ഇതുവരെ തിരിഞ്ഞുനോക്കാതിരുന്നതിന്റെ പരിഭവം മുഴുവന്‍ ഉറക്കെ പുലമ്പികൊണ്ടായിരുന്നു ദ്രവിച്ചടര്‍ന്നു വീഴാറായ ആ വാതില്‍ പാളികള്‍ അയാള്ക്കുമുന്പില് ശബ്ദത്തോടെ തുറന്നത്.
നിലം പൊത്താറായ ആ തറവാട് കുത്തിവരകളുടേയും ഛായകൂട്ടുകളുടേയും മങ്ങിയ കാഴ്ചകള്‍ക്കുള്ളില്‍ അയാളുടെ ബാല്യം കാലപാച്ചലിലൊഴുക്കാതെ കാത്തുവെച്ചിരുന്നു, എന്നെങ്കിലും തേടിവരുമ്പോള്‍ തിരികെയേകാന്‍.
വര്‍ഷങ്ങളോളം ആലിംഗനബന്ധരായിരുന്ന് കലമ്പിച്ച ഇരുട്ടിനെ കീറി പ്രകാശമുനകള്‍ അകത്ത്പ്രവേശിച്ച ദേഷ്യത്തില്‍ നാലഞ്ച് നരിച്ചീറുകള്‍ ശരവേഗത്തില്‍ വെളിച്ചത്തിലേക്ക് പറന്നകന്നപ്പോള്‍ അയാള്‍ വേഗം വാതിലടച്ച് സാക്ഷയിട്ടു.
ഇന്നലേകള്‍ മയങ്ങികിടക്കുന്ന മുറികളിലോരോന്നിലും ആവേശത്തോടെ കയറിയിറങ്ങുമ്പോള്‍ ഉത്തരത്തില്‍ തൂങ്ങിയാടുന്ന നരിച്ചീറുകളിനിയും പിണങ്ങി പോവുമെന്ന് ഭയന്നിട്ടൊ, മുറികളിലെ നരിച്ചീര്‍ കാഷ്ടത്തിന്റേയും പൊടിയുടേയും പഴകിയ ഗന്ധം നഷ്ട്പ്പെടുമെന്ന് കരുതിയോ ജനവാതിലുകള്‍ തുറാക്കാനയാള്‍ ധൈര്യപ്പെട്ടില്ല.
ഇന്നലേകള്‍ മയങ്ങികിടക്കുന്ന മുറികളിലോരോന്നിലും ആവേശത്തോടെ കയറിയിറങ്ങുമ്പോള്‍ ഉത്തരത്തില്‍ തൂങ്ങിയാടുന്ന നരിച്ചീറുകളിനിയും പിണങ്ങി പോവുമെന്ന് ഭയന്നിട്ടൊ, മുറികളിലെ നരിച്ചീര്‍ കാഷ്ടത്തിന്റേയും പൊടിയുടേയും പഴകിയ ഗന്ധം നഷ്ട്പ്പെടുമെന്ന് കരുതിയോ ജനവാതിലുകള്‍ തുറാക്കാനയാള്‍ ധൈര്യപ്പെട്ടില്ല.
ഓരോ ഇടനാഴികയും കട്ടിലപടിയും ഏറെ പരിചിതമെങ്കിലും ഇരുട്ടില്‍ പലയിടങ്ങളിലും അയാള്‍ക്ക് കാലിടറി. ഉറക്കാത്ത കുഞ്ഞികാലടികളോടെ പിച്ചവെയ്ക്കാന്‍ പഠിപ്പിച്ച ഈ തറയോടുകളിലേക്ക് സര്‍വ്വാംഗം നമസ്ക്കരിച്ചുള്ള ആ വീഴ്ചകള്‍ അയാളേറേ ആസ്വദിച്ചു. ആഴ്ന്നിറങ്ങിയ ഇരുട്ടിലും തലതിരിഞ്ഞ ലോകരെ നോക്കി പൊട്ടിച്ചിരിക്കുന്ന നരച്ചീറുകളുടെ സാന്നിധ്യം അയാളെ സന്തോഷിപ്പിച്ചു.
