Sunday, April 13, 2014

മൂഢവിശ്വാസങ്ങളുടെ പെണ്‍വിലാപങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..


പുസ്തകം : ദേവദാസിത്തെരുവുകളിലൂടെ 
(യാത്രാവിവരണം)
വില : 65രൂപ 
പ്രസാധകര്‍: ഗ്രീന്‍ ബുക്ക്സ്

ശ്രീ പി സുരേന്ദ്രനെഴുതിയ യാത്രാവിവരണമാണ് ‘ദേവദാസിത്തെരുവുകളിലൂടെ’. ഡക്കാനിലെ ദേവദാസി സ്ത്രീകളുടെ ജീവിതമാണ് ഇതിലെ മുഖ്യപ്രമേയം.അധീശത്വത്തിന്‍റെ കരാളതാണ്ഡവം ചവിട്ടിമെതിച്ച നിസ്സഹായതയുടെ തേങ്ങലാണ് ഈ പുസ്തകമെന്ന് ഒറ്റവരിയില്‍ വിശേഷിപ്പിക്കാം.

ആധിപത്യങ്ങളുടെ അകക്കാമ്പ് എത്രമാത്രം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധപൂരിതമാണെന്ന് ഈ പുസ്തകം അനുഭവിപ്പിക്കും. അത് മതത്തെ, വിശ്വാസങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതും നിസ്സഹായരായ ഒരു ജനവിഭാഗത്തെ മേലാളന്മാരുടെ അടങ്ങിക്കിടക്കാത്ത വികാരശമനത്തിനായി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതും ദേവദാസികളുടെ ദുരിതപൂര്‍ണ്ണത വിവരിക്കുന്ന ഈ വരികളിലുണ്ട്.

മേല്‍ക്കോയ്മ സ്ഥാപിക്കുന്നത് എന്തുമാവട്ടെ,
​ശക്തിയോ ബുദ്ധിയോ, വര്‍ണ്ണവര്‍ഗ്ഗ വേര്‍തിരിവുകളോ, ജാതീയചിന്തകളോ, ദേശ-ഭാഷാ വ്യത്യാസങ്ങളോ അങ്ങനെയെന്തും; അവയില്‍ നിന്നും നിഷ്കരുണം ആഴ്ന്നിറങ്ങും ചില കൂര്‍ത്ത മുനകള്‍. അവയുടെ തീറ്റ കീഴാളരുടെ കണ്ണുനീരും വേദനയുമാണ്. ക്രൂശിതരുടെ യാതനകള്‍ ഭക്ഷിപ്പിച്ച് കാലം വളര്‍ത്തിക്കൊണ്ടുവരുന്നവ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതും സ്വാഭാവികം. ഉണ്ടിരിക്കുന്ന നായയ്ക്കാണല്ലോ ഓരിയിടാന്‍ തോന്നുക.

സര്‍ക്കാര്‍ നിരോധിച്ചതെങ്കിലും ഭാരതത്തിന്‍റെ വിവിധ ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഹീനമായ ദേവദാസി സമ്പ്രദായത്തിന്‍റെ നേരറിവുകളാണ് ലേഖകന്‍ തന്‍റെ യാത്രകളെ സാക്ഷിനിര്‍ത്തി ഇവിടെ വിവരിക്കുന്നത്. ദൈന്യം നിറഞ്ഞ കാമപ്പേക്കൂത്തുകളുടെ ആഖ്യാനം മാത്രമല്ല; ഗോവയുടെ, ഡക്കാന്‍റെ ചരിത്രവും ഭൂപ്രകൃതിയും ദന്‍ഗര്‍ എന്ന ആട്ടിടയന്മാരുടെ ഗോത്രജീവിതവും സഞ്ചാരപഥങ്ങളും സാമൂഹികജീവിതവുമെല്ലാം നമുക്കീ പുസ്തകത്തില്‍ വായിക്കാം.സംഗീതം,​ നൃത്തം,​ ചിത്രമെഴുത്ത് തുടങ്ങി വിവിധ കലാരൂപങ്ങളുടെ നിപുണതയിലൂടെ ബഹുമാന്യരായ ഒരു ചരിത്രം ദേവദാസികള്‍ക്കുണ്ടായിരുന്നു. പ്രശസ്തരായ പലരും ഇന്നും ദേവദാസി വിഭാഗത്തില്‍നിന്ന് നമുക്കിടയിലുണ്ട്. പക്ഷേ,​ കാലം ഈ വിഭാഗത്തെ ചുരുക്കിച്ചുരുക്കി വെറുംലൈംഗികോപകരണങ്ങള്‍ മാത്രമാക്കി മാറ്റുകയായിരുന്നു. ദൈന്യം നിറഞ്ഞ ഗ്രാമാന്തരീക്ഷങ്ങളില്‍ ഉന്നതരുടെകാമവെറികൾക്ക് ഇരയാവാൻ വിധിക്കപ്പെട്ടവര്‍. ലേഖകന്‍ പറയുന്നു, “ഉയര്‍ന്ന ജാതിക്കാരായ ഭൂവുടമകളുടെ കാമത്തിന് ഇരയായി വിലാപങ്ങളുടെ കുടിലുകളില്‍ ജീവിക്കുന്ന ദളിത് സ്ത്രീകളാണ് ഇന്നത്തെ ഡക്കാന്‍ ദേവദാസികള്‍.”

പുരുഷകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയുടെ ഇരകളാണ് ഈ ദേവദാസികളില്‍ മഹാഭൂരിപക്ഷവും. അവന്‍റെ സുഖത്തിനുവേണ്ടി അവനുണ്ടാക്കിയ നിയമങ്ങളില്‍, അവന്‍ എഴുതിച്ചേര്‍ത്ത മതാചാരങ്ങളില്‍, അവന്‍ മെനഞ്ഞുണ്ടാക്കിയ അന്ധവിശ്വാസങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീകള്‍. സ്ത്രീകളെന്ന വിഭാഗത്തില്‍ പൂര്‍ണ്ണമാവുന്നില്ല ദാംഭികന്‍റെ കുടിലാസക്തി. അവന്‍ കീഴാളരായ ചില പുരുഷ പ്രജകളിലേയ്ക്കുകൂടി ലമ്പടദംഷ്ട്രകള്‍ നീട്ടുന്നു. വിലാപങ്ങളുടെ ശവശരീരങ്ങള്‍ക്കുമേല്‍ കോരിയൊഴിക്കപ്പെട്ട ആസക്തികള്‍ക്ക് പ്രായപരിഗണനകള്‍ പോലുമില്ലായിരുന്നു. വിശ്വാസത്തിന്‍റെ തിരശ്ശീലയിട്ട് അന്ത:പുരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടത് കേവലം പത്തുവയസ്സ് പോലും തികയാത്ത പെണ്‍കുരുന്നുകളാണ്.

രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി ഉപയോഗിക്കുന്നത് ഭാരതത്തില്‍ മാത്രമായിരുന്നില്ല, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മണ്ണിനും ദൈവങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടി വൈകൃതമായി തന്നെ രതിയ്ക്ക് മതാവരണം നല്‍കിയിരുന്നു. നിര്‍മ്മിച്ചവന്‍റെ, നിയന്ത്രിക്കുന്നവന്‍റെ താല്പര്യാനുസരണം ആചാരതീവ്രതകളില്‍ ഏറ്റക്കുറച്ചിലുണ്ടായി.

യെല്ലമ്മയാണ് ദേവദാസികളുടെ കുലദേവത,​ ഹരിജനസമുദായത്തിന്റേയും എന്നും പറയാം. അതിന്‍റെ രസകരമായ ഐതീഹ്യവും പുരാണവുമെല്ലാം ലേഖകന്‍ വിവരിക്കുന്നുണ്ട്. ഐശ്വര്യം കാംക്ഷിച്ച് വീട്ടുകാര്‍ യെല്ലമ്മയ്ക്ക് സമര്‍പ്പിക്കുന്ന മനുഷ്യജന്മങ്ങളാണ് ദേവദാസികളാവാന്‍ വിധിക്കപ്പെട്ടവര്‍. ചില ആണ്‍കുരുന്നുകളും ഇങ്ങനെ ദേവീസമക്ഷം അര്‍പ്പിക്കപ്പെടുന്നു. ദേവപ്രീതിക്കുവേണ്ടിയുള്ള മൃഗബലിപോലെ. വ്യത്യാസം ഒന്ന് മാത്രം; മൃഗബലിയില്‍ ജീവനില്ലാത്ത മൃഗയിറച്ചി ഭുജിക്കുമ്പോള്‍ ഇവിടെ പ്രാണനോടെ പിടയ്ക്കുന്ന മനുഷ്യമാംസം പച്ചക്ക് തിന്നുന്നു!

“യെല്ലമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ അവളെ ആദ്യമായി പ്രാപിക്കാനുള്ള അവകാശം പുരോഹിതന്മാര്‍ക്കാണ്.  പണ്ടുകാലത്ത് ജന്മിമാര്‍ക്ക് വഴങ്ങി ജീവിച്ചിരുന്നവരാണ് പൂജാരിമാരും. അതിനാല്‍ ദേവദാസി പെണ്‍കുട്ടികളെ ഒരു പരിക്കുമേല്‍ക്കാത്ത പൂക്കളായി ജന്മിമാര്‍ക്ക് സമര്‍പ്പിച്ചാല്‍ പൂജാരിമാര്‍ക്കും ഗുണങ്ങളുണ്ട്.”

