Sunday, December 2, 2012

ആലാഹയുടെ പെണ്മക്കള്‍


സാറാജോസഫിന്‍റെ ‘ആലാഹയുടെ പെണ്മക്കള്‍‘ ഒരു പ്രദേശത്തിന്‍റെ കഥ പറയുന്ന നോവലാണ്. നോവലിന്‍റെ രണ്ടാംവട്ട വായനയായിരുന്നെങ്കിലും കുറെയൊക്കെ മറവി വിഴുങ്ങിയിരുന്നതിനാല്‍ ആസ്വദിച്ച് വായിക്കാന്‍ കഴിഞ്ഞു.

കോക്കാഞ്ചിറക്കാരുടെ ജീവിതസ്പന്ദനങ്ങള്‍ വള്ളിപുള്ളി വിടാതെ ചേര്‍ത്തുവെച്ചിരിക്കുന്നു ഇതില്‍...  ചരിത്രവും  ജീവിതവും പുരോഗമനവും അധിനിവേശവും അടിമത്വവും നിസ്സഹായതയും എല്ലാം കോറിയിട്ടിരിക്കുന്ന ഈ നോവലില്‍ ജീവിക്കാന്‍ വേണ്ടി പോരാടുന്ന, പൊരുതി തളരുന്ന കുറെ മനുഷ്യരെയാണ് വായിക്കാനാവുക.

ആനിയെന്ന പെണ്‍കുട്ടിയുടെ കാഴ്ചകളിലൂടെ, കേട്ടറിവുകളിലൂടെ, വിചാരങ്ങളിലൂടെ, വികാരങ്ങളിലൂടെയെല്ലാമാണ് ഈ നോവല്‍ പുരോഗമിക്കുന്നത്.

കൊടുംകാടായിരുന്ന തൃശൂരില്‍ നഗരവല്‍ക്കരണത്തിന്‍റെ ഭാഗമായി തൂത്തെറിയപ്പെട്ട  കീഴാളവര്‍ഗ്ഗത്തിലൂടെ വളര്‍ന്നുവന്നതാണ് ഗോസായികുന്നിന്മേല്‍ കോക്കാഞ്ചിറയത്രെ. നഗരം ശുചിയാക്കാന്‍, നഗരവാസികളുടെ വിസര്‍ജ്ജ്യങ്ങള്‍ ചുമന്ന് ഗോസായികുന്നിന്മേല്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ നിയോഗിക്കപ്പെട്ട തോട്ടികളാണ് മാലിന്യങ്ങള്‍ക്കൊപ്പം പുരോഗമനത്തിന്‍റെ കറുത്തകരങ്ങളാല്‍ ഒരു നിയോഗം പോലെ ആദ്യം  ഗൊസായിക്കുന്നിലേക്കെടുത്തെറിയപ്പെട്ടത്. കാലം പിന്നേയും പലരേയും ഈ പ്രേതഭൂമിയിലേക്ക്  നിക്ഷേപിക്കുകയായിരുന്നു. ഇറച്ചിവെട്ടുകാര്‍,വേശ്യകള്‍, സാഹചര്യങ്ങളാല്‍ തിക്തരാക്കപ്പെട്ടവര്‍ അങ്ങിനെ പലരേയും, ആനിയുടെ പൂര്‍വ്വികരെയടക്കം.

ഒടുവില്‍ നിലനിൽപ്പിനായ് കോക്കാഞ്ചിറക്കാര്‍ ആ മാലിന്യ പ്രദേശത്തെ, പ്രേതഭൂമിയെ ഒരു ഗ്രാമമാക്കി മാറ്റിയെടുത്തപ്പോള്‍ അവിടേയും ചരിത്രമാവര്‍ത്തിക്കുകയാണ്. മേലാളവര്‍ഗ്ഗം നിസ്സാരവിലയ്ക്ക് സ്ഥലങ്ങള്‍ കയ്യടക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നു. തങ്ങളുടെ മോഹങ്ങള്‍, മോഹഭംഗങ്ങള്‍, ഓര്‍മ്മകള്‍, വിയര്‍പ്പ് എല്ലാം ആ മണ്ണിലുപേക്ഷിച്ച് പലരും പടിയിറങ്ങേണ്ടിവരുന്നു.

