Wednesday, December 5, 2012

ഞ്ഞ മ്മേ... യ്ക്ക് ഞ്ഞാ


 ( ‘നാട്ടുപച്ച‘ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)

“ങ്ങളറിഞ്ഞാ, സുബ്രന്‍ തൂങ്ങ്യേത്?”

“ഏതു സുബ്രന്‍,  കോച്ചീടെ മോനാ?”


“ഓനന്നെ, മ്മടെ ‘ഇഞ്ഞമ്മെ തൂങ്ങി’..!”


“ദൈവേ! യ്യെങ്ങിന്യാപ്പതറിഞ്ഞേ..”


“പെലര്‍ച്ചെ പാല് കൊടുക്കാന്‍ പോവേര്‍ന്ന്. കുന്നുമ്പുറത്തെ പരീതാപ്ല വല്ല്യായില്‍ നെലോളിച്ചോണ്ട് ഓട്യര് ണു. റബ്ബറ് ചെത്താന്‍ പോയതാത്രെ എസ്റ്റേറ്റ്ല്ക്ക്,അവിടെ ആ മെഷീന്‍ പുരേടെ അടുത്ത പ്ലാങ്കൊമ്പില്.....”


കേട്ടവര്‍ കേട്ടവര്‍ കേള്‍ക്കാത്തവരിലേക്ക്..


“എന്തിനേര്‍ക്കും ഓനിങ്ങനെ ചെയ്തേ, പാവം കോച്ചി.. കണ്ടോര്ടെ മുറ്റടിച്ചും പാത്രം മോറീം എങ്ങിനെ വളര്‍ത്ത്യേതാ . ഓനെ പെറ്റപ്പൊ തുടങ്ങ്യേതാ ഓള്‍ടെ കഷ്ടകാലം. പള്ളേലായപ്പോ പോയില്ലേ ഓന്‍റച്ചന്‍”


“മക്കളെ വളര്‍ത്തുമ്പോലെ വളര്‍ത്തണം. ഓളതിനെ മനക്കലെ കിടാങ്ങളെ പോറ്റണ പോലല്ലേ പോറ്റ്യേര്‍ന്നത്. ഒന്നേള്ളൂങ്കി ഒലക്കകൊണ്ടടിക്കണമെന്ന് കാര്‍ന്നോമാര് പറേണത് വെറുത്യാ..?!”


“നേരാ യ്യി പറേണത്, കൈവെള്ളേലല്ലേ ഓളോനെ കൊണ്ട് നടന്നേര്‍ന്നത്. കൊമ്മലിച്ച് കൊമ്മലിച്ച് കേടാക്ക്യേതാ ചെക്കനെ.. ഒരുനേരം ഓള്‍ക്കോനൊരു പൊറുതി കൊടുത്തിട്ടില്ല,. പാവം.. കോച്ചിടെ സ്ഥിതിയെന്താ, കുടീല്‍ക്ക് കൊടുന്നാ ഓനെ?”


“ല്ല്യാത്രെ.. തൂങ്ങ്യോട്ത്ത്ന്നഴിച്ച് പോലീസാര് ഗേണ്മന്‍റാസ്പത്രീക്കാ കൊണ്ടോയത്..ഇനി കീറിമുറിച്ച്  ഓര്‍ക്ക് വേണ്ടതൊക്കെട്ത്ത്  തുന്നികെട്ട്യല്ലേകൊടുക്കൂ.. മൊഖംകൂടി കാണാന്ണ്ടാവില്ല്യാ.”


ഇന്ന് നാട്ടുകാരുടെ നേരം പുലര്‍ന്നത് സുബ്രന്‍റെ മരണത്തിലേക്കാണ്. രണ്ട് പിഞ്ചുമക്കളും ഭാര്യയുമുള്ള സുബ്രന്‍റെ ആത്മഹത്യ കേട്ടവര്‍ കേട്ടവര്‍ പക്ഷേ ആദ്യമോര്‍ത്തത് കോച്ചിയെ ആയിരുന്നു.


“പാവം കോച്ചിത്തള്ള, ഓളിതെങ്ങ്നെ സഹിക്കാനാ..  കാതിലിപ്പളും മൊയങ്ങ്ണ് സുബ്ബോ, സുബ്ബോന്ന് വിളിച്ച് ആ ചെക്കന്‍റെ പിന്നാലെ നടക്ക്ണ ഓള്‍ടെ വിളി”


“അതന്നെ, ഒത്തൊരു മനുസ്യനാവ്ണ വരെ ഓള്ടെ കണ്ണെട്ടത്ത് വേണായിരുന്നു ഓന്‍. കൊയ്യുമ്പളും മെതിക്കുമ്പളും മുറ്റടിക്കുമ്പളും അടിക്കാട് വീശുമ്പളും ഓള്‍ടെ ഒരു കണ്ണ് ഓന്‍റടുത്ത് ണ്ടാവും..ആരെന്ത് കൊടുത്താലും കോന്തലയില്‍ കെട്ട്യെക്കും ന്റ്റെ സുബ്ബൂനാന്ന് പറഞ്ഞ്..”


“ആ ചെക്കന്‍ പത്തന്ത്രണ്ട് വയസ്സാവണേരെ കോച്ചീടെ മൊല കുടിച്ചീര്‍ന്നതനക്കോര്‍മ്മണ്ടാ? ഒടുവില്‍ നാട്ടാര് ചീത്തപറഞ്ഞല്ലേ അത് നിര്‍ത്തിച്ചത്”


“ പീട്യേ മുറ്റത്ത് ചില്ലാനം വാങ്ങാന്‍ നിക്കുമ്പളും ആരാന്‍റെ പറമ്പിലെ തേങ്ങ പറക്കികൂട്ടി തലചുമടേറ്റി വരുമ്പളും വരെ ഓനോടിവന്ന് കുപ്പായാമാടി മുലകുടിച്ചോട്ണതും കോച്ചി  ചിരിച്ചോണ്ട് നിന്നൊട്ക്കണതും കണ്ണീന്ന് മായോ...!”


