Sunday, October 28, 2012

ചിലതുണ്ട്..!

ഒരിക്കലുമുറങ്ങാതെ ചിലതുണ്ട്,
വെന്തരാത്രികളുടെ വേവ് തിന്നാന്‍ 
ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലത്..

ചിതലരിച്ച ചിന്തകള്‍ക്കുമേല്‍ 
ചിറകുവിടര്‍ത്തി അടയിരുന്ന് 
വിരിയെച്ചെടുക്കുമവ ഒരായിരം 
ചിന്തകളെ തലപെരുപ്പിക്കാന്‍....

ചിലമ്പിച്ച ചിറകടിയൊച്ചകളുടെ 
ചിറകരിയും ചക്രവാളങ്ങളെന്നാശിക്കേ
ചൂളംകുത്തിയവ പറന്നടുക്കും 
ചാവേറുകളെ പോലെ 
കരള്‍ ചുരന്നുള്ളിലേക്ക്..  

കൊത്തിവലിക്കുമവ, കുഴിച്ചുമൂടിയ 
മറവിയുടെ പുഴുതിളയ്ക്കുന്ന 
നാറുന്ന ഓര്‍മ്മകോലങ്ങളെ.. 
കൂര്‍ത്ത നഖങ്ങളാഴ്ത്തി
ആഴ്ന്നിറങ്ങി വലിച്ചു പുറത്തേക്കിടും
കാലം പൂഴ്ത്തിയ ചിലതിനെ... 

കനലെരിയുന്ന മനസ്സാഴങ്ങളില്‍ 
നിദ്ര ചിതാഭസ്മമാകുമ്പോള്‍ 
കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ 
ഒരു ചങ്ങലദൂരം കാത്ത് ... !

Friday, September 14, 2012

ചെറോണ!



ചെറോണയെ അറിയില്ലേ?

പയ്യാങ്കര ഗ്രാമത്തിലേക്കൊരിക്കല്‍ വന്നവര്‍ ചെറോണയെ മറക്കില്ല.

നിര തെറ്റിയ ചിന്തകളും ചുറ്റും പാറിപ്പറക്കുന്ന ഭയങ്ങളും ചിതറികിടക്കുന്ന വിവിധ വികാരങ്ങളുമെല്ലാം ചേര്‍ന്ന് കാടുപിടിച്ചുകിടക്കുന്ന അവരുടെ മനസ്സിന്‍റെ നേര്‍ചിത്രം പോലെ, ജഡപിടിച്ച് ഒരു വൈക്കോല്‍കൂനയെ ഓര്‍മ്മിപ്പിച്ച് തലനിറഞ്ഞു നില്‍ക്കുന്നുണ്ട് അഴുക്കും പേനും നിറഞ്ഞ മുടി.

മുറുക്കാന്‍ നിറഞ്ഞ വായയിലെ ഒരിക്കലും വൃത്തിയാക്കാത്ത കറുകറുത്ത പല്ലുകളും ചുണ്ടിന്‍റെ ഇരുവശത്തേക്കും ചാലുകീറിയൊഴുകുന്ന ചുമന്ന തുപ്പലും ഇല്ലാതെ ചെറോണയുടെ ചിത്രം പൂര്‍ത്തിയാവില്ല.

കീറിപറിഞ്ഞ, നിറം മനസ്സിലാകാത്തവിധം നരച്ച ഷര്‍ട്ടും ഒരു അടിപ്പാവാടയുമിട്ട് കവലയിലും നാട്ടുവഴികളിലും, വേലിപടര്‍പ്പില്‍നിന്നും പൊട്ടിച്ചെടുത്ത ഏതെങ്കിലുമൊരു ഇലയും വായിലിട്ട് കടിച്ചുപറിച്ച് നടക്കുന്ന ചെറോണയാണ് പയ്യാങ്കര ഗ്രാമത്തിന്‍റെ അച്ചുതണ്ട്.

ചെറോണയ്ക്ക് കൊടുക്കുമെന്ന് ഭയപ്പെടുത്തി കുട്ടികളെ അനുസരിപ്പിക്കാന്‍, പഴകിപുളിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റബോധം ഒഴിവാക്കി ചെറോണയ്ക്കായി മാറ്റിവെക്കാന്‍, മോഷണം നടന്നാല്‍ ചെറോണയ്ക്ക് നേരെ കൈ ചൂണ്ടാന്‍, മാലിന്യകൂമ്പാരങ്ങളെ ചെറോണയോടുപമിക്കാന്‍, മാന്യരുടെ മാന്യത കാട്ടി ചെറോണയെ കാണുമ്പോള്‍ മൂക്ക് പൊത്തി ആഞ്ഞൊന്ന് തുപ്പാന്‍, രാത്രിയുടെ മറവില്‍ മാലിന്യമൊളിപ്പിച്ച് കുടുംബത്തില്‍ പിറന്നവന്‍റെ ദാഹം തീര്‍ക്കാന്‍.. എല്ലാം എല്ലാം ചെറോണയെന്ന അച്ചുത്തണ്ടില്ലാതെ പയ്യാങ്കര നിവാസികള്‍ക്കാവില്ല.

നാഴികയ്ക്ക് നാൽപ്പതുവട്ടം ആ ഭ്രാന്തിയങ്ങിനെ ആ കവലയില്‍ ചുറ്റികറങ്ങും. നാട്ടുവഴികളിലൂടെ തിരക്കുപിടിച്ച് നടക്കും. മാലിന്യകൂനയില്‍ തിരഞ്ഞുകൊണ്ടിരിക്കും. ഭക്ഷണാവശിഷ്ടങ്ങളെന്തെങ്കിലും കിട്ടിയാല്‍ പട്ടിയ്ക്കും പക്ഷികള്‍ക്കും മുന്‍പേ അതെടുത്ത് ഭക്ഷിക്കും.

തിരക്കുപിടിച്ച നടത്തത്തിനിടയില്‍ ചിലപ്പോള്‍ വേലിപടര്‍പ്പുകളിലേക്ക് സാകൂതം നോക്കി നില്‍ക്കും. ചെടികളിലെ ചിലന്തിവലകളില്‍ കുടുങ്ങിയ ഇരകളെ തെല്ലൊരാവേശത്തോടെ എടുത്ത് പുറത്തേക്കിടും.എന്നിട്ട് ഉറക്കെയുറക്കെ ചിരിക്കും. എന്തോക്കയോ പിറുപിറുത്ത് പിന്നെ പതിയെ നിലവിളിക്കും. പിന്നേയുമെന്തോ ഓര്‍ത്തെന്ന പോലെ തലയൊന്ന് കുടഞ്ഞ് നിശബ്ദം നടത്തം തുടരും.

