Saturday, November 30, 2013

മാതായനങ്ങള്‍


പ്രസാധകര്‍ : സൈകതം ബുക്സ് 
വില : 55രൂപ

‘തന്‍റെ വികാരവിചാരങ്ങളെ അടുക്കിവെച്ച് അക്ഷരങ്ങളാല്‍ കെട്ടിത്തുന്നിയ ഒരു സ്ത്രീ ഹൃദയം’ ; മാതായാനങ്ങള്‍ വായിച്ചുമടക്കിയപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെയാണ്.

സ്നേഹത്തിന്‍റെ, സന്താപത്തിന്‍റെ, സന്തോഷത്തിന്‍റെ, ആകാംക്ഷയുടെ, പ്രതീക്ഷയുടെ,  ഉത്ക്കണ്ഠയുടെ, പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ  ശ്വാസോച്ഛ്വാസങ്ങള്‍, പതിഞ്ഞ ശബ്ദത്തില്‍ ഈ വായനയിലുടനീളം നമുക്ക് കൂട്ടിരിക്കും. അതുതന്നെയാണല്ലോ മാതൃയാനത്തിന്റെ സമഗ്രതയും. ഒന്നുകൂടി ചൂഴ്ന്ന് വായിച്ചാല്‍ ‘മാതായനങ്ങളില്‍’ മാതൃത്വ പ്രയാണത്തിനുമപ്പുറം ഏത് തിരസ്കൃതിക്ക് മുന്നിലും പതറാതെ , വറ്റാതെ, നിശ്ചലമായി നില്‍ക്കുന്ന സ്ത്രീത്വത്തിന്‍റെ വലിയൊരു സ്വത്വം ദര്‍ശിക്കാം. ഇനിയും ആഴത്തിലറിഞ്ഞാല്‍ വരികള്‍ക്കിടയില്‍ അലിഞ്ഞ് കിടക്കുന്ന സ്ത്രീ-പുരുഷ ഗണങ്ങളെ വേര്‍ത്തിരിക്കാനാവാതെ, അവരൊന്നായ ജീവിതസൌന്ദര്യം നുകരാം..

സൂനജ എന്ന എഴുത്തുകാരിയുടെ പ്രഥമ കഥാസമാഹാരമാണ് ‘മാതായനങ്ങള്‍’. തിരഞ്ഞെടുത്ത പതിനെട്ട് കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഊന്നിനിന്നുകൊണ്ട് സൂനജ പറയുന്ന ഈ കഥകള്‍ ജീവിതഗന്ധിയാണ്. അതിലനുഭവേദ്യമാകുന്ന നാറ്റവും സുഗന്ധവും ജീവിതത്തിന്‍റേതാണ്, മനുഷ്യ മനസ്സുകളുടേതാണ്. മരത്തണലിലിരുന്ന് തന്‍റെ കുഞ്ഞിന് ഒരമ്മ കൊടുക്കുന്ന ചോറുരുളപോലെ ഈ കഥകള്‍ വായനക്കാരന് ഹൃദ്യവും രുചികരുമാവുന്നത് കഥപറച്ചിലിന്‍റെ ലാളിത്യവും സാധാരണത്വവും കൊണ്ടുതന്നെയാണ്. ജീവിതത്തിന്‍റെ അതിഭാവുകത്വങ്ങള്‍ പക്ഷേ ഹൃദ്യമായ ആഖ്യാന മികവിനാല്‍ ലാഘവവല്‍ക്കരിച്ചിരിക്കുകയാണിവിടെ രചയിതാവ്.

ഒട്ടും മുഷിയാതെ ഒറ്റയിരുപ്പില്‍ അയത്നം വായിച്ചുപോവാം മാതായനങ്ങളിലെ  കഥകള്‍. ഹൃദയത്തില്‍ തൊടുന്നുണ്ട് പല കഥകളും. നല്ല ഒഴുക്കുള്ള ഭാഷയില്‍ കഥാകാരി പറഞ്ഞുവെച്ചിരിക്കുന്നത് അധികവും സ്ത്രീ മനസ്സുകളെയാണ്. പിന്നെ സ്ത്രീയെ സ്ത്രീയായി  കാണാന്‍, സ്നേഹിക്കാന്‍ കഴിഞ്ഞ ചില ആണ്‍ജീവിതങ്ങളുടേയും. ആകുലതകളും സ്നേഹവും വിരഹവുമെല്ലാം ഓരോ കഥകള്ക്കും വ്യത്യസ്ത മാനങ്ങളേകുമ്പോള്‍ ചിരപരിചിതമായ ആരുടേയൊക്കെയോ ജീവിതകഥ വായിക്കുന്നതുപോലെ തോന്നും. അതിനു കാരണം ഒരുപക്ഷേ മാനവീകതയുടെ സമാനതകളാവാം.

നൂതന കഥപറച്ചിലിന്‍റെ ലക്ഷണമൊത്ത സമസ്യകളൊന്നും മാതായനങ്ങളെന്ന ഈ  കഥാപുസ്തകത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. വായനക്കാരന്‍ പൂരിപ്പിക്കേണ്ട, വരികള്‍ക്കിടയിലെ പറയാതെവിട്ട കഥാഭാഗങ്ങളും തുലോം കുറവാണ്. ആരും പറയാത്ത, ഇതുവരെ കേള്‍ക്കാത്ത കഥാതന്ത്രങ്ങളൊന്നും എഴുത്തുകാരി ഈ കഥകളില്‍ പരീക്ഷിച്ചിട്ടില്ല. കണ്ടും കേട്ടും അനുഭവിച്ചും പാകം വന്ന ഈ കഥകളില്‍ പുതുമയ്ക്കുവേണ്ടിയുള്ള അത്തരം ശകലങ്ങള്‍ മുഴച്ചുനില്‍ക്കുകതന്നെ ചെയ്യുമെന്നതാണ് ശരി. എങ്കിലും അതുതന്നെയാണ് ഈ പുസ്തകത്തെ കുറിച്ചെനിക്ക് തോന്നിയ പോരായ്മയും. സമാനതകളുടെ ഒരു പൊതുതട്ടകത്തില്‍ നിന്നുമാണ് ഭൂരിപക്ഷം കഥകളുടേയും നിര്‍മ്മിതി. വേറിട്ട പാതകള്‍ വെട്ടിത്തെളിയിക്കാന്‍ ആഖ്യാന-സാഹിത്യ മികവുണ്ടായിട്ടും കഥാകൃത്ത് അറച്ചുനില്‍ക്കുന്നതുപോലെ.  പക്ഷേ എഴുതിതീരാത്തയത്രയും കഥകളുമായി അസംഖ്യം ജീവിതങ്ങള്‍ കണ്മുന്നിലെത്തുമ്പോള്‍ ഇല്ലാകഥകളിലെ പുതുമത്തേടണോ വായനക്കാരീ എന്ന് മാതായനങ്ങളിലെ ജീവിക്കുന്ന കഥകള്‍ തിരികെ ചോദിക്കുന്നു

ഓരോ കഥയും വെവ്വേറെ വിശദീകരിച്ചെഴുതുന്നില്ല. പക്ഷേ ഓരോ കഥയുടേയും അപഗ്രഥനമേകുക വിവിധ ജീവിതാവസ്ഥകളാണ്, ഇന്നിന്‍റെ ആധികളാണ്. കഥകളോരോന്നും വായിച്ചുതീര്‍ന്നവസാനം മനസ്സിലവശേഷിക്കുക നമുക്ക് ചുറ്റും ജീവിച്ചു മറഞ്ഞ, ജീവിച്ചുകൊണ്ടിരിക്കുന്ന പല മുഖങ്ങളാണ്, ചിലപ്പോഴൊക്കെ സ്വന്തം മുഖവും.. അതുകൊണ്ടുതന്നെ ‘മാതായനങ്ങള്‍’ എളുപ്പം മനസ്സില്‍ നിന്നും മായില്ല. ചില ജീവിതങ്ങളിലൂടെ ഈ കഥകള്‍ വീണ്ടും വീണ്ടും  ഉള്ളില്‍ ഓര്‍മ്മകളുണ്ടാക്കികൊണ്ടിരിക്കും, തീര്‍ച്ച.. !

Saturday, October 26, 2013

ബാവുല്‍ ജീവിതവും സംഗീതവും


വിവര്‍ത്തനം : കെ ബി പ്രസന്നകുമാര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
വില : 175 രൂപ

ബാവുല്‍ എന്ന വാക്ക് ഭ്രാന്തിനെയാണത്രെ വിവക്ഷിക്കുന്നത്. സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണതയുടെ സിരകളിലൂടെ അലയുന്ന ഒരു കൂട്ടത്തിന്  ആരാണാവൊ ഇത്ര ദീര്‍ഘവീക്ഷണത്തോടെ ബാവുലുകള്‍ എന്ന് പേരിട്ടത്. ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുല്‍ സംഗീതമെന്നും..!

ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് സംഗീതത്തിലൂടെ സ്നേഹമൂട്ടുന്ന ബാവുലുകളെ കുറിച്ച്  എവിടെയൊക്കെയോ മുന്‍പ് വായിച്ചിരുന്നത്  വല്ലാതെ ആകര്‍ഷിച്ചിരുന്നതുകൊണ്ടാണ് മിംലു സെന്നിന്‍റെ ‘ബാവുല്‍ ജീവിതവും സംഗീതവും’ വായിക്കണമെന്ന്  ആഗ്രഹിച്ചത്.

ഭാരതസംസ്ക്കാരത്തിന്‍റെ നാഡീമിടിപ്പാണ് ഇക്കൂട്ടര്‍. സംഗീതത്തില്‍ നിന്നും ഉരുവം കൊണ്ടവര്‍ . ആഗ്രഹങ്ങളെ, അത്യാര്‍ത്തിയെ, വൈര്യത്തെ, വൈകാരികതയെ സംഗീതത്തില്‍ തളച്ചിട്ടവര്‍ ; സംഗീതത്തെ മതവും ഉപാസനയുമാക്കിയവര്‍ . ബാവുല്‍ സംഗീതം പോലെ ലാളിത്യമാര്‍ന്നവര്‍.  സംഗീതത്താല്‍ ശ്രോതാവിന്‍റെ വിചാരങ്ങളെ സ്പര്‍ശിക്കുന്നവര്‍ . വരികളാല്‍ ശ്രാവകമനം നീറ്റുന്നവര്‍ . നിയതരൂപമില്ലാത്ത വര്‍ണ്ണാഭമായ ബാവുല്‍ വസ്ത്രങ്ങള്‍പോലെ, ക്രമരാഹിത്യമാര്‍ന്ന ബാവുല്‍ജീവിതം പോലെ അയഞ്ഞതും നിഗൂഢവുമാണ് ആ സംഗീതവും.

വാതുല എന്ന വാക്കില്‍ നിന്നുമാണ് ബാവുല്‍ എന്ന പേരുണ്ടായത്. വാതുലയുടെ അര്‍ത്ഥം കാറ്റിന് കീഴടങ്ങിയവര്‍ എന്നും.  ഭാരതസംസ്കാരത്തിന്‍റെ ഓര്‍മ്മശീലുകളായി ഗ്രാമങ്ങളിലൂടെ, ഉത്സവങ്ങള്‍തോറും ബാവുല്‍ സംഗീതത്തിന്‍റെ മാസ്മരികതയും പേറി ബാവുലുകള്‍ വീശിയടിക്കുമ്പോള്‍ പക്ഷേ ആഴത്തില്‍ അധീനപ്പെടുക പുറംലോകമാണ്.

സ്നേഹവും ത്യാഗവും സമര്‍പ്പണവും സപര്യയാക്കിയ ബാവുല്‍ സമൂഹത്തിന്‍റെ ജീവിതശൈലിപേലെ ലളിതമാണ് അവരുടെ സംഗീതോപകരണങ്ങളും.  അതില്‍നിന്നുമൂര്‍ന്ന് വീഴുന്ന സംഗീതമാവട്ടെ  ബാവുല്‍ ജീവിതം പോലെ നിമ്നതയാര്‍ന്നതും.

ബംഗാളിലാണ് ബാവുലുകളുടെ അടിവേരുകള്‍. വാമൊഴികളിലൂടെയാണ് ബാവുല്‍ സംഗീതത്തിന്‍റെ കൈമാറ്റം. ലളിതവും അര്‍ത്ഥസമ്പന്നവുമാണ് വരികള്‍.  സംഗീതവും ജീവിതവും ഇഴപിരിക്കാനാവാതെ ഒഴുകുന്നുണ്ട് ഓരോ യഥാര്‍ത്ഥ ബാവുല്‍ ഗായകനിലും. അതുകൊണ്ടുതന്നെ ആത്മാവുതിര്‍ക്കുന്ന ആ സംഗീതത്തില്‍ ആകൃഷ്ടരായി ഒരുപാട്പേര്‍ സര്‍വ്വതും ത്യജിച്ച് ഈ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒഴുകുന്നുണ്ട്, ഒരു തിരിച്ചൊഴിക്കിനെ കുറിച്ച് പിന്നീടൊരിക്കലും ചിന്തിക്കുകയേ ചെയ്യാതെതന്നെ.

അങ്ങനെ  അവരിലേക്ക് അലിഞ്ഞുചേര്‍ന്ന് പ്രയാണമാരംഭിച്ച ഒരാളാണ് മിംലു സെന്‍. അവരുടെ കഥയാണ്, അവര്‍ ജീവിക്കുന്ന ബാവുല്‍ സമൂഹത്തിന്‍റെ കഥയാണ്, അവരുടെ വികാരവിചാരങ്ങളുടെ കഥയാണ് “ബാവുല്‍ ജീവിതവും സംഗീതവും’. 

മിംലു സെന്‍

കല്‍ക്കത്തയിലെ തടവറരാത്രികളിലൊന്നില്‍ ഉറങ്ങാതെയിരുന്ന രചയിതാവിന്‍റെ കാതുകളെ തേടിയെത്തിയ ബാവുല്‍ സംഗീതത്തിന്‍റെ മനോജ്ഞവീചികള്‍  പ്രശാന്തതയേകിയത്  കേവലം ആ നാഴികകള്‍ക്ക് മാത്രമായിരുന്നില്ല, പിന്തുടര്‍ന്ന ജീവിതത്തിന് മുഴുവനായിരുന്നു. വിദേശത്തെ  ആഡംബരപരമായ ജീവിതം ത്യജിച്ച് തീര്‍ത്തും സ്ഥൂലമായ ബാവുല്‍സംഗീതത്തിലവര്‍ അലിഞ്ഞുചേര്‍ന്നത് ആ സംഗീതത്തോടുള്ള അളവറ്റ ഔത്സുക്യം കൊണ്ടായിരുന്നു. അതുകൊണ്ട് പിന്നീടുള്ള ഗമനങ്ങളൊന്നുംതന്നെ, അതെത്ര കാഠിന്യപരമായിരുന്നാലും, അവരെ ചപലയാക്കിയതേയില്ല. ബാവുല്‍ സംഗീതത്തെ ജീവിതവും മതവും ആത്മാവുമായി അനുഭവിക്കുന്ന പബന്‍ ദാസ് ബാവുലിനോട് ചേര്‍ന്ന് അവരുടെ തീര്‍ത്ഥാടനം ഇന്നും തുടരുന്നു..

ബാവുലുകള്‍ ഗ്രാമീണരായ സ്തുതിപാഠകരാണ്.  പക്ഷേ വികസനം ഗ്രാമസമൂഹങ്ങളെ പിഴുതെറിയുമ്പോള്‍ ഉന്മൂലനം ചെയ്യപ്പെടുന്നവരുടെ വേദനകളാണ് ബാവുലുകളെ  ഭിക്ഷാടകരേക്കാള്‍ കൃപണരാക്കിയത്. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ആടിയും പാടിയും സഞ്ചരിച്ചിരുന്ന ഈ വൈഷ്ണവ-ബൌദ്ധ-സൂഫിക്കൂട്ടങ്ങള്‍ക്ക് ഗ്രാമങ്ങളുടെ തിരോഭാവമേകുന്ന പകപ്പ് ചെറുതല്ല. അവര്‍ക്കില്ലാതാവുന്നത് തലമുറകളായി ഉണ്ടാക്കിയെടുത്ത വേറിട്ട് നില്‍ക്കുന്ന ഒരു സംസ്കൃതിയാണ്. അതിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് പബന്‍ ദാസിനെ പോലെ, സുബനെ പോലെ പല ബാവുലുകളും.

 നിഗൂഢവശ്യതയാര്‍ന്ന ബാവുല്‍ സംഗീതം ആത്മാവിലലിഞ്ഞ് ചേരാന്‍ മാത്രം വശ്യമാണ്. നിശ്ചിതനിയമങ്ങള്‍ ഈ സംഗീതശാഖയ്ക്കില്ല. ഭൂപ്രകൃതിപോലെ വന്യവും ക്രമരഹിതവുമാണ് ബാവുല്‍ ജീവിതശൈലി. മതജാതീയതകള്‍ക്കും  ഉപചാരങ്ങള്‍ക്കുമെല്ലാം അധീതമാണ് ബാവുലുകള്‍. സംഗീതത്തിലൂടെ മാത്രം വ്യത്യസ്തമായ രീതിയില്‍ സ്നേഹവും ആത്മീയതയും വിശ്വാസവും പ്രകടിപ്പിക്കുന്നവര്‍.

