Sunday, June 10, 2012

ഇരുളിന്‍റെ പൊരുള്‍


അസ്തമനചുമപ്പിന്‍ പൊരുള്‍തേടി
പകലോന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്ക്
ഉറക്കെ പറക്കുന്ന പക്ഷി പറ്റത്തിന്‍
പതിയാത്ത നിഴൽപ്പാടുകള്‍ നോക്കി 
യാത്ര തുടങ്ങിയതാണ്..



പകലവസാനിക്കുന്ന രാത്രിവഴിയില്‍
ഒറ്റയാനൊരു വേനല്‍മരം
ഭൂമിയുടെ ഹൃദയത്തില്‍ വേരുകളാഴ്ത്തി
വരള്‍ച്ചയിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്,
പരിഹാസത്തിന്‍ പച്ചപ്പോടെ..

ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
സമയമില്ലൊട്ടും, സമയമില്ല.

പകലടരുകള്‍ വകഞ്ഞുമാറ്റി
രാത്രിയുടെ ആഴങ്ങളിലേക്കിറങ്ങി
ഇരുട്ടിനായ് വിലപേശണമെനിക്ക്..
ആഴമളക്കാനാവാത്ത മനസ്സും
അളന്നെടുക്കാനാവാത്ത ഇരുട്ടും!
അവസാനനുള്ളിരുട്ടും ശേഖരിച്ചേ
ഇനിയുള്ളൂ മനസ്സറിഞ്ഞൊരു മടക്കം..

മടക്കയാത്രയിലൊട്ടുമിടറാതെ
അന്ധകാരചൂട്ട് ആഞ്ഞുവീശി
പാഞ്ഞുനടന്ന് പാപിയാവണം..



പെറ്റവയര്‍ കത്തിച്ചുവെച്ച
ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
അണയാതെന്നുള്ളില്‍..
എറിഞ്ഞുടയ്ക്കണം.
ആഞ്ഞെറിഞ്ഞുടയ്ക്കണം..
കഠിനപാപ ശിലയിലെറിഞ്ഞ്
വെട്ടം തരിപ്പണമാക്കണം..


38 comments:

  1. ഇരുളിന്റെ പൊരുള്‍ തേടുമ്പോഴും ഉള്ളില്‍ ഇത്തിരി നന്മ അവശേഷിക്കുന്നുവോ..പെറ്റവയര്‍ കത്തിച്ചു വെച്ച ഒരു നുറുങ്ങ് വെട്ടം ഉള്ളിലവശേഷിക്കുമ്പോള്‍ ഇരുളിന്റെ കാഠിന്യത്തില്‍ മനസ്സിന്റെ ആഴത്തെ അളക്കനൊരു ശ്രമം ..പരിസ്ഥിതികളില്‍ കല്ലാവുന്ന മനുഷ്യമനസ്സുകള്‍ ...വര്‍ഷപ്പെയ്ത്തിന്റെ കുളിര്‍മയിലും അറിയാം ഒരു വേനലിന്റെ താണ്ഡവത്തില്‍ തളിരെല്ലാം കരിഞ്ഞുണങ്ങുമെന്നു..ഈ വരികള്‍ എന്തൊക്കെയോ ഓര്‍മപ്പെടുത്തുന്നു..തീക്ഷ്ണമായ എഴുത്ത് ..ഭാവുകങ്ങള്‍

    ReplyDelete
  2. എന്തോന്നിനാ ഇത്രക്ക് ദേഷ്യം
    ആര്‍ക്കും സമയം ഇല്ലാത്തോണ്ടാല്ലേ
    ആരെയും കാണാന്‍ പറ്റാണ്ടെ പോകുന്നത്

    ReplyDelete
  3. ആരെ തോല്‍പ്പിക്കുവാനാണ് പാപിയാകുന്നത്....... ആശംസകള്‍....

    ReplyDelete
  4. ആദ്യം അംഗീകരിക്കാന്‍ പ്രയാസമായിരിക്കും മാറ്റങ്ങള്‍.

    ReplyDelete
  5. ഇരുട്ട് വെറും പാപാന്തകാരം മാത്രമാണോ ....
    ഒരു കുഞ്ഞു വെട്ടത്തിന് സ്വയമറിയാനുള്ള വേദിയാണിരുട്ട് ..
    കവിത കൊള്ളാം കേട്ടോ ....ആശംസകള്‍ ...

    ReplyDelete
  6. പാപിയുടെ സുവിശേഷം ആണല്ലേ ?പെറ്റ വയര്‍ കൊളുത്തിയ വെട്ടം കാക്കട്ടെ ..

