ഏ വരികളിലൂടെ നടന്നപ്പോള്‍ .
ReplyDeleteഞാന്‍ വായിച്ചിട്ടേയില്ല. നല്ല ഒരു അവതരണം. വായിക്കണം
ReplyDeleteഷാജികുമാറിനെ വായിക്കാന്‍ പറഞ്ഞത് എന്‍ ബി സുരേഷ് മാഷാണ്.
ReplyDeleteഇലഞ്ഞി കേമായിട്ട് എഴുതീട്ടുണ്ട് കേട്ടൊ..നല്ല കഥകള്‍ക്ക് നല്ല പരിചയപ്പെടുത്തല്‍..ഷാജികുമാറിനെ എല്ലാവരും വായിക്കേണ്ടതാകുന്നു എന്നൊരു നിയമം ഞാനിവിടെ എഴുതിയിട്ട് പോകുന്നു..
ഷാജികുമാറിന്റെ ചില കഥകളൊക്കെ വായിച്ചിട്ടുണ്ട്...നല്ല എഴുത്തുകാരന്‍ തന്നെ...
ReplyDeleteകിടപ്പറസമരം വാങ്ങാന്‍ വേണ്ടി സെലക്റ്റ് ചെയ്തു വച്ചിരിക്കുന്ന ബുക്കുകളില്‍ ഒന്നാണ്...
നല്ല പരിചയപ്പെടുത്തല്‍...
ആസ്വാദനക്കുറിപ്പ് നന്നായി.
ReplyDeleteആശംസകള്‍
നല്ല നിരൂപണം... ഷാജിയേട്ടന്‍ അടുത്ത സുഹൃത്ത് കൂടിയാണ്... കോളേജ് മാഗസിനിലെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിന് വേണ്ടിയാണ് ഏട്ടനോട് ആദ്യം ഫോണില്‍ സംസാരിക്കുന്നത്... നേരില്‍ കണ്ടിട്ടില്ലെങ്കിലും മുഖപുസ്തകത്തിലെ ചെറിയ പരിചയം മാത്രം വെച്ചാണ് ഞാനന്ന് സംസാരിക്കാന്‍ തുടങ്ങിയത്.. സത്യം പറയാലോ , ഒരുപാട് ഇഷ്ട്ടായി, തികഞ്ഞൊരു സാത്വികന്‍.. സാധാരണക്കാരില്‍ സാധാരണക്കാരന്‍.. ശരിയെടാ എന്ന് പറഞാ ആ സംസാരം അവസാനിച്ചത് .. അന്ന് തുടങ്ങിയതാണ് സൌഹൃദം.. മാതൃഭുമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ച ഏട്ടന്‍റെ 'വെള്ളരിപ്പാട'മാണ് ആദ്യം വായിച്ചത്.. മേല്‍പ്പറഞ്ഞ പോലെ, ഗ്രാമീണതയുടെ നറുമണവും അതി സ്വാഭാവികതയോ അസാധാരണത്വമോ കാണാന്‍ കഴിയാത്ത ഭാഷയുമാണ് കഥകളുടെ നട്ടെല്ല്... സ്വതസിദ്ധമായ ഭാഷ ശൈലി , കൃത്യമായി പറഞ്ഞാല്‍ കാസര്‍ക്കോടന്‍ ഭാഷയുടെ അത്ര പരിചിതമല്ലാത്ത ശൈലി മിക്ക കഥകളിലും കാണാന്‍ കഴിയും.. കഴിഞ്ഞ വര്‍ഷം മുതല്‍ നിലവില്‍ വന്ന, കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യക്കാരന്‍മാര്‍ക്കായി ഏര്‍പ്പാടാക്കിയ അവാര്‍ഡിന്‍റെ പ്രഥമ വിജയിയും ഏട്ടന്‍റെ 'വെള്ളരിപ്പാട'മാണ്.. കഴിഞ്ഞയാഴ്ചയിലെ പതിവ് കോഴിക്കോടന്‍ യാത്രയുടെ ഭാഗമായാണ് മാതൃഭൂമി ബുക്സിന്‍റെ പുതിയ പുസ്തകശാലയില്‍ നിന്നും 'കിടപ്പറ സമരം' വാങ്ങിച്ചത്.. ഒരുപാട് വൈകിപ്പോയി ... ഇനി വായിച്ചു തീര്‍ക്കണം ... പരിചയപ്പെടുത്തലിന് ഒരുപാട് നന്ദി .. :)
ReplyDeleteഇതിന്‍റെ തലക്കെട്ട് തന്നെ അന്വര്‍ഥമാക്കുന്ന കഥാകാരന്‍ തന്നെ..നല്ല നിലവാരമുള്ള വിലയിരുത്തല്‍ ....ഇലഞ്ഞിയുടെ വായനയിലൂടെ ഇനിയും ഒരുപാടു പുസ്തകങ്ങള്‍ മറ്റുള്ളവരുടെ മനസ്സിലേക്കും എത്തട്ടെ..ഭാവുകങ്ങള്‍
ReplyDelete-നല്ല ആസ്വാദനം. ഇനി ഷാജികുമാറിനെ കണ്ടെത്തണം.
ReplyDeleteഷാജികുമാര്‍ തന്റേതായ കാഴ്ചപ്പാടിലൂടെ ലോകത്തെയും അതിലെ ജീവജാലങ്ങളെയും കാണുന്നവനാണ് ..അത് കൊണ്ട് തന്നെ സാഹിത്യത്തിന്റെ കൃത്രിമത്വം നിറഞ്ഞ ഭാഷയോ ആശയമോ അദ്ദേഹത്തിന്റെ രചനകളില്‍ രുചിക്കാനാവില്ല ..പച്ചയായ ജീവിതങ്ങള്‍ അതേപടി വായനക്കാരന് പകര്‍ന്നു നല്‍കുന്ന ഒരു തരം പരുക്കന്‍ സമ്പ്രദായമാണ് ഷാജികുമാറിന്റെ എഴുത്തിന്റെ ശൈലി എന്ന് പറയാം...അതിനെ മനോഹരമാക്കി തന്നെ ഇലഞ്ഞിപ്പൂക്കള്‍ പരിചയപ്പെടുത്തി...അവതാരിക ഇല്ലാത്ത ഒരു സമാഹാരത്തിനു ഇലഞ്ഞിയുടെ ശക്തവും സുന്ദരവുമായ ഭാഷയില്‍ ഒരു ആമുഖം തന്നെ ലഭിച്ചു..
ReplyDeleteനല്ല പരിചയപ്പെടുത്തല്‍.വാങ്ങി വായിക്കണം
ReplyDeleteപി.വി ഷാജികുമാറിനെ കുറിച്ചുണ്ടായിരുന്ന കുറച്ചറിവ് ഇപ്പോൾ വിപുലമായി
ReplyDelete