“ആറ് പെങ്കുട്ട്യോള്‍ക്കൊടുവില്‍  ദൈവം ന്റ്റെ വിളികേട്ട് വയറ്റീ വന്നെടന്നതാ ന്റ്റെ സുബ്ബു” എന്നാണ് കോച്ചി പറയുക.


ആ മാതൃ വാത്സല്യത്തില്‍ നാട്ടുകാര്‍ ഇടപെട്ടത് ഏറെ വലുതായിട്ടും  സുബ്രന്‍ അമ്മിഞ്ഞ കുടിക്കല്‍  നിര്‍ത്താതിരുന്നപ്പോഴാണ്. സ്നേഹകൂടുതലിനാല്‍ സുബ്രനെ കോച്ചി സ്കൂളില്‍ അയക്കാതിരുന്നപ്പോഴാണ്..


നാട്ടുകാര്‍ നിര്‍ബന്ധിച്ച് അവനെ സ്കൂളില്‍ ചേര്‍ത്തു. പക്ഷേ തന്‍റെ സമയമായാല്‍ സുബ്രന്‍ ടീച്ചറോട് പോലും പറയാതെ ക്ലാസ്സില്‍ നിന്നും ഇറങ്ങിയോടും, “അമ്മേ നിയ്ക്ക് ഞ്ഞമ്മേ..” എന്നും പറഞ്ഞുകൊണ്ട്. കോച്ചി എവിടെ പണിയെടുക്കുകയാണെങ്കിലും അവന്‍ കണ്ടുപിടിച്ചെത്തും, ഓടിവന്ന് കുപ്പായം മാടി അമ്മിഞ്ഞ കുടിയ്ക്കും. കോച്ചി  ഒരു സ്നേഹക്കടല്‍ മുഴുവന്‍ അമ്മിഞ്ഞപാലിനു പകരം അവനിലേക്ക് പകരും.


“ന്റെ കോച്ച്യേ യ്യെന്താ ഈ കാട്ട്ണത്, ആ ചെക്കനെ ഇന്ന്യെങ്കിലുമന്‍റെ ചിറകിന്‍റടീന്ന് വിട്. ഓന്‍ വല്ല്യോനായീല്ലേ.നാളെ ഒരു കുടുംബം പൊലര്‍ത്തേണ്ടോനാ.”


“മ്മറ്റ്യേര്‍ക്കറിയാലൊ നിയ്ക്ക് ഓനേള്ളൂ. പെങ്കുട്ട്യേളെ മാത്രം പെറണോളെന്ന ശാപത്തീന്ന് ന്നെ കരകേറ്റ്യേതോനാ. ദൈവം തമ്പുരാന്‍ നേരിട്ടടിയന്‍റെ വയറ്റീ വന്ന് കെടന്നതാ..”


പക്ഷേ അച്ചനില്ലാത്ത ആ കുഞ്ഞിനെ ഇങ്ങിനെ വഷളാക്കുന്നതിനെ  നാട്ടുകാരെതിര്‍ത്തു. അങ്ങിനെയാണ് സുബ്രന്‍റെ മുലകുടി നിന്നത്,പത്താം വയസ്സില്‍..


മുലകുടി നിന്നിട്ടും ‘ഇഞ്ഞമ്മ സുബ്രന്‍’ എന്ന പേരവനെ വിട്ട് പോയില്ല.


സ്കൂളില്‍ പറഞ്ഞുവിടാന്‍ അവര്‍ ആവതും ശ്രമിച്ചെങ്കിലും അവന്‍ വഴങ്ങിയില്ല. സ്കൂളിലേക്കുള്ള വഴിയിലെ കശുമാവിന്‍ തോപ്പിലേക്കായിരുന്നു അവന്‍റെ യാത്ര.


അവിടെ കശുമാവിന്‍ ചില്ലമേല്‍ കയറിയിരുന്ന്  തന്‍റെ ജന്മനായുള്ള കോങ്കണ്ണും വെച്ച് ലോകത്തെ നോക്കിക്കാണും. മാവിങ്കൊമ്പിലെ തേനിച്ചക്കൂട്ടില്‍ നിന്നും തേനെടുക്കാനും കവണവെച്ച് പറന്നുപോവുന്ന പക്ഷിയെ  വീഴ്ത്താനും മയിൽപ്പീലി ശേഖരിച്ച് കുട്ടികള്‍ക്കിടയില്‍ കാലണയ്ക്ക് വില്‍ക്കാനും അവന്‍ പഠിച്ചതങ്ങിനെയാണ്.


“ആ പറങ്ക്യാവിന്‍ തോപ്പിന്ന് തന്ന്യേണ് ഓന്‍ കഞ്ചാവടിക്കാനും പഠിച്ചത്”


“നേരാ, മൊലകുടി മാറ്റ്യേപ്പൊ എന്താര്ന്ന് ചെക്കന്‍റെ വെപ്രാളം. പിന്നെ കഞ്ചാവ് തുടങ്ങ്യേപ്പളല്ലേ ഓനുഷാറായത്”


നാട്ടുകാരറിയുന്നില്ല അവന്‍റെ വിഷമം. അവനമ്മിഞ്ഞ കുടിച്ചിരുന്നത് അതില്‍ നിന്ന് ഒന്നും കിട്ടിയിട്ടല്ലായിരുന്നു. അമ്മയുടെ സ്നേഹം, മനസ്സ് നിറഞ്ഞു നില്‍ക്കുന്ന ആ മാതൃത്വം ചുരത്തിയെടുക്കുകയായിരുന്നു അവനാ മുലക്കണ്ണുകളിലൂടെ. കോച്ചിയ്ക്കും അവനും മാത്രം മനസ്സിലാകുന്ന ഭാഷ്യം.