ചില വഴിനടത്തങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഏതെങ്കിലുമൊരു വീടിന്‍റെ പടികടന്ന് അകത്തേക്ക് വരും, ഉമ്മറത്തിരിക്കുന്നവരെയോ അവര്‍ ചോദിക്കുന്നതിനേയോ ശ്രദ്ധിക്കാതെ തൊഴുത്തിലേക്കോ വിറകുപുരയിലേക്കോ കയറി ചിലന്തിവലകളില് സാകൂതം പരിശോധിക്കും, വല്ല പ്രാണികളും കുടുങ്ങി കിടപ്പുണ്ടെങ്കില്‍ എടുത്ത് പുറത്തേക്കിടും, കറുത്തപല്ലുകാട്ടി തുറന്ന് ചിരിക്കും.

ചിലന്തികള്‍ വലനെയ്യുന്നതും നോക്കി ചെറോണ എത്ര നേരം വേണമെങ്കിലും അനങ്ങാതെ നില്‍ക്കും. അതു നോക്കിനില്‍ക്കുമ്പോള്‍ മാത്രം ചെറോണയുടെ മുഖം കറുത്തിരുളും. എന്തോ ചിന്താഭാരത്താല്‍ മുഖപേശികള്‍ വലിഞ്ഞു മുറുകും.വായിലിട്ട മുറുക്കാന്‍ ചവക്കാന്‍ മറക്കും.

“എന്തിനാ ചേറോണേ യ്യിങ്ങനെ വൃത്തീം മെനേല്ല്യാതെ നടക്കണേ, ന്നാ സോപ്പ്, ആ തോട്ടില്‍ പോയൊന്ന് തേച്ച് കുളിയ്ക്ക്, നാറീട്ടുവയ്യ”
എന്നോ മറ്റോ ഏതെങ്കിലും വീട്ടുകാരി ഉപദേശിച്ചാല്‍ ചില സമയമങ്ങളില്‍ ചെറോണ മറുപടി പറഞ്ഞെന്നിരിക്കും.

" അമ്പ്രാട്ടിക്ക്യെന്താ അടിയനെ നാറണത്, അമ്പ്രാന്‍ ന്ന് പുലച്ചേകൂടി അടിയന്‍റടുത്ത് വന്ന് കിടന്നപ്പോ നാറ്ണ്ന്ന് പറഞ്ഞില്ലല്ലോ. അമ്പ്രാട്ടിക്ക് വെക്കനെ തോന്നാ. എറോണക്ക് കുളിക്കണ്ടാ..! "

ആ തമ്പ്രാന്‍ തമ്പുരാട്ടിയുടെ ഭര്‍ത്താവാകാം, മകനാവാം, അച്ഛനാവാം, ആങ്ങളയാവാം. ചെറോണയ്ക്ക് പയ്യാങ്കര ഗ്രാമത്തില്‍ എല്ലാ മുതിര്‍ന്ന ആണുങ്ങളും തമ്പ്രാനും സ്ത്രീകള്‍ തമ്പ്രാട്ടികളുമാണ്. പിന്നേയും എന്തെങ്കിലുമൊക്കെ ചോദിച്ചറിഞ്ഞാല്‍ ചെറോണയ്ക്ക് വിശദീകരിക്കാന്‍ പലതുമുണ്ടാവും. പകല്‍വെളിച്ചത്തില്‍ കാര്‍ക്കിച്ച് തുപ്പിയ പലതമ്പ്രാക്കന്മാരും രാത്രി നെയ്ത ഇരുട്ടിന്‍റെ വലയില്‍ തുപ്പലിന്‍റെ ഒട്ടലുള്ള വില്ലേജാപ്പീസിന്‍റെ പിറകില്‍ താനെന്ന ഇരയെ തേടി ചിലന്തികളായി വരുന്നത്, ഊഴം കാത്ത് അനുസരണയുള്ള ചിലന്തികളായി കാത്തിരിക്കുന്നത്..അങ്ങിനെ പലതും.

അപ്പോള്‍ ചെറോണയ്ക്ക് ഭ്രാന്തില്ല, വരുന്നവരേയും പോവുന്നവരേയും നല്ല നിശ്ചയമാണ്. നെറ്റിയിലേക്കിറങ്ങി വരുന്ന മുഴുത്ത പേനുകളെ തപ്പിയെടുത്ത് നഖത്തില്‍വെച്ച് ഇറുക്കികൊന്നുകൊണ്ട് അവള് കിടന്ന് കൊടുക്കുമ്പോള്‍ ആര്‍ക്കും കാര്‍ക്കിച്ചു തുപ്പാന്‍ തോന്നാറില്ല ചെറോണയെ.

കേള്‍ക്കാനിഷ്ടമില്ലാത്ത പലതും കേള്‍ക്കേണ്ടിവരുമെന്നോര്‍ത്തോ എന്തോ സ്ത്രീകളേറേയും ചെറോണയോടധികമൊന്നും ഉപദേശത്തിന് ചെല്ലാറില്ല.

“അസത്ത് എങ്ങനാ വേണ്ടേച്ചാ നടന്നോട്ടെ, അന്തോം കുന്തോമില്ലാതെ വായേ തോന്നണതൊക്കെ വിളിച്ച് പറയും” എന്ന് സ്വയം സമാധാനിച്ച് തിരിച്ചു നടക്കുമെങ്കിലും ചെറോണ നുണ പറയാറില്ലെന്ന് അവിടുത്ത്കാര്‍ക്കൊക്കെ അറിയാം.

ഒരു ദിവസം ചെറോണയുടെ ഗ്രാമവഴികളിലൂടെയുള്ള പതിവ് നടത്തം കണ്ടില്ലെങ്കില്‍ നാട്ടുകാര്‍ക്കറിയാം സംഭവിച്ചതെന്തായിരിക്കുമെന്ന്. വെയിലായാലും മഴയായാലും കൂസാതെ നടക്കുന്ന ചെറോണ വര്‍ഷത്തിലൊരു ദിവസമേ നടത്തം മുടക്കൂ. അന്നവളെ കാണാന്‍ പാടവരമ്പിലെ കൈതകൂട്ടത്തിനരികില്‍ പോയി നോക്കിയാല്‍ മതി. പേറ്റുനോവിന്‍റെ ക്ഷീണം മുഴുവന്‍ പെയ്തൊഴിക്കാന്‍ അവളാ കൈതകൂട്ടില്‍ ചുരുണ്ടുകിടക്കുന്നുണ്ടാവും.

പക്ഷേ ആരുമാ കാഴ്ച്ച കാണാന്‍ ആ വഴി പോവാറില്ലെന്ന് മാത്രമല്ല, കൈതത്തോട് വഴി പോവേണ്ടവര്‍ ചെറോണയെ കാണാതാവുന്ന ദിവസം വഴി മാറി നടക്കും. അന്ന് ചെറോണ പല സത്യങ്ങളും വിളിച്ചു പറയും. തന്‍റെ കുഞ്ഞിന്‍റെ തന്ത ആരൊക്കെയാവാം എന്ന സത്യം വരെ.