കനലെരിയുന്ന മനസ്സ് ഉള്ളിലൊതുക്കി നിസ്സംഗതയുടെ ചാരം പുറമേ തൂവി ജീവിക്കുന്ന  കുറെ സ്ത്രീ കഥാപാത്രങ്ങളുടെ നീറുന്ന ജീവിതങ്ങളാണ് ആനിയിലൂടെ കഥാകൃത്ത് പറഞ്ഞുവെയ്ക്കുന്നത്.ആനിയുടെ അമ്മാമയേയൂം അമ്മയേയും പോലെ ശക്തരും ചിയ്യമ്മയേയും കറുത്ത കുഞ്ഞാറത്തെയും പോലെ ദുര്‍ബലരും ആയ കുറേ  കഥാപാത്രങ്ങളിലൂടെ നമുക്കൊരു ദേശത്തിന്‍റെ വികാര വിചാരങ്ങളെ തന്നെ ഈ നോവലില്‍ കാണാം. അതിനിടയില്‍ , പ്രത്യാശയുടെ അവസാന വിപ്ലചിന്തകളും എരിഞ്ഞടങ്ങുന്നത് കണ്ട് പൊരുതാനാവാതെ നിസ്സഹായരാവുന്ന കുറച്ച് നന്മ നിറഞ്ഞ ആണുങ്ങളും. ഇനിയുമൊരു പ്രത്യാശയുടെ കച്ചിതുരുമ്പില്‍ കയറി പിടിക്കാനാവതില്ലാതെ ജീവിതത്തില്‍ ആത്മഹുതി ചെയ്യുകയാണിവിടെ പലരും.  ഇല്ലായ്മയുടെ ഈ വരള്‍ച്ചകള്‍ക്കിടയിലും നിരാശയുടെ ആ ഏകാന്തതുരുത്തില്‍ സ്വപ്നങ്ങളും പ്രണയങ്ങളും പ്രലോഭനങ്ങളും നിരാശകളും സങ്കടങ്ങളും എല്ലാം മനസ്സുകളെ ആര്‍ദ്രമാക്കുന്നുണ്ട്, ജീവിതത്തിന്‍റെ അനിവാര്യതകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്. എല്ലാറ്റിനും സാക്ഷിയായ് ആനിയുടെ വീട്ടിലെ അമരപന്തലും ...

ആര്‍ക്കും തടുക്കാനാവാത്ത ഒരു പ്രളയത്തിലൂടെ നാശത്തിന്‍റെ വക്കില്‍ വായനയവസാനിച്ച് പുസ്തകം മടക്കുമ്പോള്‍ അത്യാഗ്രഹത്തിന്‍റെ അധിനിവേശങ്ങള്‍ക്കും നിലനിൽപ്പിന്‍റെ പോരാട്ടങ്ങള്‍ക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന പ്രകൃതിയുടെ വികാരപ്രകടനമായിരുന്നു മുഴങ്ങി കേട്ടിരുന്നത്.

ഇതൊരു സ്ത്രീപക്ഷ നോവലായി കാണാനാവില്ല. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കാന്‍  വിധിക്കപ്പെട്ടവരുടെ പക്ഷത്താണ്, അവരുടെ നിസ്സഹയതയ്ക്കൊപ്പമാണ് ഈ വായന. പ്രാദേശികമായ വാമൊഴികളിലൂടെ ഒഴുകുന്ന വായന കഥാപാത്രങ്ങളിലേക്കും ജീവിതസാഹചര്യങ്ങളിലേക്കും വായനക്കാരനെ എടുത്തെറിയുന്നുണ്ട്.

ആ കോക്കാഞ്ചിറയാണത്രെ ഇന്നത്തെ കുരിയച്ചിറ. ഇനി കുരിയച്ചിറയില്‍ പോവുമ്പോള്‍ ആനിയോടൊപ്പം കുറച്ച് സമയമെങ്കിലും ആ അമരപന്തലിലിരിക്കണം...