അത് ലഭിക്കാതായപ്പോള്‍ വറ്റി വരണ്ടതാണവന്‍റെ മനസ്സ്.

കരിഞ്ഞുണങ്ങി ഇല്ലാതായാതാണവന്‍റെ സ്വപ്നങ്ങള്‍......

പിന്നീടെപ്പോഴോ, എവിടെനിന്നോ  ഔദാര്യം കിട്ടിയ ഒരു പുകച്ചുരുള്‍ സുബ്രുവിനെ വല്ലാതെ ആകര്‍ഷിച്ചു.അന്നവന് പതിനാറ് വയസ്സ്. വയറുവിശക്കുമ്പോഴും ഉറക്കം വരുമ്പോഴും മാത്രം വീടോര്‍ക്കുന്ന കൌമാരം.


ഒരു പരിചയവുമില്ലാതെ ആഞ്ഞുവലിച്ചപ്പോള്‍ വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും ചുമപ്പിച്ച്  പ്രതിഷേധിച്ചെങ്കിലും ചുരുളുകളായി പുറത്തുവന്ന പുക സുബ്രനെ വല്ലാതെ ആകര്‍ഷിച്ചു.


“'ഞ്ഞമ്മ' സുബ്രന് നല്ല ബുദ്ധി ഉദിച്ചൂന്ന് തോന്ന്ണു,ഓന്‍ വാര്‍പ്പണിയ്ക്ക് പോണത് കണ്ടു”


“അനക്കെന്താ, കോച്ചീടെ കൂലി കഞ്ചാവ് വാങ്ങാന്‍ തികയാതായപ്പൊ ഇറങ്ങ്യേതാവും ഓന്‍“


“നേരാ,  ഏത് നേരോം ആ ആലുംതറയില്‍ മലര്‍ന്ന് കെടന്ന് പുകച്ച് വിടാന്‍ ഓള്‍ടെ കൂല്യെവ്ട്ന്ന് തെകയാനാ.”


സംഗതി നേരായിരുന്നു. സുബ്രന്‍ പുകച്ചുരുളുകളുടെ ലോകത്താണ്. അമ്പലമുറ്റത്തെ ആല്‍ത്തറയില്‍  മലര്ന്ന് കിടന്ന് മാനം നോക്കി അയാളങ്ങിനെ ഊതിവിടും കഞ്ചാവ് ചുരുളുകള്‍. ...


പറന്നുപൊങ്ങുന്ന പുകച്ചുരുളുകള്‍ക്കിടയിലൂടെ സുബ്രനെ തേടി സ്വപ്നങ്ങളെത്തി. പുതിയ ആകാശം അവനുമേല്‍ തണല്‍ വിരിച്ചു. അക്ഷരങ്ങളറിയാത്ത അവന്‍റെ കണ്ണില്‍ പുകച്ചുരുളുകള്‍ക്കിടയിലൂടെ കവിതകള്‍ തെളിഞ്ഞു.  സ്വപ്നങ്ങള്‍ കാണാന്‍ വീണ്ടും വീണ്ടുമവന്‍ പുകച്ചുതള്ളി..


ചെക്കന്‍ കൈവിട്ട് പോവുന്നത് കണ്ട് ആധി കയറി കോച്ചി  മകനെ പിടിച്ച് പെണ്ണുകെട്ടിച്ചു. അതൊന്നും സുബ്രന്‍റെ സ്വപ്നങ്ങളെ ബാധിച്ചില്ല. അവന്‍ പുകച്ചുരുളുകള്‍ക്കിടയില്‍ പുതിയ കിനാവുകള്‍ കണ്ടുകൊണ്ടേയിരുന്നു.


"കോച്ചീടെ മരോള്‍ക്ക് വയറ്റീല്ണ്ടത്രെ..”


" മരോള്.! ഓളാ പാവം കോച്ചീനെ ട്ട് കഷ്ടപെടുത്തല്ലേ..  കല്ല്യാണം കയ്ഞ്ഞ് ഒരു മാസാവണേന്‍റെ മുന്നേ നിര്‍ത്തിച്ചില്ലേ കോച്ചി പണിക്ക് പോണതും എന്തേലും നയ്ച്ചുണ്ടാക്കണതും. വല്ലോര്ടേം മുറ്റടിക്കണത് ഓള്‍ക്ക് അവമാനാത്രെ. ന്നാ ഓള് പണിക്ക് പോവേല്ല്യ, ഓനൊട്ട് നയിച്ചുണ്ടാക്ക്യേത് കുടുംബത്ത് കൊടുക്കേല്ല്യ”


“എന്നും അടീം പിടീം തന്നെ. വാര്യേടെ വാക്ക് കേട്ട് തള്ളേ തല്ലാന്‍ ഓനൊരു മടീം ല്ല്യാ.കഞ്ചാവടിച്ച് വന്ന്  എന്നും വൈന്നേരായാ ഒച്ചേം വഹളോം തന്നെ..”


