മണല്‍ക്കാടുകളേക്കാള്‍ വരണ്ട ചില പകലുകളെ താണ്ടി
മരുപ്പച്ചയാര്‍ന്ന യാമങ്ങളിലെത്തി നീണ്ടുനിവര്‍ന്ന് കിടന്ന്
കണ്ണടക്കുമ്പോഴാണ് അയാള്‍ മഴനനവുകള്‍ സ്വപ്നം കാണാറ്. പക്ഷേ നനവ്
പടര്‍ന്നുപെയ്ത് പരക്കുമ്പോഴേക്കും അടഞ്ഞമിഴികളില്‍ മുട്ടിവിളിച്ച് ആരോ
അയാളെ ഉണര്‍ത്തും. എത്ര ഇറുകെയടച്ചാലും ആ തട്ടലിന്റെ പ്രകമ്പനം
കണ്പോളകളില് നിന്ന് മാഞ്ഞുപോവില്ല. സ്വപ്നങ്ങളെ തട്ടിപ്പറിക്കാന്‍
ആരാണിങ്ങിനെ പതിവായി മുട്ടുന്നതെന്ന് വ്യാകുലചിത്തനായി അത്തരം രാത്രികള്‍
ഉറങ്ങാനാവാതെ പുലര്‍ത്താറാണയാള്‍ പതിവ്. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍
നിയന്ത്രിക്കാനാവാതെ അയാള്‍ താണ്ടുന്ന ആ പകലുകള്‍ക്ക് വരള്‍ച്ചയാഴം ഏറെ
കൂടുതലാണ്. ശേഷം കുറേ രാത്രികള്‍ അയാളെ മറഞ്ഞ് സ്വപ്നങ്ങള്‍
ഒളിച്ചിരിക്കും, മുട്ടിവിളിക്കപ്പെടുന്ന രാത്രികളെ ഭയന്നിട്ടാകാം.
മടിയന്‍,
കാര്യപ്രാപ്തിയില്ലാത്തവന്‍, താന്തോന്നി..! വീട്ടുകാരുടേയും
നാട്ടുകാരുടേയും പരിചിതശബ്ദം വിശേഷണങ്ങളുടെ പട്ടിക നീട്ടുന്നത്
പാതിയുണര്‍ന്ന തലച്ചോറിലേക്ക് അലസമായി പതിക്കും.
കുടുംബംനോക്കാത്തവന്‍, സ്നേഹമില്ലാത്തവന്, മക്കളെ താലോലിക്കാത്തവന്‍,
അമ്മയെ സ്നേഹിക്കാത്തവന്, ഭാര്യയെ പ്രണയിക്കാത്തവന്,ദുഷ്ടന് ...!
പതിവുപല്ലവികളില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ വീട്ടില്‍ നിന്നിറങ്ങും. വഴിയോരപരിചയങ്ങള്‍ക്ക് മുഖം കൊടുക്കാതെ,
വരള്‍ച്ചയുടെ അമിതദാഹത്തെ വിഴുങ്ങി പണിസ്ഥലത്തെത്താന്‍ അയാളനുഭവിക്കുന്ന
പൊള്ളല്‍ മനസ്സിലാക്കാതെ മേലധികാരിയും പഴിയ്ക്കും. പിരിച്ചുവിടലിലേക്ക്
വിരല്ച്ചൂണ്ടും. ശമിക്കാത്ത പകല്‍ദാഹത്തെ തോൽപ്പിക്കേണ്ടതിനെ കുറിച്ചാവും അപ്പോഴയാളുടെ ചിന്ത.
ഉറങ്ങാന്‍ മാത്രം
നിശ്ചയിച്ചുറപ്പിച്ച ഒരു അവധിദിനത്തില്‍ കുടുംബിനിയുടെ ശകാരത്തില്‍ പുകഞ്ഞ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടയിലാണയാള്‍ ചുമരില്‍ തൂക്കിയ പകുതി
ഫ്രെയിം അടര്‍ന്ന, പൊടിപിടിച്ച കണ്ണാടിയിലത് കണ്ടത്. ഉറങ്ങിവീര്‍ത്ത
കണ്പീലികള്ക്കിടയിലൂടെ, കണ്ണിലെ ആ കറുത്ത കുത്ത്. ഒരു
ഈര്‍ക്കിലിത്തുമ്പില്‍ കണ്മഷിയെടുത്ത് ആരോ പതുക്കെയൊന്ന്
തൊട്ടുകൊടുത്തതുപോലെ തീര്‍ത്തും തെളിമയില്ലാത്ത ആ കുത്ത്.
ഇതുവരെ അങ്ങിനെയൊന്ന്
ശ്രദ്ധിച്ചിട്ടില്ല. പീലികള്‍ വിടര്‍ത്തിയും കണ്‍പോളകളടര്‍ത്തിയും
പലകോണിലൂടെ നോക്കി. ഇല്ല, ഇത് പുതിയതാണ്. സ്വപ്നങ്ങളെ റാഞ്ചാന്‍
ഏഴരയാമത്തില്‍ പതുങ്ങിയെത്തുന്ന തട്ട് മനസ്സില്‍ പ്രകമ്പനം കൊണ്ടു.