മിംലു സെന്‍, പബന്‍ ദാസ്

പുസ്തകത്തിന്‍റെ പുറംച്ചട്ടയില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു “മരവും കളിമണ്ണും കൊണ്ട് നിര്‍മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ച് പാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതിപോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്‍റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം” എന്ന്.

ബാവുല്‍ സംഗീതം പോലെ അഴകാര്‍ന്ന ഈണത്തില്‍ അക്ഷരങ്ങളുതിര്‍ത്തിട്ടിരിക്കുന്ന ആ പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാണിത്. കാരണം അതില്‍ പറഞ്ഞുവെച്ചിരിക്കുന്ന ബൃഹത്ത്ചിന്തകളിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങാന്‍ കഴിയുമെന്ന   ശങ്കയെനിക്കുണ്ട്. പറഞ്ഞതില്‍ കൂടുതല്‍ പറയാനുള്ളവയാണ്, നിങ്ങളുടെ വായനയിലൂടെ അനുഭവങ്ങളുടെ ആ ദേശാടനം സാക്ഷാത്കരിക്കുക..

Sunday, September 15, 2013

മെയ്യറുതിയുടെ നിറഭേദങ്ങള്‍



മണല്‍ക്കാടുകളേക്കാള്‍ വരണ്ട ചില പകലുകളെ താണ്ടി മരുപ്പച്ചയാര്‍ന്ന യാമങ്ങളിലെത്തി നീണ്ടുനിവര്‍ന്ന് കിടന്ന് കണ്ണടക്കുമ്പോഴാണ് അയാള്‍ മഴനനവുകള്‍ സ്വപ്നം കാണാറ്. പക്ഷേ നനവ് പടര്‍ന്നുപെയ്ത് പരക്കുമ്പോഴേക്കും അടഞ്ഞമിഴികളില്‍  മുട്ടിവിളിച്ച് ആരോ അയാളെ ഉണര്‍ത്തും. എത്ര ഇറുകെയടച്ചാലും ആ തട്ടലിന്‍റെ പ്രകമ്പനം കണ്‍പോളകളില്‍ നിന്ന്  മാഞ്ഞുപോവില്ല.  സ്വപ്നങ്ങളെ തട്ടിപ്പറിക്കാന്‍ ആരാണിങ്ങിനെ പതിവായി മുട്ടുന്നതെന്ന് വ്യാകുലചിത്തനായി അത്തരം രാത്രികള്‍  ഉറങ്ങാനാവാതെ പുലര്‍ത്താറാണയാള്‍ പതിവ്. ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ നിയന്ത്രിക്കാനാവാതെ അയാള്‍ താണ്ടുന്ന ആ പകലുകള്‍ക്ക്  വരള്‍ച്ചയാഴം ഏറെ കൂടുതലാണ്. ശേഷം കുറേ രാത്രികള്‍ അയാളെ മറഞ്ഞ് സ്വപ്നങ്ങള്‍ ഒളിച്ചിരിക്കും,  മുട്ടിവിളിക്കപ്പെടുന്ന രാത്രികളെ ഭയന്നിട്ടാകാം.

മടിയന്‍, കാര്യപ്രാപ്തിയില്ലാത്തവന്‍, താന്തോന്നി..! വീട്ടുകാരുടേയും നാട്ടുകാരുടേയും പരിചിതശബ്ദം വിശേഷണങ്ങളുടെ പട്ടിക നീട്ടുന്നത് പാതിയുണര്‍ന്ന  തലച്ചോറിലേക്ക് അലസമായി പതിക്കും. കുടുംബംനോക്കാത്തവന്‍, സ്നേഹമില്ലാത്തവന്‍, മക്കളെ താലോലിക്കാത്തവന്‍, അമ്മയെ സ്നേഹിക്കാത്തവന്‍, ഭാര്യയെ പ്രണയിക്കാത്തവന്‍,ദുഷ്ടന്‍ ...! പതിവുപല്ലവികളില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ വീട്ടില്‍ നിന്നിറങ്ങും. വഴിയോരപരിചയങ്ങള്‍ക്ക് മുഖം കൊടുക്കാതെ, വരള്‍ച്ചയുടെ അമിതദാഹത്തെ വിഴുങ്ങി പണിസ്ഥലത്തെത്താന്‍ അയാളനുഭവിക്കുന്ന പൊള്ളല്‍ മനസ്സിലാക്കാതെ മേലധികാരിയും പഴിയ്ക്കും. പിരിച്ചുവിടലിലേക്ക് വിരല്ച്ചൂണ്ടും. ശമിക്കാത്ത പകല്‍ദാഹത്തെ തോൽപ്പിക്കേണ്ടതിനെ കുറിച്ചാവും അപ്പോഴയാളുടെ ചിന്ത.

ഉറങ്ങാന്‍ മാത്രം നിശ്ചയിച്ചുറപ്പിച്ച ഒരു അവധിദിനത്തില്‍ കുടുംബിനിയുടെ ശകാരത്തില്‍ പുകഞ്ഞ് പുറത്തിറങ്ങാനുള്ള ഒരുക്കത്തിനിടയിലാണയാള്‍ ചുമരില്‍ തൂക്കിയ പകുതി ഫ്രെയിം അടര്‍ന്ന, പൊടിപിടിച്ച കണ്ണാടിയിലത് കണ്ടത്. ഉറങ്ങിവീര്‍ത്ത കണ്‍പീലികള്‍ക്കിടയിലൂടെ, കണ്ണിലെ ആ കറുത്ത കുത്ത്. ഒരു ഈര്‍ക്കിലിത്തുമ്പില്‍ കണ്മഷിയെടുത്ത് ആരോ പതുക്കെയൊന്ന് തൊട്ടുകൊടുത്തതുപോലെ തീര്‍ത്തും തെളിമയില്ലാത്ത ആ കുത്ത്.

ഇതുവരെ അങ്ങിനെയൊന്ന് ശ്രദ്ധിച്ചിട്ടില്ല. പീലികള്‍ വിടര്‍ത്തിയും കണ്‍പോളകളടര്‍ത്തിയും പലകോണിലൂടെ  നോക്കി. ഇല്ല,  ഇത് പുതിയതാണ്. സ്വപ്നങ്ങളെ റാഞ്ചാന്‍ ഏഴരയാമത്തില്‍  പതുങ്ങിയെത്തുന്ന തട്ട് മനസ്സില്‍ പ്രകമ്പനം കൊണ്ടു.  ധൃതിയില്‍ ഭാര്യയുടെ അടുത്തേക്ക് നടന്നു, അമ്മയെ തേടി. രണ്ടുപേരും നിസ്സാരവത്കരിച്ചു;

“ഇത് ഒരു കുഞ്ഞ് മറുകല്ലേ..തീരെ ചെറുതായതുകൊണ്ട് നിങ്ങളിതുവരെ കാണാതെയാവും. അതിന് കണ്ണാടീ നോക്കലും ഒരുങ്ങലുമൊന്നും നിങ്ങള്‍ക്ക് പതിവില്ലല്ലൊ..” ഭാര്യ  വക്ക്പൊട്ടിയ കലം തേച്ച് കഴുകുന്നതിലേക്ക് തിരിഞ്ഞു.


“നിന്‍റെ അച്ചന്‍റെ കണ്ണിലൂണ്ടാര്‍ന്നൂ ഇതുപോലെ കടുകുമണിയോളം ചെറ്യോരു കാക്കാപുള്ളി. അങ്ങേരത് ശ്രദ്ധിച്ചിട്ടേല്ല്യാ. അന്ന്ണ്ടാ വീട്ടില്‍ വെട്ടോം വെളിച്ചോം കണ്ണാടീമൊക്കെ..” അമ്മ വെറ്റിലയ്ക്കൊപ്പം ഓര്‍മ്മകളെ  നീട്ടിത്തുപ്പിയപ്പോള്‍ അയാളിറങ്ങി നടന്നു.

കണ്ണില്‍ കരട് വീണ അസ്വസ്ഥതയോടെ ആ കറുത്ത പാട്  മനസ്സില്‍ ഇടറിക്കൊണ്ടിരുന്നു. പ്രധാനനിരത്തിലേക്ക് കയറിയതും ചീറിപാഞ്ഞുവന്നൊരു ലോറി വല്ലാതെ ഭയപ്പെടുത്തി. ഭയം ഒരു കൊളുത്തുപോലെ ഉള്ളിലേക്കാഴ്ന്നു. പിന്നെയത്  മാറില്‍ പടര്‍ന്നിഴയാന്‍ തുടങ്ങി.  കണ്ണിലെ കറുപ്പ്  മനസ്സ് മുഴുവന്‍ പരന്നതുപോലെ.