ഉറ്റവരൊത്ത് ജീവിച്ചു കൊതിതീരാതെ മരിച്ചു മണ്മറഞ്ഞവരുടെ ആത്മാക്കളാണിങ്ങിനെ നരിച്ചീറുകളായി പുനര്‍ജ്ജനിക്കുകയെന്ന് പണ്ട് ഇരുളടഞ്ഞ പത്തായപ്പുരയില്‍ തൂങ്ങി കിടക്കുന്ന നരിച്ചീറുകളെ ചൂണ്ടി മുത്തശ്ശി പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് നരിച്ചീറുകളോടുള്ള ഇഷ്ടം. തറവാട്ടിലെ ആള്പെരുമാറ്റമില്ലാത്ത മുറികളിലും തട്ടിപുറത്തും തൂങ്ങിയാടിയിരുന്ന നരിച്ചീറുകളിലെല്ലാം തന്റെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കണ്ടു പിന്നീടയാള്‍.....
ഉമ്മറത്തിണ്ണയില്‍ പഠിക്കാനിരിക്കുമ്പോള്‍ എന്നും ഒരു മിന്നായം പോലെ പറന്നുവന്ന് തന്നെ വലം വെച്ച് തിരിച്ച് പോവുന്ന നരിച്ചീര്‍, മുത്തശ്ശി ഏറെപറഞ്ഞുകേട്ടിട്ടുള്ള സ്നേഹസമ്പന്നനായിരുന്ന മുത്തഛന് തന്നെയാകുമെന്ന് അയാള്‍ ഇന്നും വിശ്വസിക്കുന്നു.
“അവറ്റോള്‍ക്കെന്തിനാ കുട്ട്യേ കണ്ണ്, നരിച്ചീറുകളായി പുനര്‍ജനിച്ചോര്‍ക്ക് ഏതിരുട്ടിലും കാണാം , ഏതടച്ചിട്ട അകത്തും സഞ്ചരിക്കാം.”
മുത്തശ്ശി പറഞ്ഞത് നേരായിരിക്കാമെന്ന് അന്ന് പകുതി വിശ്വസിക്കാന്‍ കാരണം, ജാലകങ്ങളും വാതിലുമെല്ലാം അടച്ചിട്ട പത്തായപ്പുരയില്‍ അല്ലെങ്കില്‍ അവയെങ്ങിനെ കടക്കുമെന്ന തോന്നലായിരുന്നു.
പിന്നീടെപ്പോഴോ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന ദിവാകരന് മാഷ് വവ്വാലുകള്‍ക്കും നരിച്ചീറുകള്‍ക്കും കാഴ്ച്ചശക്തി ഏറെകൂടുതലെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് അവ സഞ്ചരിക്കുന്നത് ഏറേയും ശബ്ദപ്രതിധ്വനി ഉപയോഗിച്ചാണെന്ന് പറഞ്ഞപ്പോള്‍ മുത്തശ്ശി പറഞ്ഞതിലെ നേരറിവുകളായിരുന്നു അയാള്‍ക്ക് ചുറ്റും.
തന്റെ ഒഴിവുസമയങ്ങള്‍ അയാള്‍ പത്തായപ്പുരയിലേക്കാക്കി. അന്നാണയാള്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങിയത്. നരിച്ചീറുകളോട് സംസാരിക്കാന്‍ പഠിച്ചത്. അവയുടെ ഭാഷ, ചിന്ത എല്ലാം വേറേയായിരുന്നു. തലതിരിഞ്ഞ് കിടന്ന് ലോകത്തെ കാണുന്ന നരിച്ചീറുകളുടെ കണ്ണില്‍ തലതിരിഞ്ഞിരിക്കുന്നത് ലോകത്തിന്റേതാണെന്ന തിരിച്ചറിവ് മനസ്സിലാഴ്ന്നിറങ്ങി.
കാഴ്ച്ചയ്ക്കെന്തിന് വര്‍ണ്ണങ്ങളെന്നും,ജീവിതത്തിലെന്തിനു വെളിച്ചങ്ങളെന്നുമുള്ള ചോദ്യങ്ങള്‍, വര്‍ണ്ണവും വെളിച്ചവുമാണ് സകല അഹംഭാവങ്ങള്‍ക്കും ആക്രാന്തങ്ങള്‍ക്കും ശത്രുതയ്ക്കും ഹേതുവെന്ന നരിച്ചീറുകളുടെ വാദങ്ങള്‍ അയാളിലെ ജീവിതാഹങ്കരങ്ങള്‍ക്ക് മേല്‍ നിഴല്‍ വീഴുത്തുകയായിരുന്നു. പൂര്‍ണ്ണമായ് അതു സമ്മതിച്ചു കൊടുക്കാന്‍ അയാളിലെ മനുഷ്യന് സമ്മതിച്ചില്ലെങ്കിലും.