പിറ്റേന്ന് പുലര്‍ച്ചതൊട്ടേ ചെറോണയെ പതിവുപോലെ കവലയില്‍ കാണാം. കാലിലൂടേയും ഉടുത്തിരിക്കുന്ന പാവാടയിലൂടെയും രക്തമൊലിച്ചിറങ്ങുന്ന കോലം കണ്ട്
സഹിക്കാനാവാതെ ആരെങ്കിലും പഴയ തുണി കൊടുത്താല്‍ അവളൊന്ന് മലര്‍ക്കെ ചിരിച്ചുകൊണ്ടത് വാങ്ങിക്കും. പാവാട കിട്ടിയാലൊന്ന് മാറിയുടുക്കും. ആകെ കൂടി ചെറോണ വസ്ത്രം മാറ്റുന്നതിങ്ങിനെയാണ്.

നുരഞ്ഞിറങ്ങുന്ന മുലപ്പാല്‍ പിഴിഞ്ഞുകളഞ്ഞുകൊണ്ടവള്‍ കവലയിലൂടെ പൊട്ടിച്ചിരിച്ച് പിന്നേയും നടക്കും. ആ ദിവസങ്ങളില്‍ രാവും പകലും പയ്യാങ്കര ഗ്രാമം മുഴുവന്‍ ചെറോണയുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കാം, അട്ടഹാസങ്ങള്‍ കേള്‍ക്കാം. ഉറക്കെ എന്തോക്കയോ വിളിച്ച് പറഞ്ഞ് രാത്രിയുടെ ഉറക്കത്തെ പരിഹസിച്ചവള്‍ ഇറങ്ങി നടക്കും.

അപ്പോഴും ചെറോണ മറക്കാത്ത ഒന്നുണ്ട്, ചിലന്തിവലകളിലെ പ്രാണികളെ രക്ഷിക്കാന്‍., ചിലന്തികള്‍ സശ്രദ്ധം വലനെയ്യുന്നത് നോക്കി നില്‍ക്കാന്‍.,.. ഇരയെ കാത്ത് വലയില്‍ പതുങ്ങിയിരിക്കുന്ന ചിലന്തികളെ അവള്‍ക്കപ്പോഴും പേടിയാണ്. അവയെ നോക്കുമ്പോള്‍ ചെറോണയുടെ കണ്ണില്‍ ഭയം തിരയടിക്കും. ചുമന്ന് ചുളുങ്ങിയ ചുണ്ടുകള്‍ ഒരുവശത്തേക്ക് കോടിപോവും.

പെറ്റ പെണ്ണിന്‍റെ കൈകളില്‍ കുട്ടിയെ തിരയേണ്ട. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചെറോണ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലും. തോട്ടുവക്കത്ത് കൈതകൂട്ടില്‍ കൈകൊണ്ട് മണ്ണ് മാന്തിയതിനെ കുഴിച്ചിടും. കൈതകൂട്ടില്‍ വലകെട്ടിയ ഒരു ചിലന്തിയെ തഞ്ചത്തില്‍ കൊന്ന് ആ മണ്‍കൂനയുടെ മുകളില്‍ വെച്ച് കൈ കൊട്ടി ചിരിക്കും.

ഇതെത്രാമത്തെ പ്രസവമാണെന്ന് ചെറോണയ്ക്കൊ നാട്ടുകാര്‍ക്കോ അറിയില്ല. എല്ലാ വര്‍ഷവും ചെറോണ പ്രസവിക്കും. പ്രസവതലേന്ന് വരെ അവള്‍ ‘അമ്പ്രാക്കന്മാരെ’ അനുസരിക്കും, അമ്പ്രാട്ടിമാരുടെ ശാപവാക്കുകള്‍ സ്വീകരിക്കും. പ്രസവിച്ച കുഞ്ഞുങ്ങളെ അവളിതുവരെ ആരേയും കാണിച്ചിട്ടില്ല. അതുകൊണ്ട് നാട്ടുകാര്‍ക്ക് മുഖഛായ എന്നൊരു പേടിയില്ല. ഭ്രാന്തിയെന്ന നിലയില്‍ കൊലപാതകത്തിന് കേസും കൂട്ടവുമില്ല. പോലീസുകാര്‍ തിരിഞ്ഞുനോക്കാറില്ല, ആരും കേസുകൊടുക്കാറുമില്ല. പോലീസുകാരടക്കം എല്ലാവരും ‘അമ്പ്രാക്കന്‍‘മാരാണല്ലൊ!

“അവനാന്‍റെ വയറ്റില്‍ പിറന്ന കുഞ്ഞിനെ എന്തിനാ ചെറോണെ ഇങ്ങിനെ കണ്ണീചോരല്ല്യാണ്ടെ കൊല്ലണേ” എന്ന് ആരെങ്കിലും ചോദിച്ചാ ചെറോണയതിന് ചിരിച്ചോണ്ട് മറുപടി പറയും.

"അതൊരു പ്രാണ്യേര്‍ന്നമ്പ്രാ. എട്ടാല്യോളിറങ്ങും അന്ത്യായാ. എന്നിട്ടോറ്റേടെ ചോര ജീവനോടൂറ്റി കുടിക്കും. അട്യേനത് കാണാന്‍ വയ്യമ്പ്രാ. അട്യേനാ പ്രാണീനെ രസ്സിച്ചതാമ്പ്രാ..”

കേട്ടുനില്‍ക്കുന്നവനൊന്നും മനസ്സിലായില്ലെങ്കിലും ചെറോണയ്ക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ ചിലന്തിവല നെയ്യുന്ന ഇരുട്ടും, രാത്രിവലയിലൂടെ പുറത്തിറങ്ങുന്ന ചിലന്തികളും, ചിലന്തികള്‍ക്കിരയാവുന്ന പ്രാണികളും എല്ലാം അവള്‍ക്ക് നന്നേ നിശ്ചയമുണ്ട്.

പയ്യാങ്കര ഗ്രാമത്തിന്‍റെ ചെറോണ ജീവിക്കുന്നു, എട്ടുകാലികള്‍ക്കിടയില്‍, ചിലന്തി വലയുടെ കുരുക്കഴിക്കാനറിയാത്ത ഇരയായ്... ഇനിയൊരു പ്രാണിയും ഇരയാവരുതെന്ന വാശിയോടെ.. പയ്യാങ്കരയുടെ സ്വന്തം ചെറോണ!

Wednesday, July 25, 2012

പുനര്‍ജ്ജനി



ഇതുവരെ തിരിഞ്ഞുനോക്കാതിരുന്നതിന്‍റെ പരിഭവം മുഴുവന്‍ ഉറക്കെ പുലമ്പികൊണ്ടായിരുന്നു ദ്രവിച്ചടര്‍ന്നു വീഴാറായ ആ വാതില്‍ പാളികള്‍ അയാള്‍ക്കുമുന്‍പില്‍  ശബ്ദത്തോടെ തുറന്നത്. 