“നേരത്തിന് തിന്നാനൊന്നും കൊടുക്ക്ണില്ല്യാന്നെ കോച്ചിയ്ക്ക്.. പാവം, മുണ്ട് മുറുക്കിയെടുത്ത് നടക്കുമ്പോഴും മോനേം മരോളേം ഒരക്ഷരം പറയില്ല്യ.. ചായ്പ്പിലാത്രെ ഇപ്പോ കോച്ചീടെ കിടപ്പ്, ആട്ടിന്‍ കൂടിന്‍റെടുത്ത്...”


ദ്രോഹിച്ചും  നിശബ്ദം സഹിച്ചും കഞ്ചാവ് മണമുള്ള പുകച്ചുരുളുകള്‍ക്കിടയിലൂടെ കാലം കടന്നു പോയി. സുബ്രന് രണ്ടു മക്കളായി.  സുബ്രന്‍റെ ഭാര്യ കൂടുതല്‍ പച്ചപ്പുതേടി സ്വയം പറിച്ചു നട്ടു.തന്‍റെ രണ്ടു വേരുകള്‍ അവിടെ മനപൂര്‍വ്വം മറന്നുവെച്ചുകൊണ്ട് തന്നെ.


“കോച്ചീടെ ചെറ്റേല്‍ ഓളും മോനും കൊച്ചുമക്കളും മാത്രായി.  ആ കുരുത്തം കെട്ടവള്‍ അവളുടെ പാടോക്കി പോയി”


“ഓളാ പോട്ടെ, പ്പൊ അവിടെ സമാധാനണ്ട്, സുബ്രന്‍ കഞ്ചാവൊക്കെ നിര്‍ത്തി കുടുംബം നോക്ക്ണ് ണ്ട്. കോച്ചീടെ ആ പഴയ ചിരിയും സുബ്ബോന്ന്ള്ള വിളിയുമൊക്കെ കേക്കുമ്പോ ന്നെ മനസ്സ് കുളിരാ”


"ചെക്കനിനി പണ്ടത്താതിരി ഇഞ്ഞമ്മേ, ഇഞ്ഞാന്ന് പറഞ്ഞ് കോച്ചീടെ മാറത്ത് തൂങ്ങാഞ്ഞാ മതി..!!”


പക്ഷേ അയാള്‍ക്ക് തന്‍റെ സ്വപ്നങ്ങള്‍ വീണ്ടും ഇല്ലാതാവുകയായിരുന്നു.   അമ്മിഞ്ഞയ്ക്കു പകരം, പുകച്ചുരുളുകള്‍ക്ക് പകരം പുതിയതൊന്നില്ലാതെ മനസ്സ് വറ്റിവരളുകയായിരുന്നു.


അങ്ങിനെ കരിഞ്ഞുണങ്ങിയൊരു  രാത്രിയിലാണയാള്‍ ആകാശത്തിനു താഴെ സ്വയംകുരുക്കിട്ട് സ്വപ്നങ്ങളിറങ്ങിയ ഒറ്റയടിപാതയിലൂടേ സ്നേഹമന്വേഷിച്ച് യാത്ര പോയത്.


ദൈവത്തിനൊരിടത്തും ഏറെ നാള്‍ തങ്ങാനാവില്ലല്ലോ എന്നതായിരുന്നു  സുബ്ബു പോയതിനെ കുറിച്ച് കോച്ചിയുടെ പ്രതികരണം..!


 കോച്ചി  മേല്‍മുണ്ടെടുത്ത് മാറത്തിട്ട്, ഇറയത്ത് നിന്ന് കുറ്റിച്ചൂലുമെടുത്ത് പഴയ പതിവുകാരുടെ മുറ്റങ്ങളന്വേഷിച്ച് ഇറങ്ങി, സുബ്ബുവിന് പകരം രണ്ട് കുഞ്ഞുങ്ങളെ കൂടെ കൂട്ടികൊണ്ട്.


ആരൊക്കെ ശ്രമിച്ചിട്ടും കോച്ചിയെ തടയാനായില്ല.


“പോയോര് പോയി, ദൈവം വിളിക്കണരെ ക്കും ന്റ്റെ മക്കള്‍ക്കും കഞ്ഞ്യുടിക്കണ്ടേ”


"ചത്തോരെ കൊടുന്നാ ദെണ്ണള്ളോരങ്ങ്ട്ട് കുയിച്ചിട്ടോളാ”


കോച്ചി മുറുകെ പിടിച്ച കുറ്റിച്ചൂലപ്പോള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..


തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു..55 comments:

 1. മനോഹരമായാ പഴമ നിറഞ്ഞ കാലഘട്ടത്തിലൂടെ സഞ്ചരിച്ച പ്രതീതി.. നിഷ്കളങ്കരായ ഗ്രാമീണ ജീവിതം... ശൈലി മാറ്റി പിടിച്ചതും നന്നായി..

  ReplyDelete
 2. കോച്ചിയും സുബ്രനും ..എവിടെയോ കണ്ടു മറന്ന് ഗ്രാമീണ മുഖങ്ങള്‍ ...മക്കളെത്ര വലുതായാലും മോശക്കാരായാലും പെറ്റമ്മക്കവര്‍ അമ്മിഞ്ഞയുണ്ണുന്ന ശിശു മാത്രം ..നെഞ്ചിന്‍ കൂടിനകത്തെ വാല്‍സല്യം ​മുഴുവന്‍ മാറിലൂടെ ചുരക്കുമ്പോള്‍ ഉദാത്തമായ ആ ബന്ധത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല ഈ ലോകത്തെന്നു വ്യക്തമാകുന്നു..നല്ല ശൈലി..നല്ല അവതരണം ..ഷേയാ ആശംസകള്‍ !!!