ക്ഷേത്രവേശ്യകളും വെപ്പാട്ടികളും മാത്രമല്ല അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും നരകസമാനമായ ജീവിതം നയിക്കേണ്ടവരാണ് എന്നതാണ് ആചാരം. വളരെ ചെറുപ്പത്തിലേ കാമകലകള്‍ അവളെ പഠിപ്പിക്കാന്‍ തുടങ്ങും. എന്ന് പറഞ്ഞാല്‍ അവളെ തേടിവരുന്ന പുരുഷന്മാരെ പരമാവധി സന്തോഷിപ്പിക്കാനുള്ള പരിശീലനമുറകള്‍! സ്വന്തം ഭാര്യമാര്‍ക്ക് താനില്ലാത്തനേരത്ത് പരപുരുഷബന്ധം ഇല്ലാതിരിക്കാന്‍ വീടിനകത്ത് ‘ചാരിത്ര്യപ്പട്ട’ ധരിപ്പിച്ചിരുത്തി വെപ്പാട്ടികളെ തേടി പോവുമായിരുന്ന ഭര്‍ത്താക്കന്മാര്‍ പക്ഷേ ഭാരതത്തിന്‍റെ ചരിത്രസമ്പാദ്യമല്ല, പുരാതന പാശ്ചാത്യരാജ്യങ്ങളുടേതാണ്.

വൃദ്ധദേവദാസികള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണെന്ന് എഴുത്തുകാരന്‍ പറയുന്നു. ജീവിതത്തിന്‍റെ നല്ലകാലം വെപ്പാട്ടികളും ഗ്രാമവേശ്യകളുമായി ജീവിച്ചവര്‍ വാര്‍ദ്ധക്യത്തില്‍ കരിമ്പിന്‍ ചണ്ടിപോലെ യെല്ലമ്മക്ഷേത്രങ്ങളുടെ പരിസരത്ത് നട ​തള്ളപ്പെടുന്നു. ഭിക്ഷയാചിച്ച്, വയര്‍
​ ​മുറുക്കിയുടുത്തുള്ള ജീവിതം അവര്‍ക്കെന്നേ പരിചിതമാണ്. വിശന്നൊട്ടിയ സ്വന്തം വയറിനെ അവഗണിച്ച് തേടിവരുന്ന പുരുഷന്മാരുടെ വിശപ്പടക്കി പ്രീതിപ്പെടുത്തുക എന്നതത്രെ പ്രഥമ ദേവദാസീധര്‍മ്മം! ഭക്തിയുടെയും (അന്ധ)വിശ്വാസത്തിന്‍റേയും ഇരകളായിരുന്നിട്ടും ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിച്ചത് എന്തുകൊണ്ടാണീ ഹ്രസ്വജീവിതത്തിലെന്ന് ചിന്തിക്കാന്‍ പോലും അടിച്ചേൽപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ അവരെ അധീരരാക്കുന്നു.

ദേവദാസി സമ്പ്രദായം ഒരു സമുദായത്തിന്‍റേയോ മതത്തിന്‍റേയോ ചുമലില്‍ കെട്ടിവെക്കാനാവില്ല. എല്ലാ മതങ്ങളിലും മനുഷ്യനിര്‍മ്മിതമായ ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയുമെല്ലാം ഏറ്റക്കുറച്ചിലോടെ കാമാസക്തരായ പുരുഷന്‍റെ കളിപ്പാട്ടമാവാന്‍ വിധിക്കപ്പെട്ട ദേവദാസീസമൂഹം സൃഷ്ടിക്കപ്പെട്ടിരുന്നു.​ പിന്നീടത് പലഘട്ടങ്ങളിലായി തുടച്ച് നീക്കപ്പെട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും നിലനില്‍ക്കുന്നുമുണ്ട്.
മാറിയ കാലഘട്ടവും സര്‍ക്കാരിന്‍റെ വിലക്കും സാമൂഹിക പരിഷ്കരണവും ബോധവത്ക്കരണവുമെല്ലാം ഇന്ന് ഈ അവസ്ഥകള്‍ക്ക് ഒരുപാട് മാറ്റമേകിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ദേവദാസീസമ്പ്രദായം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. പക്ഷേ പലയിടങ്ങളിലും ഇന്നും ഈ കെട്ടുകളെ പൂര്‍ണ്ണമായി പൊട്ടിച്ചെറിയാന്‍ അടിയുറച്ചുപോയ മിഥ്യാവിശ്വാസങ്ങള്‍ പലരേയും അനുവദിക്കുന്നില്ല. തീര്‍ത്തും വൃത്തിഹീനമായ,​ ദീനം പിടിച്ച ചേരികളില്‍ എയ്ഡ്സിന്‍റെ നിഴലില്‍ ജീവിക്കുന്ന അനേകം ദേവദാസീ കുടുംബങ്ങള്‍ ഇതിന് ഉദാഹരണമായി ലേഖകന്‍ എടുത്തുകാട്ടുന്നു. ഇവരുടെ പുനരധിവാസവും തൊഴില്ലായ്മയും പല പുനരധിവാസ സംഘടനകളും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം കൂടിയാണ്.

ഗോവയുടെ സംസ്കാരത്തിലൂടേയും സാമൂഹികചുറ്റുപാടുകളിലൂടേയും പ്രകൃതിയിലൂടെയുമെല്ലാം ലേഖകന്‍ വിശദമായി കടന്നുപോവുന്നുണ്ട്. ഒരു ജനതയുടെ സംസ്കാരം ഉരുത്തിരിഞ്ഞുവരുന്നത് എങ്ങിനെയാണെന്ന് ഗോവന്‍ യാത്രാവിവരണത്തില്‍ വ്യക്തമായി വായിച്ചറിയാം. ദളിത് സമൂഹത്തിലൂടെയും ദന്‍ഗറുകളുടെ ഗ്രാമീണത ഇറ്റുവീഴുന്ന പീഠഭൂമികളിലൂടെയുമെല്ലാമുള്ള യാത്ര പുസ്തകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത് അതിമനോഹാരിതയോടെയാണ്.

ഇനിയുമുണ്ട് ഏറെ, വിഷയങ്ങളുടെ ആഴക്കൂടുതലാല്‍ പറയാതെ മാറ്റിവെച്ചവ.
​​ഒരുപാട് വേദനിച്ച് പൊള്ളുമ്പോള്‍, ആ നീറ്റലില്‍ വെന്തുരുകാനാണൊ എന്നറിയില്ല, ചില വേദനകളെ നമ്മള്‍ വീണ്ടും ആഗ്രഹിക്കും. അതുപോലെയാണ് ഈ പുസ്തകവായന. ആദ്യപകുതി പൊള്ളിയടര്‍ത്തുന്നുണ്ട് മനസ്സ്. എന്നാലും വീണ്ടും വീണ്ടും വായിക്കാതിരിക്കാനാവുന്നില്ല. ദേവദാസി ജീവിതങ്ങളെ വരികളേകുന്ന അകക്കണ്ണോടെ കാണാതിരിക്കാനാവുന്നില്ല.

പി. സുരേന്ദ്രന്‍റെ ‘ദേവദാസിത്തെരുവുകളിലൂടെ’ എല്ലാവരും വാങ്ങിത്തന്നെ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ​കാരണം,​ ഈ പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് ദേവദാസസ്ത്രീകള്‍ക്കുവേണ്ടിയുള്ള പുനരധിവാസ സംഘടനയായ ‘സ്നേഹ’യ്ക്ക് വേണ്ടിയാണ്. നിസ്സാരമെങ്കിലും ഈ തുക ഒരു നിമിഷത്തേക്കെങ്കിലും അവരുടെ സ്വപ്നങ്ങളെ പൊലിപ്പിക്കുമെങ്കില്‍ അതില്‍പ്പരം പുണ്യമുണ്ടോ.

വിദ്യാഭ്യാസവും സാമൂഹികാവബോധവും നല്‍കപ്പെടേണ്ടത് സേവകരുടെ പാദങ്ങളില്‍ ചെളിപുരളാനിടവരാത്ത ഇടങ്ങളിലല്ല. ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ കട്ടപിടിച്ചുകിടക്കുന്ന അബല സമൂഹങ്ങള്‍ക്കിടയിലാവുമ്പോഴേ അതൊരു കൈത്താങ്ങും ലക്ഷ്യപ്രാപ്തിയും രക്ഷാ മാര്‍ഗ്ഗവുമാവുന്നുള്ളൂ.
​​
​​നാളെ, അന്ധവിശ്വാസങ്ങളാല്‍ തന്‍റെ പേരില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ഭക്തരുടെ തേങ്ങലുകളില്‍ ഉരുകിത്തീരാതെ ശാന്തയായ് വാഴാന്‍ യെല്ലമ്മാ ദേവിക്കാവട്ടെ.

Friday, March 28, 2014

ഉത്തരാധുനികതയുടെ നാട്ടിന്‍പുറത്തുകാരന്‍

‘പുടവ’ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..