തീര്‍ത്തും അവശതയോടെ തിരികെ വീട്ടിലേക്ക് നടന്നു. ഭയം  അയാളെ വല്ലാതെ ഗ്രസിച്ചിരുന്നു. കറുത്ത നിറമുള്ള മരണത്തെ കുറിച്ച് വായിച്ചതെന്നായിരുന്നു? ഏത് പുസ്തകത്തിലായിരുന്നു? ഓര്‍ത്തെടുക്കാനാവുന്നില്ല. ജന്മാന്ത അടയാളം പോലെ ഒരു അദൃശ്യബിന്ദു ഓരോ ജനനത്തിന്‍റേയും സഹചാരിയാണെന്ന്. ആയുസ്സിന്‍റെ അവസ്ഥാന്തരങ്ങളില്‍ നിറം മാറി മാറി വലുതായി, ഒടുവില്‍ ഉച്ചിയില്‍ പിടിമുറുക്കുമ്പോള്‍ മരണം മണക്കുന്ന കറുപ്പുനിറമായി അത് ദേഹം മുഴുവന്‍ പരന്നിരിക്കുമെന്ന് വായിച്ചത് ആരുടെ കഥയിലായിരുന്നു?

അമിതദാഹത്താല്‍ അയാളുഴറി. ആഗ്രഹങ്ങളുടെ ഈ ആഴം ആദ്യമായ് അറിയുകയാണ്. എത്ര കുടിച്ചാലും ശമിക്കാത്തൊരു ആസക്തിയായി ദാഹം തൊണ്ടയും കടന്ന് ആത്മാവിലേക്കൊഴുകുന്നത് അയാളറിയുന്നുണ്ടായിരുന്നു.ജീവിത മാത്രകളുടെ മനോഹാരിത ഹൃദയസ്പര്‍ശിയെന്ന്  ദാഹം അയാളില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രികളെപോലും പകല്‍ വെളിച്ചത്തില്‍ കണ്ടാസ്വദിക്കാന്‍ മനസ്സ് വെമ്പി. അധ്വാനിച്ച്, നനവാര്‍ന്ന പച്ചപ്പുകളാക്കി മാറ്റാന്‍ അയാള്‍ വരണ്ടപകലുകളെ ഇനിയുമിനിയും ആഗ്രഹിച്ചു.




തന്നെ കടന്നുപോവുന്ന പരിചിതരോടെല്ലാം അദമ്യമായൊരിഷ്ടം തോന്നി. തന്നോടെന്തെങ്കിലും സംസാരിച്ച്, കണ്ണിലെ കറുപ്പ് നിറം പകര്‍ന്നിട്ടുണ്ടോ എന്ന് അഭിപ്രായം പറഞ്ഞ് അവര്‍ കടന്നുപോവാത്തതില്‍ അയാള്‍ വ്യസനിച്ചു. എതിരെ വരുന്നവര്‍ തന്‍റെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കുന്നുണ്ടോ എന്നയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നൂ. മുഖത്തേക്ക് നോക്കുന്നവര്‍ കറുപ്പ് മുഖത്തേക്കും പടര്‍ന്നിട്ടാണോ സൂക്ഷിച്ച് നോക്കുന്നതെന്ന  സംശയമായി. ഓഫീസില്‍ കെട്ടികിടക്കുന്ന ഫയലുകളെ കുറിച്ച് അന്നാദ്യമായി വ്യാകുലപ്പെടുമ്പോള്‍ സ്വയം ആശ്ചര്യംതോന്നി.

ഉച്ചവെയില്‍ എല്ലാ തണലിടങ്ങളേയും നിഷ്പ്രഭമാക്കിക്കൊണ്ട്  പടര്‍ന്ന്പന്തലിക്കുകയാണ്. പൊള്ളിക്കുന്ന ചൂട് വേനലെന്ന നിത്യസത്യത്തെ പേറി ചുട്ടുപഴുക്കുന്നു. വിയര്‍ത്തൊലിച്ച്, കറുപ്പിന്‍റെ അഭംഗിയെ കുറിച്ചോര്‍ത്തുകൊണ്ടയാള്‍ നടത്തത്തിന് വേഗത കൂട്ടി. വേദന നെഞ്ചില്‍ നിന്നും കാല്പാദങ്ങളിലേക്ക് പടര്‍ന്നത് അയാളെ കൂടുതല്‍ ചകിതനാക്കി.
അമ്മയുടെ വാത്സല്യവും ഭാര്യയുടെ സ്നേഹവുമെല്ലാം മനസ്സിലേക്കോടിവന്നു. വീട്ടിലെത്താന്‍ ക്ഷമയില്ലാതെ, ഈ നിമിഷം അവരെ കാണാന്‍ ഇങ്ങിനെ ആഗ്രഹിക്കുന്നത്  ഇതാദ്യമെന്നത് സത്യം.

വീട്ടിലേക്കുള്ള  തിരിവിലാണ് അയാള്‍ ആ കറുത്ത പൂച്ച ചത്തുകിടക്കുന്നത് കണ്ടത്. ഏതോ വാഹനം കയറിയതാണ്. ഒരുരോമം പോലും നിറഭേദമില്ലാത്ത കറുത്തൊരു പൂച്ച! ചുറ്റും കാക്കകള്‍ വട്ടമിട്ടിട്ടുണ്ട്. പക്ഷേ നിറം കറുപ്പായതുകൊണ്ടോ തുറന്ന് കിടക്കുന്ന കണ്ണുകളില്‍ കറുപ്പ് പടര്‍ന്നിട്ടില്ലാത്തതിനാലൊ കാക്കള്‍ പൂച്ചയെ തൊടുന്നില്ല.അയാളതു നോക്കി നിരത്തുവക്കില്‍ കുറച്ച് നേരം നിന്നു.

ഇപ്പോള്‍ ദാഹമൊട്ട് ശമിച്ചിരിക്കുന്നു, പടര്‍ന്നാഴ്ന്ന വേദനയുമറിയുന്നില്ല. കണ്ണിലെ കറുപ്പിന്‍റെ ഇടര്‍ച്ച.... വീട്ടിലേക്ക് കയറുമ്പോള്‍ കാക്കകളുടെ കാ കാ ശബ്ദം വര്‍ദ്ധിക്കുന്നതറിയുന്നുണ്ടായിരുന്നു. കറുത്ത പൂച്ചയുടെ കണ്ണുകളും നിറം മാറിയിരിക്കും.

കണ്ണിലെ കറുപ്പ് അളക്കാന്‍ കണ്ണാടി തേടി ധൃതിയില്‍ വൈദ്യുതി ഇല്ലാതെ ഇരുട്ടില്‍ കിടപ്പ്മുറിയുടെ ചുമരില്‍ തപ്പുമ്പോഴാണ് കൈ തട്ടി പൊടിപിടിച്ച, ഫ്രെയിം പാതിയടര്‍ന്ന കണ്ണാടി താഴെവീണതും തകര്‍ന്നുടഞ്ഞതും.

മരണം കൈമാറ്റം ചെയ്യപ്പെടുന്ന  കഥാതന്തുവിനെ രാകിമിനുക്കി അയാള്‍ സമാധാനത്തോടെ കിടക്കയിലേക്ക് വീണു,പകലുകളുടെ നനവാര്‍ന്ന സാധ്യതകളെ വീണ്ടും വരള്‍ച്ചകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്..

Friday, July 12, 2013

കാലപ്പകര്‍ച്ചകള്‍ - ദേവകി നിലയങ്ങോട്

പ്രസാധകര്‍, : മാതൃഭൂമി ബുക്സ്
വില : 80 രൂ


എത്ര കരുതലോടെയാണ് ദേവകി നിലയങ്ങോട് എന്ന അനുഗ്രഹീത എഴുത്തുകാരി തന്‍റെ ജീവചരിതം വായനക്കാരന് പറഞ്ഞുതരുന്നത് ! സ്നേഹമയിയായ മുത്തശ്ശി ഒരു ഘോരക്കഥ കുഞ്ഞുമനസ്സുകളെ ഭയചകിതമാക്കാതെ പറഞ്ഞുകൊടുക്കുന്ന അതേ സൂഷ്മതയോടെ, നിപുണതയോടെ..!!