ധൃതിയില്‍ ഭാര്യയുടെ അടുത്തേക്ക് നടന്നു, അമ്മയെ തേടി. രണ്ടുപേരും
നിസ്സാരവത്കരിച്ചു;
“ഇത് ഒരു കുഞ്ഞ്
മറുകല്ലേ..തീരെ ചെറുതായതുകൊണ്ട് നിങ്ങളിതുവരെ കാണാതെയാവും. അതിന് കണ്ണാടീ
നോക്കലും ഒരുങ്ങലുമൊന്നും നിങ്ങള്‍ക്ക് പതിവില്ലല്ലൊ..” ഭാര്യ വക്ക്പൊട്ടിയ കലം തേച്ച് കഴുകുന്നതിലേക്ക് തിരിഞ്ഞു.
“നിന്റെ അച്ചന്റെ കണ്ണിലൂണ്ടാര്‍ന്നൂ ഇതുപോലെ കടുകുമണിയോളം ചെറ്യോരു കാക്കാപുള്ളി. അങ്ങേരത് ശ്രദ്ധിച്ചിട്ടേല്ല്യാ. അന്ന്ണ്ടാ വീട്ടില്‍ വെട്ടോം വെളിച്ചോം കണ്ണാടീമൊക്കെ..” അമ്മ വെറ്റിലയ്ക്കൊപ്പം ഓര്‍മ്മകളെ നീട്ടിത്തുപ്പിയപ്പോള്‍ അയാളിറങ്ങി നടന്നു.
കണ്ണില്‍ കരട് വീണ അസ്വസ്ഥതയോടെ ആ കറുത്ത പാട് മനസ്സില്‍ ഇടറിക്കൊണ്ടിരുന്നു. പ്രധാനനിരത്തിലേക്ക് കയറിയതും ചീറിപാഞ്ഞുവന്നൊരു ലോറി വല്ലാതെ ഭയപ്പെടുത്തി. ഭയം ഒരു കൊളുത്തുപോലെ ഉള്ളിലേക്കാഴ്ന്നു. പിന്നെയത് മാറില്‍ പടര്‍ന്നിഴയാന്‍ തുടങ്ങി. കണ്ണിലെ കറുപ്പ് മനസ്സ് മുഴുവന്‍ പരന്നതുപോലെ.
തീര്‍ത്തും
അവശതയോടെ തിരികെ വീട്ടിലേക്ക് നടന്നു. ഭയം അയാളെ വല്ലാതെ
ഗ്രസിച്ചിരുന്നു. കറുത്ത നിറമുള്ള മരണത്തെ കുറിച്ച് വായിച്ചതെന്നായിരുന്നു?
ഏത് പുസ്തകത്തിലായിരുന്നു? ഓര്‍ത്തെടുക്കാനാവുന്നില്ല. ജന്മാന്ത അടയാളം
പോലെ ഒരു അദൃശ്യബിന്ദു ഓരോ ജനനത്തിന്റേയും സഹചാരിയാണെന്ന്. ആയുസ്സിന്റെ
അവസ്ഥാന്തരങ്ങളില്‍ നിറം മാറി മാറി വലുതായി, ഒടുവില്‍ ഉച്ചിയില്‍
പിടിമുറുക്കുമ്പോള്‍ മരണം മണക്കുന്ന കറുപ്പുനിറമായി അത് ദേഹം മുഴുവന്‍
പരന്നിരിക്കുമെന്ന് വായിച്ചത് ആരുടെ കഥയിലായിരുന്നു?
അമിതദാഹത്താല്‍
അയാളുഴറി. ആഗ്രഹങ്ങളുടെ ഈ ആഴം ആദ്യമായ് അറിയുകയാണ്. എത്ര കുടിച്ചാലും
ശമിക്കാത്തൊരു ആസക്തിയായി ദാഹം തൊണ്ടയും കടന്ന് ആത്മാവിലേക്കൊഴുകുന്നത്
അയാളറിയുന്നുണ്ടായിരുന്നു.ജീവിത മാത്രകളുടെ മനോഹാരിത ഹൃദയസ്പര്‍ശിയെന്ന് ദാഹം അയാളില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രികളെപോലും പകല്‍
വെളിച്ചത്തില്‍ കണ്ടാസ്വദിക്കാന്‍ മനസ്സ് വെമ്പി. അധ്വാനിച്ച്, നനവാര്‍ന്ന
പച്ചപ്പുകളാക്കി മാറ്റാന്‍ അയാള്‍ വരണ്ടപകലുകളെ ഇനിയുമിനിയും ആഗ്രഹിച്ചു.