അമ്മയും അമ്മായിയും ചോറുംകുട്ടയുമായി കുന്നിറങ്ങിയിരുന്ന വഴികളിലൂടെ  വെറുതെ നടക്കണം...
വറുതിയുടെ ദിനങ്ങളില്‍ ആനി അമ്മാമ്മയ്ക്കൊപ്പം ഇരുട്ടിന്‍റെ മറപറ്റി നെല്ല് വാങ്ങിക്കാന്‍ പോയ തങ്കമണിക്കേറ്റത്തിലേക്ക് കയറിയിറങ്ങണം..

പണ്ടത്തെ കൊടും കാടായിരുന്ന തൃശൂരങ്ങാടിയിലൂടെ, തേക്കിന്‍ കാട് മൈതാനിയിലൂടെ കുടിയിറക്കപ്പെട്ട ആനിയുടെ അമ്മാമയുടെ കുടുംബത്തെയോര്‍ത്ത്, മാലിന്യം കോരുന്നവന്‍റെ സ്ഥാനം മാലിന്യങ്ങള്‍ക്കൊപ്പമെന്ന അധികാരവര്‍ഗ്ഗത്തിന്‍റെ ആക്രോശങ്ങളെ ശിരസ്സാ വഹിച്ച തോട്ടികളേയോര്‍ത്ത് ഓര്‍മ്മകളിലൂടെ ഒരു അലസയാത്ര.

ഒരുപക്ഷേ തുടരുന്ന അധിനിവേശങ്ങളുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ അവരുടെ തേങ്ങലുകളെനിക്ക് കേള്‍ക്കാനാവില്ലായിരിക്കാം.. എന്നാലും....എന്നാലും..

31 comments:

  1. ഇതൊരു പുസ്തകപരിചയമല്ല, എന്‍റെ വായന മാത്രമാണ്. ഇത്രയും പഴയതും ജനകീയവുമായൊരു നോവലിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ..

    ReplyDelete
  2. ഒരുപാട് കാലം മുമ്പ് മാധ്യമം ആഴച്ചപ്പതിപ്പിലോ മറ്റോ ആണ് ആദ്യമായി വായിച്ചത് എന്ന് തോന്നുന്നു.ഇപ്പോള്‍ ചിലതെല്ലാം വീണ്ടും ഓര്‍മ്മിക്കാന്‍ കഴിയുന്നു.അവലോകനം നന്നായി.

    ReplyDelete
  3. ഞാന്‍ വായിച്ചിട്ടില്ല
    കേട്ടിട്ടേയുള്ളു

    ReplyDelete
  4. ആദ്യമായി സാറ ജോസഫിനെ വായിക്കുന്നത് ആലാഹയുടെ പെന്മക്കളിലൂടെയാണ്. അത്രയേറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് വായിച്ച കൃതി . വായിച്ചിട്ട് കുറെ കാലമായി ഇപ്പോള്‍. ഇപ്പോള്‍ ഇലഞ്ഞിയുടെ വിവരണം കണ്ടപ്പോള്‍ വീണ്ടും വായിക്കാനൊരു കൊതി . നന്നായി ഇലഞ്ഞി വിശകലനം ...

    ReplyDelete
    Replies
    1. മുഹമ്മദിക്കാ, മുല്ലാ, അജിത്തേട്ടാ, അനൂ.. സന്തോഷം വന്നതിനും കമന്‍റിനും. അജിത്തേട്ടാ ആലാഹയുടെ പെണ്മക്കള്‍നല്ലൊരു നോവലാണ്, വായിക്കൂ.

      Delete
  5. ആനിയെന്ന പെണ്‍കുട്ടിയുടെ കാഴ്ചകളിലൂടെ, കേട്ടറിവുകളിലൂടെ, വിചാരങ്ങളിലൂടെ, വികാരങ്ങളിലൂടെയെല്ലാമാണ് ഈ നോവല്‍ പുരോഗമിക്കുന്നത്.

    ഞാൻ അങ്ങനെ ഒരു നല്ല വായനക്കാരനല്ല.
    ന്നാലും ഈ പുസ്തകത്തെപ്പറ്റി ചേച്ചി പറഞ്ഞ വാക്കുകൾ വായിച്ചു.
    പറഞ്ഞ പോലെ ഇതൊരു പുസ്തക പരിചയമല്ല. വായനയാണ്.
    ആശംസകൾ.