ഇത്രയും ഭീകരമായ ഒരു കാലഘട്ടത്തെ കുറിച്ച്, ഒരു പ്രത്യേക സമുദായിക ജീവിതചര്യകളെ കുറിച്ച് പറയുമ്പോള്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെ തികച്ചും വസ്തുനിഷ്ടമായി പറഞ്ഞുവെച്ച് വായനക്കാരനെ എഴുത്തിലുടനീളം അവര്‍ നിശബ്ദം ഓര്‍മ്മിപ്പിക്കുന്ന ഒന്നുണ്ട്; ഒട്ടും അത്ഭുതപ്പെടേണ്ട, അമര്‍ഷപ്പെടേണ്ട. ഇത് ഇന്നിന്‍റെ കഥയല്ല, കാലം കഥപറയാന്‍ തുടങ്ങുമുന്‍പേ ജീവിച്ചിരുന്നവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ആചാരാനുഷ്ടാനങ്ങളുടെ ചില ശിഷ്ടങ്ങളില്‍ ജീവിച്ചിരുന്നവരുടെ കഥ മാത്രമാണ്. പറയാതെ പുറകിലാക്കപ്പെട്ട നീണ്ടകാലക്കഥകളേക്കാള്‍ എത്രയോ നിസ്സാരമാണിവ. ഇതൊരു സമുദായത്തിന്‍റെ മാത്രം അനുഭവങ്ങളല്ല, തീരശ്ശീലയും അരങ്ങും മാറുമ്പോഴും ആചാരചേഷ്ടകള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ സമാനമാണ്. അത് കാലത്തിന്‍റേതാണ്. സംസ്കാരങ്ങളുടേതാണ്. അനുഷ്ടാനങ്ങളുടേതാണ്! അതുകൊണ്ടുതന്നെയാവാം ജീവിതത്തിന്‍റെ ഇരുത്തം വന്ന എഴുപതികളില്‍ ഇതെഴുതി വായനാലോകത്തിന് സമ്മാനിക്കാന്‍ അവര്‍ മുതിര്‍ന്നതും.

ദേവകി നിലയങ്ങോട് എന്ന നന്മ നിറഞ്ഞ എഴുത്തുകാരി ‘കാല്പകര്‍ച്ചകള്‍‘ എന്ന തന്‍റെ പുസ്തകത്തിലൂടെ പറഞ്ഞുവെച്ചത് ശൂന്യതയില്‍ നിന്നും അവര്‍ ഇഴച്ചേര്‍ത്തെടുത്ത ഭാവനാസൃഷ്ടിയല്ല. ഹൃദയഭേദകമായ ജീവിതാനുഭവങ്ങളാണ്, തന്‍റേയും തനിക്ക് ചുറ്റും ജീവിച്ച് തീര്‍ന്നവരുടേയും. ഇതില്‍ കൂര്‍ത്ത കരിങ്കല്‍ച്ചീളുകള്‍ പോലെ തുളച്ച് കയറുന്നത് വാക്ചാതുര്യ പ്രഭാവമല്ല, മറിച്ച് നേരനുഭവങ്ങളുടെ, കണ്‍കാഴ്ച്കളുടെ നേരടരുകളാണ്. അതുകൊണ്ട്തന്നെയാണാ വാക്കുകള്‍ക്ക് വത്സരകാതങ്ങളേറെ പിന്നിട്ടിട്ടും, സൌമ്യതയാല്‍ മയം വരുത്തിയിട്ടും ആറാത്ത തീക്ഷ്ണോജ്ജ്വലത.

‘നഷ്ടബോധങ്ങളില്ലാതെ’ എന്ന ആത്മകഥയും പലതലക്കെട്ടുകളില്‍ എഴുതിയ ഒരുകൂട്ടം സ്മരണകളുമാണ് ‘കാലപ്പകര്‍ച്ചകള്‍‘ എന്ന പുസ്തകത്തിലെ ഉള്ളടക്കം. ഓരോ അധ്യായവും വായനക്കേകുന്നത് പൊള്ളിക്കുന്ന കുറേ മണ്മറഞ്ഞുപോയ ജീവിതാചാരങ്ങളെയാണ്. ലളിതമായ ഭാഷയില്‍ ഒരു കാലഘട്ട ചെയ്തികളെ മൊത്തം വികാരവിക്ഷോഭങ്ങള്‍ക്ക് അടിപ്പെടാത്ത എഴുത്തിലൂടെ, പ്രാഥമിക വിദ്യഭ്യാസം പോലും ലഭിക്കാത്ത തന്‍റെ സ്വന്തം വരമൊഴികളിലൂടെ ആത്മാവില്‍ തട്ടും വിധം എഴുത്തുകാരി നമുക്ക് സമ്മാനിക്കുകയാണ്. ആ വരമൊഴികളിലെവിടേയും കുറ്റപ്പെടുത്തലുകളില്ല, ശാപവചനങ്ങളില്ല. അന്ന് അതായിരുന്നു ജീവിതം, അങ്ങിനെ ജീവിച്ചേ പറ്റൂ, ഒരു കാലഘട്ടത്തിന്‍റെ നിയോഗമതായിരുന്നു, ഒരു ജനതയുടേയും എന്ന് പറഞ്ഞുവെക്കുകയാണ്.

അതില്‍, ഇല്ലത്തിന്‍റെ ചുറ്റുമതിലിനും കുടുംബക്ഷേത്രത്തിനുമപ്പുറം പുറം ലോകം കാണാത്ത, ഒരിക്കല്‍ പോലും വേട്ടപുരുഷന്‍റെ കൂടെ കഴിയാന്‍ വിധിയില്ലാതെ വിധവയായി ശിഷ്ടജീവിതം നയിക്കേണ്ടിവരുന്ന അന്തര്‍ജ്ജനങ്ങളുടെ, അവര്‍ക്കുചുറ്റും ജീവിതം കരുപിടിപ്പിക്കുന്ന എച്ചിലുകള്‍ മാത്രം കഴിക്കാന്‍ വിധിക്കപ്പെട്ട ഇരിക്കണമ്മമാരുടെ, വായനപോലും കുറ്റകരമായ ഇല്ലങ്ങളിലെ ഇരുട്ടുപിടിച്ച അകത്തളങ്ങളേക്കാള്‍ ഇരുളിമയാര്‍ന്ന കുറേ സ്ത്രീജന്മങ്ങളുടെ, ആണ്ടുതോറും പെറ്റുകൂട്ടാന്‍ വിധിക്കപ്പെട്ട അന്തര്‍ജനത്തിന് പിറന്ന് വീണ് ആരാന്‍റെ അമ്മിഞ്ഞ കുടിച്ച് ഇരിക്കണമ്മമാരുടെ കൈകളില്‍ വളരേണ്ടിവരുന്ന സ്നേഹവാത്സല്യങ്ങളന്യമായിരുന്ന കുഞ്ഞുങ്ങളുടെ, ആണ്ടിലൊരിക്കല്‍ പൊടിതട്ടിയെടുത്ത് തിളക്കം വരുത്തുന്ന നിലവറയിലെ ഓട്ടുവിളക്കുകളെ പോലെ ഓണക്കാലങ്ങളില്‍ മാത്രം പ്രകാശമാനമാകുന്ന വടിക്കിനികളുടെ , പിന്നീട് പതുക്കെ പതുക്കെ നീണ്ടുവന്ന അടുക്കള വിചാരങ്ങള്‍ ചുറ്റുമതിലുകള്‍ പൊളിച്ച് ഇല്ലങ്ങളെ പ്രകാശമാനമാക്കുന്ന കാഴ്ച്ചകളുടെ എല്ലാം ചരിതങ്ങളുണ്ട്.

മലപ്പുറം ജില്ലയില്‍ മൂക്കുതലയിലെ പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്‍റെ അറുപത്തിയെട്ടാം വയസ്സില്‍, മൂന്നാം വേളിയില്‍ അദ്ദേഹത്തിന്‍റെ പന്ത്രണ്ടാമത്തെ സന്തതിയായാണ് 1928-ല് ദേവകി അന്തര്‍ജനത്തിന്‍റെ ജനനം. തികച്ചും അപരിഷ്കൃതമായ, ധനാഢ്യമായ ഇല്ലം. സംസ്കൃതപഠനത്തിന് ഇല്ലത്ത് തന്നെ ഗുരുകുലമുണ്ടായിരുന്നിട്ടും പെണ്‍കുട്ടികളെ രാമയാണവായനക്കപ്പുറം എഴുത്തും വായനയും പഠിപ്പിക്കാന്‍ ധൈര്യപ്പെടാത്ത വിശ്വാസങ്ങള്‍ പുലര്‍ത്തിയിരുന്നിടം. ആത്തേമ്മാര്‍ക്കും ഇരിക്കണമ്മമാര്‍ക്കുമപ്പുറമുള്ള പുറംലോകം ഇല്ലത്തെ അന്തര്‍ജനങ്ങള്‍ക്ക് അചിന്തനീയമായിരുന്നു. നമ്പൂതിരി സമൂഹങ്ങള്‍ക്കിടയില്‍ വിടി, എം ആര്‍ ബി, പ്രേംജി തുടങ്ങി പലരിലൂടെയും വീശിയ പരിഷ്കാരാഹ്വാനങ്ങള്‍, കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാര സ്ഫുലിംഗം എന്നിവ വളരെ വൈകിമാത്രം പ്രതിധ്വനിച്ച ഒരിടമാണ് പകരാവൂര്‍ മന.