തന്നെ കടന്നുപോവുന്ന പരിചിതരോടെല്ലാം
അദമ്യമായൊരിഷ്ടം തോന്നി. തന്നോടെന്തെങ്കിലും സംസാരിച്ച്, കണ്ണിലെ കറുപ്പ്
നിറം പകര്‍ന്നിട്ടുണ്ടോ എന്ന് അഭിപ്രായം പറഞ്ഞ് അവര്‍ കടന്നുപോവാത്തതില്‍
അയാള്‍ വ്യസനിച്ചു. എതിരെ വരുന്നവര്‍ തന്റെ കണ്ണിലേക്ക് സൂക്ഷിച്ച്
നോക്കുന്നുണ്ടോ എന്നയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നൂ. മുഖത്തേക്ക്
നോക്കുന്നവര്‍ കറുപ്പ് മുഖത്തേക്കും പടര്‍ന്നിട്ടാണോ സൂക്ഷിച്ച്
നോക്കുന്നതെന്ന സംശയമായി. ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകളെ കുറിച്ച്
അന്നാദ്യമായി വ്യാകുലപ്പെടുമ്പോള്‍ സ്വയം ആശ്ചര്യംതോന്നി.
ഉച്ചവെയില്‍ എല്ലാ തണലിടങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ട് പടര്‍ന്ന്പന്തലിക്കുകയാണ്. പൊള്ളിക്കുന്ന ചൂട് വേനലെന്ന നിത്യസത്യത്തെ പേറി ചുട്ടുപഴുക്കുന്നു. വിയര്‍ത്തൊലിച്ച്, കറുപ്പിന്റെ അഭംഗിയെ കുറിച്ചോര്‍ത്തുകൊണ്ടയാള്‍ നടത്തത്തിന് വേഗത കൂട്ടി. വേദന നെഞ്ചില്‍ നിന്നും കാല്പാദങ്ങളിലേക്ക് പടര്‍ന്നത് അയാളെ കൂടുതല്‍ ചകിതനാക്കി. അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്നേഹവുമെല്ലാം മനസ്സിലേക്കോടിവന്നു. വീട്ടിലെത്താന്‍ ക്ഷമയില്ലാതെ, ഈ നിമിഷം അവരെ കാണാന്‍ ഇങ്ങിനെ ആഗ്രഹിക്കുന്നത് ഇതാദ്യമെന്നത് സത്യം.
വീട്ടിലേക്കുള്ള തിരിവിലാണ് അയാള്‍ ആ
കറുത്ത പൂച്ച ചത്തുകിടക്കുന്നത് കണ്ടത്. ഏതോ വാഹനം കയറിയതാണ്. ഒരുരോമം
പോലും നിറഭേദമില്ലാത്ത കറുത്തൊരു പൂച്ച! ചുറ്റും കാക്കകള്‍
വട്ടമിട്ടിട്ടുണ്ട്. പക്ഷേ നിറം കറുപ്പായതുകൊണ്ടോ തുറന്ന് കിടക്കുന്ന
കണ്ണുകളില്‍ കറുപ്പ് പടര്‍ന്നിട്ടില്ലാത്തതിനാലൊ കാക്കള്‍ പൂച്ചയെ
തൊടുന്നില്ല.അയാളതു നോക്കി നിരത്തുവക്കില്‍ കുറച്ച് നേരം നിന്നു.
ഇപ്പോള്‍ ദാഹമൊട്ട്
ശമിച്ചിരിക്കുന്നു, പടര്‍ന്നാഴ്ന്ന വേദനയുമറിയുന്നില്ല. കണ്ണിലെ
കറുപ്പിന്റെ ഇടര്‍ച്ച.... വീട്ടിലേക്ക് കയറുമ്പോള്‍ കാക്കകളുടെ കാ കാ
ശബ്ദം വര്‍ദ്ധിക്കുന്നതറിയുന്നുണ്ടായിരുന്നു. കറുത്ത പൂച്ചയുടെ കണ്ണുകളും നിറം മാറിയിരിക്കും.
കണ്ണിലെ കറുപ്പ് അളക്കാന്‍ കണ്ണാടി
തേടി ധൃതിയില്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കിടപ്പ്മുറിയുടെ ചുമരില്‍
തപ്പുമ്പോഴാണ് കൈ തട്ടി പൊടിപിടിച്ച, ഫ്രെയിം പാതിയടര്‍ന്ന കണ്ണാടി
താഴെവീണതും തകര്ന്നുടഞ്ഞതും.
മരണം കൈമാറ്റം ചെയ്യപ്പെടുന്ന കഥാതന്തുവിനെ രാകിമിനുക്കി അയാള്‍ സമാധാനത്തോടെ കിടക്കയിലേക്ക് വീണു,പകലുകളുടെ നനവാര്‍ന്ന സാധ്യതകളെ വീണ്ടും വരള്‍ച്ചകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്..
മരണം കൈമാറ്റം ചെയ്യപ്പെടുന്ന കഥാതന്തുവിനെ രാകിമിനുക്കി അയാള്‍ സമാധാനത്തോടെ കിടക്കയിലേക്ക് വീണു,പകലുകളുടെ നനവാര്‍ന്ന സാധ്യതകളെ വീണ്ടും വരള്‍ച്ചകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്..