  ReplyDelete
 3. ഈ ശൈലി ആണ് എനിക്കേറെ ഇഷ്ടമായത് . ഇലഞ്ഞി നല്ല മാറ്റം കാണുന്നു നിന്നില്‍ . നല്ല സന്തോഷം തോന്നണൂ . എന്ത് രസായിട്ടാ പറഞ്ഞത് .ഒട്ടും മടുപ്പില്ലാതെ ഒഴുക്കോടെ വായിക്കാന്‍ ആകുന്നു . എവിടെയോ എന്നോ കണ്ടുമറന്ന കഥാപാത്രങ്ങള്‍ ചുറ്റിലും . ഹൃദയം നിറഞ്ഞ ആശംസകള്‍ സഖീ ...:)

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ചെറോണ വായിച്ചപ്പോള്‍ തോന്നിയ അതെ വേദന ആണ് ഈ വായനക്ക് ശേഷവും അനുഭവിക്കുന്നത് .... ശെരിക്കും വായിക്കുക ആയിരുന്നില്ലകാണുക ആയിരുന്നു കോച്ചിയും സുബ്രനും അവരുടെ ജീവിതവും

  ReplyDelete
 6. സാധാരണ പോസ്റ്റുകള്‍ ഓഫീസില്‍ ന്നു വായിക്കാറില്ല ,ഇതിപ്പോള്‍ ലിങ്ക് കണ്ടപ്പോള്‍ നോക്കിയതാ ....കൂടുതല്‍ നീട്ടി പറയാതെ നേരിട്ട് കാര്യങ്ങള്‍ പറഞ്ഞ കഥ മനസ്സിനെ വല്ലാതെസ്പര്‍ശിച്ചു .
  ( അതി മനോഹരം എന്ന് പറയുന്നില്ല ,,അങ്ങിനെ ആ വാക്ക് കേട്ട് സുഖിക്കണ്ട :)

  ReplyDelete
 7. ചില വാക്കുകള്‍ മനസ്സിലാക്കാന്‍ രണ്ടും മൂന്നും തവണ വായിക്കേണ്ടിവന്നു.
  എന്നാലും നന്നായിട്ടുണ്ട് ഈ എഴുത്ത്.
  ആശംസകള്‍..

  ReplyDelete
 8. മനോഹരമായ കഥ ,നല്ല ഒഴുക്ക് ..

  ReplyDelete
 9. മാതൃ വാത്സല്യം കണ്ടു ഒപ്പം നാടന്‍ വര്‍ത്തമാനങ്ങളും. അതിനപ്പുറത്തേക്ക് ഒരു ഫീല്‍ കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്ന് തോന്നുന്നു. ( എന്റെ കുഴപ്പമാകാം ). ആശംസകള്‍

  ReplyDelete
 10. ആയാസരഹിതമായ രചന.ആസ്വദിച്ചു.

  ReplyDelete
 11. ഇവിടെ മനോഹരമായ ഒരു നാടന്‍ ശൈലി ഉണ്ടായി ഒപ്പം ഒന്ന് ഒള്ളെങ്കില്‍ ഓലക്കക്ക് അടിക്കണം എന്ന ഗുനപാടവും
  എനിക്ക് മൂന്നാ അത് കൊണ്ട് ഒലക്ക വേണ്ട

  ReplyDelete
 12. ആ നാടന്‍ ശൈലി വായിച്ചെടുക്കാന്‍ അല്പം സ്ട്രൈന്‍ ചെയ്യേണ്ടിവന്നു..പക്ഷെ നിരാശനല്ല !
  അമ്മെക്കെന്നും മക്കള്‍ കുട്ടികള്‍ തന്നെയാണ്..അതിപ്പോ എത്ര വലുതായാലും...
  ആ സ്നേഹവും വാത്സല്യവും എന്നും നിലനില്‍ക്കെട്ടെ എല്ലാ അമ്മമാരിലും !
  ...
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 13. ....
  ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/
  ഒരു പാവം പുലി ........മ്യാവൂ !!
  FaceBook :
  http://www.facebook.com/asrus
  http://www.facebook.com/asrusworld
  താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
  http://mablogwriters.blogspot.com/

  ReplyDelete
 14. “നേരത്തിന് തിന്നാനൊന്നും കൊടുക്ക്ണില്ല്യാന്നെ കോച്ചിയ്ക്ക്.. പാവം, മുണ്ട് മുറുക്കിയെടുത്ത് നടക്കുമ്പോഴും മോനേം മരോളേം ഒരക്ഷരം പറയില്ല്യ.. ചായ്പ്പിലാത്രെ ഇപ്പോ കോച്ചീടെ കിടപ്പ്, ആട്ടിന്‍ കൂടിന്‍റെടുത്ത്...”

  ഇത് റീ പോസ്റ്റാണോ ?
  ഞാനിത് നേരത്തെ വായിച്ചതായൊരോർമ്മ.
  ഓർമ്മയേയുള്ളൂ ട്ടോ,ചിലപ്പൊ ഇതുതന്നെയാകും. ന്ന്ട്ട് കമന്റാതെ പോയതാവും.
  എന്തായാലും ഞാൻ വിസ്തരിച്ചൊന്നൂടി വായിച്ചു. നാടൻ വർത്തമാനങ്ങൾ ഈ പോസ്റ്റിന് അഴകേകുന്നു.
  ആശംസകൾ.

  ReplyDelete
 15. കിടയറ്റ ആഖ്യാനം. നിരാലംബയായൊരു ഗ്രാമീണ സ്ത്രീ എത്ര നിസ്സംഗമായാണ് വിധിയെ വെല്ലുവിളിച്ചത്! ഗ്രാമ്യഭാഷയില്‍ പറഞ്ഞ കഥ വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍

  ReplyDelete
 16. മണ്ണിനും ഭാഷയ്ക്കും വ്യത്യാസം ഉണ്ടാകുമെങ്കിലും അമ്മയും മകനും തമ്മിലുള്ള ഹൃദയ ബന്ധത്തിന് ഏക ഭാഷയെ ഉള്ളു.