സമൃദ്ധിയുടെ നടുക്കടലിലും വിശന്നവയറും ഗ്രഹണിപിടിച്ച് ശോഷിച്ച ശരീരവുമായി കഴിയാന്‍ വിധിക്കപ്പെട്ടവരാണ് അന്നത്തെ അന്തര്‍ജനങ്ങളും കുട്ടികളും. കറന്ന് തീരാത്ത പാലും കൊയ്ത് തീരാത്ത വയലും ദൈവനിവേദ്യങ്ങള്‍ക്കും അഥിതിസല്‍ക്കാരങ്ങള്‍ക്കും ആണ്‍കോയ്മയ്ക്കും വേണ്ടി ഒഴുക്കികൊണ്ടിരിക്കുമ്പോഴും ഇരുളടഞ്ഞ അകത്തള ജാലകങ്ങളിലൂടെ ഒഴിഞ്ഞവയറിന്മേല്‍ മുണ്ട് മുറുക്കിയെടുത്ത് ഇതെല്ലാം വീക്ഷിച്ച് നാവ് നീട്ടി നുണഞ്ഞിരുന്നിരുന്ന ഒരു പെണ്‍കൂട്ടത്തെ ആരും കാണാതിരുന്നത് ഒരു പക്ഷേ കാലഘട്ടത്തിന്‍റെ അന്ധത ഒന്നുകൊണ്ടായിരുന്നിരിക്കാം. ഒരു മാറ്റങ്ങളുമില്ലാത്ത ഒരു ദിവസത്തിന്‍റെ പകര്‍പ്പ് പോലെ എല്ലാ ദിവസങ്ങളും വിശന്ന വയറുമായി അമ്പലത്തില്‍ പോക്ക്,തേവാരത്തിനൊരുക്കല്‍,നേദിക്കല്‍ എന്നിവയിലൊതുങ്ങുന്ന ജീവിതങ്ങള്‍. അവിടെ മുതിര്‍ന്നവര്‍ക്ക് ആണ്ടിലൊരിക്കല്‍ കിട്ടുന്ന രണ്ട് വസ്ത്രങ്ങള്‍ക്കോ, കുട്ടികള്‍ക്കാണെങ്കില്‍ കൂമ്പാള ഉണക്കിയെടുത്ത കോണകത്തിനോ അപ്പുറം ഒരു ആര്‍ഭാഢവുമാഗ്രഹിക്കാനില്ല. പെണ്‍കുട്ടികള്‍ ‘ഉടുത്തു തുടങ്ങുന്നതോടെ’ ലഭിക്കുന്ന തടിയില്‍ പണിത് പിച്ചളകെട്ടിച്ച പെട്ടിയാണത്രെ ഒരു സ്ത്രീയുടെ ഏക ആജീവനാന്ത സമ്പാദ്യം!

“പതിഞ്ചാമത്തെ വയസ്സിലാണ് എന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്‍റെ തലേ ദിവസമാണു ഞാന്‍ അറിഞ്ഞത്, മറ്റന്നാള്‍ എന്‍റെ കൊടുക്കയാണ് എന്ന്. പണിക്കാരികളാണ് ഈ വിവരം പെണ്‍കിടാങ്ങളെ അറിയിക്കുക. വൈകുന്നേരം കുളത്തില്‍ മേല്‍കഴുകാന്‍ പോവുമ്പോള്‍ തുണയ്ക്കു വരുന്ന പെണ്ണ് പറയും:‘കുട്ടിക്കാവേ, നാളെ മനേരിച്ചിലായീലോ’. മനേരിച്ചില്‍ എന്നാണ് വിവാഹത്തിനു പറയുന്ന ആചാരഭാഷ.മന തിരിച്ചില്‍ അഥവാ വീട് മാറല്‍ എന്നാണ് ആ വാക്കിനര്‍ത്ഥം. എവിടേക്കാണ് വേളി കഴിച്ചു കൊടുക്കുന്നതെന്നോ, ആരാണ് വരനെന്നോ ദാസിപ്പെണ്ണിനും അറിവുണ്ടായിരിക്കില്ല. കല്യാണം കഴിഞ്ഞേ പെണ്‍കിടാങ്ങള്‍ അത് അറിയാറുള്ളൂ.” കിഴവനോ, രോഗിയോ ആരാണ് തന്‍റേതെന്ന്, കാടോ മലയോ എവിടെയാണ് താനിനിയെന്ന് സ്വപ്നം കാണാനുള്ള സ്ത്രീയുടെ അവകാശമാണ് ഈ വരികളില്‍ വരച്ചിട്ടിരിക്കുന്നത്! ‘നല്ലോണം ഉണ്ണാനും ഉടുക്കാനും ഉണ്ടാവണേ,നെടുമംഗല്യമുണ്ടാവണേ...’ എന്നതിനപ്പുറം അന്നത്തെ സ്ത്രീ ജന്മങ്ങള്‍ മറ്റെന്ത് സ്വപ്നം കാണാനാണ്.

ഭാഗ്യവശാല്‍ ദേവകി അന്തര്‍ജ്ജനം എത്തിപ്പെട്ടത് പരിഷ്കര്‍ത്താക്കളിലൂടെയും സ്മാര്‍ത്തവിചാരത്തിലൂടെയുമെല്ലാം നവീകരിപ്പെട്ട നിലയങ്ങോട് തറവാട്ടിലാണ്. ഭര്‍ത്താവടക്കം കുടുംബാഗങ്ങളെല്ലാം സമുദായിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ . സ്വാഭാവികമായും അവരും തനിക്കാവും തരത്തില്‍ സാമുദായിക മാറ്റത്തിനായി ഉണര്‍ന്ന് പ്രവൃത്തിച്ചു. ഒരുപാട് എതിര്‍പ്പുകളെ തൃണവല്‍ക്കരിച്ചുകൊണ്ടുള്ള ആ ശ്രമഫലങ്ങളില്‍ സാക്ഷിയായി, മാറ്റത്തിന്‍റെ കാമ്പ് ആവോളം നുകര്‍ന്ന് സായൂജ്യമടഞ്ഞുകൊണ്ടുള്ള ഈ എഴുത്ത്, അതിന് ലഭിച്ച സാര്‍വ്വത്രിക അംഗീകാരം തീര്‍ത്തും ദേവകി നിലയങ്ങോടെന്ന നല്ല എഴുത്തുകാരി അര്‍ഹിക്കുന്നത് തന്നെ.

സ്മരണകള്‍ എന്ന വിഭാഗത്തില്‍ അവര്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത് എഴുപതിലധികം വര്‍ഷകാലത്തെ തന്‍റെ ജീവിതാനുഭവങ്ങള്‍ അടുക്കിവെച്ച ഓര്‍മ്മയില്‍ നിന്നും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത ഏതാനും അധ്യായങ്ങളാണ്. ഓരോ അധ്യായവും തുറന്നു വെക്കുന്നത് പുതുതലമുറയ്ക്ക് തീര്‍ത്തും സുവിദിതമല്ലാത്ത ഒരുപാടനുഭവ പാഠങ്ങളാണ്. ഒരു ആസ്വാദനത്തിലോ, പഠനത്തിലോ അവസാനിപ്പിക്കാനാവുന്നതില്‍ കൂടുതല്‍ അനുഭവക്കലവറയാണ് ഓരോ അധ്യായവും എന്നതുകൊണ്ട് അതെനിക്ക് അപ്രാപ്യമാണ്.