   ഇതോ ഉത്തരാധുനികചെറുകഥയുടെ യുവകഥാകൃത്ത് ! കിടപ്പറസമരം എന്ന കഥാസമാഹാരത്തിലെ ആദ്യ കഥ ‘പൊക്കന്‍’ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെ. കഥയെഴുത്തില്‍ ഉത്തരാധുനികന്‍ എന്ന വിശേഷണം കണ്ട് വായിക്കാനെടുക്കാതെ തീണ്ടാപ്പാടകലെ നിര്‍ത്തിയതായിരുന്നു പിവി ഷാജികുമാറിന്‍റെ പുസ്തകങ്ങള്‍. അവിടേയുമിവിടേയും തൊടാതെ, കഥാകൃത്തിന്‍റെ മനസ്സിലുള്ള ആശയത്തെ വായനക്കാരന് മനസ്സിലാവരുതെന്ന വാശിയിലെഴുതിയ കഥകളാണ് ഇത്രനാള്‍ ഈ വിശേഷണ മേല്‍വിലാസത്തോടെ ഞാന്‍ വായിച്ചവയിലധികവും. വായനാഭൂരിപക്ഷമാവട്ടെ ഇത്തരം കഥകള്‍ വായിച്ച് മരണാനന്തര സ്ഥിതികളെ കുറിച്ച്പോലുമില്ലാത്തയത്രയും സംശയചോദ്യങ്ങളെ പൊതുക്കിവെച്ച് സ്വന്തമായി ഒരു നിഗമനത്തിലെത്തിയെന്ന് ഭാവിക്കുന്നു, കഥയെ കുറിച്ച് അഭിപ്രായം പറയുന്നു! എനിക്കിത്തരം വായനാ വ്യായാമങ്ങളേക്കാള്‍ വായനാ ആസ്വാദനങ്ങളാണ് പതം.പക്ഷേ ഉത്തരാധുനിക ചെറുകഥകളെന്ന് ഞാന്‍ ധരിച്ച് വശായവയല്ല യഥാര്‍ത്ഥത്തില്‍ അവയെന്ന് തിരുത്തി തരുന്നവയായിരുന്നു ഷാജികുമാറിന്‍റെ കഥകള്‍ . തിരഞ്ഞെടുപ്പിലെ പിഴവാണ് അത്തരംകഥകളില്‍ മാത്രം ഉത്തരാധുനിക മലയാളചെറുകഥയെ തളച്ചിടാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നത് നേര്.

നാട്ടുമണം ചുവയ്ക്കുന്ന, ഗ്രാമീണത തുടിക്കുന്ന കഥകളാണ് കിടപ്പറസമരമെന്ന കഥാസമാഹാരത്തിലധികവും. അസാമാന്യ ഭാഷാ സൗന്ദര്യം നിങ്ങള്‍ക്കീ പുസ്തകത്തില്‍ അനുഭവ്യമാകും . ഒട്ടും ഔപചാരികതകളില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ കൂടെ ഈ കഥാവഴികളിലൂടെ നടക്കാം. പൊടുന്നനെ, ഉത്തരം കിട്ടാത്ത ചില നാഗരിക സമാസങ്ങളുടെ അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ ചിലരെങ്കിലും കാലിടറി വീഴാനും സാധ്യതയുണ്ട്. പക്ഷേ അവിടേയും മേൽപ്പറഞ്ഞ ഭാഷാസൗന്ദര്യത്തില്‍ വീഴ്ച്ചയുടെ എല്ലാ മുറിപ്പാടുകളും കരിഞ്ഞ് ഇല്ലാതാവും..

ജീവിച്ചിടം കഥാതട്ടകമാക്കി മാറ്റാനുള്ള ഷാജികുമാറിന്‍റെ പാടവം അപാരമാണ്. പിറന്നുവീണ, വളര്‍ന്നുവലുതായ നാടിനോടുള്ള ഒടുങ്ങാത്ത പ്രതിപത്തി, ഓരോ കഥാപാത്രത്തേയും തന്‍റെ നാട്ടില്‍ നിന്നും നുള്ളിയെടുത്ത് കഥാതാളുകള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ , അങ്ങനെ വായനാമനസ്സുകളില്‍ തന്‍റെ നാട്ടോര്‍മ്മകള്‍ക്ക് ചിരഞ്ജീവിത്വമേകാന്‍ ആ കഥാകാരനെ പ്രേരിപ്പിച്ചിരിക്കണം. നാട്ടിന്‍ പുറത്തെ ഈ കഥ പറച്ചിലുകള്‍ക്കിടയിലും കഥാകാരന്‍റെ തൂലിക ഇടക്കിട നാഗരിക ഇടങ്ങളിലേക്ക് എഴുത്തിനെ എടുത്തെറിയുന്നുണ്ട്.

വളരെ ലാഘവത്തോടെ വായിച്ച് പോകാവുന്നവയും വായനയുടെ ആഴങ്ങള്‍ ആവശ്യപ്പെടുന്നവയുമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.അനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളെ ഭാഷയുടെ അലോക്യ ശബളിതയില്‍ കൊരുത്തുണ്ടാക്കിയ ഈ കഥകള്‍ ഷാജികുമാറിനെ, കേട്ട് തഴമ്പിച്ച കഥകളുടെ സാധാരണത്വത്തില്‍ നിന്നും എന്നാല്‍ വ്യത്യസ്തതയ്ക്കുവേണ്ടി പടച്ചുണ്ടാക്കുന്ന കഥകളുടെ അസാധാരണത്വത്തില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. കഥ പറച്ചിലിന്‍റെ പുതുമ ഇത്രകണ്ട് ആസ്വദിച്ച് അനുഭവിക്കാവുന്ന കഥകള്‍ ആധുനിക ചെറുകഥകളിലും ഉത്തരാധുനിക ചെറുകഥകളിലും വിരളമാണെന്ന് വായന സാക്ഷ്യപ്പെടുത്തുന്നു. കിടപ്പറസമരമെന്ന ഈ കഥാസമാഹാരത്തിലെ എല്ലാം കഥകള്‍ക്കും ഒരുപോലെ അവകാശപ്പെടാനാവുന്നതാണ് ഈ ആഖ്യാനപുതുമ. വ്യക്തമായ രാഷ്ട്രീയബോധത്തോടെയുള്ള കഥകള്‍ സമകാലിക സമൂഹത്തിന്‍റെ പരിച്ഛേദം കൂടിയാവുന്നുണ്ട്. ഒഴുക്കോടെ, മികച്ച ഭാഷയില്‍, പുതുമയോടെ വായനക്കാരെ പിടിച്ചിരുന്ന ഈ കഥപറച്ചില്‍ കഥാകൃത്തിന്‍റെ മറ്റുപുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിക്കും.

പൊക്കന്‍, മരണമുണ്ടാക്കിക്കളിക്കാം, നഗരത്തിലെ മഴ, 18+, സ്വപ്നവേട്ട, കോട്ടച്ചേരി വളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍ , വിശ്വസിച്ചേ പറ്റൂ, ഉച്ചമഴയിലെ തുമ്പികള്‍, കാലാവസ്ഥ, കളി, ബില്‍ക്ലിന്‍റന്‍റെ അച്ഛന്‍, കിടപ്പറസമരം എന്നീ പന്ത്രണ്ട് കഥകളും എണര് എന്ന പേരിലൊരു അനുബന്ധവുമാണ് ഈ പുസ്തക സമ്പാദ്യം.

‘പൊക്കന്‍’ മാനസികവിഭ്രാന്തിയുള്ള, നിര്‍ത്താതെ നടന്നുകൊണ്ടിരിക്കുന്ന നീളം കുറഞ്ഞ, കറുത്തുമെല്ലിച്ച, വലിയകൂനുള്ള പൊക്കന്റെ കഥയാണ്. പക്ഷേ വായനാന്ത്യം വായനക്കാരന്‍ വിരല്‍ചൂണ്ടപ്പെടുന്നത് തന്‍റെ തന്നെ ഉള്ളകങ്ങളില്‍ ചിലനേരമെങ്കിലും പിടിതരാതെ കുതറിയോടുന്ന ജീവിതത്തിലേക്കാണെന്നത് നേര്.

“പൊരല്ലാലാവുമ്പം(പുലര്‍ച്ചയ്ക്ക് തന്നെ) പൊക്കന്‍ നടത്തം തുടങ്ങും. രാത്രിയാവുമ്പരെ. കുടേം കൈയിലുണ്ടാവും. ഒരക്ഷരം മിണ്ടൂല. ഏട്ത്തേക്കാണ് നടക്കുന്നെന്നറിയില്ല. നടത്തത്തോട് നടത്തം... പ്രാന്തന്നെ.. നട്ടപ്രാന്ത്..”

ചാരുതയാര്‍ന്ന നാട്ടിന്‍പുറ പാശ്ചാത്തലമാണ് ഈ കഥാവായനയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം.

മരണപ്പെട്ടവന്‍റെ നിസ്സഹായതയും വെപ്രാളചെയ്തികളുമാണ് മരണമുണ്ടാക്കിക്കളിക്കാമെന്ന കഥയുടെ ഇതിവൃത്തം. പക്ഷേ ആ കഥ മനുഷ്യാവസ്ഥയുടെ നൈമിഷികായുസ്സിനെ പൊതിഞ്ഞുവെച്ച ഒന്നാണ്.

“ഉടലില്‍ ചൂട് പൊതിഞ്ഞപ്പോള്‍ ഉറക്കം ഞെട്ടി. ചിതയില്‍ താന്‍ ലോകത്തുനിന്ന് അദൃശ്യപ്പെട്ടിരിക്കുന്നത് ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു.”“തീ അയാളെ ചുറ്റിപ്പിടിച്ചു. ചിതയില്‍ നിന്ന് പുറത്തേക്ക് ചാടി, തീ അയാളുടെ ഉടലിന്‍റെ ചിറകുകളായി, ‘ദാണ്ടെടാ.. തല പുറത്തേക്ക് വീണു. അകത്തേക്ക് കുത്തിയിട്’ ആരോ അങ്ങനെ പറഞ്ഞതും രണ്ടുതടിച്ച മുളക്കഷ്ണങ്ങള്‍ അയാളെ ചിതയിലേക്ക് തള്ളി. അയാളിലെ പ്രതിരോധം വിഫലമായി.”