നിലം പൊത്താറായ ആ തറവാട് കുത്തിവരകളുടേയും ഛായകൂട്ടുകളുടേയും മങ്ങിയ കാഴ്ചകള്‍ക്കുള്ളില്‍ അയാളുടെ ബാല്യം കാലപാച്ചലിലൊഴുക്കാതെ കാത്തുവെച്ചിരുന്നു, എന്നെങ്കിലും തേടിവരുമ്പോള്‍ തിരികെയേകാന്‍.  

വര്‍ഷങ്ങളോളം ആലിംഗനബന്ധരായിരുന്ന് കലമ്പിച്ച ഇരുട്ടിനെ കീറി  പ്രകാശമുനകള്‍ അകത്ത്പ്രവേശിച്ച ദേഷ്യത്തില്‍ നാലഞ്ച് നരിച്ചീറുകള്‍ ശരവേഗത്തില്‍ വെളിച്ചത്തിലേക്ക് പറന്നകന്നപ്പോള്‍ അയാള്‍ വേഗം വാതിലടച്ച് സാക്ഷയിട്ടു.

ഇന്നലേകള്‍ മയങ്ങികിടക്കുന്ന മുറികളിലോരോന്നിലും ആവേശത്തോടെ  കയറിയിറങ്ങുമ്പോള്‍ ഉത്തരത്തില്‍ തൂങ്ങിയാടുന്ന നരിച്ചീറുകളിനിയും പിണങ്ങി പോവുമെന്ന് ഭയന്നിട്ടൊ, മുറികളിലെ നരിച്ചീര്‍ കാഷ്ടത്തിന്‍റേയും പൊടിയുടേയും പഴകിയ ഗന്ധം  നഷ്ട്പ്പെടുമെന്ന് കരുതിയോ ജനവാതിലുകള്‍ തുറാക്കാനയാള്‍ ധൈര്യപ്പെട്ടില്ല. 

ഓരോ ഇടനാഴികയും കട്ടിലപടിയും ഏറെ പരിചിതമെങ്കിലും ഇരുട്ടില്‍ പലയിടങ്ങളിലും അയാള്‍ക്ക് കാലിടറി. ഉറക്കാത്ത കുഞ്ഞികാലടികളോടെ പിച്ചവെയ്ക്കാന്‍ പഠിപ്പിച്ച ഈ തറയോടുകളിലേക്ക് സര്‍വ്വാംഗം നമസ്ക്കരിച്ചുള്ള  ആ വീഴ്ചകള്‍ അയാളേറേ ആസ്വദിച്ചു. ആഴ്ന്നിറങ്ങിയ ഇരുട്ടിലും തലതിരിഞ്ഞ ലോകരെ നോക്കി പൊട്ടിച്ചിരിക്കുന്ന നരച്ചീറുകളുടെ സാന്നിധ്യം അയാളെ  സന്തോഷിപ്പിച്ചു.

 ഉറ്റവരൊത്ത് ജീവിച്ചു കൊതിതീരാതെ മരിച്ചു മണ്മറഞ്ഞവരുടെ ആത്മാക്കളാണിങ്ങിനെ നരിച്ചീറുകളായി പുനര്‍ജ്ജനിക്കുകയെന്ന് പണ്ട് ഇരുളടഞ്ഞ പത്തായപ്പുരയില്‍  തൂങ്ങി കിടക്കുന്ന നരിച്ചീറുകളെ ചൂണ്ടി മുത്തശ്ശി പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് നരിച്ചീറുകളോടുള്ള ഇഷ്ടം. തറവാട്ടിലെ ആള്‍പെരുമാറ്റമില്ലാത്ത മുറികളിലും തട്ടിപുറത്തും തൂങ്ങിയാടിയിരുന്ന നരിച്ചീറുകളിലെല്ലാം തന്‍റെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കണ്ടു പിന്നീടയാള്‍..... 

ഉമ്മറത്തിണ്ണയില്‍ പഠിക്കാനിരിക്കുമ്പോള്‍ എന്നും ഒരു മിന്നായം പോലെ പറന്നുവന്ന് തന്നെ വലം വെച്ച് തിരിച്ച് പോവുന്ന നരിച്ചീര്‍, മുത്തശ്ശി ഏറെപറഞ്ഞുകേട്ടിട്ടുള്ള സ്നേഹസമ്പന്നനായിരുന്ന മുത്തഛന്‍ തന്നെയാകുമെന്ന് അയാള്‍ ഇന്നും വിശ്വസിക്കുന്നു.

“അവറ്റോള്‍ക്കെന്തിനാ കുട്ട്യേ കണ്ണ്, നരിച്ചീറുകളായി പുനര്‍ജനിച്ചോര്‍ക്ക് ഏതിരുട്ടിലും കാണാം , ഏതടച്ചിട്ട അകത്തും സഞ്ചരിക്കാം.” 

മുത്തശ്ശി പറഞ്ഞത് നേരായിരിക്കാമെന്ന് അന്ന് പകുതി വിശ്വസിക്കാന്‍ കാരണം, ജാലകങ്ങളും വാതിലുമെല്ലാം അടച്ചിട്ട പത്തായപ്പുരയില്‍ അല്ലെങ്കില്‍ അവയെങ്ങിനെ കടക്കുമെന്ന തോന്നലായിരുന്നു.

പിന്നീടെപ്പോഴോ ജന്തുശാസ്ത്രം പഠിപ്പിക്കുന്ന ദിവാകരന്‍ മാഷ് വവ്വാലുകള്‍ക്കും നരിച്ചീറുകള്‍ക്കും കാഴ്ച്ചശക്തി ഏറെകൂടുതലെങ്കിലും നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് അവ സഞ്ചരിക്കുന്നത് ഏറേയും ശബ്ദപ്രതിധ്വനി ഉപയോഗിച്ചാണെന്ന് പറഞ്ഞപ്പോള്‍ മുത്തശ്ശി പറഞ്ഞതിലെ നേരറിവുകളായിരുന്നു അയാള്‍ക്ക് ചുറ്റും.

തന്‍റെ ഒഴിവുസമയങ്ങള്‍ അയാള്‍ പത്തായപ്പുരയിലേക്കാക്കി.  അന്നാണയാള്‍ ഇരുട്ടിനെ സ്നേഹിക്കാന്‍ തുടങ്ങിയത്. നരിച്ചീറുകളോട് സംസാരിക്കാന്‍ പഠിച്ചത്. അവയുടെ ഭാഷ, ചിന്ത എല്ലാം വേറേയായിരുന്നു. തലതിരിഞ്ഞ് കിടന്ന് ലോകത്തെ കാണുന്ന നരിച്ചീറുകളുടെ കണ്ണില്‍ തലതിരിഞ്ഞിരിക്കുന്നത് ലോകത്തിന്‍റേതാണെന്ന തിരിച്ചറിവ് മനസ്സിലാഴ്ന്നിറങ്ങി.