വലുതായപ്പോഴും വൈദ്യശാസ്ത്ര പഠനത്തിന്റെ അവധിക്കാലങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അയാള്‍ നരിച്ചീറുകളെ തേടിയെത്തും, തറവാടിനപ്പുറമുള്ള വര്‍ണ്ണലോകത്തിന്റെ മഹിമ വര്‍ണ്ണിക്കാന്‍., പക്ഷേ നരിച്ചീറുകള്‍ ആര്‍ത്ത് ചിരിക്കും.പകല്‍വെളിച്ചത്തിന്റെ മഞ്ഞളിപ്പിനെ പരിഹസിക്കും. അയാള്‍ തലകുനിച്ച് തിരികെ പോരും, എന്നെങ്കിലുമൊരിക്കല്‍ പൂര്‍വ്വികര്‍ക്ക് മുന്നില്‍ ജയിക്കണമെന്ന വാശിയോടെ.
ശാസ്ത്രത്തിന്റെ കീറിമുറിച്ച പഠനങ്ങള്‍ക്കിടയിലും അയാള്‍ നരിച്ചീറുകളുടെ ജന്മസത്യം തിരയുകയായിരുന്നു.
പുനര്ജന്മ വിശ്വാസങ്ങളുടേയും ശാസ്ത്ര സത്യങ്ങളുടേയും തലനാരിഴകള്‍ പിളര്‍ന്ന് ഭ്രാന്തമായ ആവേശത്തില്‍ അറിവാഴികളിലേക്കൂളിയിട്ടു, പുസ്തകജ്ഞാനതീര്‍ത്ഥങ്ങളില്‍ സാധകംചെയ്തു, പരീക്ഷണഘട്ടങ്ങളില്‍ സ്വയം മറന്നു, പുരോഹിതര്‍ക്കുമുന്നില്‍ തപംചെയ്തു, സത്യാസത്യ ഋതുഭേതങ്ങളറിയാതെ അയാളലഞ്ഞു. മനുഷ്യന്റെ പുനര്‍ജ്ജന്മവും നരിച്ചീറുകളുടെ പൂര്‍വ്വജന്മവും അയാളറിഞ്ഞ അറിവുകള്‍ക്കുമപ്പുറം, കണ്ട ലോകങ്ങള്‍ക്കുമപ്പുറം നരച്ചീറുകള്‍ക്ക് മാത്രമറിയാവുന്ന സമസ്യയായി തന്നെ അവശേഷിച്ചപ്പോഴാണയാള്‍ കണ്ടെത്തലുകളുടെ പുതിയതലം തേടിയത്.
നരിച്ചീറുകളെ തോൽപ്പിക്കാന്‍ , പൂര്‍വ്വികരെങ്കില്‍ പ്രതികരിക്കുമെന്ന ഉറപ്പിലാണയാള്‍ അന്ന്, രണ്ടാംസെമസ്റ്റര്‍ പരീക്ഷകഴിഞ്ഞ അവധിക്കാലത്ത് ആ ചാറ്റല്‍മഴയുള്ള മദ്ധ്യാഹ്നത്തില്‍, തറവാട്ടിലെല്ലാവരും ഉച്ചമയക്കത്തിലായിരുന്നപ്പോള്‍ നാലുവര്‍ഷങ്ങള്‍ വൈകി ജനിച്ചതുകൊണ്ട് മാത്രം തനിക്കു നഷ്ടപ്പെട്ട, ഏട്ടനുവേണ്ടി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച താനേറേ ആഗ്രഹിച്ച മുറപ്പെണ്ണ് കല്ല്യാണിയെ കുളക്കടവില്‍ നിന്നും ഒരൂട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് പത്തായപ്പുരയിലേക്ക് കൂട്ടികൊണ്ടുപോയതും നരിച്ചീറുകളെ സാക്ഷി നിര്‍ത്തി അവളുടെ എതിര്‍പ്പുകളെ കൂട്ടാക്കാതെ ബലപ്രയോഗത്തിലൂടെ തന്റേതാക്കിയതും.
കല്ല്യാണിയുടെ അട്ടഹാസങ്ങള്‍ തറവാടുണര്‍ത്തിയപ്പോള്‍ ആദ്യമോടിയെത്തിയ ഏട്ടന് കുറച്ചുനേരം സ്തംഭിച്ചു നിന്ന് വീട്ടില്‍ നിന്നും ഇറങ്ങിപോയ മടക്കമില്ലാത്ത ആ യാത്ര അവസാനിച്ചത് റെയില്‍ പാളത്തിലാണ്. അന്നസ്തമിച്ചതാണ് കല്ല്യാണിയുടെ കണ്ണുകളിലെ നിലാവ്.