    ReplyDelete
  7. "പെറ്റവയര്‍ കത്തിച്ചുവെച്ച
    ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
    അണയാതെന്നുള്ളില്‍..
    എറിഞ്ഞുടയ്ക്കണം
    ആഞ്ഞെറിഞ്ഞുടയ്ക്കണം...
    കഠിനപാപശിലയിലെറിഞ്ഞ്
    വെട്ടം തരിപ്പണമാക്കണം"
    ക്ഷോഭം നിറഞ്ഞ വരികള്‍.
    പ്രകാശത്തിന്‍റെ വെട്ടും വീഴ്ത്താന്‍,നന്മയുടെ പ്രഭ ചൊരിയാന്‍
    പെറ്റവയര്‍ കത്തിച്ചുവെച്ച ഒരിറ്റ് വെട്ടത്തിനെങ്കിലും................
    ആശംസകള്‍

    ReplyDelete
  8. ഇരുളല്ലെ വെളിച്ചത്തിന്റെ വില പഠിപ്പിക്കുന്നത്?

    ReplyDelete
  9. നന്നായി കെട്ടോ

    ReplyDelete
  10. ഇരുട്ടിനും പാപങ്ങൾക്കുമപ്പുറം വെളിച്ചത്തിന്റെ ഒരു പുണ്യം കാത്തിരിപ്പുണ്ടാവില്ലേ?

    ReplyDelete
  11. ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
    വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
    കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
    ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
    സമയമില്ലൊട്ടും, സമയമില്ല.

    അത് തന്നെ കാര്യം....

    കവിത നന്നായി..

    ReplyDelete
  12. ഇരുട്ട് എന്നത് വെളിച്ചമില്ലായ്മയാണ്, മിഥ്യയാണ്. വെളിച്ചമാണ് സത്യം.
    ഒരിക്കല്‍ വെളിച്ചം പറഞ്ഞു:
    ച്ഛെ, എല്ലാരും ഇരുട്ട് ഇരുട്ട് എന്ന് പറഞ്ഞുനടക്കുന്നു.
    ഞാനാണെങ്കില്‍ അവനെ ഇതുവരെ കണ്ടിട്ടുകൂടിയില്ല.
    ഇരുട്ട് എങ്ങിനെയിരിക്കും?

    ഇതുകേട്ട് ഒരാള്‍ ഇരുട്ടിനോട് ചെന്ന് വിവരം പറഞ്ഞു.
    ഇരുട്ട് എന്തുപറഞ്ഞെന്നോ?
    ഞാനെന്ത് ചെയ്യാന്‍? വെളിച്ചം വരുമ്പോള്‍ ഞാന്‍ ഓട്ടം തുടങ്ങും.
    എനിക്ക് പിന്നെയവിടെ നില്‍ക്കാനാവില്ല.


    ..........തരിവെട്ടം തെളിയിക്കൂ. ഇരുട്ട് ഓടിപ്പോകും.

    ReplyDelete
  13. വല്ലാത്ത ദേഷ്യത്തിലാണല്ലോ..

    ReplyDelete
  14. സുപ്രഭാതം സഖീ..
    കവിതാസ്വദകര്‍ക്ക് പ്രിയം നല്‍കും വരികള്‍...
    ഭാവങ്ങള്‍ ഇനിയുമുണ്ടോ... :)

    ReplyDelete
  15. വായിച്ചു ആസ്വദിച്ചു എന്ന് സന്തോഷത്തോടെ പറയട്ടെ.
    വിശകലനം എന്ന ജോലി വിവരമുള്ളവര്‍ ചെയ്യട്ടെ. :)
    ആശംസകള്‍

    ReplyDelete
  16. ഗംഭീരമായിട്ടുണ്ട്..!

    ReplyDelete
  17. പെറ്റവയര്‍ കത്തിച്ചുവെച്ച
    ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
    അണയാതെന്നുള്ളില്‍..
    എറിഞ്ഞുടയ്ക്കണം.
    ആഞ്ഞെറിഞ്ഞുടയ്ക്കണം..
    കഠിനപാപ ശിലയിലെറിഞ്ഞ്
    വെട്ടം തരിപ്പണമാക്കണം..

    പാപത്തിന്റെ ശമ്പളം മരണമത്രേ.! ആർക്കും ആരേയും ഗൗനിക്കാനും സഹായിക്കാനും സമയമില്ലാത്ത ഈ ലോകത്ത് ഗൗനിക്കുന്നവരെ ഗൗനിക്കൂ,സഹായിക്കൂ. ആശംസകൾ.

    ReplyDelete
  18. പെറ്റവയര്‍ കത്തിച്ചുവെച്ച
    ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
    അണയാതെന്നുള്ളില്‍..

    ആശംസകള്‍

    ReplyDelete
  19. മടക്കയാത്രയിലൊട്ടുമിടറാതെ
    അന്ധകാരചൂട്ട് ആഞ്ഞുവീശി
    പാഞ്ഞുനടന്ന് പാപിയാവണം..



    പെറ്റവയര്‍ കത്തിച്ചുവെച്ച
    ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
    അണയാതെന്നുള്ളില്‍..
    എറിഞ്ഞുടയ്ക്കണം.
    ആഞ്ഞെറിഞ്ഞുടയ്ക്കണം..
    കഠിനപാപ ശിലയിലെറിഞ്ഞ്
    വെട്ടം തരിപ്പണമാക്കണം..
    -------------------------------ഹൊ ..എന്തൊരു കഷ്ടപ്പാട്..!!!
    കൊള്ളാം ട്ടാ.