കാഴ്ച്ചയ്ക്കെന്തിന് വര്‍ണ്ണങ്ങളെന്നും,ജീവിതത്തിലെന്തിനു വെളിച്ചങ്ങളെന്നുമുള്ള ചോദ്യങ്ങള്‍, വര്‍ണ്ണവും വെളിച്ചവുമാണ് സകല അഹംഭാവങ്ങള്‍ക്കും ആക്രാന്തങ്ങള്‍ക്കും ശത്രുതയ്ക്കും ഹേതുവെന്ന നരിച്ചീറുകളുടെ വാദങ്ങള്‍  അയാളിലെ ജീവിതാഹങ്കരങ്ങള്‍ക്ക് മേല്‍ നിഴല്‍ വീഴുത്തുകയായിരുന്നു.  പൂര്‍ണ്ണമായ് അതു സമ്മതിച്ചു കൊടുക്കാന്‍ അയാളിലെ മനുഷ്യന്‍ സമ്മതിച്ചില്ലെങ്കിലും.

വലുതായപ്പോഴും വൈദ്യശാസ്ത്ര പഠനത്തിന്‍റെ അവധിക്കാലങ്ങളില്‍ തറവാട്ടിലെത്തുമ്പോള്‍ അയാള്‍ നരിച്ചീറുകളെ തേടിയെത്തും, തറവാടിനപ്പുറമുള്ള വര്‍ണ്ണലോകത്തിന്‍റെ മഹിമ വര്‍ണ്ണിക്കാന്‍., പക്ഷേ നരിച്ചീറുകള്‍ ആര്‍ത്ത് ചിരിക്കും.പകല്‍വെളിച്ചത്തിന്‍റെ മഞ്ഞളിപ്പിനെ പരിഹസിക്കും.  അയാള്‍ തലകുനിച്ച് തിരികെ പോരും, എന്നെങ്കിലുമൊരിക്കല്‍ പൂര്‍വ്വികര്‍ക്ക് മുന്നില്‍ ജയിക്കണമെന്ന വാശിയോടെ. 

ശാസ്ത്രത്തിന്‍റെ കീറിമുറിച്ച പഠനങ്ങള്‍ക്കിടയിലും അയാള്‍ നരിച്ചീറുകളുടെ ജന്മസത്യം തിരയുകയായിരുന്നു. 
പുനര്‍ജന്മ വിശ്വാസങ്ങളുടേയും ശാസ്ത്ര സത്യങ്ങളുടേയും തലനാരിഴകള്‍ പിളര്‍ന്ന് ഭ്രാന്തമായ ആവേശത്തില്‍  അറിവാഴികളിലേക്കൂളിയിട്ടു, പുസ്തകജ്ഞാനതീര്‍ത്ഥങ്ങളില്‍ സാധകംചെയ്തു, പരീക്ഷണഘട്ടങ്ങളില്‍ സ്വയം മറന്നു, പുരോഹിതര്‍ക്കുമുന്നില്‍ തപംചെയ്തു, സത്യാസത്യ ഋതുഭേതങ്ങളറിയാതെ അയാളലഞ്ഞു. മനുഷ്യന്‍റെ പുനര്‍ജ്ജന്മവും നരിച്ചീറുകളുടെ പൂര്‍വ്വജന്മവും അയാളറിഞ്ഞ അറിവുകള്‍ക്കുമപ്പുറം, കണ്ട ലോകങ്ങള്‍ക്കുമപ്പുറം നരച്ചീറുകള്‍ക്ക് മാത്രമറിയാവുന്ന സമസ്യയായി തന്നെ അവശേഷിച്ചപ്പോഴാണയാള്‍ കണ്ടെത്തലുകളുടെ പുതിയതലം തേടിയത്.

നരിച്ചീറുകളെ തോൽപ്പിക്കാന്‍ , പൂര്‍വ്വികരെങ്കില്‍ പ്രതികരിക്കുമെന്ന ഉറപ്പിലാണയാള്‍ അന്ന്, രണ്ടാംസെമസ്റ്റര്‍ പരീക്ഷകഴിഞ്ഞ അവധിക്കാലത്ത് ആ ചാറ്റല്‍മഴയുള്ള മദ്ധ്യാഹ്നത്തില്‍, തറവാട്ടിലെല്ലാവരും ഉച്ചമയക്കത്തിലായിരുന്നപ്പോള്‍ നാലുവര്‍ഷങ്ങള്‍ വൈകി ജനിച്ചതുകൊണ്ട് മാത്രം തനിക്കു നഷ്ടപ്പെട്ട,  ഏട്ടനുവേണ്ടി വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച താനേറേ ആഗ്രഹിച്ച മുറപ്പെണ്ണ് കല്ല്യാണിയെ കുളക്കടവില്‍ നിന്നും ഒരൂട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് പത്തായപ്പുരയിലേക്ക് കൂട്ടികൊണ്ടുപോയതും നരിച്ചീറുകളെ സാക്ഷി നിര്‍ത്തി അവളുടെ എതിര്‍പ്പുകളെ കൂട്ടാക്കാതെ ബലപ്രയോഗത്തിലൂടെ തന്‍റേതാക്കിയതും. 

കല്ല്യാണിയുടെ അട്ടഹാസങ്ങള്‍ തറവാടുണര്‍ത്തിയപ്പോള്‍ ആദ്യമോടിയെത്തിയ ഏട്ടന്‍ കുറച്ചുനേരം സ്തംഭിച്ചു നിന്ന് വീട്ടില്‍ നിന്നും ഇറങ്ങിപോയ മടക്കമില്ലാത്ത ആ യാത്ര അവസാനിച്ചത് റെയില്‍ പാളത്തിലാണ്. അന്നസ്തമിച്ചതാണ് കല്ല്യാണിയുടെ കണ്ണുകളിലെ നിലാവ്.  

പാശ്ചാത്താപമെന്നോണം ഒരു താലിച്ചരടില്‍ വീട്ടുകാരെ അനുസരിക്കുമ്പോഴും മനസ്സ് നിറയെ ഇതെല്ലാം കണ്ടിട്ടും ഭാവഭേദങ്ങളില്ലാത്ത നരച്ചീറുകളായിരുന്നു. തന്‍റെ പൂര്‍വ്വികര്‍ക്കിങ്ങിനെ നിസ്സംഗരാവാന്‍ കഴിയില്ലെന്ന് സ്വയം വിശ്വസിപ്പിക്കുമ്പോഴെല്ലാം ഇത്രയൊക്കെ അനര്‍ത്ഥങ്ങള്‍ സംഭവിച്ചിട്ടും ഒന്നും പ്രതികരിക്കാതെ നിസ്സംഗരായി പെരുമാറുന്ന കല്ല്യാണിയും അമ്മയും അച്ഛനുമൊക്കെ മനസ്സില്‍ മറുചോദ്യങ്ങളായ് തന്നെ തോൽപ്പിച്ചു.