  കഥ പറഞ്ഞ രീതി അസ്സലായി.
  ചെറോണ പോലെ തന്നെ ശ്രദ്ധേയമായ കഥ. സ്വന്തം തട്ടകത്തില്‍ കണ്ടു പരിചയിച്ച ജീവിതങ്ങളെ പകര്‍ത്തുന്നതില്‍ അസൂയാര്‍ഹമായ കഴിവുണ്ട്,ഇലഞ്ഞിപ്പൂവിനു്.
  ഏറ്റവും നന്നായി തോന്നിയത്, സുബ്ബുവിന്റെ മരണത്തെപ്പറ്റിയുള്ള കോച്ചിയുടെ പ്രതികരണമാണ്. തകര്‍ന്നുപോകും എന്ന് കരുതിയ അമ്മയുടെ മാറ്റമല്ല,നടന്നത്. അതിഭയങ്കരമായ വേദനയില്‍ നിന്നുണ്ടായ നിസ്സംഗത, ഭാവത്തിന്റെ പരകോടിയിലെ അഭാവം.
  നന്നായി...ശരിക്കും നന്നായി.

  ReplyDelete
 17. കരുത്തുറ്റ ഭാഷയില്‍ കോച്ചി ഹൃദയത്തില്‍ നിറഞ്ഞു

  ReplyDelete
 18. നല്ല ഒരു രചന. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു . വിഷമിപ്പിക്കുന്ന കഥ.

  ആകെപ്പാടെ ഒരു കുഴപ്പം പറയാനുള്ളത് റ്റെമ്പ്ലട്ടിനെ പറ്റി മാത്രം .. വായനക്ക് വളരെ ആയാസം ഉണ്ടാക്കുന്നു എന്ന് പറയാതെ വയ്യ .. ഇനി ഇത് എന്റെ തോന്നലാണ് എങ്കില്‍ വിട്ടു കളഞ്ഞേക്കുക .

  എല്ലാ അഭിനന്ദനങ്ങളും

  ReplyDelete
 19. വിടരട്ടെ ഇനിയും അക്ഷരപ്പൂക്കള്‍

  ReplyDelete
 20. മാതൃസ്നേഹത്തിന്റെ ലളിതമായ വരച്ചുകാട്ടല്‍...., ചെറോണക്ക് ശേഷം ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു യാത്ര..... മനോഹരം... അഭിനന്ദനങ്ങള്‍

  ReplyDelete
 21. ഇഷ്ടപ്പെട്ടു... പ്രത്യേകിച്ചും അവസാനഭാഗം. നല്ല ഒഴുക്കുള്ള എഴുത്ത്.. ഇനീം ഈ വഴി വരും :)

  ReplyDelete
 22. കഥ പറച്ചിലിൽ പുതുമ.. കഥാപ്രസംഗശൈലിയോട് ഒരു നേരിയ സാമ്യം തോന്നുന്നു..
  ഗ്രാമ്യഭാഷ ഇഷ്ടപ്പെട്ടു.

  ReplyDelete
 23. “പോയോര് പോയി, ദൈവം വിളിക്കണരെ ക്കും ന്റ്റെ മക്കള്‍ക്കും കഞ്ഞ്യുടിക്കണ്ടേ”

  "ചത്തോരെ കൊടുന്നാ ദെണ്ണള്ളോരങ്ങ്ട്ട് കുയിച്ചിട്ടോളാ”

  കോച്ചി മുറുകെ പിടിച്ച കുറ്റിച്ചൂലപ്പോള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..

  തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു.."

  തീര്‍ച്ചയായും,ഒരമ്മയുടെ എല്ലാ വേദനകളും ,മാനസികസംഘര്‍ഷങ്ങളും ഇതില്‍
  പ്രതിഫലിക്കുന്നു.
  ഇനിയെങ്കിലും കൊച്ചുമക്കളെ നേരാംവഴിയില്‍ വളര്‍ത്താന്‍ കഴിഞ്ഞെങ്കില്‍,......
  നല്ലൊരു ഗുണപാഠം നല്‍കുന്നീക്കഥ.
  ആശംസകള്‍

  ReplyDelete
 24. ഇവിടെ ആര്‍ക്കാണ് തെറ്റു പറ്റിയതെന്നു ചിന്തനീയം.സാഹചര്യങ്ങളോ,സമൂഹമോ...?
  ചോദ്യങ്ങള്‍ പൊന്തി വരുമ്പോഴും നല്ല ശൈലിയില്‍ പറഞ്ഞ ഒരു കഥ ആസ്വദിക്കട്ടെ!
  ആശംസകള്‍!!!

  ReplyDelete
 25. എം. മുകുന്ദന്റെ നോവലുകളിലൂടെ സഞ്ചരിക്കുന്ന സുഖം...

  ആശംസകൾ ഇലഞ്ഞിപ്പൂക്കൾ...

  ReplyDelete
 26. സംഭാഷണങ്ങളിലൂടെ മുന്നേറുന്ന കഥാഗതി ഹൃദ്യമായ വായന നൽകുന്നു.

  ReplyDelete
 27. പ്രിയപ്പെട്ട ഷേയ,

  നാടന്‍ വര്‍ത്തമാനവും കഥയും പോസ്റ്റ്‌ മനോഹരമാക്കി. വായന സുഖകരം.

  നാട്ടുകാരിയുടെ എഴുത്തിന്റെ ശൈലി മനോഹരം !

  ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 28. ആദ്യം തന്നെ പറയട്ടെ .. ഈ നാട്ട് ഭാഷ
  ഈ ശൈലീ അഭിനന്ദനമര്‍ഹിക്കുന്നു ..
  എങ്ങനെ എഴുതുന്നു കൂട്ടുകാര .. ഇഷ്ടം നിറയേ ...
  ചില ബന്ധങ്ങളിലേ കണ്ണികള്‍ കാലം
  പൊട്ടിച്ചു കളയുമ്പൊള്‍ , ചില പുതു വഴികള്‍
  മുന്നില്‍ മുളക്കും , പിന്നെ അതിലൂടെ കൗമാരം ഉടഞ്ഞു വീഴും ..
  തിരികേ കിട്ടി തുടങ്ങിയാല്‍ , അതു കാലത്തിന്റെ ദൈവ സ്പ്ര്ശം ..
  കോച്ചി പറഞ്ഞ പൊലെ ദൈവം ഒരിടത്തേയും സ്ഥിരം താമസ്സക്കാരനല്ലല്ലൊ അല്ലേ ?
  അധികം ഏച്ചു കെട്ടലുകളില്ലാതെ , സുന്ദരമായ ഭാഷ കൊണ്ട്
  ലളിതമായ് ചിലതു പറഞ്ഞു വച്ചു ഇലഞ്ഞി പൂക്കള്‍ ..
  ഇഷ്ടമായി സഖേ , ഹൃദയത്തില്‍ നിന്നും ആശംസകള്‍ ..

  ReplyDelete
 29. നന്നായിരിക്കുന്നൂ ട്ടൊ..ഇഷ്ടായി..
  എന്നാലും ഈ സുബ്രു.. :)

  ReplyDelete
 30. njan paranjille nalla kadhayaannu, ippolo...

  ReplyDelete
 31. നല്ല കഥ ഷേയൂ .. കറ്റ മെതിക്കാന്‍ വരുന്ന തേവിയെ ഓര്‍മ്മപ്പെടുത്തി ഈ കഥയിലെ കോച്ചി... അവസാനം പിത്തം വന്നു മരിച്ച മകന്റെ മക്കളെ നോക്കാന്‍ വേണ്ടി പ്രായമായപ്പോള്‍ വീണ്ടും വീട്ടുജോലിക്ക് ഇറങ്ങി തിരിച്ച തേവി .. മരിക്കുന്നതിനു കുറച്ചു ദിവസം മുന്നേ മാനസികമായി തകര്‍ന്ന അവര്‍ കുടുംബ വീട്ടിലെ വിറകു പുരയിലെ മച്ചില്‍ കയറി ഒളിച്ചിരുന്നു ഒരു രാത്രി...ആഹാരമോ വെള്ളമോ കുടിക്കാതെ അവിടെ കിടന്ന അവരെ അസാനം കണ്ടെത്തി എന്തിനു ഇവിടെ കയറിയെന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ന്റെ മോന്‍ ആ മച്ചില്‍ ഇരുന്നു എന്നെ വിളിച്ചുന്നു അതുകൊണ്ട് അവിടെ കയറിയതാനെന്നു ... അവന്‍ തനിച്ചാ അവിടെ എന്നെ കൊണ്ടോവല്ലേ അവന്റടുത്തൂന്നു എന്നും പറഞ്ഞു മച്ചില്‍ നിന്നും താഴെ ഇറക്കാന്‍ നോക്കിയവരോട് കരഞ്ഞു നിലവിളിച്ചു പറഞ്ഞ തേവിയെ വളര്‍ന്നപ്പോള്‍ മറന്നു പോയ ഞാന്‍ ഇപ്പൊ വീണ്ടും ഓര്‍ത്തു ..:(

  ReplyDelete
 32. അങ്ങിനെ കരിഞ്ഞുണങ്ങിയൊരു രാത്രിയിലാണയാള്‍ ആകാശത്തിനു താഴെ സ്വയംകുരുക്കിട്ട് സ്വപ്നങ്ങളിറങ്ങിയ ഒറ്റയടിപാതയിലൂടേ സ്നേഹമന്വേഷിച്ച് യാത്ര പോയത്.

  മനോഹരമായ ശൈലിയും ഭാഷയുമാണ് ഏറ്റവും ആകര്‍ഷകം...
  തുടരുക ഈ പാതയില്‍ എല്ലാ ആശംസകളും .. :)

  ReplyDelete
 33. ഭാഷ ഏറെ ആകര്‍ഷകം. എന്റെ നാടിന്റെ ഗ്രാമ്യ ഭാഷ ഇത് തന്നെ. ലളിതമായി പറഞ്ഞ കഥ ഇഷ്ടമായി ( ഏതാ നാട്? ) ആശംസകള്‍

  ReplyDelete
 34. ആദ്യം തൊട്ടവസാനം വരെ ഭാഷ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.... എനിക്കുമോര്‍മ്മയുണ്ട് കുട്ടിക്കാലത്തെ ഇതുപോലൊരു കഥാപാത്രത്തെ.... അഭിനന്ദനങ്ങള്‍ ഷേയ...

  ReplyDelete
 35. sheyechy ... onnum paryanilla .. ishtaayi aashamsakal

  ReplyDelete
 36. സാധാരണമായ ഭാഷയെ നല്ല ശൈലിയിൽ വിളക്കിച്ചേർത്ത് കഥപറഞ്ഞ രീതി ആകർഷകമായി....