പൊക്കന്‍ , മരണമുണ്ടാക്കിക്കളിക്കാം, 18+, കോട്ടച്ചേരിവളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍, കിടപ്പറസമരം എന്നിവയാണ് ആവര്‍ത്തിച്ച് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ച കഥകള്‍ . ഒന്നോ രണ്ടോ കഥകള്‍ ഒരു ശരാശരി കഥാ നിലവാരത്തില്‍ നിന്ന് ഒട്ടും ഉന്നതിയിലല്ല എന്ന തോന്നലും വായനാനുഭവം. പക്ഷേ അവിടേയും ഭാഷാ നിലാവാരവും ശൈലിയും എടുത്ത് പറയേണ്ടവയാണ്.

അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ‘എണര്’ എന്ന അനുഭവക്കുറിപ്പ് പരാമര്‍ശിക്കാതെ അപൂര്‍ണ്ണമാണീ ആസ്വാദനം . കഥാകൃത്തിന്‍റെ വ്യക്തിസ്വരൂപവും ചിന്താഗതികളും രാഷ്ട്രീയനിലപാടുകളും ഉറച്ച, വേറിട്ട ശബ്ദവും, കഥാതലങ്ങളുമെല്ലാം ഇവിടെ നേരിട്ടനുഭവിക്കാം, അതിമനോഹരമായ, ഗ്രാമീണത മുറ്റിനില്‍ക്കുന്ന വരികളിലൂടെ.

ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്‍റെ അതേ ചങ്കൂറ്റം. കഥകളിലൂടെ പലപ്രദേശങ്ങളിലേക്കും ചിന്തകളിലേക്കും ആസ്വാദനങ്ങളിലേക്കും വായനക്കാരനെ വഴിനടത്തുമ്പോള്‍ ഒരു ഗ്രാമം മൊത്തം കണ്മുന്നില്‍ അക്ഷരങ്ങളായി തെളിയും.. അവസാനം, കഥകളെല്ലാം വായിച്ചവസാനിച്ചാലും ഒരു നാട്ടിന്‍പുറ ഇടവഴിയിലെ കലുങ്കില്‍, നാടന്‍ കാറ്റ് കൊണ്ടിരിക്കുന്ന ഹൃദ്യതയില്‍നിന്നും മുക്തരാവാന്‍ നമ്മള്‍ പിന്നേയും നേരമെടുക്കും.

Monday, March 17, 2014

സ്വോണ്‍ റിവറിലെ സ്വര്‍ണ്ണമരാളങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..

പുസ്തകം :സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍
(യാത്രാവിവരണം)
വില: 110 രൂപ
പ്രസാധകര്‍ : റാസ്ബെറി ഇംപ്രിന്‍റ്

അജ്ഞാതരായ സഞ്ചാരികളെ കാത്ത് ഓരോ ഇടവും എത്രയെത്ര കാഴ്ചകളാണ് കരുതിവെച്ചിരിക്കുന്നത്! ഓരോ സഞ്ചാരവും അനുഭവങ്ങളോടൊപ്പം ആശ്ചര്യങ്ങളുടേതും ആകസ്മിതകളുടേതുമാണ്. ഒരേയിടങ്ങള്‍ തന്നെ പലപ്പോഴും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കും, ഒരേയിടത്ത് പലരും കാണുന്ന കാഴ്ചകളും തീര്‍ത്തും ഭിന്നമായിരിക്കും. അത് കാലം, കാഴ്ച, കാഴ്ചപ്പാട്, വ്യക്തി, നിലപാട് തുടങ്ങി പലതിനേയും ആശ്രയിച്ചിരിക്കും. യാത്രകളുടെ മനോഹാരിത അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും സഞ്ചാരിയില്‍ ആലംബിതമാണ്. കാഴ്ചകളെ അക്ഷരപ്പെടുത്താന്‍ അക്ഷരങ്ങളാലാവുന്ന ഒരു സഞ്ചാരി വായനാലോകത്തിന്‍റെ കൂടി സൗഭാഗ്യമാവുന്നതുമങ്ങിനെയാണ്.

‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ എന്ന പുസ്തകത്താളുകള്‍ മറിക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുക
"As a woman, I have no country.
As a woman I want no country.
As a woman my country is the whole world." എന്ന വരികളാണ്. പ്രശസ്ത എഴുത്തുകാരി വിര്‍ജിനീയ വൂള്‍ഫ്, സ്ത്രീയുടെ രാജ്യസങ്കൽപ്പം വിവരിക്കുന്ന വരികള്‍!

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ഓസ്ട്രേലിയന്‍ യാത്രാവിവരണമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. അതിമനോഹരമായ ഭാഷയില്‍ സാഹിതീയചൈതന്യമുറ്റ എട്ട് അധ്യായങ്ങളിലായി ഓസ്ട്രേലിയന്‍ സഞ്ചാരത്തിന്‍റെ കാഴ്ചകളെ വിതാനിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ കെ എ ബീനയുടെ അവതാരികയുമുണ്ട്. റാസ്ബെറി ഇംപ്രിന്‍റ് ആണ് പ്രസാധകര്‍.

“ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങളില്ല. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങള്‍ വേണ്ട. ഒരു സ്ത്രീയെന്ന നിലയില്‍ എന്‍റെ രാജ്യം ഈ ലോകം മുഴുവനാണ്.” എന്ന വിര്‍ജിനീയ വൂള്‍ഫിന്‍റെ വരികളിലൂടെ തുടങ്ങുന്ന ഈ യാത്രാവിവരണ വായന മേല്‍വരികളെ അടിവരയിടുന്നതാണ്. സഞ്ചാരത്തിന്‍റെ നയനമനോഹര കാഴ്ചകളെ വര്‍ണ്ണാതീത സാഹിത്യഭംഗിയോടെ വരികളായി വിന്യസിക്കുമ്പോള്‍ സഞ്ചാരിണിയിവിടെ അതിരുകളില്ലാത്ത പ്രകൃതിഭംഗിയുടെ വായനാസമൂഹത്തിലേക്കുള്ള സഞ്ചാരിക കൂടിയാവുന്നു. സഞ്ചാരത്തിന്‍റെ സ്ത്രീപക്ഷ കാഴ്ചയെന്ന് ഈ യാത്രാവിവരണത്തെ വിവക്ഷിക്കാമെങ്കിലും സ്ത്രീപക്ഷകാഴ്ച എന്ന വാക്കിന്‍റെ ഉപരിപ്ലവ പ്രതിച്ഛന്ദത്തില്‍ തളച്ചിടാനാവുന്നതല്ല ഈ എഴുത്ത്.

കാഴ്ചകളുടെ നേര്‍ചിത്രങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയെന്ന ചെറിയ ഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ-ഭൂമിശാസ്ത്ര-സാമൂഹിക-അധിനിവേശ വിവരണങ്ങളും ഒട്ടും മുഷിപ്പില്ലാതെ കോര്‍ത്തിണക്കി വായനയെ ഉന്നതമായൊരു തലത്തിലേക്കുയര്‍ത്തുന്നുണ്ട് ഈ പുസ്തകം. ആദ്യമായി കാണുന്ന, തീര്‍ത്തും പുതിയൊരു ലോകത്തെ അതേ ആശ്ചര്യത്തോടെ വായനക്കാരനിലേക്ക് പകര്‍ന്നുതരാന്‍ എഴുത്തുകാരിക്കാവുന്നുണ്ട്. അതിനുപയോഗിച്ച നല്ല ഭാഷയും മികച്ച ശൈലിയും എഴുത്തിനെ ഹൃദ്യമാക്കുന്നു.

ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനപകുതിയില്‍ ജീവിച്ചവര്‍ക്ക് മറക്കാനാവാത്ത ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ആദ്യ അധ്യായം ‘ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍’ തുടങ്ങുന്നത്; അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സകൈലാബ് എന്ന ബഹിരാകാശ പേടകത്തിന്‍റെ തിരിച്ചുവരവുണ്ടാക്കിയ ആശങ്കകളും ഒടുവിലത് ഓസ്ട്രേലിയയിലെ പെര്‍ത്തിന്‍റെ പ്രാന്തപ്രദേശത്ത് നിപതിച്ചതും. ഓര്‍മ്മകളുടെ ഈ പിന്‍യാത്രയിലൂടെ എലിസ മലനിരകളുടെ താഴ്വാരത്തിലെ ചരിത്രം മയങ്ങുന്ന കിംഗ്സ് പാര്‍ക്കിലേക്കും സ്വോണ്‍ നദീതീരത്തേക്കും അനന്യസുന്ദരമായ പ്രകൃതിഭംഗിയിലേക്കുമാണ് പിന്നീട് വായന നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്.

ഓസ്ട്രേലിയയുടെ നയനമനോഹരകാഴ്ചകളില്‍ നിന്നും അധിനിവേശത്തിന്‍റേയും സാമ്രാജ്യത്വവെറിയുടേയും, സ്വന്തം ഭൂമികയില്‍ നിന്നും നാമാവശേഷമാക്കപ്പെട്ട ആദിമവര്‍ഗ്ഗത്തിന്‍റെ നിസ്സഹായതയുടേയും വരണ്ടുണങ്ങിയ ചരിത്രത്തിലേക്ക് കാഴ്ചകളെ പറിച്ചുനടുമ്പോള്‍ വായനക്കാരനിലും രക്തം തിളയ്ക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ തിന്മകളുടെ വര്‍ത്തമാനകാലത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും. ബൂമറാങ്ങുകളുടെ മൂളിപ്പറക്കലിന്‍റെ ഇരമ്പം പോലെ അബോര്‍ജിന്‍ വംശത്തിന്‍റെ അവശിഷ്ടങ്ങളായി, എല്ലാ ഉന്മൂലനങ്ങളേയും അതിജീവിച്ച ചെറുതല്ലാത്ത ഒരു സമൂഹത്തെ ഇന്നും ഓസ്ട്രേലിയയില്‍ കാണാം.