എത്ര മിതത്വത്തോടെ വായനക്കാരിലേക്ക് പകര്‍ത്തേകിയിട്ടും തളക്കപ്പെടാനാവാതെ പോയ അതിശയോക്തി സാഗരമാണ് ഈ പുസ്തകത്തിന്‍റെ അടിയൊഴുക്ക്. ഭാവനാസമ്പന്നമായ കഥയ്ക്കുമപ്പുറം ഒരു കാലഘട്ടത്തിലെ ജീവിതം തുടിക്കുന്ന വരികള്‍ക്ക് ഇതില്പരം മിതത്വം പാലിക്കാനാവില്ല തന്നെ. ഒരു സമൂഹത്തിന്‍റെ അടയ്ക്കപ്പെട്ട വികാരവിചാരങ്ങളുടെ ആര്‍ത്തലയ്ക്കല്‍ ഈ പുസ്തകത്തിന്‍റെ ആദ്യവരി തൊട്ട് നമുക്ക് കേള്‍ക്കാം. അവസാനവരിയും വായിച്ച് പുസ്തകം അടയ്ക്കുമ്പോഴും ഒരു തുടര്‍ച്ചയെന്നവണ്ണം ആ അട്ടഹാസങ്ങള്‍ രാപ്പകലുകളെ കടന്ന് കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കും. ഈ ജീവിതസൌകര്യങ്ങള്‍, പരിഷ്കാരങ്ങള്‍ , ഘോരംഘോരം പ്രസംഗിക്കുന്ന സംസ്കാരങ്ങള്‍ എല്ലാം പലകാലഘട്ടങ്ങളിലെ വിപ്ലവ കൂട്ടത്തിനൊപ്പം, നിശബ്ദം എല്ലാ അനാചാരങ്ങളും ശിരസ്സാ വഹിച്ച് ഒരടയാളവും ബാക്കിവെയ്ക്കാതെ ജീവിച്ച് മരിച്ച നെടുവീര്‍പ്പുകളുടെ ആ അകത്തള കൂട്ടത്തിനുകൂടി അടിയറ വെയ്ക്കേണ്ടതാണെന്ന് സ്വയം ബോധ്യപ്പെടും.


കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തിലൂടെ, ഏറെ കേട്ട് പരിചയിച്ച നമ്പൂതിരി സമൂഹത്തിന്‍റെ സമരവീര്യങ്ങളോ, നവോത്ഥാന ശ്രമങ്ങളോ നമുക്ക് വായിക്കാനാവില്ല. തീര്‍ത്തും വ്യത്യസ്ഥമായി നമ്പൂതിരി സമൂഹത്തിന്‍റെ ദൈന്യംദിന പെണ്‍ജീവിതമാണതില്‍ ഏറ്റവും സൂക്ഷ്മതയോടെ വരച്ചിട്ടിരിക്കുന്നത്. ഇല്ലത്തെ ആണ്‍കൂട്ടത്തിനുപോലും ഏറെയൊന്നും കണ്ടുപരിചിതമല്ലാത്ത ഇരുണ്ട അകത്തളങ്ങളുടെ കഥനങ്ങളാണിതില്‍.. അതുകൊണ്ട് തന്നെയാണ് ഓരോ വരികളും ഓരോ നെടുവീര്‍പ്പുകളായി പരിണമിക്കുന്നത്. ഇന്നും ഒരുപക്ഷേ കലാഹരണപ്പെടാത്ത ഇല്ലങ്ങളുടെ അകത്തളങ്ങളില്‍ അന്ന് മരിച്ചുജീവിച്ച ഒരുപാട് പെണ്മനസ്സുകളുടെ വൈകാരികോച്ഛ്വാസങ്ങള്‍ തളംകെട്ടി നില്‍ക്കുന്നുണ്ടാവാം. കണ്ടും കേട്ടും മടുത്ത മച്ചകങ്ങള്‍ പരിവര്‍ത്തനത്തിന്‍റെ ഇളം കാറ്റിലും ഓര്‍മ്മകളിലേക്ക് കണ്ണീര്‍പൊഴിക്കുന്നുണ്ടാവാം. ഇല്ലത്തിന്‍റെ പൂമുഖപടികള്‍ തന്‍റെ കുടിവെയ്പ്പിന്റെ അന്നല്ലാതെ ചവിട്ടിയിട്ടില്ലാത്ത അന്തര്‍ജനങ്ങളെ ഒന്ന് കാണാന്‍ അകത്തളങ്ങളും കടന്ന് വടിക്കിനിയിലേക്ക് ഈ പുസ്തക മൊഴികളിലൂടെ കടന്ന് ചെല്ലേണ്ടതുണ്ട്.. വരികള്‍ തീര്‍ന്നാലും ഇരുളടഞ്ഞ ജീവീതഗാഥകള്‍ മനസ്സില്‍ കൊത്തിവെയ്ക്കും ആ ജന്മങ്ങളെ. കൂടെ എല്ലാം കാലം മറിച്ച ഏടുകളുടെ ഉള്ളടക്കങ്ങള്‍ മാത്രമാണല്ലോ എന്നാശ്വാസം കണ്ടെത്തും.

Tuesday, May 14, 2013

ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത രചനകള്‍


“ സ്നേഹത്തിന്‍റെയും പരിഗണനയുടെയും അടയാളമെന്താണ്? 
-കാപ്പി. 
എപ്പോഴെന്നില്ലാതെ വന്നു കേറുന്ന അതിഥികളെ സ്നേഹമുണ്ടെന്നു  തെളിയിക്കാന്‍ ഞാന്‍ നിരന്തരം അടുക്കളയില്‍ കാപ്പി കൂട്ടിക്കൊണ്ടേയിരിക്കുന്നു. 
അടുക്കളയെ ബ്രസീല്‍ എന്നും വിളിക്കാം. 
കാപ്പിക്കയറ്റുമതിയുടെ നാട്. 
കളിമണ്‍ കപ്പുകളിലൊതുങ്ങുന്ന തവിട്ടു സമുദ്രത്തില്‍ ഞാന്‍ ലോക സഞ്ചാരങ്ങള്‍ ചെയ്യുന്നു.”

ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍  അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യന്‍. അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ  കഥകള്‍’ വായിക്കുമ്പോള്‍ മനസ്സ്  കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്.


ഛിത്വരമൊഴികളാല്‍ അവര്‍ പറഞ്ഞുവെച്ച കഥകള്‍ വായനയുടെ ആഴങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. അതൊരുപക്ഷേ ഒട്ടുമേ അതിഭാവുകത്വമില്ലാതെ പറഞ്ഞുവെച്ച ജീവിതങ്ങളുടെ നേര്‍വഴികള്‍ കൊണ്ടെത്തിക്കുന്നത് ജന്മസത്യങ്ങളുടെ ചിരപരിചിതമായ  പൊള്ളലിലേക്കാണ് എന്നതുകൊണ്ടായിരിക്കും.

കഥപറച്ചിലിന്‍റെ അധികം പരിചിതമല്ലാത്തിടങ്ങളിലൂടെ പുതുമയുടെ ഗന്ധമാസ്വദിച്ചുള്ള വഴിനടത്തത്തില്‍ വായനക്കാരന്‍ പതറാതിരിക്കുന്നത് അയത്നലളിതമായ ആ ശൈലീയാകര്‍ഷകത്വത്തിലാണ്. വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഉപഹാസങ്ങളില്‍ തട്ടി ഇടക്കിടെ വീഴുമ്പോഴും  വായന തുടരാനാഗ്രഹിക്കുന്നത് എഴുതിവച്ചിരിക്കുന്നവയുടെ സാമൂഹിക സത്യങ്ങളെ നിഷേധിക്കാനാവുന്നില്ല എന്നതിനാലുമാവാം.

ഗീതാഹിരണ്യന്‍റെ ലഭ്യമായ കഥകള്‍ ക്രോഡികരിച്ച് ‘ഗീതാഹിരണ്യന്‍റെ കഥകള്‍’ എന്ന ശീര്‍ഷകത്തോടെ കറന്‍റ്ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ പലനിലവാരത്തില്‍ നില്‍ക്കുന്ന ഇരുപത് രചനകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്, ഒരു അനുബന്ധകുറിപ്പും.   

അസ്വസ്ഥമായ  സ്ത്രീമനസ്സുകളുടെ അകത്തളങ്ങളിലൂടെ  സ്ത്രീമുക്തിയുടെ ദൃഢതപേറി ഗീതയുടെ കഥകള്‍ കയറിയിറങ്ങുമ്പോള്‍ പെണ്ണെഴുത്തെന്ന അറപ്പുളവാക്കുന്ന പടിപ്പുരപ്പുറത്തേക്ക് ഈ കഥാകാരിയെ മാറ്റിനിര്‍ത്തേണ്ടതില്ല. കാരണം  നിസ്സഹായതയുടെ ഒരുപിടി സ്ത്രൈണവ വികാര വിചാരങ്ങള്‍ക്കൊപ്പം സമൂഹത്തെ ഒന്നടങ്കം നാശോന്മുഖതമാക്കുന്ന ചില കുടില സ്ത്രീചിന്തകളേയും പിച്ചിചീന്തി എഴുത്തിന്‍റെ  തുലനത സാമൂഹിക ജീവിതാവസ്ഥകളുടേതാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. സ്ത്രീമനസ്സിന്‍റെ അസ്വാരസ്യങ്ങള്‍  കഥകളിലൂടെ പായേരം പറയുമ്പോഴും പുരുഷസമൂഹത്തെ ഒന്നടങ്കം കാര്‍ക്കിച്ചുത്തുപ്പുന്ന ഒരു കുരുട്ട് സമീപനമല്ല ഗീതയുടേത്.