അസ്വസ്ഥതയുടെ  തീച്ചൂളയില്‍ നരച്ചീറുകള്‍ക്ക് മുന്നില്‍ തോറ്റുകൊടുത്ത് അയാള്‍ പഠനം കഴിഞ്ഞു തറവാട്ടില്‍ തിരിച്ചെത്തിയ ആദ്യ ആഴ്ചയിലാണ് ഏറെ വൈകി പിറന്ന അനിയത്തിയെ ഉഷ്ണത്തിന്‍റെ ഒരു തീരാത്രിയില്‍ അയാള് പൂനര്‍ജ്ജനി സത്യമറിയാന്‍ നരച്ചീറുകള്‍ക്കടുത്തേക്കയച്ചത്

ഒറ്റയ്ക്ക് കയ്യടക്കാമായിരുന്ന  സ്വത്തിന് ഒരവകാശികൂടി അമ്മയുടെ വയറ്റില്‍ ജന്മമെടുത്തപ്പോള്‍ അന്ന് ദേഷ്യം തോന്നിയിരുന്നെങ്കിലും ഇപ്പോഴത്ഉപകാരമായെന്ന്  നിറഞ്ഞു കിടക്കുന്ന ബക്കറ്റ് വെള്ളത്തില്‍ ഒരുവയസ്സ് മാത്രം പ്രായമായ തല മുക്കിപിടിക്കുമ്പോള്‍ അയാളോര്‍ത്തു. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വെള്ളത്തില്‍ വീണ കുട്ടിയുടെ നിര്‍ജ്ജീവശരീരത്തിനു ചുറ്റും ദു:ഖം അണപൊട്ടുമ്പോള്‍ അയാള്‍ പത്തായപ്പുരയില്‍ പുനര്‍ജ്ജനിച്ച തന്‍റെ അനിയത്തികുട്ടിയുടെ നരിച്ചീര്‍ രൂപം തിരയുകയായിരുന്നു.

ഒരേ രക്തത്തില്‍ പിറന്ന കുഞ്ഞിപ്പെങ്ങളും തന്നെ കൈവിട്ടുവെന്ന് മനസ്സിലാക്കിയ വലിയൊരു കാത്തിരിപ്പിനൊടുവില്‍ എട്ടുവര്‍ഷങ്ങള്‍ക്കു ശേഷം എല്ലാവരുമുറങ്ങിയ ആ രാത്രിയില്‍ നാളുകളായി ഒരു ശ്വാസോഛ്വോസ നൂലില്‍ മാത്രം ജീവിക്കുന്ന മൃതപ്രായയായ മുത്തശ്ശിയുടെ മുഖം പതുക്കെ അമര്‍ത്തിപിടിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഭാഗം വെയ്ക്കാത്ത കണക്കറ്റ സ്വത്ത് മാത്രമായിരുന്നില്ല. നരിച്ചീറുകളുടെ മുന്‍ ജന്മം പറഞ്ഞുതന്ന മുത്തശ്ശി പുനര്‍ജ്ജനിച്ച് തനിക്കു തീര്‍ത്തുതരുന്ന സംശയങ്ങളുടെ സ്വസ്ഥത കൂടിയായിരുന്നു. ഒന്ന് പിടഞ്ഞൊഴിയാനാവാതെ ദുര്‍ബലമായ ഒരു ഞരക്കത്തോടൊപ്പം തന്നെ നോക്കാന്‍ ചെറുതായി ചലിച്ച കണ്ണുകള്‍ പറഞ്ഞതെന്തായിരുന്നെന്ന് മനസ്സിലായില്ല.. തികച്ചും സ്വാഭാവികമായ മുത്തശ്ശിയുടെ മരണം തറവാട് ഭാഗം വെയ്പ്പിലും എല്ലാവരും മറ്റിടങ്ങളിലേക്ക്  കുറിയേറി പാര്‍ക്കുന്നതിലും അവസാനിച്ചപ്പോള്‍ നഗരവാസിയായ താന്‍ ചോദിച്ച് വാങ്ങിയതാണ് ഈ പത്തായപ്പുര. പക്ഷേ താനന്വേഷിക്കുന്ന ഉത്തരവുമായി  മുത്തശ്ശിനരിച്ചീറും നിശബ്ദതയിലാണ്ടു.

നരിച്ചീറുകള്‍ക്ക് മുഖം കൊടുക്കാന്‍ മടിച്ചാണ് അയാളവിടേക്ക് വരാതായത്. അപ്പോഴും അവയുടെ    പരിഹാസം കാതുകളില്‍ വന്നലച്ചു. വര്‍ണ്ണലോകത്തിന്‍റെ മഹിമ തെളിയിക്കാന്‍ കണ്ണില്‍ കണ്ടതെല്ലാം കീഴടക്കുമ്പോഴും സമാധാനം കെടുത്തികൊണ്ട് നരിച്ചീറുകള്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു.  ശാശ്വതമായ നേട്ടങ്ങളെവിടെയെന്ന് ഓരോ ചിറകടികളും ചോദിച്ചു. 

നിദ്രാവിഹിനങ്ങളായ അനേക രാത്രികള്‍ക്കൊടുവില്‍ അയാള്‍ നരിച്ചീറുകളുടെ ചിറകടിയൊച്ചകള്‍ പിന്തുടര്‍ന്ന് തറവാട്ടിലെത്തിയത് വര്‍ണ്ണങ്ങളില്ലാത്ത  ലോകം തേടിയാണ്. ഈ പത്തായപ്പുരയില്‍ അയാള്‍ നഷ്ടപ്പെടുത്തിയ പലതും അയാളെ കാത്തിരിക്കുന്നുണ്ടെന്ന തോന്നല്‍ ഉള്ളില്‍ ശക്തമായിരുന്നു.

ആളനക്കമില്ലാത്ത പത്തായപ്പുരയുടെ   മച്ചില്‍   തൂങ്ങികിടക്കുന്ന നരിച്ചീറുകളുടെ എണ്ണം ഏറെയായിരുന്നു. 

ഉടുമുണ്ടഴിച്ച് ഉത്തരത്തില്‍ കെട്ടി മറുതലയ്ക്കല്‍ കുരുക്കിടുമ്പോഴും കൈകള്‍ വിറച്ചില്ല. നരിച്ചീറുകള്‍ക്കിടയില്‍ നിന്നും തലതിരിഞ്ഞലോകത്തെ കാണാനുള്ള ആവേശത്തിലായിരുന്നു അയാള്‍..

സ്നേഹിച്ചു ജീവിച്ച് മതിവരാത്തവരുടെ ആത്മാക്കളാണ് നരിച്ചീറുകളാവുക , നരകിച്ച് ജീവിച്ചുമടുത്തവരുടെ പുനര്‍ജന്മം കടവാതിലുകളായി വല്ല ഒറ്റപ്പെട്ട മരങ്ങളിലും തൂങ്ങിയാടുമെന്ന് മുത്തശ്ശി പറഞ്ഞതയാള്‍ മറന്നുവോ..