പാശ്ചാത്താപമെന്നോണം ഒരു താലിച്ചരടില്‍ വീട്ടുകാരെ അനുസരിക്കുമ്പോഴും മനസ്സ് നിറയെ ഇതെല്ലാം കണ്ടിട്ടും ഭാവഭേദങ്ങളില്ലാത്ത നരച്ചീറുകളായിരുന്നു. തന്റെ പൂര്‍വ്വികര്‍ക്കിങ്ങിനെ നിസ്സംഗരാവാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിപ്പിക്കുമ്പോഴെല്ലാം ഇത്രയൊക്കെ അനര്‍ത്ഥങ്ങള്‍ സംഭവിച്ചിട്ടും ഒന്നും പ്രതികരിക്കാതെ നിസ്സംഗരായി പെരുമാറുന്ന കല്ല്യാണിയും അമ്മയും അച്ഛനുമൊക്കെ മനസ്സില്‍ മറുചോദ്യങ്ങളായ് തന്നെ തോൽപ്പിച്ചു.
അസ്വസ്ഥതയുടെ തീച്ചൂളയില്‍ നരച്ചീറുകള്‍ക്ക് മുന്നില്‍ തോറ്റുകൊടുത്ത് അയാള്‍ പഠനം കഴിഞ്ഞു തറവാട്ടില്‍ തിരിച്ചെത്തിയ ആദ്യ ആഴ്ചയിലാണ് ഏറെ വൈകി പിറന്ന അനിയത്തിയെ ഉഷ്ണത്തിന്റെ ഒരു തീരാത്രിയില്‍ അയാള്‍ പൂനര്‍ജ്ജനി സത്യമറിയാന്‍ നരച്ചീറുകള്‍ക്കടുത്തേക്കയച്ചത്.
ഒറ്റയ്ക്ക് കയ്യടക്കാമായിരുന്ന സ്വത്തിന് ഒരവകാശികൂടി അമ്മയുടെ വയറ്റില്‍ ജന്മമെടുത്തപ്പോള്‍ അന്ന് ദേഷ്യം തോന്നിയിരുന്നെങ്കിലും ഇപ്പോഴത്ഉപകാരമായെന്ന് നിറഞ്ഞു കിടക്കുന്ന ബക്കറ്റ് വെള്ളത്തില്‍ ഒരുവയസ്സ് മാത്രം പ്രായമായ തല മുക്കിപിടിക്കുമ്പോള്‍ അയാളോര്‍ത്തു. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളത്തില്‍ വീണ കുട്ടിയുടെ നിര്‍ജ്ജീവശരീരത്തിനു ചുറ്റും ദു:ഖം അണപൊട്ടുമ്പോള്‍ അയാള്‍ പത്തായപ്പുരയില്‍ പുനര്‍ജ്ജനിച്ച തന്റെ അനിയത്തികുട്ടിയുടെ നരിച്ചീര്‍ രൂപം തിരയുകയായിരുന്നു.
ഒരേ രക്തത്തില്‍ പിറന്ന കുഞ്ഞിപ്പെങ്ങളും തന്നെ കൈവിട്ടുവെന്ന് മനസ്സിലാക്കിയ വലിയൊരു കാത്തിരിപ്പിനൊടുവില്‍ എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരുമുറങ്ങിയ ആ രാത്രിയില്‍ നാളുകളായി ഒരു ശ്വാസോഛ്വോസ നൂലില്‍ മാത്രം ജീവിക്കുന്ന മൃതപ്രായയായ മുത്തശ്ശിയുടെ മുഖം പതുക്കെ അമര്ത്തിപിടിക്കുമ്പോള് മനസ്സിലുണ്ടായിരുന്നത് ഭാഗം വെയ്ക്കാത്ത കണക്കറ്റ സ്വത്ത് മാത്രമായിരുന്നില്ല. നരിച്ചീറുകളുടെ മുന്‍ ജന്മം പറഞ്ഞുതന്ന മുത്തശ്ശി പുനര്‍ജ്ജനിച്ച് തനിക്കു തീര്‍ത്തുതരുന്ന സംശയങ്ങളുടെ സ്വസ്ഥത കൂടിയായിരുന്നു. ഒന്ന് പിടഞ്ഞൊഴിയാനാവാതെ ദുര്‍ബലമായ ഒരു ഞരക്കത്തോടൊപ്പം തന്നെ നോക്കാന്‍ ചെറുതായി ചലിച്ച കണ്ണുകള്‍ പറഞ്ഞതെന്തായിരുന്നെന്ന് മനസ്സിലായില്ല.. തികച്ചും സ്വാഭാവികമായ മുത്തശ്ശിയുടെ മരണം തറവാട് ഭാഗം വെയ്പ്പിലും എല്ലാവരും മറ്റിടങ്ങളിലേക്ക് കുറിയേറി പാര്‍ക്കുന്നതിലും അവസാനിച്ചപ്പോള്‍ നഗരവാസിയായ താന്‍ ചോദിച്ച് വാങ്ങിയതാണ് ഈ പത്തായപ്പുര. പക്ഷേ താനന്വേഷിക്കുന്ന ഉത്തരവുമായി മുത്തശ്ശിനരിച്ചീറും നിശബ്ദതയിലാണ്ടു.