സ്ത്രീയുടെ വേദനകളും അരക്ഷിതാവസ്ഥയും അസ്വാതന്ത്ര്യവും വിഭിന്നമായ  ഭാവതലങ്ങളില്‍ നിന്നുകൊണ്ട് മലയാളസാഹിത്യത്തിന്‍റെ അകത്താളുകളില്‍ അവര്‍ കോറിയിട്ടപ്പോള്‍ വായനാസമൂഹം കൈനീട്ടി സ്വീകരിച്ചത് നിശബ്ദമായി അതില്‍ സം‌വേദിക്കുന്ന കലാപഭാഷയുടെ അസാധാരണത്വം കൊണ്ടായിരിക്കാം. 

‘ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല, ഒരു ജന്മസത്യം’ എന്ന കഥയിലൂടെ ഉള്ളവന്‍റെ മേല്‍ക്കോയ്മകള്‍ പേര് പോലും ഇല്ലാതാക്കിയ അവളെന്ന പുറം പണിക്കാരിയിലൂടെ കഥാകാരി സമൂഹത്തില്‍ നടമാടുന്ന വൃത്തിക്കെട്ട സാമ്പത്തീക വിവേചനങ്ങളെ നിശിതമായി പരിഹസിക്കുന്നുണ്ട്.

“സ്പോഞ്ച് പതപ്പിക്കുമ്പോള്‍ നനഞ്ഞു കുതിര്‍ന്ന ഒരു പൂച്ചക്കുട്ടിയാണ് കൈപ്പിടിയില്‍ എന്ന് അവള്‍ക്കു തോന്നാറുണ്ട്. ചുരുട്ടിപ്പിടിച്ച് തട്ടത്തിലേയ്ക്കു തിരികെ വെച്ചാല്‍ ഉടന്‍ മൂരി നിവര്‍ന്നു മെല്ലെ വലുപ്പം വെയ്ക്കുന്ന ഒരു പൂച്ച” എന്ന ഈ കഥയുടെ തുടക്കവരികള്‍ തന്നെ ഉള്ളവന്‍റെ മുന്നില്‍ നനഞ്ഞു കുതിരാനും ഉണങ്ങി വിള്ളാനും മാത്രം വിധിക്കപ്പെട്ട അവരുടെ കൈവെള്ളയ്ക്ക് പാകമായ  അധരപറ്റത്തിന്‍റെ അധോഗതിയെ പറഞ്ഞുവെയ്ക്കുന്നു.

“ഹൌ..! വേദനിക്കുന്നവന്‍റെ പരിഭാഷയാണത്. സ്കൂള്‍ ഇംഗ്ലീഷിന്‍റെ അവശിഷ്ടമായി വ്യാഖ്യാനിക്കാമെങ്കിലും.” വരികള്‍ വായനക്കാരനിലും വേദനയുടെ ഭാഷ്യം രചിക്കുന്നു!

“മൃഗശാല. ഒന്നാമത്തെ കാഴ്ചയില്‍ കൌതുകം. രണ്ടാമത്തെ കാഴ്ചയില്‍ പരിഹാസം. മൂന്നാമത്തേതില്‍ മടുപ്പും അറപ്പും.” ‘അകത്തും പുറത്തും’ കഥയിലെ സില്‍വിയയുടെ ഈ നിരീക്ഷണം തന്നെയാണവള്‍ ജീവിതത്തിലും പുലര്‍ത്തുന്നത്. ആദ്യകാഴ്ചയുടെ കൌതുകം എന്തിലും നഷ്ടപ്പെടുന്നു  എന്ന ആശങ്കയാവാം വളവുകളും തിരിവുകളും കൊണ്ടുപോവുന്ന അയാളുടെ ജീവിതാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സില്‍വിയയെ വിമുഖയാക്കുന്നത്.

“ഉള്ളിലടിക്കുന്ന വികാരങ്ങളെ ഒളിപ്പിച്ചു വെയ്ക്കുന്ന പര്‍ദ്ദ വാങ്ങാന്‍  ദൈവത്തോട് മറന്നവള്‍, ദുശ്ശാഠ്യങ്ങളുടേയും സ്നേഹദുരിതങ്ങളുടെയും അസാധാരണ ചേരുവ: ലളിത. പ്രണയത്താല്‍ കനം വെച്ച  ലക്കോട്ട് ആരുമറിയാതെ ഈടിരിപ്പായി മനസ്സില്‍ സൂക്ഷിക്കുന്നവള്‍.!”(കവിതയും ജീവിതവും. ഒരുപന്യാസവിഷയത്തിനപ്പുറം)

“മനസ്സിന്‍റെ ഒരറയ്ക്കും പൂട്ടുവാതിലുകള്‍ ഘടിപ്പിക്കാതെയാണ് ഈശ്വരന്‍ അവളെ ഭൂമിയിലേക്ക് കൈ വിട്ടു കളഞ്ഞത്. പ്രാണവായുവിനു പിടയുന്നവന്‍റെ കൈകാലിട്ടടിപോലെ തന്‍റെ ആശങ്കകളേയും വ്യഥകളേയും അവള്‍ നിര്‍ലജ്ജം എവിടേയും പ്രദര്‍ശിപ്പിച്ചു കളയും.” (സമുദ്രം മുഴങ്ങാത്ത വാക്ക്)


തന്‍റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി. അതോടെ ഈ ജന്മം അയാളെ നിരസിക്കാനൊ വെറുക്കാനൊ താന്‍ അശക്തയാണെന്നും.(ഘരെ ബായ് രെ)

ആര്‍ജ്ജവമുള്ള ഈ കഥകള്‍ വായനക്കാരനോട് സം‌വദിക്കുന്നത് സ്നേഹത്തിന്‍റെ വിവിധ ഭാവതലങ്ങളില്‍ നിന്നുകൊണ്ടാണ്. കഥകളോരോന്നിലൂടെയും കയറി ഇറങ്ങാനാവില്ല, ഓരോ കഥയിലും  വരികള്‍ക്കിടയില്‍ ഗീതാഹിരണ്യന്‍ പൂഴുത്തിവെച്ച വലിയൊരു  ഭാവ-വിവക്ഷാ സാഗരമുണ്ട്, ഓരോവായനയിലും മുങ്ങിതപ്പിയെടുക്കാന്‍ ഒത്തിരി കരുതിവെച്ചുകൊണ്ട്. എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ. 

"വാക്കാണ് എഴുത്തുകാരനെ ശിപാര്‍ശ ചെയ്യുക. അതുകൊണ്ട്  എനിക്ക് വാക്കിലേക്ക് സ്വതന്ത്രയാവണം. വാക്കിന്‍റെ ധ്വനി ഉണര്‍ന്നിരിക്കലാണ്. എഴുത്തിന്‍റെ മോഹനത്ത്വം എന്ന ഓര്‍മ്മയില്‍ മൌനംകൊണ്ട് സദാ വാക്കുകളെ ഞാന്‍ തേടുന്നു.” എന്ന് പറഞ്ഞുവെച്ച കഥാകാരിക്ക് വാക്കുകളെ ഇത്രമേല്‍ ചാരുതയോടെയല്ലാതെ വിന്യസിക്കാതിരിക്കാനാവില്ല തന്നെ.

അവസാനമെഴുതിയ ‘ശിലപ കഥയെഴുതുകയാണ്’ എന്ന അപൂര്‍ണ്ണകഥയില്‍ വാക്കുകളെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ കഥകാരി വായനാലോകത്തോട് പറയാതെ ബാക്കിവെച്ചത് എന്തായിരിക്കും? പൂര്‍ണ്ണതയ്ക്ക് മുന്‍പേ മരണം മുനയൊടിച്ചുകളഞ്ഞ ആ തൂലികത്തുമ്പില്‍ ഇപ്പോഴും അക്ഷരങ്ങള്‍ കട്ടപ്പിടിച്ച്  കിടക്കുന്നുണ്ടാവുമോ!  


"വാക്കാണെന്‍റെ ഒരേ ഒരു സ്വത്ത്, ആരോടും വെളിപ്പെടുത്താത്ത സ്വത്ത്."കാലത്തിന്‍റെ സൂക്ഷ്മവികാരങ്ങളെ കഥകളാക്കിയ ആ എഴുത്തുകാരി നമുക്ക് തന്നിട്ട് പോയത് അവരുടെ വിലപ്പെട്ടസ്വത്താണ്; ജീവിതം തപംചെയ്തെടുത്ത വാക്കുകള്‍!

എഴുതാനാവാതെ പോയ വാക്കുകളുറങ്ങുന്ന ആ കൈവിരല്‍തുമ്പുകളില്‍ മനസ്സ്തൊട്ട് പറയട്ടെ- പ്രണാമം.