    ReplyDelete
  6. ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിലൂടെ ഒരു പ്രദേശത്തിന്റെ ഇതിഹാസവും സംസ്ക്കാരവും അപചയവും ഒക്കെ കഥാകാരി ആനിയെന്ന പെണ്‍കുട്ടിയുടെ ചിന്തകളിലൂടെ വിവരിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളിലേക്ക് ആദ്യം കടന്നു വരിക പുരോഗമനത്തിന്റെ പേരില്‍ നിഷ്കളങ്ക സൌഹൃദങ്ങളുടേയും സഹവര്‍ത്തിത്തങ്ങളുടേയും മറവ് ചെയ്യപ്പെട്ട ശവക്കൂനകള്‍ക്ക് മേല്‍ പടുത്തുയര്‍ത്തിയ റിയല്‍ എസ്റ്റേറ്റ് എന്നു ഓമന പേരിട്ട കയ്യേറ്റക്കാരുടെ അധിനിവേശത്തിന്റെ ആദ്യകാല ചിത്രമാണ്..നല്ലൊരു കൃതിയെ ഷേയ തന്റെ വായനാനുഭവത്തിന്റെ പിന്‍ബലത്തില്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് മനോഹരമായി തന്നെ..ആശംസകള്‍ !!!

    ReplyDelete
  7. ഞാന്‍ സാറാ ജോസഫിന്റെ ഇതുവരെ വായിച്ച ഏക പുസ്തകമാണിത്. മറന്നുകൊണ്ടിരുന്നതൊക്കെ വീണ്ടും ഓര്‍ക്കാന്‍ ഈ എഴുത്ത് കാരണമായത്തില്‍ സന്തോഷം. എഴുത്തുകാരന് സമൂഹത്തോട് എന്ത് ബാധ്യതയാനുള്ളത് എന്ന് ഈ പുസ്തകം വിവരിച്ചു തരും.
    ആശംസകള്‍!!!,!!

    ReplyDelete
  8. വായിച്ചിട്ടില്ലാ ..
    വായിക്കണമെന്നുണ്ട് ട്ടോ ..

    ReplyDelete
  9. ആലോഹയുടെ പെണ്മക്കളെ കുറിച്ച് നിരവദി ചര്‍ച്ചകളില്‍ കണ്ടിട്ടുണ്ട്
    ഇത് വരെ അങ്ങോട്ട്‌ എത്താന്‍ പറ്റിയില്ല ഏതായാലും വായിക്കാന്‍ ഇരിക്കുന്ന നാളില്‍ ഈ പരിജയ പെടുത്തല്‍ ഗുണം ചെയ്യും എന്ന് കരുതുന്നു

    ReplyDelete
    Replies
    1. മനൂ, ഇത്താ, ജോസ്, കൊച്ചൂ, കൊമ്പന്‍.. സന്തോഷമറിയിക്കട്ടെ സ്ഥിരമായിങ്ങിനെ എന്നെ വായിക്കുന്നതിന്. :) കൊച്ചൂ, കൊമ്പന്‍ ആലാഹയും മാറ്റാത്തിയും വായിക്കണം. രണ്ടും നല്ല നോവലുകളാണ്. ഒതപ്പ്, ആതി രണ്ടും നല്ല നോവലുകളാണത്രെ. ഞാന്‍ വായിച്ചിട്ടില്ല.

      Delete
  10. പണ്ടെങ്ങോ വായിച്ചു മറന്നു പോയ പുസ്തകം. വീണ്ടും ഓര്‍മ്മകളിലേക്ക് കൊണ്ട് വന്നു. ഒന്ന് കൂടെ വായിക്കാന്‍ സമയമായിരിക്കുന്നു

    ReplyDelete
  11. നല്ല വായന നല്‍കിയ നല്ല നിരൂപണം. ഞാന്‍ സാറാ ജോസഫിനെ ഗൌരവമായി വായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു....