    ReplyDelete
  20. >>ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
    വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
    കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
    ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
    സമയമില്ലൊട്ടും, സമയമില്ല.<<

    എങ്കിലും എനിക്കിഷ്ടം മഴയെയാണ് :) നനയുമ്പോള്‍ നാമെങ്ങനെ കരിഞ്ഞുണങ്ങും?

    ReplyDelete
  21. കാച്ചി കുറുക്കിയ വരികള്‍....നല്ല അര്‍ഥങ്ങള്‍ നല്‍കുന്നൊരു മികച്ച വായനാഅനുഭവം...ആശംസകള്‍ പ്രിയ സഖി.... :)

    ReplyDelete
  22. പെറ്റവയര്‍ കത്തിച്ചുവെച്ച
    ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
    അണയാതെന്നുള്ളില്‍..
    എറിഞ്ഞുടയ്ക്കണം.
    ആഞ്ഞെറിഞ്ഞുടയ്ക്കണം..
    കഠിനപാപ ശിലയിലെറിഞ്ഞ്
    വെട്ടം തരിപ്പണമാക്കണം..
    (സൂപ്പര്‍ ടാ ഷേയൂട്ടീ!)

    ReplyDelete
  23. ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
    വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
    കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
    ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
    സമയമില്ലൊട്ടും, സമയമില്ല.


    നല്ല വരികൾ, ആശംസകൾ

    ReplyDelete
  24. ഇരുളിന്‍റെ പൊരുള്‍...

    പെറ്റവയര്‍ കത്തിച്ചുവെച്ച
    ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
    അണയാതെന്നുള്ളില്‍..
    എറിഞ്ഞുടയ്ക്കണം.
    ആഞ്ഞെറിഞ്ഞുടയ്ക്കണം..
    കഠിനപാപ ശിലയിലെറിഞ്ഞ്
    വെട്ടം തരിപ്പണമാക്കണം..

    മനുഷ്യനെ നിര്‍വചിയ്ക്കാന്‍ പുതിയ വാക്കുകള്‍ തേടാം അല്ലേ?...
    സമയോചിതമായ...
    ഒരു നല്ല പോസ്റ്റ്‌!!!
    അഭിനന്ദനങ്ങള്‍!!


    "ഇലഞ്ഞിപ്പൂമണം പോലൊരു... പ്രണയ കാലവുംകഴിഞ്ഞ്‌..." എന്ന ഒരു കഥ ഞാന്‍ എന്റെ ബ്ലോഗിലും എഴുതിയിട്ടുണ്ട്‌

    ReplyDelete
  25. ഇപ്പോള്‍ ദേഷ്യ ഭാവം ഇനി അടുത്തത് താണ്ഡവം ആവും ല്ലേ ...:))

    ReplyDelete
  26. ആഴമളക്കാനാവാത്ത മനസ്സും
    അളന്നെടുക്കാനാവാത്ത ഇരുട്ടും!
    ......
    നുള്ളിരുട്ട് എന്നത് കൂടുതല്‍ ഇഷ്ടമായി...
    ഇരുട്ടില്‍ ചൂട്ടായി നില്‍ക്കുന്ന അമ്മമനസ്...
    നന്നായിട്ടുണ്ട്.

    ReplyDelete
  27. അവസാന വരികള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നു....

    ReplyDelete
  28. ഈ കവിതെം ഞാനും തീരെ ശരിയാവില്ല. അതു കൊണ്ട് ആശംസകള്‍ എന്നു മാത്രം പറഞ്ഞ് പോകുന്നു.

    ReplyDelete
  29. ഇരുളിന്റെ പൊരുള്‍ നന്നായിട്ടുണ്ട്

    ReplyDelete
  30. ആശംസകള്‍ ..കവിതയെ കുറിച്ച് പറയാന്‍ വലിയ വിവരമില്ല എന്നാലും കമന്റ്കളില്‍ നിന്നും കൂടുതല്‍ ആശയം മനസ്സിലായി ..

    ReplyDelete
  31. പകലവസാനിക്കുന്ന രാത്രിവഴിയില്‍
    ഒറ്റയാനൊരു വേനല്‍മരം
    ഭൂമിയുടെ ഹൃദയത്തില്‍ വേരുകളാഴ്ത്തി
    വരള്‍ച്ചയിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്,
    പരിഹാസത്തിന്‍ പച്ചപ്പോടെ..

    ശക്തവും ആശയ സമ്പുഷ്ടവുമായ വരികള്‍ കൊണ്ട് മനോഹരമാണ് ഈ കവിത ..വായന വൈകിഎന്നാലും ഖേദത്തോടെയല്ല മടങ്ങുന്നത് ..ആശംസകള്‍

    ReplyDelete
  32. നന്നായി വരികളിലെ തീവ്രമായ ചിന്തകള്‍
    ആശംസകള്‍

    എന്നെ ഇവിടെ വായിക്കുക
    http://admadalangal.blogspot.com/

    ReplyDelete
  33. നന്ദി എല്ലാ കൂട്ടുകാര്‍ക്കും.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!