അരയന്നങ്ങളുടെ താഴ്വരയും മുന്തിരിപ്പാടങ്ങളും പ്രാചീനഗുഹകളും കടലാഴങ്ങളിലെ നിഗൂഢതകളും, ഭൂപ്രകൃതിയുടെ വന്യതയും, ആധുനിക സാമൂഹികജീവിതവും വായനയിലേക്ക് വരുന്നത് കേവലം കാഴ്ചകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. അവിടെ നിമിത്തങ്ങളും ചരിത്രവുമെല്ലാം ഒരു വഴികാട്ടിയുടെ നിപുണതയോടെ എഴുത്തുകാരി കാത്തുവെച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ വായനയുടെ പൂര്‍ണ്ണതയും.

മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകളുടെ ത്രസിക്കുന്ന വായനാനുഭവം ഈ പുസ്തകമേകില്ല. പാതയോരത്ത് പതിയിരിക്കുന്ന ആകസ്മികതകളും വൈതരണികളും തുലോം കുറവാണ്. വഴിയോരത്ത് കണ്ടുമുട്ടുന്ന ജീവിതാനുഭവങ്ങളും വഴിയമ്പലങ്ങളിലെ ജീവിതതാളവും ഈ പുസ്തകത്തില്‍ വായിക്കാനാവില്ല. ഈ പുസ്തകത്തെക്കുറിച്ച് എനിക്കാരോപിക്കാനാവുന്ന പോരായ്മയും ഇതാണ്. കുടുംബത്തോടൊപ്പം ഒരു സ്ത്രീ നടത്തിയ യാത്രയുടെ നേര്‍ച്ചിത്രമാണിത്. തീര്‍ത്തും ആസൂത്രിതമായി നടത്തിയ ഒരു യാത്രയുടെ സര്‍വ്വമനോഹാരിതയും ഇതിലുണ്ട്.

ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍, മൂളിപ്പറക്കുന്ന ബൂമറാങ്ങുകള്‍, സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങളും മണിമേടയും, മത്സ്യകന്യകയുടെ ഉദ്യാനവിരുന്ന്, ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ശില്പവിസ്മയങ്ങളുടെ രത്നഖനി, ബണ്‍ബെറിയിലേക്ക് ഒഴുകിയെത്തിയ യാനപാത്രങ്ങള്‍, പനിനീര്‍ മലരുകളുടെ പറുദീസ എന്നീ എട്ട് അധ്യായങ്ങളിലായി ഒരുക്കിവെച്ച ഓസ്ട്രേലിയന്‍ യാത്രാവിവരണം ഇത്ര മനോഹരമായി വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ ‘റാസ്ബെറി ഇംപ്രിന്‍റ് ’ എന്ന പ്രസിദ്ധീകരണശാല വഹിച്ച പങ്ക് നിസ്തുലമാണ്. അന്തര്‍ദ്ദേശീയനിലവാരമുള്ള രൂപകല്പനയും അച്ചടിയും വായനാതാല്പര്യം ഉയര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അച്ചടിലോകത്തേക്ക് ആദ്യമായെത്തുന്ന ഒരു എഴുത്തുകാരന്‍റെ പുസ്തകത്തെ വായനക്കാരനിലേക്കെത്തിക്കാന്‍ ആ പുസ്തകത്തിന്‍റെ രൂപഘടനയും അച്ചടിനിലവാരവും അവതാരികയും വലിയ സ്ഥാനം വഹിക്കുന്നുണ്ട്.

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ആദ്യപുസ്തകമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. തുടക്കക്കാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ, സ്വോണ്‍ നദിയില്‍ നീന്തിത്തുടിക്കുന്ന അരയന്നപ്പിടകളുടേതുപോലെ ചാരുതയും ലാളിത്യവും ഈ എഴുത്തിലും നമുക്കനുഭവിക്കാം. നിലവാരമുള്ള ഭാഷയും സാഹിത്യഭംഗിയും ഇഴചേര്‍ന്ന ഈ എഴുത്ത് ഓസ്ട്രേലിയയുടെ ഇളം കാറ്റേറ്റ് ഒരു വട്ടമെങ്കിലും സ്വോണ്‍നദീതീരത്ത് സ്വയം മറന്നിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.

യാത്രകളുടെ തുടച്ചകള്‍ സംഭവിക്കുക ഒരേ ജീവിതത്തില്‍ തന്നെയാവണമെന്നില്ല. ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ വായന എന്നെങ്കിലും നിങ്ങളുടെ ഓസ്ട്രേലിയന്‍ യാത്രയെ പണ്ടെന്നോ നടത്തിയ ഒരു യാത്രയുടെ തുടര്‍ച്ചയെന്ന് അനുഭവിപ്പിച്ചാല്‍ യാത്രകളുടെ നിരന്തരത തൊട്ടറിയാം, വായനയുടെ അനശ്വരതയും. വായനയുടെ അവസാനതാളുകളിലെ, ഒരുപാട് മോഹിപ്പിച്ച പനിനീര്‍ മലരുകളുടെ പറുദീസയില്‍ എന്നെങ്കിലുമെത്തിപ്പെട്ടാല്‍ എനിക്കുമേറെ പരിചിതമായിരിക്കും ആ മലര്‍വാടിയിലെ ഓരോ ദളവും. അക്ഷരങ്ങളാല്‍ മുദ്രണം ചെയ്യപ്പെട്ട ചില കാഴ്ചകളെ കവച്ചുവയ്ക്കാന്‍ കണ്ണുകള്‍ക്കുമാവില്ലല്ലോ..

Thursday, March 6, 2014

അമുദയുടെ അമ്മ

അവരുടെ പേരെനിക്കോര്‍മ്മയില്ല. പരിചയപ്പെട്ട ആദ്യനാളുകളില്‍ ഒന്നില്‍കൂടുതല്‍ തവണ ചോദിച്ചതാണ്. പക്ഷേ..

അമുദയുടെ അമ്മ എന്നാണെന്‍റെ മനസ്സില്‍ അവരുടേതായി പതിഞ്ഞുകിടപ്പുള്ള പേര്. അമുദയുടെ അമ്മയായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ പരിചിതരായതും. എനിക്ക് അവരെ വിളിക്കാവുന്ന സമുചിതമായ പേര് അതുതന്നെയാണ്. അവര്‍ക്ക് മാത്രമേകാവുന്ന ഒരുപേരായി അമുദയുടെ അമ്മ എന്നത് എന്‍റെയുള്ളില്‍ മാറുകയും ചെയ്തിരിക്കുന്നു!

അമുദ, എന്‍റെ മോള്‍ പഠിക്കുന്ന സ്കൂളിലെ രണ്ടാംക്ലാസ്സുകാരിയാണ്. നാലാം ക്ലാസ്സുകാരിയായ മോള്‍ക്ക് ബസ് സ്റ്റോപ്പ് വരെ കൂട്ടുപോവുന്ന ഞാനും അമുദയ്ക്ക് കൂട്ടുവരുന്ന അമുദയുടെ അമ്മയും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് സ്റ്റോപ്പില്‍ വച്ചാണ്.

പരിചയപ്പെടല്‍ എന്ന് പറഞ്ഞാല്‍ സ്വന്തം മക്കളുടെ ലോകത്ത് അലിഞ്ഞ് ചേര്‍ന്നതിനടയ്ക്ക് ചിലപ്പോള്‍ മാത്രം പരസ്പരം ദാനം നല്‍കുന്ന ഒരു നോട്ടം, ആകസ്മികമായി കണ്ണുകള്‍ തമ്മില്‍ ഉടക്കിയാല്‍ സംഭവിക്കാവുന്ന ഒരു പുഞ്ചിരി, ഏതെങ്കിലും ദിവസം ശബ്ദവീചികള്‍ക്ക് പ്രാപ്യമായ ചുറ്റളവില്‍ എത്തപ്പെട്ടാല്‍ ഒരു ഹായ്, അല്ലെങ്കില്‍ രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ഒതുക്കാവുന്ന എന്തെങ്കിലുമൊരു വാക്ക്, ഒരു മറുവാക്ക്. വളരെ അപൂര്‍വ്വമായി മാത്രം കാര്യമാത്രാ പ്രസക്തമായ ഹ്രസ്വസംഭാഷണം. പരിചയത്തിന്‍റെ പ്രാന്തം ഇതിലും വളര്‍ന്നിട്ടില്ല ഇപ്പോഴും.

എന്നിട്ടും ഇന്ന് കാലത്ത് അമുദയുടെ അമ്മ ഞങ്ങള്‍ ഈ മാസവസാനം നാട്ടില്‍ പോവുകയാണ്,ഇനി തിരിച്ചുവരില്ല, മോളുടെ ടി സിക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ തീവ്രമായി മനസ്സ് വേദനിച്ചതും തീര്‍ത്തും അപ്രതീക്ഷിത വാര്‍ത്തയെന്ന് ഉള്ളുരുക്കത്തോടെ തിരിച്ചറിഞ്ഞതും എന്തുകൊണ്ടായിരുന്നു?! ഒരുദിവസത്തിന്‍റെ സകല സന്തോഷങ്ങളേയും തച്ചുടച്ച് മനസ്സ് തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴും ഞാനോര്‍ക്കുകയായിരുന്നു അതിന് മാത്രം എന്ത് സ്നേഹബന്ധനമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്ന്. തമിഴ്നാട്ടുകാരാണ്, അവരും ഭര്‍ത്താവും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നു, അമുദ ഏകമകളാണ്, എന്നതില്‍ കൂടുതല്‍ എനിക്കൊന്നുമറിയില്ല, അവര്‍ക്കെന്നേയും. താമസിക്കുന്ന കെട്ടിടം പോലും കൃത്യമായറിയില്ല എന്നതാണ് നേര്. എന്നിട്ടും...