  ReplyDelete
 37. നന്നായി. ഭാഷയുടെ രസച്ചരട് ഒട്ടും പൊട്ടിപ്പോകാതെ വിരസമാകാതെ കോര്‍ത്തിണക്കി... കോച്ചിയെ തളരാന്‍ വിടാതെ ജീവിതഥ്റ്റിലേക്ക് നയിച്ച കഥാകൃത്തിനു അഭിനന്ദനങ്ങള്‍... :)

  ReplyDelete
 38. നാട്ടുഭാഷയുടെ സൌന്ദര്യത്തില്‍ നന്മ നിറഞ്ഞൊരു കഥ പറഞ്ഞു. നന്മ നിറഞ്ഞ ഒരമ്മയുടെ എന്ന് കൂട്ടിവായിക്കുക. പക്ഷെ , നാട്ടുഭാഷയുടെ സൌന്ദര്യവും , തെളിഞ്ഞു വരുന്ന ഇലഞ്ഞിയുടെ എഴുത്തിന്‍റെ സൌന്ദര്യവുമല്ലാതെ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍......... ചെറോണയോളം വരില്ലിത്.... എന്നാല്‍ എല്ലാം ചെറോണ ആകുമോ എന്ന് ചോദിച്ചാല്‍ ..........!!! :)

  ReplyDelete
 39. നല്ലൊരു കഥ.... നാട്ടിൻ പുറത്തെ ചില ജീവിതങ്ങളുടെ നേർചിത്രങ്ങൾ

  ReplyDelete
 40. ന്നാലും എന്തിനേന്നും അവനത് ചെയ്തേ........?
  ഇഷ്ടായീ ട്ടാ.

  ReplyDelete
 41. ന്നാലും എന്തിനേന്നും അവനത് ചെയ്തേ........?
  ഇഷ്ടായീ ട്ടാ.

  ReplyDelete
 42. ദൈവത്തിനൊരിടത്തും ഏറെ നാള്‍ തങ്ങാനാവില്ലല്ലോ എന്നതായിരുന്നു സുബ്ബു പോയതിനെ കുറിച്ച് കോച്ചിയുടെ പ്രതികരണം..!

  പെൺകുട്ടികളെ മാത്രം പ്രസവിച്ച് കോച്ചിക്ക് കിട്ടിയ ദൈവ സന്താനം ജീവിതമവസാനിപ്പിച്ചു ല്ല്യേ.... സ്നേഹവും നൊമ്പരവും മാ‍ത്ര്യ്ത്വവുമെല്ലാം സമന്വയിപ്പിച്ച നാടൻ ശൈലിയിലുള്ള ഒരു കഥ.

  പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം ആശംസകൾ

  എങ്കിലും താങ്കളുടെ മറ്റു കഥകളുടെ ഗ്രാഫിലേക്ക് ഇതുയർന്നോ? !!!

  വായന വിരസതയുണ്ടാക്കിയില്ല എന്നാൽ കഥയിൽ അമിതമായതൊന്നും കണ്ടതുമില്ല എന്ന് നിരൂപണം.

  വീണ്ടും കാണാം...

  ReplyDelete
 43. നന്നായിട്ടുണ്ട്.... :)

  ReplyDelete
 44. തികച്ചും ഗ്രാമ്യ ഭാഷയില്‍ കുറിച്ച ലളിതമായ കഥ.
  മനോഹരമായ ആഖ്യാനം. നാട്ടില്‍ ആയിരുന്നു. വായിക്കാന്‍ വൈകി

  ReplyDelete
 45. എല്ലാരും ഭാഷ നന്നായി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
  സംശയമില്ല തന്നെ! എന്തോരം നേരമെടുത്തിട്ടായിരിക്കാം ഈ ഗ്രാമ്യ ഭാഷ ടൈപ്പ് ചെയ്തെടുത്തത് എന്ന അത്ഭുതമാണ് എന്‍റെ മുന്നില്‍ ? ഇങ്ങനെ നില്‍ക്കുന്നത്
  മലയാളം എഡിറ്റര്‍

  ReplyDelete
 46. നാട്ടിന്‍ പുറത്തു കാരിയായ എനിക്ക് ഈ നാട്ടിന്‍ പുറത്തെ കഥ ഇഷ്ടമായി..

  ReplyDelete
 47. കോച്ചിയേയും സുബ്രനേയും വായിച്ച എല്ലാവര്‍ക്കും നന്ദി, സന്തോഷം

  ReplyDelete
 48. പാവം കോച്ചി. പക്ഷെ അമിത ലാളനയായിരിക്കാം അവന്‍ ഇങ്ങനെ ആയിപ്പോയത്.
  ഭാഷയ്ക്ക്‌ നൂറു മാര്‍ക്ക് ഇലഞ്ഞി :):)

  ReplyDelete
 49. താങ്കളുടെ ലളിതമായ...മനോഹരമായ... കഥ...ഇഷ്ടമായിട്ടൊ..

  ReplyDelete
 50. "തൂത്തുവാരിയ മുറ്റത്തെ ചൂല്‍പ്പാടുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടായിരുന്നു.." കിടിലന്‍ ....

  നാടന്‍ വായ്മൊഴി വഴക്കങ്ങള്‍ ഉഷാറായി ഷേയേച്ചി...
  ഈ എഴുത്തിന് തെളിച്ചം കൂടി വരുന്നത് ഒട്ടൊരു അഭിമാനത്തോടെ സാകൂതം വീക്ഷിക്കുന്നു...
  അക്ഷരലോകത്ത് ഇനിയുമേറെ ദൂരം ചെന്നെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥന...
  സ്നേഹം....

  ReplyDelete
 51. വൃദ്ധമാതാവിന്റെ ഹൃദയത്തില് നിന്നൊഴുകുന്ന ആ സ്നേഹ വാത്സല്യം. അപാരം തന്നെയത്

  ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!