അയാളെ സ്തംഭനാക്കിക്കൊണ്ട്  ഇരുട്ടിനെയേറെ പ്രണയിക്കുന്ന നരിച്ചീറുകള്‍ കൂട്ടത്തോടെ പകല്‍വെളിച്ചത്തിലേക്ക് പറന്നകന്നപ്പോള്‍  അന്നാദ്യമായി അയാള്‍ക്ക് പത്തായപ്പുരയിലെ ഇരുട്ടിനോട് എന്തെന്നില്ലാത്ത ഭയം തോന്നി.അകം നിറഞ്ഞു നില്‍ക്കുന്ന രൂക്ഷഗന്ധത്തിനോടും.


Sunday, June 10, 2012

ഇരുളിന്‍റെ പൊരുള്‍


അസ്തമനചുമപ്പിന്‍ പൊരുള്‍തേടി
പകലോന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്ക്
ഉറക്കെ പറക്കുന്ന പക്ഷി പറ്റത്തിന്‍
പതിയാത്ത നിഴൽപ്പാടുകള്‍ നോക്കി 
യാത്ര തുടങ്ങിയതാണ്..



പകലവസാനിക്കുന്ന രാത്രിവഴിയില്‍
ഒറ്റയാനൊരു വേനല്‍മരം
ഭൂമിയുടെ ഹൃദയത്തില്‍ വേരുകളാഴ്ത്തി
വരള്‍ച്ചയിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്,
പരിഹാസത്തിന്‍ പച്ചപ്പോടെ..

ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
സമയമില്ലൊട്ടും, സമയമില്ല.

പകലടരുകള്‍ വകഞ്ഞുമാറ്റി
രാത്രിയുടെ ആഴങ്ങളിലേക്കിറങ്ങി
ഇരുട്ടിനായ് വിലപേശണമെനിക്ക്..
ആഴമളക്കാനാവാത്ത മനസ്സും
അളന്നെടുക്കാനാവാത്ത ഇരുട്ടും!
അവസാനനുള്ളിരുട്ടും ശേഖരിച്ചേ
ഇനിയുള്ളൂ മനസ്സറിഞ്ഞൊരു മടക്കം..

മടക്കയാത്രയിലൊട്ടുമിടറാതെ
അന്ധകാരചൂട്ട് ആഞ്ഞുവീശി
പാഞ്ഞുനടന്ന് പാപിയാവണം..



പെറ്റവയര്‍ കത്തിച്ചുവെച്ച
ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
അണയാതെന്നുള്ളില്‍..
എറിഞ്ഞുടയ്ക്കണം.
ആഞ്ഞെറിഞ്ഞുടയ്ക്കണം..
കഠിനപാപ ശിലയിലെറിഞ്ഞ്
വെട്ടം തരിപ്പണമാക്കണം..


Friday, June 1, 2012

സ്നേഹാക്ഷരങ്ങളാലൊരു പ്രണയാജ്ഞലി...





പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ തറവാട്ടില്‍ നിന്നും സ്വച്ഛന്ദമൊഴുകിതുടങ്ങിയ ആ തെളിനീരുറവയ്ക്ക് സ്വപ്നങ്ങളേറെയായിരുന്നു, പ്രതീക്ഷകളും!പലതലങ്ങളിലൂടെ, കൈവഴികളിലൂടെ ചാഞ്ഞും ചെരിഞ്ഞും ഒഴുകേണ്ടിവന്നപ്പോഴൊക്കെ വശ്യമായ പുഞ്ചിരിയുടെ കുളിര്‍മ്മയ്ക്കടിയില്‍ വികാരപ്രക്ഷുബ്ധമായ മനസ്സുമായവര്‍ സമരസപെട്ട് ഒഴുക്ക് തുടര്‍ന്നത് ഈ നിസ്വാര്‍ത്ഥ സ്നേഹത്തിന്‍റെ സ്വപനലോകത്തിലൂടെയാണ്. സ്നേഹത്തിന്‍റെയും വെറുപ്പിന്‍റെയും ഇരുകരകളേയും പുഞ്ചിരിയോടെ പുണരാന്‍ അവരുടെ ആഴങ്ങളില്‍ ഒഴുകിയിരുന്ന ദിവ്യമായ പ്രണയത്തിന്‍റെ, കറകളഞ്ഞ സ്നേഹത്തിന്‍റെ അടിയൊഴുക്കുകള്‍ മാത്രം മതിയായിരുന്നു.


കമലാസുരയ്യയെന്ന മലയാളികളുടെ പ്രിയപ്പെട്ട മാധവിക്കുട്ടിയ്ക്ക് പ്രണയം മൂടിവെയ്ക്കാനുള്ളതൊന്നായിരുന്നില്ല.അതവരിലെ ആത്മചൈതന്യമായിരുന്നു. സ്നേഹത്തെ ചങ്ങലയ്ക്കിടാന്‍ താനൊരു ഭ്രാന്തിയല്ലെന്ന് ഇരുകരകളില്‍ന്നിന്നും കപടസദാചാരത്തിന്‍റെ വേരുകള്‍ തന്നിലേക്കാഴ്ന്നിറങ്ങി ഹൃദയം പിളര്‍ക്കുമ്പോഴും മാസ്മരികമായ അക്ഷര നൈപുണ്യത്തിലൂടെ അവര്‍ സധൈര്യം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പ്രണയം അതീവസുന്ദരമാണെന്നും സൌന്ദര്യമാണ് പ്രണയമെന്നും താനിപ്പോഴും പ്രണയിക്കുന്നുവെന്നും ഏറെ ഒഴുകിയതിനു ശേഷം തന്‍റെ അറുപതിയഞ്ചാം വയസ്സിലും വിളിച്ചു പറഞ്ഞ് ശരീരമാനത്തേക്കാള്‍ ഒന്നും ഒളിച്ചുവെയ്ക്കാതെ മനസ്സിന്‍റെ മാനം കാത്തവരാണവര്‍.അതുകൊണ്ട്തന്നെയാവാം തന്‍റെ ഓരോ രചനകള്‍ക്കും കിട്ടിയ കൂര്‍ത്തകല്ലുകളെ നിശബ്ദം എറ്റുവാങ്ങി പിന്നേയും പിന്നേയും വികാരങ്ങളെ, വിചാരങ്ങളെ അക്ഷരങ്ങളാല്‍ അനശ്വരമാക്കി വെള്ളാരം കല്ലുകളാക്കി എറിഞ്ഞവര്‍ക്ക് തിരിച്ചു സമ്മാനിക്കാന്‍ അവര്‍ക്കായതും.