പ്രവാസമങ്ങിനെയാണ്. പുതുതായി നട്ട ചെടിയെന്ന പോലെ പതുക്കെ, വളരെ പതുക്കെ പ്രവാസി ചുറ്റുപാടുകളുമായി സൌഹാര്‍ദ്ദത്തിലാവുന്നു. വേരുകള്‍ ആഴത്തിലിറങ്ങാതെ സൂക്ഷിച്ച് ചുറ്റുഭാഗങ്ങളിലേക്ക് പടര്‍ത്തുന്നു, വീണുപോവാതെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിമാത്രം. പറിച്ച് നടപ്പെടുമ്പോള്‍ നോവാതിരിക്കാന്‍ എന്നും തിരുത്താം ആ ഉപരിപ്ലവ വേരോടലുകളെ. എന്നാല്‍ ഒരു ചിരിയില്‍, ഒരു കൈവീശലില്‍ പരിചയങ്ങളെ തളച്ചിടുമ്പോഴും അവരോട്, മനസ്സ് നാം അറിയാതെ പടര്‍ത്തിയെടുക്കുന്ന ഒരു ആത്മബന്ധമുണ്ട്; ഒഴുക്കൊളിപ്പിക്കുന്ന പുഴയെപോലെ. അവനവനിലേക്ക് മുരടിക്കാനുള്ള വ്യഗ്രതയ്ക്കിടയിലും നാടറിയാതെ, ഭാഷയറിയാതെ, ജീവിതമറിയാതെതന്നെ ചിരപരിചിതരായി മാറും ചിലര്‍ ചിലര്‍ക്ക്. കുറേ നാളുകള്‍ പതിവ് സമയങ്ങളില്‍ ചിലരെ കാണാതെയാവുമ്പോള്‍ അവര്‍ക്കെന്ത് പറ്റിയെന്ന് മനസ്സ് ആധികൊള്ളും. അതിന് പ്രവാസിയെന്ന നൂലിഴബന്ധം ഒന്ന് മാത്രം മതി.

ആ ഇഴചേര്‍ക്കല്‍ തന്നെയാവാം ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെയുള്ള തേന്‍ കടയിലെ ലബനാനി വൃദ്ധന്‍ തീര്‍ത്തും അപരിചിതരായിരുന്നിട്ടും കാണുമ്പോഴെല്ലാം വാത്സല്യപൂര്‍ണ്ണമൊരു പുഞ്ചിരിയോടെ സലാം ചൊല്ലുന്നതും ഇടയ്ക്കിടെ മോള്‍ക്ക് മധുരമൂറും തേനറകള്‍ സമ്മാനിക്കുന്നതും അവള്‍ക്ക് ഏറെ വേണ്ടപ്പെട്ട ഒരാളോടെന്ന പോലെ അടുപ്പം ഏതോ ഭൂപ്രകൃതിയില്‍ ജനിച്ചുവളര്‍ന്ന അയാളോട് ഉണ്ടാക്കപ്പെട്ടതും. തണുത്ത് വിറക്കുന്ന ശൈത്യരാവുകളില്‍ ഏറെ വൈകി കടയടച്ച് കൂനിക്കൂടി ആ വൃദ്ധന്‍ ഇരുട്ടിലലിയുമ്പോള്‍ കേവലം മനുഷ്യസഹജമായ സഹതാപത്തിനുമപ്പുറം അയാള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥനാശകലം എന്‍റെ മനസ്സിലുയരുന്നതും ആ ഇഴചേര്‍ക്കലില്‍ നിന്നാവാം.

എത്ര പരിചിതമുഖങ്ങള്‍ ഇതുപോലെ മുഖമില്ലാത്തവരായി ഈ ഭൂമികയില്‍ പ്രവാസക്കൂട്ടത്തിലലിയുന്നു.. വാക്കുകള്‍ക്കും ഭാഷകള്‍ക്കുമപ്പുറം കാലം നെയ്തെടുക്കുന്ന ആത്മബന്ധങ്ങളായി ഇഴചേര്‍ക്കപ്പെടുന്നു. ഓരോ പരിചിതമുഖത്തേക്കും സൂക്ഷിച്ച് നോക്കുമ്പോള്‍ കാണാം വിവിധ സംസ്കാരങ്ങളെ, ദേശങ്ങളെ, സ്വപ്നങ്ങളെ പേറി നടക്കുന്ന ഉള്ളകങ്ങള്‍. കുതൂഹലമാണ് ഓരോ മുഖത്ത് നിന്നും ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളെ ഉദ്ഭാവനം ചെയ്യുക എന്നത്. അവരുടെ സ്വപ്നങ്ങളെ സങ്കൽപ്പ രൂപേണ വായിച്ചെടുക്കാന്‍ .

സെഡാര്‍ മരങ്ങള്‍ തണല്‍വിരിച്ച വഴിത്താരയുള്ള, ആപ്പിളും മാതളവും ചെറീസും നിറയെ കായ്ച്ച് കിടക്കുന്ന തൊടിയുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു കൊച്ച് വീട് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ലെബനാനില്‍ ആ വൃദ്ധസുഹൃത്തിനും, ജമന്തിയും സൂര്യകാന്തിപൂക്കളും നിറഞ്ഞ പൂപ്പാടത്തിനോരത്ത് പച്ചപ്പാര്‍ന്ന ഒരുകുന്നിന്‍ച്ചെരുവില്‍ തമിഴ്നാട്ടിലെ മനോഹരമായ ഒരു പേരറിയാഗ്രാമത്തില്‍ അമുദയുടെ അമ്മയ്ക്കുമായി ഞാനെന്നോ എന്‍റെ മനസ്സില്‍ പണിതീര്‍ത്തിക്കുന്നു.

പ്രവാസത്തിനിടയില്‍ പരിചയപ്പെട്ട പല പേരറിയാ മുഖങ്ങള്‍ക്കും ഇതുപോലെ സങ്കൽപ്പലോകങ്ങളുണ്ട് മനസ്സില്‍ . തീര്‍ത്തും വൈരുദ്ധ്യമാര്‍ന്നതായിരിക്കാം അവരുടെ നാട്ടിലെ ചുറ്റുപാടുകള്‍. വരണ്ടുണങ്ങിയ ഇടുങ്ങിയ തെരുവോരങ്ങളില്‍ സംഘര്‍ഷഭരിതമായൊരു ചുറ്റുപാടില്‍ ജീവിതം അനുഭവിച്ച് തീര്‍ക്കുന്നവരായിരിക്കാം പലരും ഈ പ്രാവസങ്ങള്‍ക്കുമപ്പുറം. എങ്കിലും ഈ സങ്കൽപ്പക്കണ്ണുകളിലൂടെ ഇവരെ കാണാന്‍ ഒരു മാധുര്യമുണ്ട്.

ഓരോ പ്രവൃത്തിദിവസവും തുടക്കം കുറിച്ചിരുന്നത് അമുദയുടെ അമ്മയ്ക്കൊപ്പമായിരുന്നു തീര്‍ന്നുപോയ ഈ രണ്ടുവര്‍ഷക്കാലം. ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് അവര്‍ യാത്രയാവുകയാണ്. പ്രവാസമേകിയ ഇത്തിരി അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും ഭാണ്ഡം മുറുകെക്കെട്ടുന്ന തിരക്കിലായിരിക്കും ആ മനസ്സിപ്പോള്‍ . എത്ര ശ്രമിച്ചാലും അവയെ പൂര്‍ണ്ണമായും ഈ ഭൂര്‍ണ്ണിയില്‍ പരിത്യജിക്കാന്‍ പ്രവാസിക്കാവില്ല .

നാളെ ഒരുപക്ഷേ അമുദയും അമുദയുടെ അമ്മയും എന്‍റെ ഓര്‍മ്മകളില്‍ നിറം മങ്ങിയേക്കാം. എനിക്ക് സങ്കൽപ്പിക്കാന്‍ പോലുമാവാത്ത ഒരു ചുറ്റുപാടില്‍ അവരുടെ ജീവിതവും പലവഴികളിലൂടെ സഞ്ചരിക്കാം. അന്ന് ഹൃദയത്തിന്‍റെ ഈ കൊളുത്തിവലിക്കല്‍ ഒരു തമാശരൂപേണ ഓര്‍ത്തെടാക്കാനും കഴിയും. കാരണം, വിടവാങ്ങലുകള്‍ പ്രവാസത്തില്‍ ആദ്യാനുഭവമല്ല. ഒരുപാട് ശൂന്യമാക്കപ്പെടലുകള്‍ മനസ്സറിഞ്ഞതാണ്. കാലം വിദഗ്ദ്ധമായി മായ്ച്ചുകളയുന്ന ശൂന്യയിടങ്ങള്‍.