    ReplyDelete
  12. സാറാജോസഫ് ടീച്ചറുടെ ഏതാണ്ടെല്ലാം പുസ്തകങ്ങളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
    'ആലാഹയുടെ പെണ്‍്മക്കള്‍'നല്ലൊരു ആസ്വാദനമായി.
    ആശംസകള്‍

    ReplyDelete
  13. പുസ്തകം ഇതാ ഇപ്പോഴും കയ്യിലുണ്ട്.വാങ്ങി വച്ചിട്ടു കുറേയായി.സംഭവം മറന്നു പോയിരുന്നു.ഇതൊരു പ്രചോദനമായി.ഇനി വായിക്കും.നന്ദി...

    ReplyDelete
    Replies
    1. നിസാര്‍, ഷാജു, ചേച്ചീ, തങ്കപ്പന്‍ സര്‍, മുഹമ്മദ്കുട്ടിക്കാ എല്ലാവര്‍ക്കും നന്ദി...

      Delete
  14. ശക്തമായ സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുമ്പോഴും, എഴുത്തിന്റെ ലാവണ്യം ഒട്ടും കുറക്കാതെ പുതിയൊരു ഭാഷയും ഭാവുകത്വവും സൃഷ്ടിച്ച് എഴുതുന്ന സാറാജോസഫിന്റെ മികച്ചൊരു രചനയുടെ വായന......

    സൃഷ്ടിയോട് പൂർണമായും നീതിപുലർത്തിയിരിക്കുന്നു......

    ReplyDelete
  15. നല്ല നിരൂപണം..ആശംസകള്‍

    ReplyDelete
  16. സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന് ഈയിടെ കുറെ കേട്ടിട്ടുണ്ട്. താങ്കളുടെ വായനയിലൂടെ കൂടുതൽ മനസ്സിലാക്കാനായി. ഇത്തരം ഒരു സന്ദർഭം ഒരുക്കിയതിന് നന്ദി. ആശംസകൾ

    ReplyDelete
  17. മറക്കാതെ മനസ്സില്‍ ഇടം പിടിക്കുന്ന മഹത്തായ അപൂര്‍വ്വം നോവലുകളില്‍ ഒന്ന്.

    ReplyDelete
  18. ആലാഹയുടെ പെണ്മക്കള്‍ എന്റെ കൈയിലുണ്ട്.നല്ലൊരു നിരീക്ഷനമാനിത്...ആശംസകള്‍ ഷേയ.

    ReplyDelete
    Replies
    1. പ്രദീപ് മാഷ്, സതീശ്, മൊഹീ, ഭാനു സര്‍, ഷാജി എല്ലാവര്‍ക്കും സന്തോഷം അറിയിക്കുന്നു.

      Delete
  19. നല്ല ഭംഗിയായി എഴുതീട്ടുണ്ട്, ഇലഞ്ഞിപ്പൂക്കള്‍. അഭിനന്ദനങ്ങള്‍ കേട്ടോ.

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും നന്ദി എച്മൂ..

      Delete
  20. വായിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച പുസ്തകമാണ്. കൈയില്‍ കിട്ടിയില്ല. ഇലഞ്ഞിയുടെ വിവരണം നന്നായിട്ടുണ്ട്...

    ReplyDelete
  21. ഒന്ന് പരിചയപ്പെടുത്തി അത് വായിക്കാന്‍ കഴിയാത്ത വിഷമം മാറിയില്ല ദെ വരുന്നു വീണ്ടും കൊതിപ്പിക്കാന്‍ :)

    ReplyDelete
  22. എനിക്ക് തോന്നുന്നു സ്ത്രീകള്‍ക്ക് ആയിരിക്കും സാറയുടെ കൃതികളെ ഏറ്റവും ഇഷ്ടപ്പെടാന്‍ പറ്റുക എന്ന്..
    ബ്രിജീത്തയെ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ ഞാന്‍ കുറെ കഷ്ടപ്പെട്ടു ...
    ഓരോ കഥാപാത്രവും എത്ര ശക്തമാണ് !!
    നന്ദി ഓര്‍മപ്പെടുത്തലിനു :)

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!