നരിച്ചീറുകള്ക്ക് മുഖം കൊടുക്കാന്‍ മടിച്ചാണ് അയാളവിടേക്ക് വരാതായത്. അപ്പോഴും അവയുടെ പരിഹാസം കാതുകളില്‍ വന്നലച്ചു. വര്‍ണ്ണലോകത്തിന്റെ മഹിമ തെളിയിക്കാന്‍ കണ്ണില്‍ കണ്ടതെല്ലാം കീഴടക്കുമ്പോഴും സമാധാനം കെടുത്തികൊണ്ട് നരിച്ചീറുകള്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു. ശാശ്വതമായ നേട്ടങ്ങളെവിടെയെന്ന് ഓരോ ചിറകടികളും ചോദിച്ചു.
നിദ്രാവിഹിനങ്ങളായ അനേക രാത്രികള്‍ക്കൊടുവില്‍ അയാള്‍ നരിച്ചീറുകളുടെ ചിറകടിയൊച്ചകള്‍ പിന്തുടര്ന്ന് തറവാട്ടിലെത്തിയത് വര്‍ണ്ണങ്ങളില്ലാത്ത ലോകം തേടിയാണ്. ഈ പത്തായപ്പുരയില്‍ അയാള്‍ നഷ്ടപ്പെടുത്തിയ പലതും അയാളെ കാത്തിരിക്കുന്നുണ്ടെന്ന തോന്നല്‍ ഉള്ളില്‍ ശക്തമായിരുന്നു.
ആളനക്കമില്ലാത്ത പത്തായപ്പുരയുടെ മച്ചില്‍ തൂങ്ങികിടക്കുന്ന നരിച്ചീറുകളുടെ എണ്ണം ഏറെയായിരുന്നു.
ഉടുമുണ്ടഴിച്ച് ഉത്തരത്തില്‍ കെട്ടി മറുതലയ്ക്കല്‍ കുരുക്കിടുമ്പോഴും കൈകള്‍ വിറച്ചില്ല. നരിച്ചീറുകള്‍ക്കിടയില്‍ നിന്നും തലതിരിഞ്ഞലോകത്തെ കാണാനുള്ള ആവേശത്തിലായിരുന്നു അയാള്‍..
സ്നേഹിച്ചു ജീവിച്ച് മതിവരാത്തവരുടെ ആത്മാക്കളാണ് നരിച്ചീറുകളാവുക , നരകിച്ച് ജീവിച്ചുമടുത്തവരുടെ പുനര്ജന്മം കടവാതിലുകളായി വല്ല ഒറ്റപ്പെട്ട മരങ്ങളിലും തൂങ്ങിയാടുമെന്ന് മുത്തശ്ശി പറഞ്ഞതയാള്‍ മറന്നുവോ..
അയാളെ സ്തംഭനാക്കിക്കൊണ്ട് ഇരുട്ടിനെയേറെ പ്രണയിക്കുന്ന നരിച്ചീറുകള്‍ കൂട്ടത്തോടെ പകല്‍വെളിച്ചത്തിലേക്ക് പറന്നകന്നപ്പോള്‍ അന്നാദ്യമായി അയാള്‍ക്ക് പത്തായപ്പുരയിലെ ഇരുട്ടിനോട് എന്തെന്നില്ലാത്ത ഭയം തോന്നി.അകം നിറഞ്ഞു നില്ക്കുന്ന രൂക്ഷഗന്ധത്തിനോടും.