ഒരു തിരിച്ച് പോക്കിന് എല്ലാ പ്രവാസികളേയും പോലെ ഞാനുമൊരുങ്ങുന്നുണ്ട്. നാളെ പതിനഞ്ചുവര്‍ഷങ്ങളുടെ ഭാണ്ഡം മുറുക്കുമ്പോള്‍ മനസ്സിടറാതിരിക്കില്ല, ദേഹം തളരാതിരിക്കില്ല, തൊണ്ടവരളാതിരിക്കില്ല. യാത്രയാവുന്ന കാലടികള്‍ ഇടറാതിരിക്കില്ല. എങ്കിലും കണ്ണുകളില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണുനീര്‍ ഈ മണ്ണില്‍ പതിയുമ്പോള്‍ എണ്ണമറ്റ കണ്ണുനീര്‍ തുള്ളികളെ മുന്‍പും ഏറ്റുവാങ്ങിയ ഈ മണല്‍തരികള്‍ എന്നേയും സമാശ്വാസിപ്പിച്ച് യാത്രയാക്കും. അമുദയുടെ അമ്മയുടേതടക്കം അനേകായിരം കാലടികളില്‍ ചവിട്ടി ഞാനും നാളെ....

പറിച്ചുനടലെന്നതിനേക്കാള്‍ വാര്‍ദ്ധക്യമാര്‍ന്ന മരത്തിന്‍റെ വെട്ടിമാറ്റലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പലപ്പോഴും ഈ തിരിച്ചുപോക്കുകള്‍.ജന്മനാടിനോടുള്ള വൈരക്തമോ സുഖലോലുപതയോടുള്ള ആസക്തിയോ അല്ല ഈ കൊളുത്തിവലികള്‍. ദുരിതത്തിന്‍റെ ഭിന്നമുഖങ്ങളാണ് പ്രവാസഭൂരിപക്ഷത്തിന്. വീഴപ്പെട്ടിടത്ത്നിന്ന് പെറുക്കിമാറ്റപ്പെടുമ്പോഴുള്ള ഒരു അസ്വസ്ഥത മാത്രാമാണിത്. കണ്ടുപരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകള്‍ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച..

Saturday, February 1, 2014

വ്രണിത സമസ്യകള്‍


മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..


പ്രവാസത്തിന്‍റെ മുറിവുകള്‍
(അനുഭവ കുറിപ്പുകള്‍)
മാതൃഭൂമി ബുക്സ്
വില: 115രൂപ.

എടുത്തെറിയപ്പെടുന്ന കല്ലുകളെ അറിഞ്ഞിട്ടുണ്ടോ? തീര്‍ത്തും യാദൃച്ഛികമായിരിക്കും പലപ്പോഴും ആ പ്രാസനം. കിടന്നിരുന്ന ഇടത്തോട് ഒരു യാത്രാമൊഴി പോലും പറയാനാവാതെ, ഇനിയൊരിക്കലും അവിടേക്ക് തിരികെ വരാനാവാതെ, എന്നാലും എന്നെങ്കിലുമൊരുനാള്‍ തിരികെ വരുമെന്ന പ്രത്യാശയോടെ മനസ്സവിടെ സൂക്ഷിച്ച് തായ് വേരിളക്കാതെ ഒരു യാത്രയാവല്‍ . തീര്‍ത്തും അപരിചിതമായ മറ്റൊരിടത്ത് നിപതിക്കല്‍ . ഒന്നിളകാന്‍ പോലുമാവാതെ പിന്നീട്, ഒരുപക്ഷേ കല്പാന്തത്തോളം, അതല്ലെങ്കില്‍ മറ്റൊരു എടുത്തെറിയലോളം. അറ്റുപോയതിനെ ധ്യാനിച്ച് ഒരു തപസ്സുപോലെ ജീവിതശിഷ്ടം. ഒരത്ഭുതം എന്നെങ്കിലും ആ തായ് വേരിലേക്കൊരു കൂടിച്ചേരലൊരുക്കിയാലും എത്ര ഏച്ചുകൂട്ടിയാലും മുഴച്ചുനില്‍ക്കുന്ന നിസ്സഹായത!

ഒരിക്കല്‍ താനായിരുന്ന ഒരിടം തന്‍റേതാണെന്നുപോലും വിശ്വസിക്കാനാവാത്ത ഒരു മനസ്സ് നിങ്ങളെ വന്ന് തൊട്ടിട്ടുണ്ടോ, എന്നെങ്കിലുമൊരിക്കല്‍? മണലാരണ്യത്തിന്‍റെ ധമനികളിലൂടെ ഇരമ്പിയാര്‍ത്തൊഴുകുന്ന, ശൂന്യതയുടെ മണലാഴങ്ങളില്‍ തന്‍റെ സ്വപ്നങ്ങളെ കുഴിച്ചിട്ട് അത് പെറ്റുപെരുകുന്നത് നിസ്സംഗതയോടെ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധാരണ പ്രവാസിയുടെ ഹൃദയസ്പന്ദനത്തിന് കാതോര്‍ത്ത് നോക്കൂ. പിറവിയുടെ ആദ്യതാളം, വളര്‍ച്ചയുടെ താളധ്വനികള്‍, ഉറ്റവരുടെ തലോടലുകള്‍ എല്ലാമെല്ലാം ഓര്‍മ്മകളില്‍ ഇനിയൊരു കാത്തിരിപ്പസാധ്യമാംവിധം തിരികെ വിളിക്കുമ്പോള്‍ , അതുമല്ലെങ്കില്‍ ഊറ്റിക്കൊടുക്കാന്‍ ഇനിയൊരിറ്റ് സ്വാസ്ഥ്യം തന്നിലവശേഷിക്കുന്നില്ലെന്ന നിസ്സഹായതയില്‍ തിരികെ ജന്മനാട് പൂകുമ്പോള്‍, അവനെ കാത്തിരിക്കുന്ന അന്യത്വത്തിലേക്കുള്ള കാഴ്ചകള്‍ ഹൃദയഭേദകമാണ്. എന്നോ മുറിച്ചുമാറ്റപ്പെട്ട നാരായവേരിലേക്ക് തിരികെച്ചേരാനാവാതെ തിരസ്കൃതനാക്കപ്പെടുന്നവന്‍റെ ജീവിതബാക്കി തീര്‍ത്തും ശാപതുല്യമാണ്.

ബാബു ഭരദ്വാജിന്‍റെ ‘പ്രവാസത്തിന്‍റെ മുറിവുകള്‍’ പറഞ്ഞുവയ്ക്കുന്നതും പ്രവാസിയുടെ ഒരിക്കലുമുണങ്ങാതെ, ചീഞ്ഞളിഞ്ഞ് പ്രേക്ഷകനെപോലും അസ്വസ്ഥമാക്കുന്ന ഇത്തരം കുറേ വ്രണങ്ങളെകുറിച്ചാണ്. അറബ് ദേശങ്ങളിലൂടെയുള്ള ഈ യാത്രാനുഭവങ്ങള്‍, ജീവിതാനുഭവങ്ങള്‍ ഒരിക്കലും നിലയ്ക്കാത്ത പ്രവാസത്തേങ്ങലുകളുടേതാണ്. രചയിതാവ് പറയുന്നു, പ്രവാസത്തിന്‍റേയും അധിനിവേശത്തിന്‍റേയും പ്രതിരോധത്തിന്‍റേയുമാണ് ഈ മുറിവുകളെന്ന്. പ്രവാസം വലിയൊരു മുറിവാണെന്ന് ഞാനറിയുന്നു, ആ മുറിവിന്‍റെ നീറ്റലാണെന്നെ മനുഷ്യനാക്കുന്നതെന്ന്. അതുകൊണ്ടുതന്നെയാകാം വായനക്കാരനുള്ളിലും ഒരു നീറ്റലുളവാക്കിക്കൊണ്ട് ഈ അനുഭവാഖ്യാനങ്ങള്‍ ഇത്രയധികം വായിക്കപ്പെടുന്നത്; പ്രവാസവും അധിനിവേശവും പ്രതിരോധവും കേട്ടും അനുഭവിച്ചും തഴക്കം ചെന്ന മലയാളിസമൂഹം പിന്നേയും പിന്നേയും ‘പ്രവാസത്തിന്‍റെ മുറിവുകള്‍’ സ്വയമൊരു ഓര്‍മ്മപ്പെടുത്തലിനെന്നവണ്ണം വായനക്കെടുക്കുന്നതും.

സമാനതകള്‍ക്കിടമില്ലാത്ത അതിമനോഹരമായ ഭാഷയും ശൈലീപ്രയോഗവും ബാബു ഭരദ്വാജിന്‍റെ എഴുത്തിനെ ഹൃദ്യമാക്കുന്നു. ഒരിക്കല്‍ വായിച്ചവനെ ആരാധകനാക്കുന്ന മാന്ത്രികതയുണ്ട് ആ അനുഗൃഹീത എഴുത്തുകാരന്‍റെ തൂലികത്തുമ്പില്‍. ഓരോ വാചകവും വന്നുപതിക്കുക വായനക്കാരന്‍റെ ഉള്ളകങ്ങളിലാണ്. അതൊരുപക്ഷേ എഴുതിയതെല്ലാം, അനുഭവിച്ചറിഞ്ഞ അനുഭവസാക്ഷ്യങ്ങളുടെ പരിച്ഛേദങ്ങളായതുകൊണ്ടാവാം. എഴുത്തിന് ചുറ്റുമാര്‍ക്കുന്ന ചെറുതല്ലാത്ത വായനാസമൂഹം ഓര്‍മ്മിപ്പിക്കുന്നതും പഴുത്തൊലിക്കുന്ന മുറിവിനുചുറ്റും കൊതിയോടെ ഇരതേടിയാര്‍ക്കുന്ന ഒരുപറ്റം ഈച്ചകളെയാണ്.