സ്നേഹമില്ലാതെ കവിതയില്ലെന്നും സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖിരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്നും ആ വലിയ എഴുത്തുകാരി പരിതപിക്കുമ്പോള്‍ സ്നേഹം വിറ്റും കാശാക്കുന്ന നമുക്ക് മനസ്സിലാവാതെ പോയത് അവരിലെ വറ്റാത്ത സ്നേഹമായിരുന്നില്ലേ. ഒരു കുട്ടിക്കാലം മുഴുവന്‍ അവളില്‍ സ്നേഹവാത്സല്യങ്ങള്‍ നിറച്ചുവെച്ച് ഒഴുകിയകന്ന നാലപ്പാട്ടെ മുത്തശ്ശിയുടെ പ്രിയപ്പെട്ട ആമിക്ക് നിറഞ്ഞ് സ്നേഹിക്കാനല്ലേ ആവുമായിരുന്നുള്ളൂ. സ്വപ്നങ്ങളുടെ അനന്തതയിലേക്ക് നിരന്തരം വെള്ളം തെറിപ്പിച്ച്, ആഞ്ഞുപുണരാനായി അവരൊഴുകുമ്പോഴും യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി നല്ലൊരു കുടുംബിനിയായ്, അമ്മയായ് സ്നേഹത്താല്‍, വാത്സല്യത്താല്‍ ചേര്‍ന്നൊഴുകാനും മാധവിക്കുട്ടിയിലെ സ്ത്രീ മറന്നില്ല.


ലൈഗികതയുടെ ചില സഭ്യമായ തുറന്നെഴുത്തുകള്‍ വായനക്കാരന്‍റെ നെറ്റിചുളിക്കുമ്പോഴും, മാന്യതയുടെ അരുതായ്മകള്‍ ആര്‍ത്തിരമ്പുമ്പോഴും കമലാസുരയ്യയെന്ന അനുഗ്രഹീത എഴുത്തുകാരിയെ കാമാര്‍ത്ഥയെന്ന് വിളിച്ചാക്ഷേപിക്കാന്‍ സമൂഹത്തിനാവാതെ പോയത് അവരുടെ നേരെഴുത്തെന്ന നിഷ്കളങ്ക വ്യക്തിത്വമൊന്നുകൊണ്ട് മാത്രമായിരുന്നു. ഒന്നൊളിഞ്ഞു നോക്കിയാല്‍ സമൂഹം മനസ്സിലൊളിപ്പിച്ച വിചാര വികാരങ്ങള്‍ തന്നെയായിരുന്നു അവരക്ഷരങ്ങളിലൂടെ ഉറക്കെ പറഞ്ഞത്. മലയാള സാഹിത്യത്തില്‍ അധികമാരും കാണിക്കാത്ത ധീരത.


ഏറെ പ്രിയപ്പെട്ട നാലപ്പാട്ട് തറവാട്ടില്‍ നിന്നും മഹാനഗരത്തിന്‍റെ വന്യതയിലേക്ക് പറിച്ചുനടപെട്ടപ്പോഴും നാഗരികജീവിതത്തിന്‍റെ അനന്തവിശാലതയില്‍നിന്നും ഏറെ പഠിച്ചപ്പോഴും ഗ്രാമത്തിന്‍റെ പച്ചപ്പ് മരണം വരെ മനസ്സില്‍ നനച്ചുവളര്‍ത്തിയവരാണവര്‍. ജീവിതാനുഭവങ്ങളുടെ തീഷ്ണതയില്‍ നിന്നുകൊണ്ട് മാധവിക്കുട്ടി, കമലാദാസ് എന്നീ വ്യത്യസ്ത പേരുകളില്‍ രണ്ട് ഭാഷകളിലും ഒരുപോലെയെഴുതി വായനക്കാരിലേക്കിറങ്ങിചെന്നു ആ അനശ്വര കലാകാരി. മലയാളസാഹിത്യത്തിന്‍റെ യാഥാസ്ഥിതിക എഴുത്തില്‍നിന്നും വഴിമാറിനടക്കാന്‍ തുടക്കമിട്ടവരില്‍ പ്രമുഖയാണ് കമലാസുരയ്യ. വേറിട്ടൊരു വ്യക്തിത്വമായിരുന്നവരുടെ പ്രത്യേകത, ജീവിതത്തിലും എഴുത്തിലും ഒരേ വ്യക്തിത്വം കാത്തുസൂക്ഷിച്ചവള്‍. വിചാരങ്ങള്‍ക്ക് അക്ഷരരൂപമേകിയവള്‍. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് മലയാളിയെ വിരുന്നൂട്ടിയവള്‍.


തന്‍റെ സ്വപ്നങ്ങളും ജീവിതവും ഇരുദിശകളിലേക്കൊഴുകുന്നതിന്‍റെ നിരാശയും ആശങ്കയും മാധവിക്കുട്ടിയുടെ കൃതികളില്‍ കാണാമായിരുന്നു. എങ്കിലും താന്‍ സ്വപ്നലോകത്തുണ്ടാക്കിയ സങ്കൽപ്പകൊട്ടാരം അക്ഷരജാലകങ്ങളിലൂടെ നമുക്കവര്‍ തുറന്നു തന്നു.ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകള്‍ക്കൊപ്പം. നീര്‍മാതളവും നീലാംബരിയും നേരില്‍ കാണാത്തവര്‍ക്കും വായനയിലൂടെ അതിന്‍റെ സുഗന്ധവും മാധുര്യവും കുളിര്‍മ്മയും അനുഭവേദ്യമാക്കാന്‍ പ്രാപ്തമായിരുന്നു അവരുടെ വാഗ്ജാലം.


ഒരു നീരൊഴുക്കില്‍ നിന്നും അനുഭവങ്ങളുടെ, സ്വപ്നങ്ങളുടെ നഷ്ടപ്രണയങ്ങളുടെ, ജീവിതസമസ്യകളുടെ ഭൂമികയിലൂടെ കമലാസുരയ്യ എന്ന പ്രശസ്ത എഴുത്തുകാരി പരന്നൊഴുകി ഒരു സാഗരമായി പന്തലിക്കുകയായിരുന്നു, പലപേരുകളില്‍, പലഭാഷകളില്‍. മലയാള സാഹിത്യലോകത്ത് അവരാല്‍ സൃഷ്ടിക്കപ്പെട്ട തെളിനീരുറവ;അതൊഴുകികൊണ്ടേയിരിക്കും, കാലാന്തരങ്ങളിലൂടെ. സ്വപ്നങ്ങള്‍ക്കൊരു മലയാളഭാഷയുണ്ടാക്കിതന്ന, പ്രണയം പ്രണയിക്കാനുള്ളതെന്ന് ജീവിച്ചുകാണിച്ചു തന്ന പ്രിയഎഴുത്തുകാരിക്ക് സ്നേഹമനസ്സുകളെങ്ങിനെ ചിതയൊരുക്കും..