പ്രവാസത്തിന്‍റെ ഭിന്നമുഖങ്ങളാണ് ഈ പുസ്തകത്തിലൂടെ ബാബു ഭരദ്വാജ് അനാവൃതമാക്കിയിരിക്കുന്നത്. അതില്‍ നിസ്സഹായതയുടെ, അധിനിവേശത്തിന്‍റെ, അതിജീവനത്തിന്‍റെ, ചെറുത്തുനില്‍പ്പിന്‍റെ, ഒളിപ്പോരിന്‍റെ, പ്രതികാരത്തിന്‍റെ, കരുത്തിന്‍റെ, ക്രൂരതയുടെ , കാലത്തിന്‍റെ, സ്വപ്നങ്ങളുടെ, മറവിയുടെ, ഓര്‍മ്മപ്പെടുത്തലുകളുടെ, വിരഹത്തിന്‍റെ, സാക്ഷാത്കാരത്തിന്‍റെ എല്ലാമെല്ലാം പ്രവാസതലങ്ങളുണ്ട്.

ഒലിവും മുന്തിരിയും അത്തിയും മാതളവും കുലച്ച് കായ്ച്ചുനില്‍ക്കുന്ന തോപ്പുകളും അതിരുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഞാവല്‍മരക്കാടുകളും ദേവദാരു വൃക്ഷങ്ങള്‍ തണല്‍ വിരിച്ച നാട്ടുവഴികളുമുള്ള, കാറ്റിന് മുന്തിരിപ്പഴങ്ങളുടെ ലഹരിയും അത്തിപ്പഴങ്ങളുടെ മധുരവും, അന്തികള്‍ക്ക് മാതളപ്പഴങ്ങളുടെ ശോഭയും പുലരികള്‍ക്ക് ഞാവല്‍പ്പഴങ്ങളുടെ കടുംനീലിമയുമുള്ള കനാവെന്ന ലെബനാനിലെ സുന്ദരഗ്രാമത്തിനേറ്റ മുറിവ് ഇനിയൊരിക്കലും ഉണങ്ങാത്തവിധം പഴുത്തളിഞ്ഞപ്പോള്‍ അതില്‍ പിടഞ്ഞുമരിച്ച അനേകം കിനാവുകളിലൊന്നായിരുന്നു നടക്കാതെ പോയ വിവാഹത്തിന്‍റെ വാര്‍ഷികം ചരമഗീതമായി മനസ്സില്‍ സൂക്ഷിക്കുന്ന യാക്കുബിന്‍റേതും. കല്ല്യാണത്തലേന്ന് വധൂഗൃഹത്തിലേക്ക് ഇരമ്പിക്കയറിയ ഇസ്രായേല്‍ സേന തട്ടിത്തെറിപ്പിച്ചത് ചുണ്ടോടടുപ്പിച്ച മിറിയമെന്ന അവന്‍റെ പാനപാത്രമായിരുന്നു.“ ഇന്ന് കനാവിലെ ഞാവല്‍പ്പഴങ്ങള്‍ക്ക് വെടിമരുന്നിന്‍റെ ചുവയാണ്, തെളിനീര്‍ ചോര ഉപ്പിക്കുന്നു..”

ജമീല ഖാദിരിയെപ്പോലെ ചിലര്‍ , പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവാസമനുഭവിക്കുന്നവര്‍ . ജമീലാ ഖാദിരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “ഞങ്ങള്‍ ഒളിച്ചോടി വന്നത് കുടുംബം പുലര്‍ത്താനല്ല. ഒരുപാട് സമ്പാദിച്ച് തിരിച്ചുചെന്ന് രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കാനും പൊങ്ങച്ചം പ്രദര്‍ശിപ്പിക്കാനുമല്ല. ഞങ്ങളുടെ പ്രവാസം രാഷ്ട്രീയമാണ്. ഞങ്ങളുടെയൊക്കെ കൗമാര യൗവന സ്വപ്നങ്ങളാണ് ഞങ്ങള്‍ ബലികൊടുത്തിരിക്കുന്നത്. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഞങ്ങളൊക്കെ നാടുവിട്ടത്. അങ്ങനെ പറയുന്നതും ശരിയല്ല. സ്വപ്നങ്ങള്‍ക്ക് പൂക്കാനും കായ്ക്കാനും പറ്റിയ ഒരിടമല്ല സോമാലിയ. അതാവണമെങ്കില്‍ ഞങ്ങള്‍ കുറേപ്പേര്‍ക്ക് ഇങ്ങനെ ചീഞ്ഞുവളമാകാതെ വയ്യ.”

ചങ്ങലക്കെട്ടുകളില്‍ പിടയുന്ന ഒരു ജനതയ്ക്ക് നേരെ സഹായഹസ്തം നീട്ടാനാണ്, അവരുടെ വേദനകള്‍ക്കൊപ്പം ഞാനുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് രണ്ടാംക്ലാസ്സിലെ സഹപാഠിയായിരുന്ന സൈനബ സഹാറയുടെ ഉരുകലിലേക്ക് പ്രവാസത്തെ പറിച്ചുനട്ടത്. മാനവീകതയുടെ സൗമ്യമധുരമായ പ്രകാശമായിരുന്നു സൈനബയ്ക്കപ്പോള്‍..

എല്ലാ തപാല്‍പെട്ടികളും അടഞ്ഞുപോയ ഒരു പ്രവാസം. എഴുതിത്തീര്‍ത്ത കത്ത് കൈമാറാനാവാതെ, എഴുത്തിനുള്ളില്‍ കിടന്ന് ശ്വാസം മുട്ടുന്ന അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പോക്കറ്റില്‍ സൂക്ഷിച്ച നാളുകള്‍ . ഒടുവില്‍ ഒരു ദൂതനുമില്ലാതെ പ്രിയതമയ്ക്ക് നേരിട്ടേകാന്‍ നിയോഗപ്പെട്ട കത്ത്. അക്ഷരങ്ങളേറെയും മാഞ്ഞുപോയിരുന്നെങ്കിലും വരികള്‍ക്കിടയിലെ സ്നേഹം അപ്പോഴും നിറഞ്ഞ് ജീവിച്ചിരുന്നു. ഗോപാലന്‍കുട്ടിയുടെ ഈ അനുഭവക്കുറിപ്പില്‍ കുവൈറ്റ് അധിനിവേശവും നരകയാതനയുടെ കുറേ നാളുകളും വിശക്കുന്നവന്‍റെ വെറിയും ... ദുരിതങ്ങളിനിയുമൊരുപാട് തൊട്ടറിയാം.

മടക്കമില്ലാത്ത ചില യാത്രകള്‍ ഒരു വിധിയാണ്. അവിടെ ഉപേക്ഷിക്കേണ്ടിവന്നവയുടെ നഷ്ടപ്പെടലിന്‍റെ ആഴം അളവറ്റതാണ്. പക്ഷേ അതൊരു നിയോഗം കൂടിയാണ്. കൃഷ്ണേട്ടനെ പോലെ.

ജീവിതം കൊണ്ടുതന്നെ മേല്‍വിലാസം തീര്‍ത്ത പാര്‍വ്വതിയെ പോലുള്ള പ്രവാസികള്‍, നഷ്ടപ്പെടുന്നത് ജീവിതമാണെന്ന ബോധ്യമില്ലാത്ത മോഹനനെ പോലുള്ള അതിമോഹത്തിന്‍റെ പ്രവാസക്കുരുതികള്‍, സ്ത്രീജന്മത്തിന്‍റെ ശാപമായ അരക്ഷിതത്വം താലിച്ചരടിന്‍റെ പേരില്‍ എന്നെന്നേക്കുമായി പ്രവാസിയാക്കിയ ഖദീജ, ഈന്തപ്പനകള്‍ക്കൊപ്പം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവര്‍, ഒരേ നുകത്തിനുചുറ്റും തലമുറകളായി കറങ്ങിക്കൊണ്ടിരിക്കുന്നവര്‍ , ഓര്‍മ്മകളെകൊണ്ട് മരണത്തെ പ്രതിരോധിക്കുന്നവര്‍ . പ്രവാസമുഖങ്ങള്‍ ഇനിയുമൊരുപാടുണ്ട് ഈ പുസ്തകത്താളുകള്‍ക്കിടയില്‍.

പറഞ്ഞ്പഴകിയ പ്രവാസം പരിചിതമെങ്കിലും ആഖ്യാനമികവതിനെ തീര്‍ത്തും പുതുമയുളവതാക്കുന്നു. കൂടെ നേരത്തെ പറഞ്ഞ ഭാഷാമാന്ത്രികതയും. പ്രവാസത്തിന്‍റെ മുറിവുകളിലെ പ്രവാസം ആഗോളവത്കരിക്കപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ പാശ്ചാത്യനും പൌരസ്ത്യനും കറുത്തവനും വെളുത്തവനുമടക്കം പലരുമാണ്, പല സംസ്കാരങ്ങളാണ്. പ്രവാസി ചുമക്കുന്ന മുറിവുകളുടെ നീറ്റലിനൊപ്പം അതാത് ദേശങ്ങളുടെ യാത്രാവിവരണവും കാഴ്ചകളും സാമൂഹികജീവിതവും ചരിത്രവും ഭൂപ്രകൃതിയുമെല്ലാം രചയിതാവ് ഏറ്റവും ഹൃദ്യമായി തന്നെ വിവരിച്ച് തരുന്നുണ്ട്.

സ്വാനുഭവങ്ങള്‍ക്കും നേര്‍ക്കാഴ്ചയ്ക്കും മാത്രമല്ല മനസ്സില്‍ കൊള്ളുന്ന എഴുത്തിനും ഹൃദയങ്ങളില്‍ മുറിവും നീറ്റലുമുണ്ടാക്കാനാവുമെന്ന് ഈ വായന സാക്ഷ്യപ്പെടുത്തും, തീര്‍ച്ച.